കുട്ടിമാമ നമ്മളിൽ ഒരാൾ‌: വി.എം.വിനു
Monday, May 13, 2019 6:54 PM IST
ശ്രീ​നി​വാ​സ​നും ധ്യാ​ൻ ശ്രീ​നി​വാ​സ​നും മു​ഖ്യക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ഫാ​മി​ലി എ​ന്‍റ​ർ​ടെ​യ്ന​റാ​ണ് മ​നാ​ഫി​ന്‍റെ ര​ച​ന​യി​ൽ വി.​എം. വി​നു സം​വി​ധാ​നം ചെ​യ്ത ‘കു​ട്ടി​മാ​മ’. മ​റ്റു​ള്ള​വ​രി​ൽ നി​ന്നു വ​ള​രെ വ്യ​ത്യ​സ്ത​നാ​ണെ​ന്നു കാ​ണി​ക്കാ​ൻ ‘ഭീ​ക​ര’ത​ള്ള​ലു​ക​ളു​മാ​യും പൊ​ങ്ങ​ച്ചം​പ​റ​ച്ചി​ലു​മാ​യും വി​ല​സു​ന്ന ചി​ല​രു​ണ്ട് ന​മു​ക്കി​ട​യി​ൽ. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രാ​ളാ​ണു കു​ട്ടി​മാ​മ. ടൈ​റ്റി​ൽ ക​ഥാ​പാ​ത്രം കു​ട്ടി​മാ​മ​യാ​യി വേ​ഷ​മി​ടു​ന്ന​തു ശ്രീ​നി​വാ​സ​ൻ. ദു​ർ​ഗ ​കൃ​ഷ്ണ​യും മീ​ര വാ​സു​ദേ​വു​മാ​ണ് നാ​യി​ക​മാ​ർ. ശ്രീ​നി​വാ​സ​നും ധ്യാ​നും ആ​ദ്യ​മാ​യി ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ച സിനിമ എന്ന പ്രത്യേകതയുമുണ്ട്. ശ്രീ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​ൻ നിർമിച്ച ‘കുട്ടിമാമ’ തിയറ്ററുകളിലെത്തിക്കുന്നതു സെ​ൻ​ട്ര​ൽ പി​ക്ചേ​ഴ്സ്.

“നമു​ക്കു ചു​റ്റു​പാ​ടു​മു​ള്ള കാ​ഴ്ച​ക​ളെ ആക്ഷേപഹാസ്യപരമായി (സറ്റയറി ക്കലി) പ​റ​യാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്. മു​ഴു​നീ​ള ന​ർ​മ​ചി​ത്ര​മ​ല്ലെ​ങ്കി​ലും ഇ​തി​ൽ ന​ർ​മം ഉ​ണ്ട്. അ​തി​ലു​പ​രി ജീ​വി​ത​ത്തി​നു വ​ലി​യ പ്രാ​ധാ​ന്യം കൊ​ടു​ത്തി​ട്ടു​ണ്ട്. ‘കു​ട്ടി​മാ​മ​’യി​ൽ പ്ര​ണ​യ​മു​ണ്ട്, ഫാ​മി​ലി​യു​ണ്ട്, ആ​ക്‌ഷനു​ണ്ട്.. പ​ക്കാ എ​ന്‍റ​ർ​ടെ​യ്ന​റാ​ണു കു​ട്ടി​മാ​മ...” സം​വി​ധാ​യ​ക​ൻ വി. ​എം. വി​നു സം​സാ​രി​ക്കു​ന്നു.‘കു​ട്ടി​മാ​മ’ എ​ന്ന പ്രോ​ജ​ക്ടി​ൽ ആ​ക​ർ​ഷ​ക​മാ​യി തോ​ന്നി​യ​ത്...‍?

