എഴുതിയ തിരക്കഥകളിൽ ഏറ്റവും സങ്കീർണമായ കഥയും കഥാപാത്രങ്ങളും ‘കമല’യിലേത്: രഞ്ജിത് ശങ്കർ
Friday, November 1, 2019 5:07 PM IST
മ​ല​യാ​ളി​ക​ളെ ത്രി​ല്ല​റി​ന്‍റെ യ​ഥാ​ർ​ഥ ത്രി​ൽ അ​നു​ഭ​വി​പ്പി​ച്ച ‘പാ​സ​ഞ്ച​ർ’ തി​യ​റ്റ​റു​ക​ളി​ലെ​ത്തി 10 വ​ർ​ഷ​ത്തി​നു​ശേ​ഷം അ​തേ ഫ്ളേ​വ​റി​ൽ പുതിയൊരു സി​നി​മ​യു​മാ​യി വ​രി​ക​യാ​ണ് സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത് ശ​ങ്ക​ർ. ‘കമല’ - അതാണു ടൈറ്റിൽ. അ​ജു വ​ർ​ഗീ​സ് ആ​ദ്യ​മാ​യി നാ​യ​ക​വേ​ഷ​ത്തി​ലെ​ത്തു​ന്ന ചിത്രം. നായിക തെ​ലു​ങ്ക് ന​ടി റു​ഹാ​നി ശ​ർ​മ​. അ​ജു​വി​ന്‍റെ ക​ഥാ​പാ​ത്രം സ​ഫ​ർ റി​യ​ൽ ലൈ​ഫ് കാരക്ടറാണ്. എ​ഴു​തി​യ സ്ക്രി​പ്റ്റു​ക​ളി​ൽ ഏ​റ്റ​വും സ​ങ്കീ​ർ​ണ​മാ​യ ക​ഥ​യും ക​ഥാ​പാ​ത്ര​ങ്ങ​ളും ‘ക​മ​ല​’യു​ടേ​തെ​ന്ന് ര​ഞ്ജി​ത് ശ​ങ്ക​ർ.

“ക​മ​ല എ​ന്താ​ണെ​ന്നു​ള്ള സ​ഫ​റി​ന്‍റെ അ​ന്വേ​ഷ​ണ​മാ​ണ് ഈ ​സി​നി​മ. അ​ത് ഒ​രു വ്യ​ക്തി​യാ​ണോ ഒ​രു തോ​ന്ന​ലാ​ണോ ഒ​രു കോ​ണ്‍​സ​പ്റ്റാ​ണോ അ​യാ​ളു​ടെ ഭാവനയാ​ണോ, അത് ആ​ണാ​ണോ പെ​ണ്ണാ​ണോ അ​ല്ലെ​ങ്കി​ൽ മ​റ്റെ​ന്താ​ണ്, എ​ന്താ​ണ് അ​തി​നു പി​റ​കി​ലു​ള്ള മി​സ്റ്റ​റി എ​ന്നൊ​ക്കെ അ​യാ​ൾ ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തും അ​തു​വ​ഴി അ​യാ​ൾ​ക്കു​ണ്ടാ​കു​ന്ന മാ​റ്റ​വു​മൊ​ക്കെ​യാ​ണു സി​നി​മ... ” ‘ക​മ​ല’​യു​ടെ രചനയും നിർമാണവും സംവിധാനവും നിർവഹിച്ച ര​ഞ്ജി​ത് ശ​ങ്ക​ർ സം​സാ​രി​ക്കു​ന്നു...ത്രി​ല്ല​റു​ക​ളോ​ടു പ്ര​ത്യേ​ക താ​ത്പ​ര്യ​മു​ണ്ടോ..?

അ​ങ്ങ​നെ​യി​ല്ല. എ​ല്ലാ സി​നി​മ​ക​ളും ഇ​ഷ്ട​മാ​ണ്. പ്രേ​ത​വും പ്രേ​തം 2ഉം ​ഹൊ​റ​ർ കോ​മ​ഡി ഫി​ലിം​സ്. മുന്പു ചെയ്ത സിനിമകളിൽ പാ​സ​ഞ്ച​റാ​ണ് വാ​സ്ത​വ​ത്തി​ൽ ത്രി​ല്ല​ർ എ​ന്നു പ​റ​യാ​വു​ന്ന​ത്. അ​ർ​ജു​ന​ൻ സാ​ക്ഷി ആ​ക്‌ഷ​ൻ ത്രി​ല്ല​റാ​ണ്. പാ​സ​ഞ്ച​റി​ന്‍റെ ജോ​ണ​റി​ലൊ​രു സി​നി​മ​യാ​ണ് ക​മ​ല.

ക​മ​ല​യി​ലേ​ക്ക് എത്തിയത്..?

വാ​സ്ത​വ​ത്തി​ൽ, ഒ​രു സി​നി​മ ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചു സി​നി​മ​യി​ൽ വ​ന്ന​യാ​ളാ​ണു ഞാ​ൻ. പാ​സ​ഞ്ച​ർ എ​ന്ന ഒ​രു സി​നി​മ​യേ ചെ​യ്യു​ക​യു​ള്ളൂ എ​ന്നാ​യി​രു​ന്നു എ​ന്‍റെ വി​ശ്വാ​സം. അ​തി​നു​ശേ​ഷം വി​ദേ​ശ​ത്തു പോ​യി ജോ​ലി ചെ​യ്ത് അ​തി​ന്‍റെ ന​ഷ്ടം നി​ക​ത്താ​ൻ ശ്ര​മി​ക്കും എ​ന്നൊ​ക്കെ​യാ​യി​രു​ന്നു അ​തു ചെ​യ്യാ​ൻ ഇ​റ​ങ്ങി പു​റ​പ്പെ​ട്ട​പ്പോ​ൾ വി​ചാ​രി​ച്ച​ത്. പ​ക്ഷേ, ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ഞാ​ൻ നി​ര​ന്ത​രം സിനിമകൾ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം ര​ണ്ടു സിനിമ ചെ​യ്തു. അ​തി​ന്‍റെ മു​ന്ന​ത്തേ വ​ർ​ഷ​വും ര​ണ്ടു​ സിനിമ ചെ​യ്തു. തു​ട​ർ​ച്ച​യാ​യി സി​നി​മ​ക​ൾ ചെ​യ്യു​ന്പോ​ൾ അ​തൊ​രു ദി​ന​ച​ര്യ പോ​ലെ​യാ​യി എ​ന്ന​താ​ണു സ​ത്യം. പ​ണ്ടൊ​ക്കെ സി​നി​മ ചെ​യ്യു​ന്പോ​ൾ ആവേശം തോ​ന്നി​യി​രു​ന്നു. ഫി​ലിം മേ​ക്കിം​ഗ് ശ​രി​ക്കും എ​ൻ​ജോ​യ് ചെ​യ്യാനാവുന്നില്ല എന്ന് മേ​രി​ക്കു​ട്ടി ക​ഴി​ഞ്ഞ​പ്പോ​ൾ​ത്ത​ന്നെ തോന്നിത്തുടങ്ങി. പ്രേതം 2 ക​ഴി​ഞ്ഞ​പ്പോ​ൾ ആ ​തോ​ന്ന​ൽ കൂ​ടി​വ​ന്നു. അ​ങ്ങ​നെ ത​ത്കാ​ലം ഒ​രു ബ്രേ​ക്ക് എ​ടു​ക്കാ​മെ​ന്നു തീ​രു​മാ​നി​ച്ചു.ഒ​രു മേ​ജ​ർ സ്റ്റാ​ർ അ​ഭി​ന​യി​ക്കു​ന്ന​തും ഞാ​ൻ ചെ​യ്യേ​ണ്ട​തുമാ​യ ചി​ല സി​നി​മ​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഒ​രു ബ്രേ​ക്ക് ആ​വ​ശ്യ​മാ​ണെ​ന്നും അ​തു ക​ഴി​ഞ്ഞി​ട്ടേ ഏ​തു​ത​രം സി​നി​മ ചെ​യ്യ​ണ​മെ​ന്ന് ആ​ലോ​ചി​ക്കാനാവൂ എ​ന്നും ഞാ​ൻ അ​വ​രോ​ടു പ​റ​ഞ്ഞു.

ഇ​നി എന്തെങ്കിലും ബി​സി​ന​സ് ചെ​യ്യാം എ​ന്നൊ​ക്കെ ആ​ലോ​ചി​ക്കാ​ൻ തു​ട​ങ്ങി. ഈ ​വ​ർ​ഷം ജൂ​ണ്‍ - ജൂ​ലൈ വ​രെ ഒ​രു​പാ​ടു യാ​ത്ര​ക​ൾ ചെ​യ്തു. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലൊ​ക്കെ പോ​യി. യാ​ത്ര ചെ​യ്യു​ന്പോ​ഴും ഞാ​ൻ മൊ​ബൈ​ലി​ൽ നി​ര​ന്ത​രം എ​ഴു​തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു, പ​ല​പ​ല സ്ക്രി​പ്റ്റു​ക​ൾ.

