മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ വിനീത് ശ്രീനിവാസൻ പരിചയപ്പെടുത്തിയ കോമഡി കാട്ടിയ പയ്യനല്ല ഇന്ന് അജു വർഗീസ്. പത്തു വർഷത്തിലേക്കെത്തുന്ന കരിയറിൽ നൂറിലധികം ചിത്രങ്ങൾ. പതിവായി കണ്ട കഥാപാത്രങ്ങളിൽ നിന്നും പൊളിച്ചെഴുത്തിന്റെ കാലത്തിലൂടെയാണ് ഇപ്പോൾ ഈ നടൻ സഞ്ചരിക്കുന്നത്. സമീപകാലത്ത് പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രകടനമായിരുന്നു ഹെലനിൽ അജു അവതരിപ്പിച്ച പോലീസ് കഥാപാത്രം. അതിനു പിന്നാലെ കമല എന്ന ചിത്രത്തിലൂടെ നായകനായും എത്തുകയാണ് ഇദ്ദേഹം. പാത്രാവിഷ്കാരത്തിൽ പുതിയ തലങ്ങൾ തേടുന്ന തന്റെ സിനിമ സഞ്ചാരത്തെക്കുറിച്ച് അജുവിനു ചിലത് പറയാനുണ്ട്!
കമലയുടെ വിശേഷങ്ങൾ എന്തൊക്കെയാണ് ?
കമല ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. കമല ആരാണ്, അല്ലെങ്കിൽ എന്താണ് എന്നറിയാനുള്ള ബ്രോക്കറായ സഫറിന്റെ യാത്രയാണ് ചിത്രം പറയുന്നത്. രഞ്ജിത്ത് ശങ്കറിന്റെ സിനിമയിലേക്ക് നായകനായി എന്നെ വിളിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. അദ്ദേഹം എപ്പോഴും സബ്ജക്ട് വളരെ ഫോക്കസ് ചെയ്യുന്ന സംവിധായകനാണ്. അതുകൊണ്ടു തന്നെ കമലയിലേക്ക് വിളിച്ചപ്പോൾ അദ്ദേഹത്തെ അന്ധമായി വിശ്വസിക്കുകയാണ് ഞാൻ ചെയ്തത്. ഞാൻ നായകനായി സിനിമ എത്തുന്പോൾ ബിസിനസ് സൈഡിനെക്കുറിച്ചുള്ള സംശയം ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. എന്നാൽ തന്റെ സബ്ജക്ടിൽ അദ്ദേഹം കോണ്ഫിഡന്റായിരുന്നു. അത് വിശ്വസിക്കുകയാണ് ഞാൻ ചെയ്തത്.
കരിയറിൽ വളരെ നിർണായക സമയത്തിലൂടെയാണ് കടന്നുപോകുന്നത് എന്നു തോന്നുന്നുണ്ടോ?
ആദ്യരാത്രി, ഹെലൻ, ഇപ്പോൾ കമലയിലും കാരക്ടർ വേഷമാണ് ചെയ്തിരിക്കുന്നത്. ഈ മാറ്റം വളരെ ആഗ്രഹിച്ചതാണ്. ഇത്തരം കഥാപാത്രങ്ങൾ എനിക്കു ചെയ്യാൻ സാധിക്കുമോ എന്ന സ്വയം വിലയിരുത്തലിനു വേണ്ടിയായിരുന്നു അത്. ഹ്യൂമർ ചെയ്യുന്പോൾ നമ്മുടെ മാനസികാവസ്ഥ എന്തു തന്നെയായാലും പ്രേക്ഷകരെ ചിരിപ്പിച്ചാൽ മതി. പക്ഷേ, ഒരു കാരക്ടർ റോൾ ചെയ്യുന്പോൾ നമ്മുടെ ശരീര ഭാഷയ്ക്കും ശബ്ദത്തിനുമെല്ലാം പ്രാധാന്യമുണ്ട്. കഥാപാത്രത്തിന്റെ കരുത്ത് ഒരിടത്തും നഷ്ടപ്പെടാൻ പാടില്ല. ഇതൊക്കെ എന്നെ സംബന്ധിച്ച് പുതിയ കാര്യമാണ്. മുന്പ് അത്തരത്തിൽ എനിക്ക് അനുഭവപ്പെട്ടിട്ടുള്ള കഥാപാത്രങ്ങൾ സു സു സുധി വാൽമീകത്തിലും ഒപ്പത്തിലുമാണ്.
