തന്റേതായ സിനിമാ പാതയിലൂടെയാണ് എബ്രിഡ് ഷൈൻ എന്ന സംവിധായകൻ ഇതുവരെ സഞ്ചരിച്ചിട്ടുള്ളത്. ആദ്യ ചിത്രം 1983 മുതൽ ആക്ഷൻ ഹീറോ ബിജുവിലും പൂമരത്തിലും സ്വയം വെട്ടിത്തുറന്ന ആ പാത പ്രേക്ഷകർ ആസ്വദിച്ചറിഞ്ഞിട്ടുള്ളതാണ്. തിയറ്ററിലെത്തിയ ദി കുങ്ഫു മാസ്റ്റർ എന്ന ചിത്രത്തിലും വേറിട്ടൊരു പശ്ചാത്തലമാണ് ഈ സംവിധായകൻ ഒരുക്കിയിട്ടുള്ളത്. പൂർണമായും സിനിമാറ്റിക് എക്സ്പീരിയൻസാണ് താനൊരുക്കുന്നത് എന്ന് ഇദ്ദേഹം പറയുന്പോൾ ആ കൈയൊപ്പ് പ്രേക്ഷകരും അനുഭവിച്ചറിയുന്നുണ്ട്. ദി കുങ്ഫു മാസ്റ്ററിനെക്കുറിച്ച് ഏബ്രിഡ് ഷൈനിന്റെ വാക്കുകളിലൂടെ...
കുങ്ഫു പശ്ചാത്തലം
മാർഷ്യൽ ആർട്സ് പശ്ചാത്തലമുള്ള ഒരു സിനിമ ചെയ്യണമെന്നാഗ്രഹിച്ചിരുന്നു. ചൈനീസ്- തായ് വാൻ സിനിമകളിലൂടെ ജാക്കിച്ചാന്റെയും ബ്രൂസ്ലിയുടേയുമൊക്കെ ആക്ഷൻ സ്റ്റൈലിലുള്ള ഒരു സിനിമ ഒരുക്കണമെന്നായിരുന്നു മനസിൽ. റിംഗിലുള്ള ഇടി, ബോക്സിംഗ് തുടങ്ങി പല തരത്തിലുള്ള ഫൈറ്റ് നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ, കുങ്ഫുവിന് ഒരു ഭംഗിയുണ്ട്. നൃത്തത്തിലേതു പോലെ മുദ്രകളും ശരീര ഭാഷയും അതിനുണ്ട്. ട്രെഡീഷണൽ മാർഷ്യൽ ആർട്സാണ് അത്തരം വിദേശ സിനിമകളിൽ കണ്ടിട്ടുള്ളത്. ഫൈറ്റിന്റെ ആ സൗന്ദര്യത്തെ മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് ഒരുക്കണമെന്ന ആഗ്രഹത്തിലൂടെയാണ് ദി കുങ്ഫു മാസ്റ്റർ ഒരുക്കിയത്.
പഠനങ്ങളും തയാറെടുപ്പുകളും
വിപുലമായ ഒരു പഠനം അതിനു വേണ്ടി നടത്തിയിരുന്നു. പല തരത്തിലുള്ള മാർഷ്യൽ ആട്സ് മാസ്റ്റർമാർക്കൊപ്പം നിരന്തരമായി ഇടപെടുകയും അതിനെ നിരീക്ഷിക്കുകയും ചെയ്തിരുന്നു. പല മാർഷ്യൽ ആർട്സിനും പല ശൈലിയാണുള്ളത്. അതൊക്കെ ലൈവായി കണ്ടു മനസിലാക്കിയാണ് ഈ ചിത്രത്തിലേക്ക് എത്തിയത്. അതു ഫലപ്രദമായി ചിത്രത്തിൽ ഉപയോഗിക്കാനും സാധിച്ചിട്ടുണ്ട്.