ഏ​റെ യാ​ത്ര ചെ​യ്തി​ട്ടും വേ​റെ പ​ല​കാ​ര്യ​ങ്ങ​ളും ആ​ലോ​ചി​ച്ചി​ട്ടും ത​ത്കാ​ലം ജീ​വി​ത​ത്തി​ൽ എ​ന്നെ ആവേശം കൊള്ളിക്കുന്ന ഒ​രേ​യൊ​രു കാ​ര്യം സി​നി​മ​യാ​ണെ​ന്ന് എ​നി​ക്കു മ​ന​സി​ലാ​യി. കേ​ര​ളം ക​ഴി​ഞ്ഞാ​ൽ എ​നി​ക്ക് ഏ​റെ ഇ​ഷ്ട​മു​ള്ള സ്ഥ​ല​മാ​ണു പാ​രീ​സ്. അ​വി​ടെ പോ​യ​പ്പോ​ഴും തി​രി​ച്ചു​വ​രാ​നാ​ണു തോ​ന്നി​യ​ത്. കാ​ര​ണം, ഇ​വി​ടെ​യാ​ണ് എ​നി​ക്കു ചെ​യ്യാ​നു​ള്ള​ത്. അ​വി​ടെ പോ​യാ​ൽ വെ​റു​തേ​യി​രി​ക്കാ​മെ​ന്നേ​യു​ള​ളൂ. അ​ങ്ങ​നെ വീ​ണ്ടും ഒ​രു സി​നി​മ ചെ​യ്യാം എ​ന്നു തീ​രു​മാ​നി​ച്ചു.ഇ​പ്പോ​ൾ എ​ഴു​തി​യ സ്ക്രി​പ്റ്റു​ക​ളി​ൽ എ​ന്നെ ഏ​റ്റ​വു​മ​ധി​കം എ​ഗ്സൈ​റ്റ് ചെ​യ്യി​പ്പി​ക്കു​ന്ന സി​നി​മ ത​ന്നെ​യാ​വ​ണം ചെ​യ്യേ​ണ്ട​തെ​ന്ന് ഉ​റ​പ്പി​ച്ചു. അ​പ്പോ​ഴേ​ക്കും ഞാ​ൻ ക​മ​ല​യു​ടെ നാ​ല​ഞ്ചു വേ​ർ​ഷ​നു​ക​ൾ എ​ഴു​തി​യി​രു​ന്നു. ഓ​രോ ത​വ​ണ എ​ഴു​തിയപ്പോഴും ഇ​പ്പോ​ൾ ചെ​യ്യേ​ണ്ട എ​ന്നു ക​രു​തി പ​ല ത​വ​ണ​മാ​റ്റി വ​ച്ച സ്ക്രി​പ്റ്റാ​യി​രു​ന്നു ക​മ​ല​യു​ടേ​ത്. കാ​ര​ണം, അ​ത്ര​യും റി​സ്കി​യാ​യു​ള്ള സ്ക്രി​പ്റ്റാ​ണ്. അ​ത് എ​ങ്ങ​നെ ഷൂ​ട്ട് ചെ​യ്യും എ​ന്ന് ആ​ലോ​ചി​ക്കു​ന്പോ​ൾ​ത്ത​ന്നെ പേ​ടി​യാ​വും.

ഞാ​ൻ ഇ​തു വ​രെ എ​ഴു​തി​യി​ട്ടു​ള്ള സ്ക്രി​പ്റ്റു​ക​ളി​ൽ ഏ​റ്റ​വും കോംപ്ലി​ക്കേ​റ്റ​ഡാ​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ ഇ​തി​ലാ​ണു​ള്ള​ത്. അ​തി​നാ​ൽ എ​ക്സ്ട്രാ ഓ​ർ​ഡി​ന​റി ആ​ക്ടേ​ഴ്സ് ഉ​ണ്ടെ​ങ്കി​ലേ അ​ത് അ​ഭി​ന​യി​ക്കാ​ൻ പ​റ്റു​ക​യു​ള്ളൂ. അ​തു ഷൂ​ട്ട് ചെ​യ്യു​ക എ​ന്നു​ള്ള​തു ബാ​ലി​കേ​റാ​മ​ല​യാ​ണ്. വി​ഴി​ഞ്ഞ​ത്തു നി​ന്നു തു​ട​ങ്ങി ത​മി​ഴ്നാ​ട് ബോ​ർ​ഡ​റി​ലേ​ക്കു ക​യ​റി അ​വി​ടെ നി​ന്നു ട്രി​ച്ചി​യി​ലേ​ക്കു പോ​യി തി​രി​ച്ചു കേ​ര​ള​ത്തി​ലേ​ക്കു ട്രാ​വ​ൽ ചെ​യ്യു​ന്ന ഒ​രു ക​ഥ​യാ​ണ്.

ക​ഥ​യു​ടെ ബ​ഹു​ഭൂ​രി​പ​ക്ഷ​വും സം​ഭ​വി​ക്കു​ന്ന​തു കൊ​ടും​കാ​ട്ടി​​ലാ​ണ്. അ​ത് എ​വി​ടെ ഷൂ​ട്ട് ചെ​യ്യും, അ​തി​നു പ​റ്റി​യ ലൊ​ക്ക​ഷ​ൻ കി​ട്ടു​മോ...​അ​ത്ത​രം ചി​ന്ത​ക​ൾ. എ​ല്ലാ​കൊ​ണ്ടും ന​മ്മ​ളെ ഭ​യ​ങ്ക​ര​മാ​യി പേ​ടി​പ്പി​ച്ചി​രു​ന്ന ഒ​രു സി​നി​മ​യാ​ണ്. അ​തി​ലെ എ​ഗ്സൈ​റ്റ്മെ​ന്‍റ് പേ​ടി ത​ന്നെ​യാ​ണ് എ​ന്ന് എ​നി​ക്കു മ​ന​സി​ലാ​യി. ആ ​പേ​ടി​യു​ണ്ടെ​ങ്കി​ലേ അ​തു ചെ​യ്യു​ന്ന​തി​ൽ റി​സ്കു​ള്ളൂ. റി​സ്കു​ള്ള സ്ഥ​ല​ത്തേ എ​ഗ്സൈ​റ്റ്മെ​ന്‍റു​ള്ളൂ. അ​ങ്ങ​നെ​യാ​ണ് ഈ ​സി​നി​മ ചെ​യ്യാം എ​ന്നു തീ​രു​മാ​നി​ച്ച​ത്.

ഞാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പ​ന്ത്ര​ണ്ടാ​മ​ത്തെ സി​നി​മ​യും നി​ർ​മി​ക്കു​ന്ന പ​ത്താ​മ​ത്തെ സി​നി​മ​യും ഡി​സ്ട്രി​ബ്യൂ​ഷ​ൻ ചെ​യ്യു​ന്ന നാ​ലാ​മ​ത്തെ സി​നി​മ​യു​മാ​ണ് ക​മ​ല.ക​മ​ല എ​ന്ന സി​നി​മ​യു​ടെ ആ​ശ​യം എ​വി​ടെ നി​ന്നാ​ണ്..?

എ​ന്‍റെ സി​നി​മ​ക​ളി​ലുള്ളത് ചു​റ്റു​മു​ള്ള ആ​ളു​ക​ൾ ത​ന്നെ​യാ​ണ്. ഇ​തി​ൽ അ​ജു വ​ർ​ഗീ​സ് ചെ​യ്യു​ന്ന സ​ഫ​ർ എ​ന്ന ക​ഥാ​പാ​ത്രം എ​നി​ക്ക് വ​ള​രെ അ​ടു​ത്ത​റി​യാ​വു​ന്ന ഒ​രാ​ളാ​ണ്. ഞാ​ൻ എ​ന്നും കാ​ണു​ന്ന ഒ​രാ​ളാ​ണ്. എറണാകുളമാണ് സ്വദേശം. അയാളുടെ പേരും സ​ഫ​ർ എന്നു തന്നെയാണ്. ഹൈ ​ക്ലാ​സ് ബ്രോ​ക്ക​റാ​ണു സ​ഫ​ർ. അ​യാ​ൾ എ​ന്തും ചെ​യ്യും. നി​ങ്ങ​ൾ​ക്കു മീ​ൻ വേ​ണോ ജോ​ലി​ക്കാ​രി​യെ വേ​ണോ എ​ന്ന​തു മു​ത​ൽ ബി​എം​ഡ​ബ്ല്യു വേ​ണോ 100 ഏ​ക്ക​ർ സ്ഥ​ലം വേ​ണോ...​ അ​ങ്ങ​നെ എ​ല്ലാം ഡീ​ൽ ചെ​യ്യു​ന്ന ഒ​രാ​ൾ. അ​ങ്ങ​നെ എ​ല്ലാ​ത്തി​നും ഉ​പ​കാ​രി​യാ​യി​ട്ടു​ള്ള ഒ​രാ​ൾ.

36 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സം​ഭ​വി​ക്കു​ന്ന ക​ഥ​യാ​ണി​ത്. പു​ല​ർ​ച്ചെ വി​ഴി​ഞ്ഞ​ത്തു നി​ന്നു യാ​ത്ര തു​ട​ങ്ങുന്ന സ​ഫ​ർ പി​റ്റേ​ന്നു വൈ​കു​ന്നേ​രം തി​രി​ച്ചെ​ത്തു​ന്പോ​ൾ തീ​രു​ന്ന ക​ഥ​യാ​ണി​ത്. ആ ​യാ​ത്ര​യ്ക്കു​ള്ളി​ൽ സം​ഭ​വി​ക്കു​ന്ന ഒ​രു കാ​ര്യ​മാ​ണു ക​മ​ല പ​റ​യു​ന്ന​ത്. പാ​സ​ഞ്ച​റും അ​ങ്ങ​നെ ത​ന്നെ​യാ​ണ്; ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ സം​ഭ​വി​ക്കു​ന്ന ക​ഥ​യാ​ണത്.ഏറെ സ​ങ്കീ​ർ​ണ​മാ​യ ഈ പ്രോ​ജ​ക്ടി​ലേ​ക്ക് അ​ജു വ​ർ​ഗീ​സി​നെ കാ​സ്റ്റ് ചെ​യ്ത​ത്..?

സ​ഫ​റി​ന്‍റെ വേ​ഷം ആ​രു ചെ​യ്യു​മെ​ന്ന് ആ​ലോ​ചി​ച്ച​പ്പോ​ൾ സ്വാ​ഭാ​വി​ക​മാ​യും ഇ​വി​ടെ​യു​ള്ള നാ​യ​കന്മാർ ത​ന്നെ​യാ​ണു മ​ന​സി​ലേ​ക്കു വ​ന്ന​ത്. പ​ക്ഷേ, ഇ​വ​രാ​രും അ​ഭി​ന​യി​ച്ചാ​ൽ അ​തു വ​ർ​ക്കൗ​ട്ട് ആ​വി​ല്ലെ​ന്നു പെ​ട്ടെ​ന്നു ത​ന്നെ എ​നി​ക്കു മ​ന​സി​ലാ​യി. ഒ​രു താ​ര​വും അ​ഭി​ന​യി​ച്ചാ​ൽ പ​ല കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടും ഈ ​ക​ഥാ​പാ​ത്രം വ​ർ​ക്കൗ​ട്ട് ആ​വി​ല്ല.

തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​രെ ഈ ​ക​ഥാ​പാ​ത്ര​ത്തി​ന് ഒ​രു​പാ​ട് ഷെ​യ്ഡ്സ് ഉ​ണ്ട്. ആ​ര് അ​ഭി​ന​യി​ക്കും‍? എ​നി​ക്ക് ഒ​രെ​ത്തും പി​ടി​യും കി​ട്ടി​യി​ല്ല. അ​പ്പോ​ഴേ​ക്കും എ​നി​ക്ക് ഈ ​സി​നി​മ ഉ​ണ്ടാ​ക്ക​ണം എ​ന്ന തീ​വ്ര​മാ​യ ആ​ഗ്ര​ഹം വ​ന്നി​രു​ന്നു. ഒ​രാ​ളും ഒ​രി​ക്ക​ലും ഒ​രു നാ​യ​ക​നാ​യി ചി​ന്തി​ക്കാ​ത്ത ആ​ളു​ക​ളെ വ​രെ ആ​ലോ​ചി​ച്ചു. അ​വ​ർ​ക്കു​പോ​ലും ഈ ​കാ​ര​ക്ട​ർ വ​ർ​ക്കൗ​ട്ട് ആ​കാ​തെ വ​ന്നു. അ​ങ്ങ​നെ ഈ ​സി​നി​മ ചെ​യ്യാ​ൻ പ​റ്റി​ല്ല എ​ന്ന് ആ​ലോ​ചി​ച്ച സ​മ​യം.ഞാ​ൻ കു​റേ പ​ണി​പ്പെ​ട്ട് ഉ​ണ്ടാ​ക്കി​യ സ്ക്രി​പ്റ്റാ​ണ്. എ​ങ്ങ​നെ​യെ​ങ്കി​ലും ഇ​തു ചെ​യ്യ​ണം. പ​ക്ഷേ, ആ​രെ​യും കി​ട്ടു​ന്നി​ല്ല. പാ​സ​ഞ്ച​റി​ലും ഇ​തേ അ​വ​സ്ഥ വ​ന്നി​രു​ന്നു. സത്യനാഥൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​നു പ​റ്റു​ന്ന ഒ​രാ​ളും വ​രു​ന്നി​ല്ലെ​ന്നു ക​ണ്ട് ഒ​ടു​വി​ൽ ശ്രീ​നി​യേ​ട്ട​നെ ആ​ലോ​ചി​ച്ച​പ്പോ​ൾ എ​ല്ലാം ശ​രി​യാ​യി വ​ന്നു.

ഒ​രു സു​പ്ര​ഭാ​ത​ത്തി​ലാ​ണ് ഇ​തി​ൽ അ​ജു വ​ർ​ഗീ​സി​നെ ആ​ലോ​ചി​ക്കു​ന്ന​ത്. അ​ജു ചെ​യ്താ​ൽ ആ ​ക​ഥാ​പാ​ത്രം വ​ർ​ക്കൗ​ട്ട് ആ​കു​മെ​ന്നു തോ​ന്നി. കാ​ര​ണം അ​ജു​വി​ന് ഇ​മേ​ജി​ന്‍റെ ഭാ​ര​മി​ല്ല. സ​ഫ​ർ ഏ​റെ സിംപിളായ ഒ​രാ​ളാ​ണ്. എ​ളി​മ​യും ലാ​ളി​ത്യ​വും വേ​ണ്ടി​ട​ത്തു ഗൗ​ര​വ​വും ഉ​ള്ള ഒ​രു ക​ഥാ​പാ​ത്രം.എ​ന്‍റെ സി​നി​മ​ക​ളി​ൽ പു​ണ്യാ​ള​ൻ അ​ഗ​ർ​ബ​ത്തീ​സി​ലാ​ണ് അ​ജു ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച​ത്. അ​തിൽ ഒ​രു ന​ല്ല ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു. സു ​സു സു​ധി​യി​ൽ അ​ഭി​ന​യി​ച്ച​പ്പോ​ൾ ആ ​ക​ഥാ​പാ​ത്രം അ​ജു​വി​നെ​ക്കാ​ൾ ര​ണ്ടു സ്റ്റെ​പ് മു​ക​ളി​ലാ​യി​രു​ന്നു. പ്രേ​ത​ത്തി​ൽ അ​ഭി​ന​യി​ച്ച​പ്പോ​ൾ വീ​ണ്ടും ര​ണ്ടു സ്റ്റെ​പ് മു​ക​ളി​ലാ​യി​രു​ന്നു അതിലെ ​ക​ഥാ​പാ​ത്രം. അ​തു​പോ​ലെ അ​ജു ഇ​പ്പോ​ൾ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ​ക്കാ​ൾ ര​ണ്ടു സ്റ്റെ​പ് മു​ക​ളി​ലാ​ണ് ഈ ​സി​നി​മ​യി​ലെ ക​ഥാ​പാ​ത്രം.

ഈ ​ക​ഥാ​പാ​ത്ര​ങ്ങ​ളൊ​ക്കെ അ​ജു​വി​നു ചെ​യ്യാ​ൻ പ​റ്റു​മെ​ന്ന് എ​നി​ക്കു തോ​ന്നി​യി​രു​ന്നു. അ​ജു​വി​ന് ഞാ​ൻ അ​പ്പോ​ൾ​ത്ത​ന്നെ മേ​സേ​ജ് അ​യ​ച്ചു... നി​ന​ക്കു നാ​യ​ക​നാ​കാ​നു​ള്ള സ​മ​യ​മാ​യി, തി​ര​ക്ക​ഥ റെ​ഡി​യാ​യി​ട്ടു​ണ്ട്. അ​പ്പോ​ൾ​ത്ത​ന്നെ അ​ജു എ​ന്നെ വി​ളി​ച്ചു സം​സാ​രി​ച്ചു. ഞാ​ൻ അ​യ​ച്ച മെ​സേ​ജ് അ​ന്നു​രാ​ത്രി നി​ര​വ​ധി ത​വ​ണ വാ​യി​ച്ച​താ​യി അ​ജു പി​റ്റേ​ന്ന് എ​ന്നോ​ടു പ​റ​ഞ്ഞു. തനിക്കായി അ​ങ്ങ​നെ​യൊ​രു സ്ക്രി​പ്റ്റ് ഒ​രാ​ൾ എ​ഴു​തി​യ​ല്ലോ എ​ന്ന് ആ​ലോ​ചി​ച്ച് അ​വ​നു സ​ന്തോ​ഷം തോ​ന്നി.നാ​യി​ക​യെ ക​ണ്ടെ​ത്തി​യ​ത്...?

അ​ജു​വി​ന്‍റെ ക​ഥാ​പാ​ത്ര​മി​ല്ലെ​ങ്കി​ൽ ന​മു​ക്ക് ഈ ​സി​നി​മ ചെ​യ്യാ​നാ​വി​ല്ല. പ​ക്ഷേ, ഏ​റ്റ​വും വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യ സം​ഗ​തി മ​റ്റൊ​ന്നാ​ണ്. ഈ ​സി​നി​മ​യി​ലെ ക​മ​ല... ​അ​ത് എ​ന്തുതന്നെയാണെങ്കിലും ആ​രഭി​ന​യി​ക്കും എ​ന്ന​ത് വ​ലി​യ ച​ല​ഞ്ച് ത​ന്നെ​യാ​യി​രു​ന്നു. പ​ത്തു നൂ​റു​പേ​രെ ഓ​ഡി​ഷ​ൻ ചെ​യ്തു. അ​പ്പോ​ൾ എ​നി​ക്കൊ​രു കാ​ര്യം മ​ന​സി​ലാ​യി. ഞാ​ൻ വ​ലി​യൊ​രു തെ​റ്റാ​ണ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. തു​ന്പി​യെ​ക്കൊ​ണ്ടു ക​ല്ലെ​ടു​പ്പി​ക്കു​ന്ന പ​രി​പാ​ടി​യാ​ണ​ത്.

പു​തി​യൊ​രാ​ൾ​ക്ക് ഒ​രു കാ​ര​ണ​വ​ശാ​ലും ചെ​യ്യാ​ൻ പ​റ്റി​യ റോ​ള​ല്ല അ​ത്. അ​ത്ര​യും കോം​പ്ല​ക്സാ​ണ് ആ ​ക​ഥാ​പാ​ത്രം. ഏ​റെ ടാ​ല​ന്‍റ​ഡാ​യ അ​ത്യാ​വ​ശ്യം മീ​ഡി​യ എ​ക്സ്പോ​ഷ​ർ ഉ​ള്ള ഒ​രാ​ൾ​ക്കേ അ​തു ചെ​യ്യാ​നാ​വൂ. മ​ല​യാ​ള​ത്തി​ലെ പോ​പ്പു​ല​റാ​യ ഒ​രു ന​ടി വ​ന്ന് അ​ഭി​ന​യി​ച്ചാ​ൽ ആ​ളു​ക​ൾ സ്വീ​ക​രി​ക്കി​ല്ല. കാ​ര​ണം, ആ ​ക​ഥാ​പാ​ത്ര​ത്തി​ന് അ​ത്ര​യും ഷെ​യ്ഡ്സ് ഉ​ണ്ട്.

നാ​യി​ക​യെ ക​ണ്ടെ​ത്തു​ക എ​ന്ന​തു മൂ​ന്നാ​ലു മാ​സ​ത്തെ പ്രോ​സ​സ് ആ​യി​രു​ന്നു. എ​ന്‍റെ ടീം ​ഇ​ന്ത്യ​യൊ​ട്ടാ​കെ പ​ല സ്ഥ​ല​ങ്ങ​ളി​ലും സ​ഞ്ച​രി​ച്ചു. പ​ല​രു​മാ​യും സം​സാ​രി​ച്ചു. ഒ​രു​പാ​ടു പേ​രെ ആ​ലോ​ചി​ച്ചു കി​ട്ടാ​തെ വ​ന്ന​പ്പോ​ൾ ഇ​വി​ടെ നി​ല​വി​ലു​ള്ള നാ​യി​ക​മാ​രെ​ത്ത​ന്നെ വീ​ണ്ടും ആ​ലോ​ചി​ക്കാ​ൻ തു​ട​ങ്ങി. അ​വ​രെ ആ​ലോ​ചി​ച്ച​പ്പോ​ഴും വ​ർ​ക്കൗ​ട്ട് ആ​യി​ല്ല. അ​ല്ലെ​ങ്കി​ൽ​പ്പി​ന്നെ അ​ഡ്ജ​സ്റ്റ്മെ​ന്‍റ് കാ​സ്റ്റിം​ഗ് എ​ന്ന രീ​തി​യി​ൽ ചെ​യ്യേ​ണ്ടി​വ​രും.