ന​മുക്കിട​യി​ൽ വ​ള​രെ സു​പ​രി​ചി​ത​നാ​യി കാ​ണു​ന്ന ഒ​രു കാ​ര​ക്ട​റാ​ണു കു​ട്ടി​മാ​മ എ​ന്നു തോ​ന്നി. നാ​ലാ​ളു കൂ​ടു​ന്പോ​ൾ അ​തി​ൽ ഈ ​ടൈ​പ്പ് ഒ​രാ​ൾ ഉ​ണ്ടാ​കും. ക​ല്യാ​ണവീ​ട്ടി​ലും മ​ര​ണ​വീ​ട്ടി​ലും ആ​ക്സി​ഡ​ന്‍റ് ന​ട​ന്ന സ്ഥ​ല​ത്തു​മൊ​ക്കെ പോ​യാ​ൽ ഇ​ങ്ങ​ന​ത്തെ ഒ​രാ​ളു​ണ്ടാ​വും. പൊ​ടി​പ്പും തൊ​ങ്ങ​ലു​മൊ​ക്കെ വ​ച്ച് പ​റ​യു​ന്ന പൊ​ങ്ങ​ച്ചം നി​റ​ഞ്ഞ വ​ർ​ത്ത​മാ​നം കേ​ൾ​ക്കു​ന്പോ​ൾ ഇ​യാ​ൾ ഭീ​ക​ര ത​ള്ള​ൽ ആ​ണ​ല്ലോ എ​ന്നു ചി​ല​പ്പോ​ൾ ന​മു​ക്കു തോ​ന്നാം. അ​തി​ൽ സ​ത്യാ​വ​സ്ഥ ഉ​ണ്ടോ ഇ​ല്ല​യോ എ​ന്നു ന​മു​ക്ക​റി​യാ​നാ​വി​ല്ല.

അ​മി​ത​മാ​യി സം​സാ​രി​ക്കു​ക​യും അ​വ​ന​വ​ന്‍റെ വി​ജ​യ​ഗാ​ഥ​ക​ൾ വാ​തോ​രാ​തെ പ​റ​യു​ക​യും ചെ​യ്യു​ന്പോ​ൾ കേ​ൾ​ക്കു​ന്ന​വ​ർ​ക്ക് അ​തു വ​ലി​യ അ​രോ​ച​ക​മാ​യി തോ​ന്നും. അ​തു തു​റ​ന്നു​പ​റ​യാ​ൻ പ​റ്റാ​തെ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു ത​ടി​ത​പ്പി​യ നി​മി​ഷ​ങ്ങ​ൾ എ​ല്ലാ​വ​രു​ടെ​യും ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​കു​മ​ല്ലോ. മ​നാ​ഫ് പ​റ​ഞ്ഞ ക​ഥ കേ​ട്ട​പ്പോ​ൾ കു​ട്ടി​മാ​മ​യും അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു കാ​ര​ക്ട​റാ​യി തോ​ന്നി. ഈ ​ക​ഥ ര​സ​ക​ര​മാ​യി പ​റ​ഞ്ഞു​പോ​കാ​മെ​ന്നു തോ​ന്നി. അ​ങ്ങ​നെ​യാ​ണ് ഈ സിനിമ ഉണ്ടായത്.‘കു​ട്ടി​മാ​മ’ എ​ന്ന സി​നി​മ പ​റ​യു​ന്ന​ത്....‍?

എ​ന്താ​ണു പ​റ​യു​ന്ന​തെ​ന്ന് ഇ​പ്പോ​ൾ കൃ​ത്യ​മാ​യി വ്യ​ക്ത​മാ​ക്കി​യാ​ൽ സി​നി​മ കാ​ണേ​ണ്ട ആ​വ​ശ്യ​മി​ല്ല​ല്ലോ! പൊ​ങ്ങ​ച്ച​ക്കാ​ര​നാ​യ കു​ട്ടി​മാ​മ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ മു​ൻ​നി​ർ​ത്തി​യു​ള്ള നീ​ക്ക​ങ്ങ​ളും അ​യാ​ളു​ടെ ജീ​വി​ത​വും ജീ​വി​ത​ത്തി​ലു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ളു​മൊ​ക്കെ​യാ​ണ് സി​നി​മ. അ​തി​നെ​ക്കു​റി​ച്ചൊ​ക്കെ പ​ല​രും പ​റ​യു​ന്ന​തി​ൽ നി​ന്നും പ​ല​രു​ടെ​യും അ​നു​ഭ​വ​ങ്ങ​ളി​ൽ നി​ന്നും ഈ ​ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ചി​ത്രം വ്യ​ക്ത​മാ​കു​ന്ന രീ​തി​യി​ലാ​ണ് ഈ ​ക​ഥ പ​റ​യാ​ൻ ശ്ര​മി​ച്ചി​രി​ക്കു​ന്ന​ത്.

