ആദ്യ ചിത്രം മുതൽ പരീക്ഷണങ്ങളിലൂടെയായിരുന്നു ബോളിവുഡ് നായിക ഭൂമി പഡ്നേക്കറിന്റെ സിനിമാ യാത്ര. അതുകൊണ്ടു തന്നെ ചെറിയ കാലഘട്ടത്തിൽ കാന്പുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഭൂമിക്കു കഴിഞ്ഞു. കാസ്റ്റിംഗ് ഡയറക്ടറായി കരിയർ തുടങ്ങി ഇന്നു മുൻനിര നായികയായി പെരുമ നേടിയ ഭൂമി പഡ്നേക്കറിന്റെ വിശേ ഷങ്ങളിലൂടെ...
സിനിമയുടെ തെരഞ്ഞെടുപ്പ്
നാലു വർഷത്തിലധികമായി അഭിനേത്രിയായി ഞാൻ ഇവിടെ നിൽക്കുന്നു. കാസ്റ്റിംഗ് ഡയറക്ടറായിട്ടാണ് കരിയർ ആരംഭിച്ചതെങ്കിലും ഇന്ന് അഭിനേത്രിയായാണ് നിൽക്കുന്നത്. ആദ്യ ചിത്രം ദം ലഗാ കെ ഹൈഷയിൽ അമിത വണ്ണമുള്ള ഗ്രാമീണ വനിതയായിട്ടാണ് അഭിനയിച്ചത്. അതിനു വേണ്ടി 30 കിലോയോളം ശരീര ഭാരം കൂട്ടിയിരുന്നു. പിന്നീട് ഒരു വർഷത്തോളം വേണ്ടിവന്നു അതു കുറയ്ക്കാൻ. അതിനു ശേഷമാണ് ടൊയ്ലറ്റ് ഏക് പ്രേം കഥ, ശുഭ് മംഗൽ സാവ്ധാൻ, സണ്ചിരിയ, ബാല എന്നിവ ചെയ്യുന്നത്. സാൻഡ് കി ആംഗിൽ എന്റെ ഇരട്ടി വയസുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
വേറിട്ട കഥാപാത്രങ്ങൾ
തുടക്കം മുതൽ വൈവിധ്യവും പുതുമയുമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ആദ്യ ചിത്രത്തിൽ തടിച്ചിയായ പെണ്കുട്ടി ആയിരുന്നെങ്കിൽ പിന്നീടു വന്ന ചിത്രങ്ങളിലും മറ്റൊരു തരരത്തിൽ പുതുമ സൃഷ്ടിക്കാൻ സാധിച്ചു. അവസാനം റിലീസായ ബാലയിൽ ഡാർക്ക് കളറുള്ള പെണ്കുട്ടിയായിട്ടാണ് എത്തിയത്.
ഒഴിവു വേളകളിൽ
എല്ലാ ദിവസവും എപ്പോഴും വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. വളർന്നതും പഠിച്ചതുമെല്ലാം മുംബൈയിലാണ്. അവിടെ സെറ്റിലായ ഒരു സാധാരണ കുടുംബമാണ് എന്റേത്. അതുകൊണ്ടു തന്നെ വർക്ക് ഇല്ലാത്തപ്പോൾ കുടുംബത്തിനും ഫ്രണ്ട്സിനുമൊപ്പം സമയം ചെലവിടാനാണ് എനിക്കിഷ്ടം. ടിവി കാണുക, ബുക്ക് വായിക്കുക, ഗാർഡനിംങ് തുടങ്ങിയവയൊക്കെയാണ് ചെയ്യുന്നത്. ലളിതമായി ജീവിതം കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു.
ലക്ഷ്യം അഭിനയം
കാസ്റ്റിംഗ് ഡയറക്ടറായി വന്നതുകൊണ്ട് ഞാൻ ആകസ്മികമായി നടിയായി എന്നു കരുതരുത്. ഇത് എന്റെ ലക്ഷ്യം തന്നെയായിരുന്നു. ഞാൻ തെരഞ്ഞെടുത്തത് വേറിട്ട വഴിയായിരുന്നു. പക്ഷേ, എന്റെ ലക്ഷ്യത്തിൽ എത്തിച്ചേരുമെന്നു വിശ്വാസം ഉണ്ടായിരുന്നു. ലണ്ടനിലേക്ക് പഠനത്തിനായി പോകണമെന്നു വന്നപ്പോൾ സിനിമയിലേക്കുള്ള വഴിയായിരുന്നു യാഷ് രാജ് ഫിലിംസിലെ കാസ്റ്റിംഗ് ഡയറക്ടർ പോസ്റ്റ്. അവിടെ നിന്നുമാണ് ഞാൻ സിനിമ പഠിച്ചു തുടങ്ങുന്നത്.
പ്രതീക്ഷകൾ
റൊമാന്റിക് കോമഡി ചിത്രം പതി പത്നി ഓർ വോ ആണ് ഇനി തിയറ്ററിലെത്തുന്നത്. അലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്യുന്ന ഡോളി കിറ്റി ഒൗർ വോ ചമക്തെ സിതാരെയാണ് പൂർത്തിയാക്കിയ മറ്റൊരു ചിത്രം. ഞാനും കങ്കണ സെൻ ശർമയുമാണ് അതിലെ പ്രധാന കഥാപാത്രം. വിക്കി കൗശാലിനൊപ്പമുള്ള ഹൊറർ ചിത്രം ഭൂത് പാർട് വണ് ആണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബിഗ്ബജറ്റിൽ ഒരുക്കുന്ന തക്താണ് അടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.