ഈ ​ക​ഥാ​പാ​ത്ര​ത്തി​നു ചു​റ്റും ഒ​രു മി​സ്റ്റ​റി​യു​ണ്ട്. മി​സ്റ്റ​റി ത​ന്നെ​യു​ള്ള പു​തി​യൊ​രാ​ൾ വ​ന്ന് ആ ​റോ​ൾ ചെ​യ്യ​ണം. പു​തു​താ​യി വ​രു​ന്ന​യാ​ൾ​ക്ക് അ​തു ചെ​യ്യാ​നു​മാ​വ​ണം. അ​താ​ണു കാ​ര്യം. അ​തു ചെ​യ്യു​ക എ​ന്ന​ത് ഒ​ട്ടും എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ല. കാ​ര​ണം, ആ ​ക​ഥാ​പാ​ത്ര​ത്തി​ന്‍റെ​യു​ള്ളി​ൽ ഒ​രു​പാ​ട് പേ​ഴ്സ​ണാ​ലി​റ്റീ​സ് ഉ​ണ്ട്. ഇ​വി​ട​ത്തെ ഒ​രാ​ൾ ചെ​യ്താ​ൽ അ​തു കി​ട്ടി​ല്ല.

അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ്, ക​ഴി​ഞ്ഞ വ​ർ​ഷം തി​ര​ക്ക​ഥ​യ്ക്കു​ള്ള നാ​ഷ​ണ​ൽ അ​വാ​ർ​ഡ് കി​ട്ടി​യ ചി ​ലാ സോ ​എ​ന്ന പ​ടം ക​ണ്ട​ത്. അ​തി​ലെ നാ​യി​ക റു​ഹാ​നി ശ​ർ​മ​യെ ക​ണ്ട​പ്പോ​ൾ​ത്ത​ന്നെ ഇ​വ​രാ​ണു ക​മ​ല​യെ​ന്നും ഇ​വ​ർ​ക്ക് ആ ​റോ​ൾ ചെ​യ്യാ​നാ​കുമെ​ന്നും തോ​ന്നി. അ​ങ്ങ​നെ ഞാ​ൻ റു​ഹാ​നി​യെ ക​ണ്ടു സം​സാ​രി​ച്ചു. ഓ​ഡീ​ഷ​ൻ ചെ​യ്തു. അ​തു ശ​രി​യാ​യി. അ​ങ്ങ​നെ പെ​ട്ടെ​ന്ന് റു​ഹാ​നി ഈ ​സി​നി​മ​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു.ക​ഥ ത​ന്നെ​യാ​ണ് ഈ ​സി​നി​മ​യു​ടെ എ​ല്ലാം. അ​ങ്ങ​നെ​യ​ല്ലേ..?

ക​ഥ ത​ന്നെ​യാ​ണ് ഇ​തി​ൽ പ്ര​ധാ​നം. തി​ര​ക്ക​ഥ ഉ​ണ്ടാ​ക്കു​ക എ​ന്ന​ത് ഏ​റ്റ​വും ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മാ​യി​രു​ന്നു. ഒ​രു ചെ​റി​യ കു​ഴ​പ്പ​മു​ണ്ടാ​യാ​ൽ പോ​ലും അ​തു പ​രി​പൂ​ർ​ണ​പ​രാ​ജ​യ​ത്തി​നു കാ​ര​ണ​മാ​കും എ​ന്ന​താ​ണ് ത്രി​ല്ല​റി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം. ഈ ​സി​നി​മ​യി​ൽ ചെ​റി​യ തെ​റ്റു​ക​ൾ​ക്കു പോ​ലും സ്പേ​സി​ല്ല. അ​തിനാൽ വ​ള​രെ ശ്ര​ദ്ധി​ച്ചാ​ണ് എ​ഴു​തി​യ​തും അ​തു ചെ​യ്ത​തും.

തി​ര​ക്ക​ഥ​യു​ടെ എ​ട്ടാ​മ​ത്തെ വേ​ർ​ഷ​നാ​ണ് ഷൂ​ട്ട് ചെ​യ്തി​ട്ടു​ണ്ടാ​വു​ക. ഷൂ​ട്ട് ചെ​യ്ത​പ്പോ​ഴും അ​തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ വന്നില്ല. അ​തും എ​നി​ക്കി​ഷ്ട​പ്പെ​ട്ട ഒ​രു കാ​ര്യ​മാ​ണ്. ക​ഴി​ഞ്ഞ മൂ​ന്നാ​ലു പ​ട​ങ്ങ​ളി​ലൊ​ക്കെ സെ​റ്റി​ൽ വ​ന്നാ​ൽ ഫു​ൾ ക​റ​ക്‌ഷ​ൻ​സ് ആ​യി​രു​ന്നു. ഇ​തി​ൽ ക​റ​ക്‌ഷ​ൻ ചെ​യ്യാ​ൻ വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ്. കാ​ര​ണം, എ​ല്ലാം പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​ണ്. ഡ​യ​ലോ​ഗു പോ​ലും ക​ണ​ക്ട​ഡാ​ണ്. അ​തു മാ​റ്റി​യാ​ൽ വേ​റെ ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ൾ മാ​റും. അ​ങ്ങ​നെ​യാ​ണ് അ​ത് എ​ഴു​തി​യി​ട്ടു​ള്ള​ത്. പൂ​ർ​ത്തി​യാ​യ സ്ക്രി​പ്റ്റു​മാ​യാ​ണ് ഷൂ​ട്ടിം​ഗി​നു പോ​യ​ത്. ഷൂ​ട്ട് ചെ​യ്യു​ന്പോ​ൾ കാ​ര്യ​ങ്ങ​ൾ​ക്കു ന​ല്ല വ്യ​ക്ത​ത ഉ​ണ്ടാ​യി​രു​ന്നു.അ​ജു വ​ർ​ഗീ​സി​ന് ഒ​പ്പ​മു​ള്ള അ​നു​ഭ​വ​ങ്ങ​ൾ..?

വ​ള​രെ സെ​ൻ​സി​ബി​ളും പ്രാ​ക്ടി​ക്ക​ലു​മാ​യ വ്യക്തിയാണ് അ​ജു. അ​തു​പോ​ലെ ത​ന്നെ വ​ള​രെ ഫ്ള​ക്സി​ബി​ളും പ്രാ​ക്ടി​ക്ക​ലും സെ​ൻ​സി​ബി​ളു​മാ​യ ഒ​രു ന​ട​നു​മാ​ണ്. അ​തു ത​ന്നെ​യാ​ണ് ഇ​തി​ൽ ഞാ​ൻ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. സി​നി​മ ചെ​യ്യാ​ത്ത​പ്പോ​ഴും പ​ല കാ​ര്യ​ങ്ങ​ൾ​ക്കും അ​ഡ്വൈ​സി​നു വേ​ണ്ടി അ​ജു എ​ന്നെ വി​ളി​ക്കാ​റു​ണ്ട്. തി​രി​ച്ചു ഞാ​നും അ​വ​നോ​ടു പ​ല കാ​ര്യ​ങ്ങ​ളും ചോ​ദി​ക്കാ​റു​ണ്ട്.

അ​ജു​വി​ന്‍റെ എ​ക്സ്പീ​രി​യ​ൻ​സ് വ​ള​രെ വ​ലു​താ​ണ്. അ​ത്ര​യ​ധി​കം സി​നി​മ​ക​ളി​ൽ എ​ല്ലാ​ത്ത​രം വേ​ഷ​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു. അ​ത്ര​യ​ധി​കം ആ​ളു​ക​ളെ മീ​റ്റ് ചെ​യ്യു​ന്നു. അ​തി​ന്‍റെ എ​ക്സ്പീ​രി​യ​ൻ​സ് വ​ള​രെ വ​ലു​താ​ണ്. ഒ​രേ​സ​മ​യം ത​ന്നെ മൂ​ന്നാ​ലു സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​യാ​ളാ​ണ്. ഒ​രു നാ​യ​ക​ന്‍റെ എ​ക്സ്പീ​രി​യ​ൻ​സി​നെ​ക്കാ​ളും ഏ​റെ​യാ​ണ് സി​നി​മ​യെ​ക്കു​റി​ച്ചും മ​റ്റു കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും അ​യാ​ളു​ടെ എ​ക്സ്പീ​രി​യ​ൻ​സ്.

ഈ ​ക​ഥാ​പാ​ത്രം തനിക്കു പ​റ്റു​ന്ന​തു പോ​ലെ ന​ന്നാ​യി ചെ​യ്യാ​ൻ അ​ജു ശ്ര​മി​ച്ചി​ട്ടു​ണ്ട്.​ അ​ജു​വി​നു പ​റ്റു​ന്ന ഒ​രു ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു സ​ഫ​ർ. ആ ​ക​ഥാ​പാ​ത്രം വ​ള​രെ സിം​പി​ളാ​ണ്, സിം​പി​ളാ​യ ഒ​രു ബ്രോ​ക്ക​ർ. അ​തു ചെ​യ്യാ​ൻ വ​ള​രെ ബു​ദ്ധി​മു​ട്ടാ​ണ്. പ​ക്ഷേ, അ​ജു അ​തു വ​ള​രെ വൃ​ത്തി​യാ​യി ചെ​യ്തി​ട്ടു​ണ്ട്.അ​ജു​വി​ന്‍റെ ക​ഥാ​പാ​ത്രം സ​ഫ​ർ റി​യ​ൽ​ലൈ​ഫി​ൽ അ​തേ പേ​രു​ള​ള ഒ​രാ​ളാ​ണ​ല്ലോ. ഈ ​സി​നി​മ​യെ​ക്കു​റി​ച്ച് യ​ഥാ​ർ​ഥ സ​ഫ​റി​ന് അ​റി​യ​മോ..?