കു​ട്ടി​മാ​മ​യെ​ക്കു​റി​ച്ചു​ള്ള ക​ഥ ത​ന്നെ​യാ​ണു സി​നി​മ. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് അ​ങ്ങ​നെ​യൊ​രു ടൈ​റ്റി​ൽ. ശേ​ഖ​ര​ൻ​കു​ട്ടി എ​ന്നാ​ണ് അ​യാ​ളു​ടെ പേ​രെ​ങ്കി​ലും അ​പൂ​ർ​വം ചി​ല​രൊ​ഴി​ച്ച് വീ​ട്ടി​ലും നാ​ട്ടി​ലു​മു​ള്ള എ​ല്ലാ​വ​രും അ​യാ​ളെ കു​ട്ടി​മാ​മ എ​ന്നാ​ണു വി​ളി​ക്കു​ന്ന​ത്. റിട്ടയേർഡ് പട്ടാളക്കാരനാണ് കുട്ടിമാമ എന്ന ശേഖരൻകുട്ടി.ധ്യാ​നു​മാ​യി ചേ​ർ​ന്നു സി​നി​മ ചെ​യ്യ​ണ​മെ​ന്ന് നേ​ര​ത്തേ ആ​ലോ​ചി​ച്ചി​രു​ന്നോ...?

മു​ൻ​കൂ​ട്ടി അ​ങ്ങ​നെ​യൊ​ന്നും പ്ലാ​ൻ ചെ​യ്യാ​റി​ല്ല. ചി​ല സ​ബ്ജ​ക്ട് വ​രു​ന്പോ​ൾ ഇ​തി​ൽ ഈ ​കാ​ര​ക്ട​ർ ഈ ​ന​ട​നെ​ക്കൊ​ണ്ടു ചെ​യ്യി​ച്ചാ​ൽ ന​ന്നാ​വും, അ​താ​ണു ബെ​സ്റ്റ് എ​ന്നു തോ​ന്നു​ന്പോ​ഴാ​ണ് ഒ​രു ന​ട​നെ ഒ​രു സി​നി​മ​യി​ലേ​ക്കു കാ​സ്റ്റ് ചെ​യ്യു​ന്ന​ത്. ഈ ​സി​നി​മ​യി​ലും അ​ങ്ങ​നെ തോ​ന്നി​യ​തു കൊ​ണ്ടാ​ണ് ധ്യാ​നെ കാ​സ്റ്റ് ചെ​യ്ത​ത്. ഈ ​സി​നി​മ​യി​ലെ ഒ​രു മു​ഖ്യ​വേ​ഷ​മാ​ണ് ധ്യാ​ൻ അ​വ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സി​നി​മ കാ​ണു​ന്പോ​ൾ അ​തു വ്യ​ക്ത​മാ​കും. ശ്രീ​നി​വാ​സ​ന്‍റെ ശേ​ഖ​ര​ൻ​കു​ട്ടി എ​ന്ന ക​ഥാ​പാ​ത്ര​ത്തോ​ളം ത​ന്നെ പ്രാ​ധാ​ന്യം ധ്യാ​നി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​നും ഉ​ണ്ട്.

ശ്രീ​നി​വാ​സ​നും ധ്യാ​നും ഒ​രു​മി​ച്ച് ഒ​രു സി​നി​മ​യി​ൽ....‍?

