സിനിമ–സീരിയല് നടൻ കൊല്ലം ഷായുടെ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്താൻ മുൻകൈ എടുത്ത മമ്മൂട്ടിയെ പ്രശംസിച്ച് നടൻ മനോജ്.
സീരിയൽ ഷൂട്ടിംഗിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട കൊല്ലം ഷായ്ക്ക് വിദഗ്ധ പരിശോധനയിൽ ഹൃദയശസ്ത്രക്രിയ വേണമെന്ന് കണ്ടെത്തുകയായിരുന്നു.
ശസ്ത്രക്രിയയ്ക്കു ഭീമമായ തുക ആവശ്യമായി വന്നതിനാൽ മമ്മൂട്ടിയ്ക്ക് മെസേജ് അയച്ചുവെന്നും അദ്ദേഹം ആശുപത്രിയിൽ വിളിച്ച് കാര്യങ്ങളെല്ലാം സംസാരിച്ച് ശസ്ത്രക്രിയ സൗജന്യമാക്കി തന്നുവെന്നും മനോജ് യുട്യൂബിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
തുക കണ്ടെത്താൻ വിഷമിച്ച ഷായുടെ കുടുംബത്തിനു സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയും നടി സീമ ജി. നായരും ധനസഹായം ചെയ്തിരുന്നെന്നും മനോജ് പറയുന്നു.
ഇരട്ടി മധുരം പോലെ രണ്ടു സന്തോഷമാണ് എനിക്ക് ഉണ്ടായത്. അതിൽ ഒരു കാര്യം ജീവിതത്തിൽ ആദ്യമായി എന്റെ ഫോണിലേക്ക് മമ്മൂക്കയുടെ കോൾ വന്നതാണ്. എന്റെ ഫോണിൽ മമ്മൂക്ക എന്ന് സേവ് ചെയ്തു വച്ച നമ്പറിൽ നിന്ന് ആദ്യമായിട്ടാണ് ഒരു വിളി വരുന്നത്.
ഫോണിലെ പച്ചയും ചുമപ്പും തെളിഞ്ഞു വന്നുകൊണ്ടിരുന്നപ്പോൾ എന്താ ചെയ്യേണ്ടത് എന്നറിയാതെ കയ്യും കാലും വിറയ്ക്കുകയായിരുന്നു.
ടി.എസ്. സജി സർ ഉണ്ടാക്കിയ ഒരു ഗ്രൂപ്പ് ഉണ്ട് ഞങ്ങൾക്ക്. സീരിയൽ കുടുംബം. ഈ സീരിയൽ കുടുംബത്തിൽ ഞങ്ങൾക്ക് പറ്റുന്ന ചാരിറ്റി സഹായം ഒക്കെ ചെയ്യാറുണ്ട്. സീരിയൽ കുടുംബത്തിലെ കൊല്ലം ഷാ എന്ന ആർട്ടിസ്റ്റ് വളരെ സജീവമായി നിൽക്കുന്ന വ്യക്തിയാണ്.
വർഷങ്ങളായി സീരിയലിൽ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രതിഭ തെളിയിക്കാൻ കഴിയുന്ന വേഷങ്ങളൊന്നും കിട്ടിയിട്ടില്ല. മമ്മൂക്കയോടൊപ്പം ‘സ്നേഹമുള്ള സിംഹം’ എന്ന സിനിമയിൽ വർഷങ്ങൾക്ക് മുൻപ് അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
അദ്ദേഹത്തിന് സുഖമോ ദേവി എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു നെഞ്ചുവേദന വന്നു. തിരുവനന്തപുരത്തുള്ള ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. അദ്ദേഹത്തിന് ഹൃദയത്തിൽ നാല് ബ്ലോക്ക് ഉണ്ട് എന്നാണ് ആശുപത്രിയിൽനിന്ന് അറിയിച്ചത്.
ശസ്ത്രക്രിയ നടത്താനുള്ള ചെലവ് നേരിടാൻ ഇപ്പോഴത്തെ അവസ്ഥയിൽ അദ്ദേഹത്തിന്റെ കുടുംബത്തിന് സാധിക്കില്ല. ഞങ്ങളുടെ സീരിയൽ കുടുംബത്തിൽ അത് ചർച്ച ചെയ്തിരുന്നു. ഗ്രൂപ്പിൽ ഉള്ള ഷാജി തിരുമല എന്ന പ്രൊഡക്ഷൻ കൺട്രോളർ ആണ് ഷാ ഇക്കായ്ക്ക് വേണ്ടി ഓടി നടക്കുന്നത്.
ഇതുപോലെ നിസ്വാർഥ സേവനം നടത്തുന്ന മറ്റൊരാൾ ഉണ്ടോ എന്ന് സംശയമാണ്. ഞങ്ങളുടെ സംഘടനയായ ആത്മയുടെ പ്രസിഡന്റ് കെ.ബി. ഗണേഷ് കുമാർ, ജനറൽ സെക്രട്ടറി ദിനേശ് പണിക്കർ എന്നിവർ ആത്മ സംഘടനയിൽ നിന്ന് 25000 രൂപ ഉടൻ തന്നെ പാസാക്കി ഷാ ഇക്കായ്ക്ക് കൊടുത്തിരുന്നു.
ബാക്കിയുള്ള അംഗങ്ങൾ എല്ലാം സഹായിക്കണം എന്ന് ഞങ്ങൾ എല്ലാം കൂടി തീരുമാനിച്ചിരുന്നു. പക്ഷേ ലക്ഷങ്ങൾ ചെലവാകുന്ന ശസ്ത്രക്രിയയ്ക്ക് എത്ര കൊടുത്താലും മതിയാകില്ല.