സ​ഫ​റി​ന് ഇ​തൊ​ക്കെ അ​റി​യാം. ഇ​യി​ടെ എ​ന്‍റെ വേ​റൊ​രു കാ​ര്യ​ത്തി​നു വേ​ണ്ടി സ​ഫ​ർ സ്റ്റു​ഡി​യോ​യി​ൽ വ​ന്ന​പ്പോ​ൾ അ​ജു​വി​നെ ഞാ​ൻ പ​രി​ച​യ​പ്പെ​ടു​ത്തി. ത​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യൊ​ക്കെ താ​ൻ നേരിട്ടു കാ​ണാ​റു​ണ്ടെ​ന്നും ഒ​രാ​ളെ​യും കൂ​ടി ഇ​പ്പോ​ൾ ക​ണ്ടെ​ന്നും അ​ജു സ​ഫ​റി​നോ​ടു പ​റ​ഞ്ഞു.

പ്രേ​ത​ത്തി​ൽ അ​ജു​വി​ന്‍റെ ക​ഥാ​പാ​ത്രം ഡെ​ന്നി കൊ​ക്ക​ൻ എ​ന്‍റെ സ്കൂ​ൾ​മേ​റ്റാ​ണ്. സു ​സു സു​ധി വാ​ത്മീ​ക​ത്തി​ലെ അ​ജു​വി​ന്‍റെ കാ​ര​ക്ട​ർ യ​ഥാ​ർ​ഥ​ത്തി​ൽ ഞാ​ൻ ത​ന്നെ​യാ​ണ്. ഗ്രേ​ഗ​ണ്‍ ദാ​സ് എ​ന്ന ക​ഥാ​പാ​ത്രം ഞാ​ൻ ത​ന്നെ​യാ​ണ്. അ​തി​ൽ അ​യാ​ൾ സി​നി​മാ ന​ട​നാ​ണ്. ഞാ​ൻ സി​നി​മാ സം​വി​ധാ​യ​ക​നാ​ണ് എ​ന്നേ​യു​ള്ളൂ.റു​ഹാ​നി ശ​ർ​മ​യ്ക്ക് ഒ​പ്പ​മു​ള്ള അ​നു​ഭ​വ​ങ്ങ​ൾ..?

ഞാ​ൻ ഇ​തു​വ​രെ എ​ഴു​തി​യ സ്ക്രി​പ്റ്റു​ക​ളി​ൽ... ​വ​ർ​ഷ​ത്തി​ൽ മ​മ്മൂ​ട്ടി​യു​ടെ ക​ഥാ​പാ​ത്രം, സു ​സു സു​ധി വാ​ല്മീ​ക​ത്തി​ൽ ജ​യ​സൂ​ര്യ​യു​ടെ ക​ഥാ​പാ​ത്രം, മേ​രി​ക്കു​ട്ടി​യി​ൽ ജ​യ​സൂ​ര്യ​യു​ടെ ക​ഥാ​പാ​ത്രം... ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ഒ​രു​പാ​ടു ക​ഥാ​പാ​ത്ര​ങ്ങ​ളു​ണ്ട്. അ​തി​നേ​ക്കാ​ളൊ​ക്കെ സ​ങ്കീ​ർ​ണ​മാ​യ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഈ ​സി​നി​മ​യി​ൽ റു​ഹാ​നി ശ​ർ​മ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

എ​ന്നെ അ​ദ്ഭു​ത​പ്പെ​ടു​ത്തി​യ ഒ​രു ന​ടി​യാ​ണു റു​ഹാ​നി. ഒ​രു സെ​ക്ക​ൻ​ഡു കൊ​ണ്ട് എ​ങ്ങ​നെ ഒ​രു കാ​ര​ക്ട​റാ​വാ​ൻ പ​റ്റു​ന്നു, ഒ​രു കാ​ര​ക്ട​റി​ൽ നി​ന്നു മ​റ്റൊ​ന്നി​ലേ​ക്ക് എ​ങ്ങ​നെ സ്വി​ച്ച് ചെ​യ്യാ​ൻ പ​റ്റു​ന്നു... ​എ​ന്ന​തി​ലൊ​ക്കെ എ​ല്ലാ അ​ർ​ഥ​ത്തി​ലും എ​ന്നെ അ​ദ്ഭു​ത​പ്പെ​ടു​ത്തി​യ ഒ​രു ന​ടി.​ ന​മ്മ​ൾ ഈ ​സി​നി​മ ക​ണ്ടു ക​ഴി​യു​ന്പോ​ൾ അ​വ​ർ ചെ​യ്ത കാ​ര്യം ന​മു​ക്കു വിശ്വാസയോഗ്യമായി തോ​ന്നു​ന്നു എ​ന്ന​താ​ണ് എ​ടു​ത്തു പ​റ​യേ​ണ്ട​ത്.

സങ്കീർണതകളുള്ള ഒ​രു കാ​ര​ക്ട​ർ ചെ​യ്ത് അ​ങ്ങ​നെ തോ​ന്നി​പ്പി​ക്കു​ക എ​ന്ന​തു വ​ള​രെ ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മാ​ണ്. അതു വ​ള​രെ സിം​പി​ളാ​യി, വ​ള​രെ കൂ​ളാ​യി അവർക്കു നിറവേറ്റാനായി. ഞാ​ൻ വ​ർ​ക്ക് ചെ​യ്തി​ട്ടു​ള്ള​തി​ൽ​വ​ച്ച് ഏ​റ്റ​വും ടാ​ല​ന്‍റ​ഡാ​യ ഒ​രു ന​ടി​യാ​ണു റു​ഹാ​നി. അ​വ​ർ കൂ​ടു​ത​ൽ കൂ​ടു​ത​ൽ ന​ല്ല സി​നി​മ​ക​ൾ ചെ​യ്യ​ട്ടെ എ​ന്ന​താ​ണ് എ​ന്‍റെ ആ​ഗ്ര​ഹം.റു​ഹാ​നി ശ​ർ​മ​യ്ക്കു മ​ല​യാ​ളം വെ​ല്ലു​വി​ളി ആ​യി​രു​ന്നോ..?

അ​വ​രു​ടെ ത​യാ​റെ​ടു​പ്പു​ക​ൾ ന​മ്മ​ൾ വി​ചാ​രി​ക്കാ​ത്ത ലെ​വ​ലി​ലു​ള്ള​താ​ണ്. അ​തു ന​മ്മ​ൾ ഒ​രു വീ​ഡി​യോ ആ​യി ഇ​റ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്. ന​മ്മ​ൾ ചെ​യ്യു​ന്ന​തി​ന്‍റെ പ​ത്തി​ര​ട്ടി ത​യാ​റെ​ടു​പ്പു​മാ​യാ​ണ് റു​ഹാ​നി വ​ന്നി​ട്ടു​ള്ള​ത്. ഡ​യ​ലോ​ഗ് പ​ഠി​പ്പി​ക്കാ​ൻ അ​വ​ർ​ക്ക് ഒ​രു ട്രെ​യി​ന​ർ ഉ​ണ്ടാ​യി​രു​ന്നു. അ​തി​നാ​ൽ മ​ല​യാ​ളം ഉച്ചാരണം കൃ​ത്യ​മാ​യി​രു​ന്നു. വ​ള​രെ കു​റ​ച്ചു സ​മ​യം കൊ​ണ്ട് അ​വ​ർ ഈ ​സി​നി​മ​യ്ക്കു​വേ​ണ്ടി ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ൾ പ​ഠി​ച്ചു.

ഈ ​ക​ഥാ​പാ​ത്ര​ത്തി​ന് ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ൾ ഫി​സി​ക്ക​ലി ഉ​ൾ​പ്പെ​ടെ ചെ​യ്യേ​ണ്ട​താ​യി​ട്ടു​ണ്ട്. അ​വ​രു​ടെ കോ​ണ്‍​സ​പ്റ്റ് ഓ​ഫ് ആ​ക്ടിം​ഗ് ത​ന്നെ വ്യ​ത്യ​സ്ത​മാ​ണ്. അ​ഭി​ന​യം എ​ന്ന​തു ധ്യാ​ന​മാ​​ണ് - റു​ഹാ​നി പ​റ​യു​ന്നു. വളരെപ്പെട്ടെ​ന്ന് അ​വ​ർ​ക്ക് വേ​റൊ​രു ത​ല​ത്തി​ലേ​ക്കു പോ​യി വേ​റൊ​രു കാ​ര​ക്ട​റാ​കാ​ൻ പ​റ്റു​ന്ന​ത് അ​വ​രു​ടെ ഉ​ള്ളി​ലു​ള്ള ആത്മീയത കൊ​ണ്ടാ​ണെ​ന്നു തോ​ന്നു​ന്നു.​ വ​ള​രെ ചെ​റു​പ്പ​ത്തി​ൽ ത​ന്നെ അ​വ​ർ​ക്ക് ഇ​തൊ​ക്കെ സാ​ധി​ക്കു​ന്നു.ഈ ​സി​നി​മ ഇ​പ്പോ​ൾ ചെ​യ്ത​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഗു​ണം എ​ന്ന​ത് ഈ ​ഒ​രു ന​ടി​യെ അ​വ​രു​ടെ ഫു​ൾ പൊ​ട്ടെ​ൻ​ഷ്യ​ലി​ൽ ന​മ്മു​ടെ കാ​ര​ക്ട​റി​നു കി​ട്ടി എ​ന്നു​ള്ള​താ​ണ്. ഒ​രു കൊ​മേ​ഴ്സ്യ​ൽ സി​നി​മ​യി​ൽ വ​ള​രെ അ​പൂ​ർ​വ​മാ​യി മാ​ത്ര​മേ ഇ​ത്ത​ര​ത്തി​ൽ ഒ​രു കാ​ര​ക്ട​ർ ഉ​ണ്ടാ​വു​ക​യു​ള്ളൂ. ന​മ്മു​ടെ സി​നി​മ​യി​ൽ അ​ത്ത​ര​മൊ​രു കാ​ര​ക്ട​ർ ഉ​ണ്ടാ​യ​പ്പോ​ൾ ന​മു​ക്ക് അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ന​ടി​യെ​യും കി​ട്ടി എ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ സ​ന്തോ​ഷം. അ​തി​നു​ള്ള അം​ഗീ​കാ​രം അ​വ​ർ​ക്കു കി​ട്ട​ട്ടെ.