അ​ച്ഛ​നും മ​ക​നും ഒ​രു​മി​ച്ച് ഒ​രു സി​നി​മ ചെ​യ്യു​ന്നു എ​ന്ന​തി​ന്‍റെ ഒ​രു ര​സം ഉ​ണ്ടാ​വും ഇ​തി​ൽ. അ​തി​നൊക്കെയപ്പുറം, കു​ട്ടി​മാ​മ എ​ന്ന സി​നി​മ ആ​വ​ശ്യ​പ്പെ​ടു​ന്ന ര​ണ്ട് ആ​ക്ടേ​ഴ്സാ​ണ് ഇ​വ​ർ ര​ണ്ടു​പേ​രും. ഈ ​ര​ണ്ട് ആ​ർ​ട്ടി​സ്റ്റു​ക​ൾ ‘കു​ട്ടി​മാ​മ’ എ​ന്ന സി​നി​മ​യി​ൽ വ​രു​ന്പോ​ൾ അ​തി​ന്‍റേ​താ​യ ര​സ​ങ്ങ​ളും പ്ര​ത്യേ​ക​ത​ക​ളും ഈ ​സി​നി​മ​യ്ക്കു​ണ്ടാ​വും. ആ ​ര​സ​മാ​ണ് എ​ന്നെ ആ​ക​ർ​ഷി​ച്ച​ത്.ഏ​തു പ്ര​തി​സ​ന്ധി​യി​ലും ത​ള​രാ​ത്ത ന​ർ​മ​ബോ​ധം - അ​ത​ല്ലേ ശ്രീ​നി​വാ​സ​ൻ...?

തീ​ർ​ച്ച​യാ​യും. സ​മ​കാ​ലി​ക രാ​ഷ്‌ട്രീ​യം ഉ​ൾ​പ്പെ​ടെ എ​ല്ലാ കാ​ര്യ​ങ്ങ​ളെ​യും വ​ള​രെ വി​മ​ർ​ശ​നാ​ത്മ​ക​മാ​യി ന​ർ​മ​ത്തോ​ടെ സ​ർ​ക്കാ​സ്റ്റി​ക് ലെ​വ​ലി​ൽ നോ​ക്കി​ക്കാ​ണു​ക​യും അ​വ​യോ​ടു പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന വ്യ​ക്തി​യാ​ണ് ശ്രീ​നി​യേ​ട്ട​ൻ. സ്വ​ന്തം ജീ​വി​ത​മാ​യാ​ലും മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​മാ​യാ​ലും എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​നോ​ഭാ​വം അ​താ​ണ്. എ​ല്ലാ​റ്റി​നെ​യും ന​ർ​മ​ത്തോ​ടെ കാ​ണു​ക​യും അ​ല്ലെ​ങ്കി​ൽ സീ​രി​യ​സാ​യി ക​ണ്ടി​ട്ട് അ​തി​നെ ന​ർ​മം ക​ല​ർ​ത്തി പ​റ​യു​ക​യും ചെ​യ്യു​ന്ന രീ​തി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ൽ ക​ണ്ടി​ട്ടു​ള്ള​ത്.

എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ഒ​രു പ​ക്ഷ​ത്തു ചേ​ർ​ന്നു നി​ൽ​ക്കാ​തെ സം​സാ​രി​ക്കു​ന്ന ആ​ൾ എ​ന്ന നി​ല​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ദ്യം​മു​ത​ൽ ത​ന്നെ ക​ണ്ടി​ട്ടു​ള്ള​ത്. സ​മൂ​ഹ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന അ​നീ​തി​ക​ളോ​ടു തു​റ​ന്നു പ്ര​തി​ക​രി​ക്കു​ന്ന വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹം. ഇ​ന്ന​യാ​ൾ, ഇ​ന്ന പാ​ർ​ട്ടി, ഇ​ന്ന വ്യ​ക്തി...​എ​ന്നൊ​ന്നു​മി​ല്ല അ​ദ്ദേ​ഹ​ത്തി​ന്; തനിക്കു തോ​ന്നു​ന്ന കാ​ര്യ​ങ്ങ​ൾ വ​ള​ച്ചൊ​ടി​ക്കാ​തെ വ​ള​രെ ര​സ​ക​ര​മാ​യി അദ്ദേഹം പ​റ​യു​ന്നു.സെ​റ്റി​ലും വ​ള​രെ സ​ര​സ​മാ​യി ഇ​ട​പ​ഴ​കു​ന്ന വ്യ​ക്തി​യല്ലേ ശ്രീ​നി​വാ​സ​ൻ...?