കാരക്ടർ വേഷത്തിലേക്കുള്ള മാറ്റം എങ്ങനെ തിരിച്ചറിയുന്നു?
ഹെലൻ കണ്ടതിനു ശേഷം മിതത്വമുള്ള ശരീര ഭാഷ കൊണ്ടുവന്നിരിക്കുന്നു എന്നു പലരും പറയുന്പോൾ അത് നടൻ എന്ന നിലയിൽ എന്റേയും ആത്മവിശ്വാസം ഉയർത്തുന്നു. സോഷ്യൽ മീഡിയ മുഖേന പ്രേക്ഷകരും സിനിമ ഇൻഡസ്ട്രിയിൽ ഉള്ളവർ ഫോണ് വിളിച്ചും നല്ല അഭിപ്രായം പറഞ്ഞിരുന്നു.
നടനിൽ നിന്നും നിർമാതാവിലേക്ക് എത്തുന്നത് ?
സിനിമ നിർമാണത്തിലേക്ക് എത്തിയതിനു കാരണം ഈ മാധ്യമത്തോടുള്ള അടങ്ങാത്ത ആഗ്രഹമാണ്. ഒരിക്കലും നടനാകുമെന്നു കരുതിയ ആളല്ല ഞാൻ. അങ്ങനെ ഒരു പാരന്പര്യമോ, ഒന്നും കാണിച്ചു തെളിയിച്ചിട്ടില്ലാത്തതിനാലോ ആകാം നടനാകണമെന്ന് ആഗ്രഹിക്കാതിരുന്നത്. മലർവാടിയിലേക്ക് വിനീതിന്റെ വിളി എത്തുന്നിടത്തു നിന്നുമാണ് ജീവിതം മാറിത്തുടങ്ങുന്നത്. ഇപ്പോൾ നിർമാതാവ്, തിരക്കഥാകൃത്ത് എന്നിങ്ങനെയുള്ള വേഷങ്ങൾ കൂടി. വലിയ സന്തോഷം തോന്നുന്നത് ഓണം ഫെസ്റ്റിവൽ സീസണിൽ ലൗവ് ആക്ഷൻ ഡ്രാമ പോലെ ഒരു മാസ് പടവും രണ്ടു മാസത്തിനുള്ളിൽ റിയലിസ്റ്റിക് കണ്ടന്റുള്ള മറ്റൊരു സിനിമ ഹെലനും ഞങ്ങളുടെ നിർമാണ കന്പനിയായ ഫന്റാസ്റ്റിക് സിനിമയ്ക്കു പ്രേക്ഷകർക്കു കൊടുക്കാൻ സാധിച്ചതാണ്. ഇനി നിർമിക്കുന്നത് അരുണ് ചന്ദു സംവിധാനം ചെയ്യുന്ന സാജൻ ബേക്കറി സിൻസ് 1962 ആണ്. അതിനു ശേഷം ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പാതിരാക്കുർബാന വിതരണത്തിനും എത്തിക്കുന്നു.
തിരക്കഥാകൃത്താകുന്നതിന്റെ വിശേഷങ്ങൾ ?
വളരെ ആകസ്മികമായി തിരക്കഥാകൃത്തായതാണ് ഞാൻ. സ്കൂൾ- കോളജ് കാലത്തിന്റെ നൊസ്റ്റാൾജിയയാണ് ബേക്കറികൾ. ആ പശ്ചാത്തലത്തിൽ ഒരു കഥാപാത്രം സംവിധായകന്റെ മനസിൽ വന്നപ്പോൾ ബാക്കി കഥ ഞങ്ങൾ സൃഷ്ടിക്കുകയായിരുന്നു. കഥ പൂർത്തിയായി വന്നപ്പോൾ അതൊരു നിഷ്പക്ഷമായ സ്ത്രീപക്ഷ സിനിമയായി മാറുകയായിരുന്നു. എന്റർടെയ്ൻമെന്റ് സാധ്യത നിലനിർത്തിക്കൊണ്ടു തന്നെ വളരെ സീരിയസ് കണ്ടന്റുള്ള സബ്ജക്ടാണത്. ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഞാനാണ്. എന്റെ മുതിർന്ന സഹോദരിയായി ലെനയും നായികയായി പുതുമുഖം രഞ്ജിത മേനോനും എത്തുന്നുണ്ട്.