ഈ ​ക​ഥാ​പാ​ത്ര​ത്തി​നു ക​മ​ല എ​ന്നു മാ​ത്ര​മ​ല്ല മ​റ്റു പ​ല പേ​രു​ക​ളു​മു​ണ്ട്. പ​ല വേ​ർ​ഷ​നു​ക​ളു​ള്ള ക​ഥാ​പാ​ത്ര​മാ​ണി​ത്. അ​തു​കൊ​ണ്ടൊ​ക്കെ​ത്ത​ന്നെ​യാ​ണ് ഈ ​ക​ഥാ​പാ​ത്രം ഏ​റെ സങ്കീർണമാകുന്നത്. നമ്മ​ൾ ഒ​രു സീ​നി​ൽ കാ​ണു​ന്ന ആ​ളെ​യ​ല്ല അ​ടു​ത്ത സീ​നി​ൽ കാ​ണു​ന്ന​ത്. ആ ​സീ​നി​ൽ ക​ണ്ട ആ​ളെ​യ​ല്ല പി​ന്ന​ത്തെ സീ​നി​ൽ കാ​ണു​ന്ന​ത്. എ​ങ്ങ​നെ ഒ​രാ​ൾ​ക്ക് അ​തു സാ​ധ്യ​മാ​വും എ​ന്ന​ത് എ​ന്നെ അ​തി​ശ​യ​പ്പെ​ടു​ത്തി. ലു​ക്കി​ൽ പോ​ലും ആ ​വ്യ​ത്യാ​സ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ അ​വ​ർ​ക്കു സാ​ധി​ച്ചു. അ​ത്ത​ര​ത്തി​ൽ ഫ്ള​ക്സി​ബി​ലി​റ്റി​യു​ള്ള മു​ഖ​മാ​ണ് അ​വ​രു​ടേ​ത്.ക​ഥാ​പാ​ത്ര​ത്തോ​ളം തന്നെ ​സ​ങ്കീ​ർ​ണ​മാ​ണ് സ്ക്രി​പ്റ്റും; അ​ല്ലേ..?

സ്ക്രി​പ്റ്റ് എന്‍റർടെയിനിംഗും എൻഗേജിംഗുമാണ്. ഇ​തൊ​രു ക​മേ​ഴ്സ്യ​ൽ സി​നി​മ​യാ​ണ്. ന​മ്മ​ളെ അദ്ഭുതപ്പെടുത്തുന്ന ഒ​രു സി​നി​മ​യാ​ണ്. പു​തി​യ പു​തി​യ കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കഥാഗതി ത്രി​ല്ലിം​ഗ് ആ​ണ്. എ​ഡ്ജ് ഓ​ഫ് സീ​റ്റി​ലി​രു​ന്ന് എ​ന്താ​ണു സം​ഭ​വി​ക്കു​ക എ​ന്ന രീ​തി​യി​ൽ ന​മു​ക്ക് ക​ണ്ടു​കൊ​ണ്ടി​രി​ക്കാം.അ​ങ്ങ​നെ ക​ണ്ടു​കൊ​ണ്ടി​രി​ക്ക​ണ​മെ​ങ്കി​ൽ ക​മ​ല എ​ന്ന കാ​ര​ക്ട​ർ അ​ങ്ങ​നെ​യൊ​രാ​ൾ അ​ഭി​ന​യി​ച്ചു ഫ​ലി​പ്പി​ക്ക​ണം. അ​തി​ലാ​ണു സ​ർ​പ്രൈ​സ്. പ​ക്ഷേ, ഒ​രാ​ൾ​ക്ക് അ​തു ചെ​യ്യാ​ൻ സാ​ധി​ച്ചു. 22 വ​യ​സാ​ണു ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പ്രാ​യം. ആ ​പ്രാ​യ​ത്തി​ലുള്ള നന്നായി പെർഫോം ചെ​യ്യാ​ൻ പ​റ്റു​ന്ന ഒ​രു ന​ടി​യെ കി​ട്ടു​ക എ​ന്നതാ​യി​രു​ന്നു ഏ​റ്റ​വും വ​ലി​യ ച​ല​ഞ്ച്. റു​ഹാ​നി​ക്കും അതിനടുത്താണു പ്രായം.

റോ​ഡ് മൂ​വി​യാ​ണോ ക​മ​ല. ചി​ത്രീ​ക​ര​ണ അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച്..?

റോ​ഡി​ല്ല, കം​പ്ലീ​റ്റ് കാ​ടാ​ണ്. റോ​ഡി​ൽ നി​ന്നു തു​ട​ങ്ങി പി​ന്നെ ഫു​ൾ ക​ഥ സം​ഭ​വി​ക്കു​ന്ന​തു കാ​ട്ടി​ലാ​ണ്. അ​ങ്ങ​നെ ഇ​തൊ​രു കാ​ട് മൂ​വി​യാ​ണെ​ന്നു പ​റ​യാം! ഷൂ​ട്ടിം​ഗ് ഏ​റെ ര​സ​ക​ര​മാ​യി​രു​ന്നു. സി​നി​മ ചെ​യ്യു​ന്പോ​ഴു​ള്ള എ​ഗ്സൈ​റ്റ്മെ​ന്‍റ് തി​രി​ച്ചു കി​ട്ടി​യ പ്രോ​സ​സ് ആ​യി​രു​ന്നു അത്. അ​തി​ര​പ്പിള്ളി​യി​ലെ കൊ​ടും​കാ​ട്ടി​നു​ള്ളി​ലാ​ണ് ഇ​തി​ലെ കാ​ടു മു​ഴു​വ​ൻ ഷൂ​ട്ട് ചെ​യ്ത​ത്. അ​വി​ടെ​യാ​ണു ക​ഥ​യ്ക്കു പ​റ്റി​യ ലൊ​ക്കേ​ഷ​നു​ക​ൾ കി​ട്ടി​യ​ത്.

ഏ​റെ ന​ട​ന്ന് മ​ല ക​യ​റി അ​ര കി​ലോ​മീ​റ്റ​റൊ​ക്കെ പോ​ക​ണം ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ എ​ത്താ​ൻ. ക​ഴി​ഞ്ഞ വർഷമൊക്കെ ലൊ​ക്കേ​ഷ​ൻ കാ​ണാ​ൻ പോ​കു​ന്പോ​ൾ ഞാ​ൻ വ​ണ്ടി​യി​ൽ​ത്ത​ന്നെ ഇ​രി​ക്കാ​റാ​യി​രു​ന്നു പ​തി​വ്. കൂ​ടെ​യു​ള്ള​വ​ർ ഇ​റ​ങ്ങി കാ​ണാ​ൻ പോ​കും. ഇ​ത്ത​വ​ണ എ​നി​ക്കു ത​ന്നെ​യാ​യി​രു​ന്നു ഏ​റ്റ​വും ആവേശം. ഞാ​ൻ ത​ന്നെ ഓ​ടി മ​ല​ക​യ​റി. എ​നി​ക്ക​തു ചെ​യ്യ​ണ​മെ​ന്നു വ​ലി​യ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു.സിനിമ ചെയ്യുന്പോഴുള്ള ആവേശം തി​രി​ച്ചു​വ​ന്നു എ​ന്നതു സ​ത്യ​മാ​ണെ​ന്ന് എനിക്കു തോ​ന്നു​ന്ന​ത് അ​ങ്ങ​നെ​യൊ​ക്കെ​യാ​ണ്. കാ​ടി​നു​ള്ളി​ൽ ഞ​ങ്ങ​ൾ കാ​ണാ​ത്ത മൃ​ഗ​ങ്ങ​ളൊ​ന്നു​മി​ല്ല; മ​ല​ന്പാ​ന്പ് മു​ത​ൽ ആ​ന വ​രെ. പ​ക്ഷേ, അ​തൊ​ക്കെ ന​മ്മ​ൾ എ​ൻ​ജോ​യ് ചെ​യ്തു എ​ന്ന​താ​ണു വാ​സ്ത​വം. യൂ​ണി​റ്റി​ൽ അ​ട്ടക​ടി ഏ​ല്ക്കാ​ത്ത ആ​ളു​ക​ളി​ല്ല. കാ​ലി​ൽ അ​ട്ടക​ടി​യേ​റ്റ ഞാ​ൻ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ് ഒ​രാ​ഴ്ച ചികിത്സയിലാ​യി​രു​ന്നു.

രാ​ത്രി ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞു വ​രു​ന്പോ​ൾ റോ​ഡി​ൽ സ്ഥി​ര​മാ​യി ആ​ന​ക​ളു​ണ്ടാ​വും. അ​പ്പോ​ൾ ഞ​ങ്ങ​ൾ വ​ണ്ടി നി​ർ​ത്തി​യി​ടും. കു​റ​ച്ചു ക​ഴി​യു​ന്പോ​ൾ അ​വ​ർ പോ​കും. അ​പ്പോ​ൾ ഞ​ങ്ങ​ളും പോ​കും. പാ​ന്പ് സ്ഥി​ര​മാ​യി​ട്ടു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, ഇ​തൊ​ന്നും ആ​ർ​ക്കും ഒ​രു ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​ക്കി​യി​ല്ല. ആ​ർ​ക്കും അ​പ​ക​ട​വും മ​റ്റും ഉ​ണ്ടാ​യി​ട്ടി​ല്ല. വ​ള​രെ സു​ഗ​മ​മാ​യി ഷൂ​ട്ടിം​ഗ് ന​ട​ന്നു. വി​ഴി​ഞ്ഞം, ട്രി​ച്ചി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും ഷൂ​ട്ടിം​ഗ് ഉ​ണ്ടാ​യി​രു​ന്നു.ക​മ​ല​യി​ൽ അ​നൂ​പ് മേ​നോ​ൻ..?