അ​ദ്ദേ​ഹം നി​ൽ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലൊ​ക്കെ എ​പ്പോ​ഴും ര​സം ത​ന്നെ​യാ​യി​രി​ക്കും. എ​പ്പോ​ഴും ഡൗ​ണ്‍ ടു ​എ​ർ​ത്ത് ആ​യി​രി​ക്കു​ന്ന ഒ​രു മ​നു​ഷ്യ​നാ​ണ് ശ്രീ​നി​യേ​ട്ട​ൻ. ഇ​ത്ര ഹി​റ്റു​ക​ൾ ന​ല്കി​യ റൈ​റ്റ​റാ​ണ്, ഇ​ത്ര ഹി​റ്റു​ക​ൾ ന​ല്കി​യ സം​വി​ധാ​യ​ക​നാ​ണ് അ​ല്ലെ​ങ്കി​ൽ ന​ട​നാ​ണ് എ​ന്നൊ​ക്കെ​യു​ള്ള ഭാ​വ​മൊ​ന്നും കൂ​ടാ​തെ ഏ​തു സാ​ധാ​ര​ണ​ക്കാ​ര​ൻ കാ​ണാ​ൻ വ​ന്നാ​ലും അ​വ​രോ​ടു തോ​ളോ​ടുതോ​ൾ ചേ​ർ​ന്നു​നി​ന്നു സം​സാ​രി​ക്കു​ന്ന, മ​നു​ഷ്യ​ത്വ​ത്തി​നു വ​ള​രെ വി​ല ക​ൽ​പ്പി​ക്കു​ന്ന വ്യ​ക്തി​യാ​ണു ശ്രീ​നി​യേ​ട്ട​ൻ. സെ​റ്റി​ലാ​യാ​ലും മ​റ്റെ​വി​ടെ​യാ​യാ​ലും അ​ത് അ​ങ്ങ​നെ ത​ന്നെ. പ്ര​ത്യേ​കി​ച്ചും, സെ​റ്റി​ൽ ഒ​രു​മി​ച്ച് അ​ഭി​ന​യി​ക്കു​ന്ന​വ​ർ ജൂ​ണി​യ​ർ ആ​ർ​ട്ടി​സ്റ്റാ​ണെ​ങ്കി​ൽ പോ​ലും അ​വ​രോ​ടു മ​നു​ഷ്യ​ത്വ​പ​ര​മാ​യി ഇ​ട​പ​ഴ​കു​ന്ന വ്യ​ക്തി​യാ​ണ് അദ്ദേഹം.ധ്യാൻ ശ്രീനിവാസന് ഒപ്പമുള്ള അനുഭവങ്ങൾ...?

ധ്യാ​നു​മാ​യി ഞാ​ൻ വ​ള​രെ കം​ഫ​ർ​ട്ട​ബി​ൾ ആ​യി​രു​ന്നു. തി​രി​ച്ചും അ​ങ്ങ​നെ ത​ന്നെ ആ​യി​രു​ന്നു എ​ന്നാ​ണ് ധ്യാ​നും പ​റ​ഞ്ഞ​ത്. അ​വ​രൊ​ക്കെ ഇ​പ്പോ​ഴ​ത്തെ ത​ല​മു​റ​യി​ലു​ള്ള ആ​ക്ടേ​ഴ്സാ​ണ​ല്ലോ. അ​വ​രു​ടെ ആ​ക്ടിം​ഗ് സ്റ്റൈ​ലും ചി​ത്രീ​ക​ര​ണ​വു​മെ​ല്ലാം വേ​റൊ​രു ലൈ​നാ​ണ്. സീ​നി​യ​ർ ഡ​യ​റ​ക്ടേ​ഴ്സെ​ല്ലാം വ​ള​രെ സ്ട്രി​ക്റ്റാ​ണ്, പ്ര​ശ്ന​ക്കാ​രാ​ണ് എ​ന്നു​ള്ള ധാ​ര​ണ​യാ​ണ് അ​വ​രി​ൽ പ​ല​ർ​ക്കും. പ​ക്ഷേ, അ​ങ്ങ​നെ​യൊ​ന്നു​മ​ല്ല എ​ന്ന​താ​ണു വാ​സ്ത​വം. എ​ല്ലാ​വ​രും ക​ലാ​കാ​രന്മാ​ർ ആ​യ​തി​നാ​ൽ പ്രാ​യ​ത്തി​ന്‍റെ​യോ സീ​നി​യോ​റി​റ്റി​യു​ടെ​യോ ആ​യ പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ല.ദു​ർ​ഗ കൃ​ഷ്ണ, മീ​ര വാ​സു​ദേ​വ്...​ തുല്യപ്രാധാന്യമാണോ?

