“നമ്മൾ ചെയ്ത കഥാപാത്രങ്ങൾ വീണ്ടും കാണാനാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്. പക്ഷേ, ഒരു നടനെ സംബന്ധിച്ചിടത്തോളം അവന്റെ വളർച്ച വ്യത്യസ്തവും പുതുമയുമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്പോഴാണ്. അതുകൊണ്ടു തന്നെ ഒരേ ടൈപ്പ് കഥാപാത്രങ്ങളായി നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല’’ - യുവതാരങ്ങളിൽ ശ്രദ്ധേയനായ സിജു വിൽസണ് തന്റെ കരിയറിനെക്കുറിച്ച് മനസ് തുറക്കുകയാണ്. പ്രേമത്തിലൂടെ കയ്യടി നേടിയ താരം പിന്നീട് ഹാപ്പി വെഡിംഗിലൂടെ നായകനായും ആദിയിലൂടെ വില്ലനായും തിളങ്ങി. നായക വേഷങ്ങൾക്കായി നിർബന്ധമില്ലാതെ കഥാപാത്രങ്ങളുടെ വൈവിധ്യം തേടുകയാണ് ഈ യുവ നടൻ...
കരിയറിന്റെ തുടക്കം
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടിയിലൂടെയാണ് വെള്ളിത്തിരയിൽ ആദ്യമായി എത്തുന്നത്. എങ്കിലും നേരത്തിലാണ് ഒരു കാരക്ടർ വേഷം ചെയ്യുന്നത്. അമൃതാ ടിവിയിലെ ചുമ്മാ എന്ന പ്രോഗ്രാമിൽ അഭിനയിക്കുന്ന സമയത്താണ് നേരം റിലീസാകുന്നത്. അവിടം മുതൽ പ്രേക്ഷകർ തിരിച്ചറിഞ്ഞു തുടങ്ങി. നടൻ എന്ന നിലയിൽ പരുവപ്പെടുന്നതും കാമറയ്ക്കു മുന്നിലുള്ള ആദ്യ പാഠങ്ങൾ പഠിച്ചു തുടങ്ങുന്നതും അപ്പോഴാണ്.
അഭിനയം ഇഷ്ടം
സിനിമയോട് എന്നും ഇഷ്ടം ഉണ്ടായിരുന്നു. സമയം ഏറ്റവും കൂടുതൽ ചെലവഴിച്ചതും സിനിമ കാണാൻ വേണ്ടിയാണ്. പഠനമൊക്കെ കഴിഞ്ഞ് നമ്മുടെ വഴി തിരിച്ചറിഞ്ഞപ്പോഴാണ് സുഹൃത്തുക്കളുടെ സിനിമയിൽ പ്രവർത്തിച്ചു തുടങ്ങുന്നത്. അൽഫോൻസപുത്രൻ, നിവിൻ പോളി, കൃഷ്ണശങ്കർ, ശബരീഷ് എന്നിവരൊക്കയായി മുന്പേ പരിചയം ഉണ്ടായിരുന്നെങ്കിലും ഞങ്ങളുടെ സൗഹൃദം ശക്തമാകുന്നത് സിനിമയിൽ വന്നതിനു ശേഷമാണ്. അൽഫോൻസ് സംവിധാനം ചെയ്ത നേരത്തിനു പിന്നാലെ പ്രേമവും വലിയ വിജയമായപ്പോൾ ഞങ്ങൾക്കും സ്വീകാര്യത കിട്ടി.
ഹാപ്പി വെഡിംഗ് ഹീറോ
പ്രേമം റിലീസാകുന്നതിനു തൊട്ടു മുന്പാണ് സംവിധായകൻ ഒമർ ലുലു ഹാപ്പി വെഡിംഗിന്റെ കഥ പറയുന്നത്. കട്ടൻകാപ്പി എന്ന ഷോർട്ഫിലിം കണ്ടിട്ടാണ് അദ്ദേഹം എന്നെ വിളിക്കുന്നത്. പ്രേമത്തിനു ശേഷമുള്ള ശരിയായ തീരുമാനമായിരുന്നു അതെന്നു ചിത്രത്തിന്റെ വിജയം ഉറപ്പു നൽകി. അതിനു പിന്നാലെ കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ആദി തുടങ്ങിയ ഒരുപിടി ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുത്തു. കട്ടപ്പനയിലെ കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർച്ചയായി ഹ്യൂമർ സിനിമകൾ ചെയ്തു നിൽക്കുന്ന സമയത്താണ് സംവിധായകൻ ജിത്തു ജോസഫ് ആദിയിൽ വില്ലൻ വേഷം അവതരിപ്പിക്കാൻ വിളിക്കുന്നത്. ഹ്യൂമറിൽ നിന്നും തീർത്തും മാറി വില്ലൻ വേഷം ചെയ്തപ്പോൾ പുതുമ ഫീൽ ചെയ്തിരുന്നു.
സിനിമയുടെ മാറ്റത്തിനൊപ്പം
വലിയ വിജയങ്ങളും കോടി ക്ലബുകളുടെ നേട്ടങ്ങളുമൊക്കെ വലിയ മാറ്റം മലയാളത്തിൽ സൃഷ്ടിച്ചിട്ടുണ്ട്. കഴിവുള്ള വലിയൊരു നിര കലാകാരന്മാർ സിനിമയുടെ വിവിധ മേഖലകളിലേക്ക് കടന്നു വന്നതും ഗുണകരമായി. ഇന്നു പുതുമയ്ക്കും പരീക്ഷണങ്ങൾക്കും മലയാളത്തിൽ ഇടമുണ്ട്.
പുതിയ പ്രൊജക്ടുകൾ
മറിയം വന്നു വിളക്കൂതി, രജീഷ് മിഥിലയുടെ സറ്റൈർ ഫണ് ഫിലിം ഇന്നു മുതൽ, വാസന്തി എന്നീ ചിത്രങ്ങൾ പൂർത്തിയാക്കിയതാണ്. ഉപചാരപൂവം ഗുണ്ടാ ജയൻ എന്ന ചിത്രമാണ് ഇപ്പോൾ കഴിഞ്ഞത്. വിവാഹം പശ്ചാത്തലമാകുന്ന ഒരു സിനിമയാണിത്. ഗുണ്ടാ ജയനായി സൈജു കുറുപ്പാണ് എത്തുന്നത്. ഞാൻ, സുധീർ കരമന, ശബരീഷ് എന്നിവരുമുണ്ട്. ഒരു ഫണ്ഫുൾ ഫാമിലി എന്റർടെയ്നറാണ് ചിത്രം. ഹാപ്പി വെഡിംഗ് പോലെ എല്ലാവർക്കും ചിരിച്ച് സന്തോഷിക്കാനുള്ള വക നൽകുന്ന ചിത്രമായിരിക്കും ഗുണ്ടാ ജയൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.