അ​നൂ​പു​മാ​യി ആ​ദ്യം ചെ​യ്യു​ന്ന സി​നി​മ​യാ​ണി​ത്. അ​നൂ​പിന്‍റേ​തു വ​ള​രെ പ്രാ​ധാ​ന്യ​മു​ള്ള റോ​ളാ​ണ്. ഒ​രു​പാ​ടു കാ​ല​മാ​യി ഞ​ങ്ങ​ൾ ഒ​രു​പാ​ടു സി​നി​മ​ക​ൾ ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ്. പ​ക്ഷേ, അ​തി​നു പ​റ്റു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളൊ​ന്നും വ​ന്നി​ല്ല. ഷൂ​ട്ടിം​ഗ് തുടങ്ങുന്നതിനു മുന്പ് അ​ജു വ​ർ​ഗീ​സാ​ണു നാ​യ​ക​ൻ എ​ന്നു വെ​ളി​പ്പെ​ടു​ത്തി ഞാ​ൻ ക​മ​ല​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ഇ​റ​ക്കി​യ​പ്പോ​ൾ ആ​ദ്യം വി​ളി​ച്ച​ത് അ​നൂ​പ് മേ​നോ​നാ​ണ്.

‘ഞാ​ൻ ഈ ​സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്, എ​നി​ക്കൊ​രു റോ​ൾ എ​ഴു​തി​ക്കോ​ളൂ’ - അ​നൂ​പ് പ​റ​ഞ്ഞു. ‘ ഇ​തി​ൽ മ​റ്റു കാ​ര്യ​ങ്ങ​ളൊ​ന്നും വി​ഷ​യ​മ​ല്ല, ഞാ​ൻ വ​ന്ന് അ​ഭി​ന​യി​ക്കും, നി​ങ്ങ​ൾ പ​റ​ഞ്ഞാ​ൽ മ​തി...’ അ​നൂ​പ് തു​ട​ർ​ന്നു. എ​നി​ക്ക​തു വ​ള​രെ പോ​സീ​റ്റീ​വാ​യി തോ​ന്നി. ഇ​തി​ൽ അ​ദ്ദേ​ഹ​ത്തി​നു ന​ന്നാ​യി ചെ​യ്യാ​ൻ പ​റ്റു​ന്ന ഒ​രു ക​ഥാ​പാ​ത്ര​മു​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് അ​നൂ​പ് ഈ ​സി​നി​മ​യി​ലേ​ക്കു വ​രു​ന്ന​ത്.

അ​നൂ​പി​ന്‍റേ​തു കേന്ദ്രസ്ഥാനത്തുള്ള റോ​ളാ​ണ്. സ്ക്രീ​ൻ ടൈം ​കു​റ​വാ​ണ്. പ​ക്ഷേ, അ​നൂ​പി​ല്ലെ​ങ്കി​ൽ ഈ ​ക​ഥ​യി​ല്ല. ഈ ​ക​ഥ ചു​റ്റി​ത്തി​രി​യു​ന്ന​ത് അ​തി​നു ചു​റ്റു​മാ​ണ്.ബി​ജു സോ​പാ​നം ക​മ​ല​യി​ൽ..?

വ​ള​രെ പ്രാ​ധാ​ന്യ​മു​ള്ള റോ​ളാ​ണ് ബി​ജു സോ​പാ​ന​ത്തി​ന്. വ​ള​രെ ഒൗ​ട്ട് സ്റ്റാ​ൻ​ഡിം​ഗ് ആ​ക്ട​റാ​ണ് ബി​ജു. ഈ ​സി​നി​മ​യി​ൽ ഏറെ ര​സ​മു​ള്ള ഒ​രു കാ​ര​ക്ട​റാ​ണ് ബി​ജു ചെ​യ്യു​ന്ന​ത്. ആ ​റോ​ളി​ലേ​ക്കു ന​മ്മ​ൾ പെ​ട്ടെ​ന്നു ബി​ജു സോ​പാ​ന​ത്തെ ആ​ലോ​ചി​ക്കി​ല്ല. വ​ള​രെ സീ​രി​യ​സാ​യി​ട്ടു​ള്ള, അംഗീകാരം നേടിയ കാ​ര​ക്ട​ർ നടന്മാർ മ​ല​യാ​ള​ത്തി​ലു​ണ്ട്. ന​മു​ക്കു വേ​ണ​മെ​ങ്കി​ൽ അ​വ​രെ​യൊ​ക്കെ കാ​സ്റ്റ് ചെ​യ്യാം.

ബി​ജു സോ​പാ​നം ഇ​തി​ൽ അ​ഭി​ന​യി​ച്ച​തി​ൽ എ​നി​ക്കു വ​ള​രെ സ​ന്തോ​ഷ​മു​ണ്ട്. ആ ​നി​ല​വാ​ര​ത്തി​ലേ​ക്കു വ​രേ​ണ്ട ഒ​രാ​ക്ട​റാ​ണു ബി​ജു സോ​പാ​നം. ആ ​രീ​തി​യി​ലു​ള്ള ഫ്ള​ക്സി​ബി​ലി​റ്റി​യും അ​ഭി​ന​യ​സാ​ധ്യ​ത​യു​മെ​ല്ലാ​മു​ള്ള ഒ​രു ന​ട​നാ​ണ് അ​ദ്ദേ​ഹം.ത​ണ്ണീ​ർമ​ത്ത​ൻ ദി​ന​ങ്ങ​ളി​ൽ വ​ന്ന സ​ജി​ൻ ഇ​തി​ൽ ന​ല്ല ഒ​രു വേ​ഷം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഗോ​കു​ല​ൻ, സു​നി​ൽ സു​ഖ​ദ, മൊ​ട്ട രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രു​മു​ണ്ട്. ത​മി​ഴ്നാ​ട് ബോ​ർ​ഡ​റി​ൽ സം​ഭ​വി​ക്കു​ന്ന ക​ഥ ആ​യ​തി​നാ​ൽ ഒ​രു​പാ​ടു ത​മി​ഴ് ആ​ക്ടേ​ഴ്സു​മു​ണ്ട്.

ജ​സ്റ്റി​ൻ ജോ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ ക​മ​ല​യ്ക്കു പി​ന്നി​ലു​ണ്ട​ല്ലോ..?

ഏ​റെ ക​രു​ത്തു​റ്റ സാ​ങ്കേ​തി​ക​വി​ഭാ​ഗ​മാ​ണ് ഈ ​സി​നി​മ​യ്ക്കു പി​ന്നി​ൽ. ഷെ​ഹ​നാ​ദ് ജ​ലാ​ലാ​ണു കാ​മ​റ ചെ​യ്ത​ത്. എ​ഡി​റ്റ​ർ പു​തി​യ ആ​ളാ​ണ് - ആ​ദി​ൽ. ആ​ർ​ട്ട് മ​നു ജ​ഗ​ത്. ബാ​ഹു​ബ​ലി​യും പ​ത്മാ​വ​തു​മൊ​ക്കെ ചെ​യ്ത ജ​സ്റ്റി​നാ​ണു സൗ​ണ്ട് മി​ക്സിം​ഗ്.ജ​സ്റ്റി​നൊ​പ്പം ഞാ​ൻ ചെ​യ്യു​ന്ന മൂ​ന്നാ​മ​ത്തെ സി​നി​മ​യാ​ണി​ത്. ആ​ദ്യം പ്രേ​തം 1. പി​ന്നെ പു​ണ്യാ​ള​ൻ 2. ഇ​പ്പോ​ൾ ക​മ​ല. ഈ ​സി​നി​മ തു​ട​ങ്ങു​ന്പോ​ൾ ജ​സ്റ്റി​നെ ഞാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്നി​ല്ല. പ​ക്ഷേ, ഷൂ​ട്ടിം​ഗ് തു​ട​ങ്ങി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ ഇ​തു ജ​സ്റ്റി​നു ചെ​യ്യാ​ൻ പ​റ്റു​മെ​ന്ന് എ​നി​ക്കു മ​ന​സി​ലാ​യി. ഈ ​സി​നി​മ​യി​ൽ കാ​ടും ത്രി​ല്ലു​മൊ​ക്കെ ആ​യ​തി​നാ​ൽ സൗ​ണ്ടി​ന് ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട് . അ​ങ്ങ​നെ​യാ​ണു ജ​സ്റ്റി​ൻ വ​രു​ന്ന​ത്.

ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സൗ​ണ്ട് എ​ങ്ങ​നെ കൊ​ണ്ടു​വ​രാം എ​ന്ന കാ​ര്യ​ത്തി​ൽ മു​ന്പ​ത്തെ ര​ണ്ടു സി​നി​മ​ക​ളെ​ക്കാ​ൾ ച​ല​ഞ്ചിം​ഗാ​ണ് ഈ ​സി​നി​മ. സി​നി​മ​യു​ടെ അ​വ​സാ​ന വ​ർ​ക്കു​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. ജ​ന​ങ്ങ​ൾ ഇ​ത് എ​ങ്ങ​നെ സ്വീ​ക​രി​ക്കും എ​ന്ന​റി​യാ​നു​ള്ള താ​ത്പ​ര്യ​ത്തി​ലാ​ണു ഞാ​ൻ. ക​മ​ല​യി​ൽ ഒ​രു പാ​ട്ടു​ണ്ട്. അ​ത് ഉ​ട​നേ റി​ലീ​സ് ചെ​യ്യും. ഗാനരചന, സംഗീതം ആനന്ദ് മധുസൂദനൻ.ഇ​ത്ത​ര​ത്തി​ൽ വ്യ​ത്യ​സ്ത ജോ​ണ​റി​ലു​ള്ള സി​നി​മ​ക​ൾ മിക്ക​പ്പോ​ഴും ത​മി​ഴി​ലാ​ണു വ​രുന്ന​തെ​ന്നു തോ​ന്നി​യി​ട്ടു​ണ്ടോ..?