ര​ണ്ടു​പേ​രും നാ​യി​ക​മാ​രാ​ണ്. ഇ​രു​വ​രും തു​ല്യപ്രാ​ധാ​ന്യ​മു​ള്ള വേ​ഷ​ങ്ങ​ളാ​ണു ചെ​യ്യു​ന്ന​ത്. ര​ണ്ടു​പേ​രും ശേ​ഖ​ര​ൻ​കു​ട്ടി​യു​ടെ ജീ​വി​ത​ത്തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്.പാ​ട്ടു​ക​ളും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും പു​തു​മു​ഖം അ​ച്ചു​ രാ​ജാ​മ​ണി...?

പു​തി​യ ആ​ളു​ക​ളെ കൊ​ണ്ടു​വ​രി​ക എ​ന്ന​ത് എ​നി​ക്കു താ​ത്പ​ര്യ​മു​ള്ള കാ​ര്യ​മാ​ണ്. മാ​ത്ര​മ​ല്ല, അ​ച്ചു ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മൊ​ക്കെ പാ​ട്ടു​ക​ൾ ചെ​യ്തി​ട്ടു​മു​ണ്ട്. ‘അ​ച്ചു പാ​ട്ടു​ക​ൾ ചെ​യ്യു​ന്നു​ണ്ട്, അ​വ​നൊ​ര​വ​സ​രം കൊ​ടു​ക്ക​ണ’​മെ​ന്ന് ഒ​രി​ക്ക​ൽ രാ​ജാ​മ​ണി എ​ന്നോ​ടു പ​റ​ഞ്ഞി​രു​ന്നു. അ​തി​നു​ള്ള സ​മ​യം ഒ​ത്തു​വ​ന്ന​പ്പോ​ൾ ഞാ​ൻ വി​ളി​ച്ചു. ഈ ​സി​നി​മ​യി​ൽ അ​ച്ചു ന​ല്ല ര​ണ്ടു പാ​ട്ടു​ക​ൾ ചെ​യ്തി​ട്ടു​ണ്ട്. ഇ​പ്പോ​ൾ യൂ​ട്യൂ​ബി​ലു​ള്ള ‘തോ​രാ​തെ തോ​രാ​തെ...’ വ​ലി​യ ഓ​ർ​ക്ക​സ്ട്രേ​ഷ​ന്‍റെ ബ​ഹ​ള​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ചെ​യ്ത പാ​ട്ടാ​ണ്.വരുൺ വിനു, വർഷ വിനു - താ​ങ്ക​ളു​ടെ മ​ക​നും മ​ക​ളും ഈ ​സി​നി​മ​യു​ടെ പി​ന്ന​ണി​യി​ലു​ണ്ട​ല്ലോ...?

അ​തേ. മ​ക​ൻ വ​രു​ണ്‍ എ​ൽ​വി പ്ര​സാ​ദ് ഫിലിം ആൻഡ് ടിവി അക്കാദമിയിൽ സി​നി​മാ​റ്റോ​ഗ്ര​ഫി കോ​ഴ്സ് ക​ഴി​ഞ്ഞ് മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യി കു​റ​ച്ചു സി​നി​മ​ക​ളി​ൽ അ​സി​സ്റ്റ​ന്‍റ് കാമറാമാൻ ആയി വ​ർ​ക്ക് ചെ​യ്തി​ട്ടു​ണ്ട്. വ​രു​ണ്‍ സ്വ​ത​ന്ത്ര ഛായാ​ഗ്ര​ഹ​ക​നാ​കു​ന്ന ആ​ദ്യ​ചി​ത്ര​മാ​ണി​ത്.