ലൗവ് ആക്ഷൻ ഡ്രാമ 100-ാം ദിവസത്തിലേക്ക് കുതിക്കുകയാണ്. അത്രയും വലിയ വിജയത്തെക്കുറിച്ച് ?
പൂർണമായും വാണിജ്യ ഉദ്ദേശ്യത്തോടെ ആസ്വാദനത്തിനു മാത്രം ഒരുക്കിയ ഒരു പ്രേജക്ടായിരുന്നു അത്. അതിൽ വിജയിച്ചു എന്നതാണ് വാസ്തവം. അതിനു ശേഷം നമ്മുടെ തന്നെ ബാനറിൽ വന്നതായിരുന്നു ഹെലൻ. ഇനി സാജൻ ബേക്കറി എത്തുന്നു. ലൗവ് ആക്ഷൻ മാസ് ചിത്രമായിരുന്നെങ്കിൽ ഹെലൻ സർവൈവൽ ത്രില്ലറാണ്. സാജൻ ബേക്കറിയാകട്ടെ ഫീൽ ഗുഡ് മൂവിയായിട്ടായിരിക്കും എത്തുന്നത്.
ഒൻപത് വർഷത്തെ യാത്രയിൽ ഹെലൻ വരെ 105 സിനിമകൾ. തിരിഞ്ഞു നോക്കുന്പോൾ ?
ഇതുവരെയുള്ള യാത്ര ആസ്വദിച്ചും ഓരോ കാര്യങ്ങൾ പഠിച്ചും അറിയാതെ സംഭവിക്കുകയായിരുന്നു. ഇപ്പോൾ ഉത്തരവാദിത്വം കൂടി വരുന്നുണ്ട്. ഇതുവരെ ചെയ്ത ഓരോ സിനിമയും എന്നിലേക്ക് വന്നെത്തിയതാണ്. 100 ദിവസത്തിൽ അധികം ഓടിയ സിനിമകളുടേയും ഒറ്റ ദിവസം കൊണ്ട് തിയറ്ററിൽ നിന്നും മാറിയ സിനിമകളുടെയും ഭാഗമാകാൻ സാധിച്ചിട്ടുണ്ട്.
യുവ തലമുറയിൽ നിൽക്കുന്പോഴും സൂപ്പർതാര ചിത്രങ്ങളിൽ സജിവമാകുന്നത് ?
സീനിയേഴ്സിനൊപ്പം വർക്ക് ചെയ്യാനുള്ള കൊതിയാണത്. സിനിമ എന്ന മാധ്യമം നമ്മുടെ മനസിൽ ഇടം നേടുന്നത് അവരുടെ മുഖം കണ്ടാണ്. അവർക്കൊപ്പം അവസരം കിട്ടുന്പോൾ ആ അനുഭവങ്ങൾ നമുക്കും ലഭിക്കുകയാണ്. ആ ഭാഗ്യം ഇനിയും ഏറെ ആഗ്രഹിക്കുന്നുണ്ട്.
പുതിയ ചിത്രങ്ങൾ ഏതൊക്കെയാണ് ?
ഇനി റിലീസ് ചെയ്യാനുള്ളത് സായാഹ്ന വാർത്തകൾ, ഉറിയടി, ജാക്ക് ആൻഡ് ജിൽ, വൃത്തം, ഉല്ലാസം തുടങ്ങിയ ചിത്രങ്ങളാണ്. സാജൻ ബേക്കറി ഡിസംബറിൽ ചിത്രീകരണം ആരംഭിക്കും.
ലിജിൻ കെ.ഈപ്പൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.