ഇതിനിടെ സീമ ജി. നായരെ വിളിച്ച് വിവരം പറഞ്ഞു. ഞാൻ പറഞ്ഞപ്പോഴാണ് സീമ വിവരം അരിഞ്ഞത്. ഉടനെ തന്നെ സീമ 25000 രൂപ സംഘടിപ്പിച്ച് ഇക്കയുടെ അക്കൗണ്ടിലേക്ക് അയച്ചു.
ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ സഹായിക്കാൻ മുന്നോട്ടു വരുന്ന വലിയ മനസിന്റെ ഉടമയാണ് സീമ. ഇത്രയുമൊക്കെ ഞങ്ങൾ ചെയ്തെങ്കിലും ഇതിന്റെ ചെലവ് ഭീകരമായതുകൊണ്ട് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു.
ഇതിനിടയിൽ ഷാജി തിരുമലയോട് ഞാൻ ചോദിച്ചു, ‘‘നമുക്ക് മമ്മൂക്കയെ ഒന്ന് അറിയിച്ചാലോ’’. ഷാജി പറഞ്ഞു, ‘‘ചേട്ടാ വിളിക്ക് നല്ലതാണ്’’. ഞാൻ പറഞ്ഞു, ഞാൻ വിളിക്കാറേയില്ല, എന്തെങ്കിലുമുണ്ടെങ്കിൽ മെസേജ് അയക്കുകയാണ് പതിവെന്ന്.
അങ്ങനെ ഷാ ഇക്കയുടെ ഫോട്ടോയും ബാക്കി വിവരങ്ങളും കൂടി ഞാൻ മമ്മൂക്കയ്ക്ക് അയച്ചു. ഷാ ഇക്കയുടെ അവസ്ഥ കഷ്ടമാണ് എന്തെങ്കിലും ചെയ്യാൻ പറ്റുമോ ഇങ്ങനെ ഒരു അവസ്ഥ ആയതുകൊണ്ടാണ് ബുദ്ധിമുട്ടിക്കുന്നത് എന്ന് വോയ്സ് അയച്ചു.
സാധാരണ എന്ത് മെസേജ് അയച്ചാലും പ്രതികരിക്കാറുള്ള മമ്മൂക്ക ഇതിന് ഒന്നും പ്രതികരിച്ചില്ല. ജൂൺ ഏഴാം തീയതി ആണ് ഞാൻ ആദ്യം മെസേജ് അയച്ചത്. അദേഹത്തിന്റെ മറുപടി ഒന്നും കാണാത്തതുകൊണ്ട് 12-ാം തീയതി അദ്ദേഹത്തിന്, ‘ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം മമ്മൂക്ക’ എന്നുപറഞ്ഞ് ഒരു മെസേജ് കൂടി അയച്ചു. അതിനും അദ്ദേഹം പ്രതികരിച്ചില്ല.
അങ്ങനെയിരിക്കെ ഷാജി എന്നോട് പറഞ്ഞു തിരുവനന്തപുരത്തൊരു ആശുപത്രിയിൽ ഹാർട്ട് ടു ഹാർട്ട് എന്ന ഒരു പദ്ധതി ഉണ്ട് ,അതിൽ ഹൃദയ ശസ്ത്രക്രിയ ഫ്രീ ആയി ചെയ്യാൻ കഴിയും, മമ്മൂക്ക വിചാരിച്ചാൽ നടക്കും ഒന്നുകൂടി മനോജ് മമ്മൂക്കയോട് പറയുമോ എന്ന്.
ഇനി ഞാൻ മമ്മൂക്കയെ ബുദ്ധിമുട്ടിക്കില്ലെന്ന് ഷാജിയോടു പറഞ്ഞു. പക്ഷേ ജൂൺ പതിനഞ്ച് എന്നെ ഞെട്ടിച്ച ഒരു ദിവസം ആയിരുന്നു. 6:55 ആയപ്പോൾ എന്റെ ഫോണിൽ മമ്മൂക്ക എന്ന് തെളിഞ്ഞു വന്നു. എന്റെ കയ്യും കാലും വിറച്ചുപോയി. ഞാൻ ഒന്നുകൂടി ഫോണിലേക്ക് നോക്കി, മമ്മൂക്ക തന്നെയാണോ. ഞാൻ കോൾ എടുത്തു.
അദ്ദേഹം "മനോജേ" എന്ന് വിളിച്ചു, ഞാൻ മറുപടി പറയാൻ കഴിയാതെ നിൽക്കുകയാണ്. മനോജ് ഷായുടെ കാര്യം പറഞ്ഞിരുന്നല്ലോ, ഞാൻ ആശുപത്രിയിൽ വിളിച്ചു പറയാം. വേണ്ട കാര്യങ്ങൾ അവർ ചെയ്തു തരും. മമ്മൂക്ക പറഞ്ഞു.
അന്ന് രാത്രി തന്നെ അദ്ദേഹം ആശുപത്രിയിൽ വിളിച്ചു പറഞ്ഞു, ഷാ ഇക്കയുടെ ചികിത്സ മുഴുവൻ സൗജന്യമായി. ജീവിതത്തിൽ ആദ്യമായി ഈ സിംഹത്തിന്റെ കോൾ എന്റെ ഫോണിലേക്ക് വന്നത് ഒരിക്കലും മറക്കില്ല.
അദ്ദേഹം ശരിക്കും സ്നേഹമുള്ള സിംഹം തന്നെയാണ്. ഷാ ഇക്കയുടെ ഹൃദയ ശസ്ത്രക്രിയ 27 ജൂണിന് ആശുപത്രിയിൽ നടന്നു. അദ്ദേഹത്തിനു വേണ്ടി എല്ലാവരുടെയും പ്രാർഥന ഉണ്ടാകണം. മനോജ് പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.