മ​ക​ൾ വ​ർ​ഷ ഇ​തി​ൽ വി​നീ​ത് ശ്രീ​നി​വാ​സ​നു​മൊ​ത്ത് ‘തോ​രാ​തെ തോ​രാ​തെ..’ എ​ന്ന പാ​ട്ടു പാ​ടി​യി​ട്ടു​ണ്ട്. എ​ന്‍റെ ക​ഴി​ഞ്ഞ ചി​ത്രം ‘മ​റു​പ​ടി​’യി​ലും വ​ർ​ഷ പാ​ടി​യി​രു​ന്നു. ‘മെല്ലെ വന്നു പോയ്..’എന്ന പാട്ട്. ആ ​പാ​ട്ടി​ന് അ​വ​ൾ​ക്കു ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡ്, ഫി​ലി​ഫെ​യ​ർ നോ​മി​നേ​ഷ​ൻ, റെ​ഡ് എ​ഫ്എം അ​വാ​ർ​ഡ് എ​ന്നി​വ കി​ട്ടി​യി​രു​ന്നു. ഞാ​ൻ സം​വി​ധാ​നം ചെ​യ്ത ‘വേ​ഷ’​ത്തി​ൽ മ​മ്മൂ​ക്ക​യു​ടെ മ​ക​ളാ​യി വ​ർ​ഷ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. പി​ജി ഇം​ഗ്ലീ​ഷ് ലി​റ്റ​റേ​ച്ച​ർ ക​ഴി​ഞ്ഞ് സി​വി​ൽ സ​ർ​വീ​സി​നു ട്രൈ ​ചെ​യ്യു​ന്നു. സംഗീതം അവളുടെ ഒരു പാഷനാണ്.‘കു​ട്ടി​മാ​മ’​യി​ൽ പ്രേം​കു​മാ​ർ....‍?

നാ​ട്ടി​ൻ​പു​റ​ത്തു​കാ​ര​നാ​ണ് പ്രേം​കു​മാ​റി​ന്‍റെ ക​ഥാ​പാ​ത്രം. പ​ര​ദൂ​ഷ​ണ​മാ​ണ് പ്ര​ധാ​ന ഹോ​ബി. മ​റ്റു​ള്ള​വ​രു​ടെ കാ​ര്യ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​നോ​ക്കു​ന്ന ചി​ല​രു​ണ്ട​ല്ലോ നമ്മുടെ ഇടയിൽ. അ​ത്ത​ര​ത്തി​ൽ ഒ​രാ​ൾ. സെ​ൽ​ഫി പ​വി​ത്ര​ൻ എ​ന്നാ​ണു ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. എ​വി​ടെച്ചെ​ന്നാ​ലും സെ​ൽ​ഫി​യെ​ടു​ക്കു​ക, മ​റ്റു​ള്ള​വ​രു​ടെ കാ​ര്യ​ങ്ങ​ളി​ലൊ​ക്കെ എ​ത്തി​നോ​ക്കി അ​തി​ലൊ​ക്കെ ഇ​ട​പെ​ടു​ക....​അ​ത്ത​ര​ത്തി​ലാ​ണു സ്വ​ഭാ​വം.

എ​പ്പോ​ഴും മ​റ്റു​ള്ള​വ​രെ കു​റ്റം പ​റ​യു​ന്ന അ​യാ​ളു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് അ​യാ​ൾ അ​ത്ര ശു​ദ്ധ​ന​ല്ലെ​ന്നു വെ​ളി​വാ​ക്കു​ന്ന ഒ​രു സം​ഭ​വം ക​യ​റി​വ​രു​ക​യാ​ണ്. മ​റ്റു​ള്ള​വ​രു​ടെ കാ​ര്യ​ങ്ങ​ളി​ലേ​ക്കു നോ​ക്കു​ന്ന​തി​നു മു​ന്പ് അ​വ​ന​വ​നി​ലേ​ക്ക് ആ​ദ്യം നോ​ക്കു​ന്ന​തു ന​ല്ല​താ​ണെ​ന്നും അ​ങ്ങ​നെ ചെ​യ്താ​ൽ പ​ര​ദൂ​ഷ​ണ​ങ്ങ​ളി​ലേ​ക്കു പോ​ക​ണ​മെ​ന്നു ന​മു​ക്കു തോ​ന്നി​ല്ലെ​ന്നു​മൊ​ക്കെ ഓ​ർ​മി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്രം.‘കു​ട്ടി​മാ​മ​’ൽ മ​ഞ്ജു പ​ത്രോ​സ്...‍?