താരനിർണയം
കുങ്ഫുവിൽ വിർച്വൽ എന്നൊരു മെതേഡ് ഉണ്ട്. അതിൽ പ്രഗത്ഭനായ ഒരു ഇന്റർനാഷണൽ മാസ്റ്ററിനെയാണ് ചിത്രത്തിൽ നായകനായി കാസ്റ്റ് ചെയ്തിരുന്നത്. പിന്നീട് നായിക കഥാപാത്രത്തിലേക്കു വന്നപ്പോൾ മാർഷ്യൽ ആർട്സ് അറിയാവുന്ന ആളെ വേണ്ടിവന്നു. അങ്ങനെ ലഭിച്ചില്ലെങ്കിൽ പരിശീലിപ്പിച്ച് എടുക്കേണ്ടതായി വന്നു. പൂമരം ചെയ്ത സമയത്ത് നീതാ പിള്ളയുടെ പെർഫോമൻസ് ഇഷ്ടപ്പെട്ടിരുന്നു. ഈ ചിത്രത്തെക്കുറിച്ചു പറഞ്ഞപ്പോൾ പരിശീലനം നടത്താൻ അവർ തയാറായി. അങ്ങനെ നീതയ്ക്ക് ഒരു വർഷത്തോളം വരുന്ന പരിശീലനം നടത്തിയിട്ടാണ് ഷൂട്ട് ആരംഭിച്ചത്. ഷൂട്ടിംഗ് സമയത്തും പരിശീലനം നടക്കുന്നുണ്ടായിരുന്നു.
പൂമരത്തിനു ശേഷം
ഷൂട്ടിഗിനു മുന്പു തന്നെ വലിയ തയാറെടുപ്പ് ഈ ചിത്രത്തിനു വേണമായിരുന്നു. അതിനുള്ള യാത്രയിലായിരുന്നു പിന്നീട്. ട്രെഡീഷണൽ മാർഷ്യൽ ആർട്സാണ് സിനിമ ഡിസൈൻ ചെയ്തത്. അഭിനേതാക്കൾ അതിനുള്ള കോസ്റ്റ്യൂം ധരിച്ച് എത്തുന്പോൾ അനുയോജ്യമായ പശ്ചാത്തലം വേണമായിരുന്നു. അങ്ങനെയാണ് ഹിമാലയം, ഋഷികേശ്, മസൂറി എന്നിവിടങ്ങൾ ലൊക്കേഷനാകുന്നത്. ലൊക്കേഷൻ കണ്ടെത്തുന്നതിനായി വളരെയധികം യാത്ര ചെയ്തിരുന്നു. ഡെറാഡൂണിൽ നിന്നും 15 കിലോമീറ്ററോളം ഉൾപ്രദേശത്ത് മണിക്കൂറുകൾ യാത്ര ചെയ്താണ് ലൊക്കേഷനുകൾ കണ്ടെത്തിയത്.
വെല്ലുവിളികളേറെ
എല്ലാ സിനിമകളും ഓരോ തരത്തിൽ വെല്ലുവിളിയാണ്. പ്രേക്ഷകരുടെ മുന്നിലേക്ക് നമ്മുടെ സിനിമയുമായി എത്തുന്പോൾ എപ്പോഴും ഭയം ഉണ്ടാകാറുണ്ട്. പിന്നെ ഈ സിനിമ ഞങ്ങളുടെ ടീമിനും പുതിയൊരു അനുഭവമായിരുന്നു. മലയാള സിനിമയ്ക്കും പുതിയൊരു പശ്ചാത്തലമാണിത്.
ശബ്ദത്തിനു പ്രാധാന്യം
ചിത്രത്തിൽ ആക്ഷൻ എന്നതുപോലെ സൗണ്ടിനും വളരെ പ്രാധാന്യമുണ്ട്. സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത് ദേശീയ അവാർഡ് ജേതാവായ എം.ആർ രാജകൃഷ്ണനാണ്. സംഗീതം ചെയ്തിരിക്കുന്നത് എ.ആർ റഹ്മാന്റെ പ്രോഗ്രാമറായ ഇഷാൻ ചബ്രയാണ്.
പേരിലെ കൗതുകം
ചൈനീസ്, ഹോങ്കോംഗ് രാജ്യങ്ങളിലെ സിനിമകൾ പോലെ ട്രെഡീഷണൽ മാർഷ്യൽ ആട്സ് ഭാഗമാകുന്ന ഒരു സിനിമയാണിത്. അപ്പോൾ സിനിമ കാണാൻ എത്തുന്ന പ്രേക്ഷകർക്ക് ഒരു കുങ്ഫു സിനിമയാണിതെന്ന ബോധ്യം ഉണ്ടാകണം. അങ്ങനെയാണ് ദി കുങ്ഫു മാസ്റ്റർ എന്ന പേരു നൽകിയത്.
ലിജിൻ കെ. ഈപ്പൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.