അ​ങ്ങ​നെ​യി​ല്ല. മ​ല​യാ​ള​ത്തി​ലും വ​രാ​റു​ണ്ട്. മ​ല​യാ​ള​ത്തി​ലാ​ണ് ഏ​റ്റ​വും വ്യ​ത്യ​സ്ത​ത​യു​ള്ള സി​നി​മ​ക​ൾ ഉ​ണ്ടാ​കു​ന്ന​ത്. ത​മി​ഴി​ലും ഉ​ണ്ടാ​കു​ന്നു​ണ്ട്. ഓ​രോ സി​നി​മ ഉ​ണ്ടാ​ക്കു​ന്പോ​ഴും അ​ങ്ങ​ന​ത്തെ സി​നി​മ വ​ന്നി​ട്ടി​ല്ല എ​ന്നാ​ണ് എ​നി​ക്കു തോ​ന്നാ​റു​ള്ള​ത്. മേ​രി​ക്കു​ട്ടി​യും രാ​മ​ന്‍റെ ഏ​ദ​ൻ​തോ​ട്ട​വും സു ​സു സു​ധി വാ​ത്‌മീ​ക​വു​മൊ​ക്കെ ചെ​യ്യു​ന്പോ​ൾ അ​ങ്ങ​ന​ത്തെ സി​നി​മ​ക​ൾ വ​ന്നി​ട്ടി​ല്ലാ​യി​രു​ന്നു.

ഈ ​സി​നി​മ ഒ​രു ഭാ​ഷ​യി​ലും വ​ന്നി​ട്ടി​ല്ല​ല്ലോ എ​ന്നു തോ​ന്നു​ന്പോ​ഴാ​ണ് ഞാ​ൻ സി​നി​മ ഉ​ണ്ടാ​ക്കാ​റു​ള്ള​ത്. അ​തു ത​ന്നെ​യാ​ണ് അ​തി​ന്‍റെ എ​ഗ്സൈ​റ്റ്മെ​ന്‍റ്. എ​ന്‍റെ ബ​ഹു​ഭൂ​രി​പ​ക്ഷം സി​നി​മ​ക​ളും അ​ങ്ങ​നെ ത​ന്നെ​യാ​ണ്. ഇ​തും അ​ങ്ങ​നെ ത​ന്നെ​യാ​ണ്. ജ​ന​ങ്ങ​ൾ മാ​റി​യി​രി​ക്കു​ന്നു. അ​വ​ർ എ​ല്ലാ ഭാ​ഷ​ക​ളി​ലു​മു​ള്ള സി​നി​മ​ക​ളും കാ​ണു​ന്നു. ത​മി​ഴി​ൽ ഉ​ണ്ടാ​കു​ന്ന സി​നി​മ​ക​ൾ ഇ​വി​ടെ അ​തേ​പ​ടി ഉ​ണ്ടാ​ക്കി​വ​ച്ചി​ട്ടു കാ​ര്യ​മൊ​ന്നു​മി​ല്ല.ക​മ​ല​യി​ലൂ​ടെ ക​രി​യ​റി​ൽ ഒ​രു സെ​ക്ക​ൻ​ഡ് ലൈ​ഫ് കി​ട്ടി എ​ന്നു പ​റ​യാം അ​ല്ലേ..?

അ​ങ്ങ​നെ​യൊ​ന്നു​മി​ല്ല. ഇ​തി​നു മു​ന്പു ചെ​യ്ത സി​നി​മ​ക​ളെ​ല്ലാം പൈ​സ കി​ട്ടി​യ സി​നി​മ​ക​ളാ​ണ്, തി​യ​റ്റ​റി​ൽ ജ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ച സി​നി​മ​ക​ളാ​ണ്. പ​ക്ഷേ, ന​മ്മ​ൾ ന​മ്മ​ളെ ന​വീ​ക​രി​ക്കു​ക എ​ന്ന പ്രോ​സ​സ് ന​ട​ന്നി​ല്ലെ​ങ്കി​ൽ ക്രി​യേ​റ്റീ​വാ​കാ​ൻ ഏ​റെ ബു​ദ്ധി​മു​ട്ടാ​യി​രി​ക്കും. എ​ന്‍റെ വ്യക്തിപരമായ ന​വീ​ക​ര​ണം പ്ര​ധാ​ന​മാ​യി​രു​ന്നു. സി​നി​മ​യു​ടെ ബി​സി​ന​സ് സൈ​ഡി​ലേ​ക്കു കൂ​ടു​ത​ലാ​യി പോ​കാ​തെ അ​തി​ന്‍റെ ക്രി​യേ​റ്റീ​വ് സൈ​ഡി​ൽ ഏറെ ശ്ര​ദ്ധി​ക്കേ​ണ്ട​ത് എ​ന്‍റെ ആ​വ​ശ്യ​മാ​യി​രു​ന്നു.

പാ​സ​ഞ്ച​റി​നു മു​ന്പു​ള്ള മാ​ന​സി​കാ​വ​സ്ഥ​യി​ലേ​ക്ക് എ​നി​ക്കു തി​രി​ച്ചു പോ​കാ​ൻ പ​റ്റു​മോ എ​ന്നാണ് ഈ ​സി​നി​മ ചെ​യ്യു​ന്പോ​ൾ ആ​ലോ​ചി​ച്ച​ത്. പാ​സ​ഞ്ച​റി​ന്‍റെ സ​മ​യ​ത്ത് സി​നി​മ​യെ​ക്കു​റി​ച്ചോ അ​തി​ന്‍റെ മ​റ്റു കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചോ ഒ​ന്നു​മ​റി​യി​ല്ല എ​ന്ന​താ​യി​രു​ന്നു എ​ന്‍റെ അ​ഡ്വാ​ന്‍റേ​ജ്. പ​ക്ഷേ, ഇ​പ്പോ​ൾ പ്രൊ​ഡ​ക്‌ഷ​നും ഡി​സ്ട്രി​ബ്യൂ​ഷ​നും ഓ​വ​ർ​സീ​സ് ഡി​സ്ട്രി​ബ്യൂ​ഷ​നും...​അ​ങ്ങ​നെ സി​നി​മ​യു​ടെ അ​ത്യാ​വ​ശ്യം കാ​ര്യ​ങ്ങ​ൾ എ​നി​ക്ക​റി​യാം.ഇ​ങ്ങ​നെ ഒ​രു സി​നി​മ​യെ​ടു​ക്കു​ന്പോ​ൾ അ​തി​ന്‍റെ റി​സ്ക്ക്, സാ​ധ്യ​ത​ക​ൾ, ബി​സി​ന​സ് എന്നിവയൊക്കെ ന​ന്നാ​യി​ട്ട​റി​യാം. എ​ന്നാ​ലും പാ​സ​ഞ്ച​റി​നു മു​ന്നേ​യു​ള്ള അ​വ​സ്ഥ​യി​ലേ​ക്ക് കു​റെ​യൊ​ക്കെ എ​ത്താ​നായി എ​ന്നാ​ണ് എ​നി​ക്കു തോ​ന്നു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ദ ​ഹി​ന്ദു​ ഓൺലൈനിൽ എ​ന്‍റെ ഇ​ന്‍റ​ർ​വ്യൂ കണ്ട​പ്പോ​ൾ പ​ത്രം വാ​ങ്ങി വാ​യി​ക്ക​ണ​മെ​ന്നു തോ​ന്നി. ഏറെ നാ​ളു​ക​ളാ​യി എ​നി​ക്ക് അ​ങ്ങ​നെ​യൊ​ന്നും തോ​ന്നാ​റി​ല്ലാ​യി​രു​ന്നു.

ജീ​വി​ത​വി​ജ​യം നേ​ടി​യ ആ​ളു​ക​ൾ എ​ങ്ങ​നെ അ​തു നേ​ടി എ​ന്നു പ​റ​യു​ന്ന ഇ​ന്‍റ​ർ​വ്യൂ​സ് വാ​യി​ക്കുന്നത് സി​നി​മ​യി​ൽ വ​രു​ന്ന​തി​നു മു​ന്പ് എ​നി​ക്കി​ഷ്ട​മാ​യി​രു​ന്നു. എ​നി​ക്കും സി​നി​മ​യി​ൽ വ​ര​ണം, വി​ജ​യി​ക്ക​ണം എ​ന്നൊ​ക്കെ​യു​ള്ള​തു​കൊ​ണ്ടു​ത​ന്നെ​യാ​യി​രു​ന്നു അ​ത്. ഈ​യ​ടു​ത്ത് വീ​ണ്ടും എ​നി​ക്ക് അ​ത്ത​രം കാ​ര്യ​ങ്ങ​ൾ വാ​യി​ക്കാ​ൻ താ​ത്പ​ര്യം തോ​ന്നു​ന്നു​ണ്ട്.അ​ടു​ത്തു ചെ​യ്യു​ന്ന സി​നി​മ​യെ​ക്കു​റി​ച്ച് ആ​ലോ​ച​ന​ക​ളു​ണ്ടോ..?

ഇ​തു ക​ഴി​ഞ്ഞി​ട്ടേ അ​ടു​ത്തു ചെ​യ്യു​ന്ന പ്രൊ​ജ​ക്ടി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്നു​ള്ളൂ. മ​ന​സി​ൽ ഒ​രു​പാ​ടു പ്രോജ​ക്ടു​ക​ളു​ണ്ട്. ക​മ​ല​യ്ക്കു മു​ന്പു ചെ​യ്യേ​ണ്ടി​യി​രു​ന്ന ഒ​ന്നു ര​ണ്ടു സി​നി​മ​ക​ൾ ഞാ​ൻ മാ​റ്റി​വ​ച്ചു എ​ന്നു പ​റ​ഞ്ഞി​രു​ന്ന​ല്ലോ.

ഈ ​സി​നി​മ ചെ​യ്തു ക​ഴി​ഞ്ഞ​പ്പോ​ൾ വീ​ണ്ടും ഒ​രു​പാ​ടു സി​നി​മ​ക​ൾ ചെ​യ്യ​ണ​മെ​ന്നൊ​ക്കെ ആ​ഗ്ര​ഹം തോ​ന്നു​ന്നു​ണ്ട്. ആ ​സി​നി​മ​ക​ളൊ​ക്കെ ഒ​രു​പ​ക്ഷേ, ഞാ​ൻ ചെ​യ്തേ​ക്കാം. ഈ ​സി​നി​മ ഇ​റ​ങ്ങി അ​തി​ന്‍റെ പ്ര​തി​ക​ര​ണം അ​നു​സ​രി​ച്ചേ അ​തൊ​ക്കെ തീ​രു​മാ​നി​ക്കു​ക​യു​ള്ളൂ.

ടി.​ജി.​ബൈ​ജു​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.