കു​ട്ടി​മാ​മ​യു​ടെ പെ​ങ്ങ​ളാ​യി വേ​ഷ​മി​ട്ട​ത് മ​ഞ്ജു പ​ത്രോ​സ്. കു​ട്ടി​മാ​മ​യു​ടെ ഫാ​മി​ലി​യി​ലെ ഒ​രം​ഗം. ഏ​ട്ട​നോ​ട് ഏ​റെ ഇ​ഷ്ട​മു​ള്ള അ​നി​യ​ത്തി. ന​ല്ല ഒ​ര​ഭി​നേ​ത്രി​യാ​ണു മ​ഞ്ജു. ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​ണു മ​ഞ്ജു​വി​ന്‍റെ ക​ഥാ​പാ​ത്രം.

‘കു​ട്ടി​മാ​മ’​യു​ടെ മ​റ്റു വി​ശേ​ഷ​ങ്ങ​ൾ...?

ജ​നാ​ർ​ദ​ന​ൻ, ഭീ​മ​ൻ ര​ഘു, ആ​ന​ന്ദം ഫെ​യിം വി​ശാ​ഖ്, നി​ർ​മ​ൽ പാ​ലാ​ഴി, ശ​ശി ക​ലിം​ഗ, ക​ലാ​ഭ​വ​ൻ റ​ഹ്‌മാ​ൻ, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, അ​ഞ്ജ​ലി ഉ​പാ​സ​ന, ശ്രീ​ദേ​വി ഉ​ണ്ണി, കൃ​തി​ക പ്ര​ദീ​പ്, രാ​ജേ​ഷ് ശ​ർ​മ, ഇ​ൻ​ഡി പ​ള്ളാ​ശേ​രി, ശി​വ​ജി ഗു​രു​വാ​യൂ​ർ, ജീ​ജ സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രാ​ണു മ​റ്റു വേ​ഷ​ങ്ങ​ളി​ൽ.ഗാ​ന​ര​ച​ന അ​നി​ൽ പ​ന​ച്ചൂ​രാ​ൻ, ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ. എഡി​റ്റിം​ഗ് ഷെ​മീ​ർ മു​ഹ​മ്മ​ദ്. ക​ലാ​സം​വി​ധാ​നം സാ​ബു​റാം, ച​മ​യം ജി​തേ​ഷ് പൊ​യ്യ. വ​സ്ത്രാ​ല​ങ്കാ​രം ഹ​ർ​ഷ സ​ഹ​ദ്. നൃ​ത്ത​സം​വി​ധാ​നം പ്ര​സ​ന്ന മാ​സ്റ്റ​ർ. സൗ​ണ്ട് ഡി​സൈ​ൻ ധ​നു​ഷ് നാ​യ​നാ​ർ, ര​ബീ​ഷ് ബി. ​ആ​ർ. ശ​ബ്ദ​മി​ശ്ര​ണം ഡാ​ൻ ജോ​സ്. സം​ഘ​ട്ട​നം മാ​ഫി​യ ശ​ശി, സ്റ്റ​ണ്ട് ശി​വ. സ്റ്റി​ൽ​സ് സ​ലീ​ഷ് പെ​രി​ങ്ങോ​ട്ടു​ക​ര. പ്രൊഡക്‌ഷൻ കൺട്രോളർ അരോമ മോഹൻ. ഈ മാസം 17 നു ‘കുട്ടിമാമ’ തിയറ്ററുകളിലെ ത്തും.

ടി.​ജി.​ബൈ​ജു​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.