ഫുഡ് ഇൻസ്പെക്ടറായ പട്ടാഭിരാമൻ കാത്തിരുന്നാണ് വിവാഹം കഴിച്ചത്. ജോലിയിൽ കർക്കശക്കാരനായിരുന്ന പട്ടാഭിരാമനു വിവാഹത്തിലും തന്റേതായ ചില കാഴ്ചപ്പാട് ഉണ്ടായിരുന്നതിനാൽ വിവാഹം നീണ്ടുപോയി. എങ്കിലും അദ്ദേഹത്തിന്റെ സങ്കൽപ്പത്തിനനുസൃതമായ ഒരു പെണ്കുട്ടിയെ ജീവിതത്തിലേക്കു കൈപിടിച്ചു കൊണ്ടുവരാനായി. ഒരു സാധാരണ ഹോട്ടലുടമയുടെ മകൾ വിനീത. എന്നാൽ വിനീതയുടെ കടന്നുവരവോടെയാണ് പട്ടാഭിരാമന്റെ ജീവിതം മാറിമറിയുന്നത്...
തിയറ്ററിൽ പ്രദർശനത്തിനെത്തിയ പട്ടാഭിരാമനിൽ ടൈറ്റിൽ കഥാപാത്രമായി ജയറാമും ഭാര്യ വിനീതയായി ഷീലു ഏബ്രഹാമും പ്രേക്ഷകരുടെ ഇഷ്ടം നേടിക്കഴിഞ്ഞു. ഹിറ്റ് കോന്പിനേഷനൊപ്പം വീണ്ടും ഹിറ്റ് നേടാനായതിന്റെ സന്തോഷത്തിലാണ് ഈ കലാകാരി. കഥയിൽ പട്ടാഭിരാമന്റെ നായികയാണെങ്കിൽ കാമറയ്ക്കു പുറകിൽ ചിത്രത്തിന്റെ നിർമ്മാതാവ് ഏബ്രഹാമിന്റെ സ്വന്തം നായികയാണ് ഷീലു. പട്ടാഭിരാമന്റെ വിശേഷങ്ങളുമായി ഷീലു എത്തുന്പോൾ...
പട്ടാഭിരാമന്റെ വിശേഷങ്ങൾ
എല്ലാ പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ഒരു എന്റർടെയ്നറായിരിക്കും പട്ടഭിരാമൻ. ഗൗരവമുള്ള വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത്. അതേ സമയം വളരെ ലളിതമായി ഹ്യൂമറസായി അവതരിപ്പിച്ചിരിക്കുന്നു. കഴിക്കുന്ന ഭക്ഷണത്തിലെ മായം ഇന്നു നമ്മുടെ സമൂഹത്തിൽ വളരെ ചർച്ച ചെയ്യുന്ന വിഷയമാണ്. അതിന്റെ പശ്ചാത്തലത്തിൽ പട്ടാഭിരാമന്റെ സംഭവബഹുലമായ ജീവിതമാണ് ചിത്രത്തിൽ കാണുന്നത്. തിരുവനന്തപുരം നഗരമാണ് ചിത്രത്തിന്റെ പശ്ചാത്തലം.
ഹിറ്റ് കോന്പിനേഷൻ വീണ്ടും
ജയറാമേട്ടനും കണ്ണൻ താമരക്കുളവും നാലാമതായി ഒത്തു ചേരുന്ന ചിത്രമാണ് പട്ടാഭിരാമൻ. തിങ്കൾ മുതൽ വെള്ളിവരെ, ആടുപുലിയാട്ടം എന്നീ ചിത്രങ്ങൾക്കു ശേഷം തിരക്കഥാകൃത്ത് ദിനേശ് പള്ളത്തും ഇവർക്കൊപ്പം ചേരുന്ന ചിത്രമാണിത്. ആടുപുലിയാട്ടത്തിനു ശേഷം ഈ കോന്പിനേഷനിൽ ഞാനും ഒത്തുചേരുകയാണ്. പ്രേക്ഷകർ ഏറ്റെടുത്ത വിജയ കൂട്ടുകെട്ടിനൊപ്പം വീണ്ടും വർക്കു ചെയ്യാനാകുന്നതിൽ എനിക്കും വളരെ സന്തോഷമുണ്ട്.
ജയറാമിന്റെ ഭാര്യ വേഷം
ജയറാമേട്ടനൊപ്പം രണ്ടാമത്തെ ചിത്രത്തിലേക്ക് എത്തിയപ്പോഴേക്കും വളരെ കംഫർട്ടബിളായി. കാരണം ഒരു സിനിമയിൽ ഒന്നിച്ചു വർക്ക് ചെയ്തു വലിയ വിജയം നേടിക്കഴിഞ്ഞതാണ്. വീണ്ടും വർക്കു ചെയ്യാൻ സാധിച്ചപ്പോൾ നമ്മളും വളരെ സന്തോഷത്തിലായിരുന്നു. ജയറാമേട്ടൻ തമാശയൊക്കെ പറഞ്ഞ് നമ്മളേയും കൂളാക്കി ഉത്സാഹത്തോടെ വർക്കു ചെയ്യിപ്പിക്കും. ഒപ്പം ധർമ്മജനും ഹരീഷ് കണാരനും ചേരുന്നതോടെ സെറ്റ് വളരെ രസകരമായിരിക്കും.
നിർമ്മാണം അബാം മൂവീസ്
ശുഭരാത്രി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ സമയത്താണ് കണ്ണൻ താമരക്കുളവും ദിനേശ് പള്ളത്തും ഈ പ്രൊജക്ടുമായി സമീപിക്കുന്നത്. നമുക്ക് പരിചയമുള്ള ടീം ആയതുകൊണ്ടും സബ്ജക്ടിന്റെ പ്രത്യേകതകൊണ്ടും വളരെ ഇഷ്ടപ്പെട്ടു. നിർമ്മാതാവ് എന്ന നിലയിൽ ഹസ്ബൻഡ് നോക്കുന്നത് ബിസിനസ് വശമായിരിക്കും. ജയറാമേട്ടൻ നായകനായി ഹിറ്റ് കൂട്ട്കെട്ട് വീണ്ടും എത്തുന്പോൾ ബിസിനസ് വർക്കാകും എന്ന ധാരണയുണ്ടായിരുന്നു. അങ്ങനെയാണ് ശുഭരാത്രിയുടെ വിജയത്തിനു പിന്നാലെ പട്ടാഭിരാമനുമായി അബാം മൂവിസ് എത്തിയത്.
സ്വന്തം പ്രൊഡക്ഷനിൽ
അബാമിന്റെ എല്ലാ പ്രൊഡക്ഷനിലും ഞാനുണ്ടെന്നു പറയാനാകില്ല. പിന്നെ, നമ്മുടെ പ്രൊഡക്ഷനാണോ മറ്റുള്ളവരുടേതാണോ എന്നു നോക്കിയല്ല അഭിനയിക്കുന്നത്. അഭിനയം എനിക്കു വളരെ ഇഷ്ടമുള്ള കാര്യമാണ്. ഒരു കഥാപാത്രത്തിലേക്കു സംവിധായകൻ വിളിക്കുന്പോൾ അത് നല്ലരീതിയിൽ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതു നമ്മുടേതായാലും മറ്റുള്ളവരുടെ സിനിമകളായാലും. ഞാൻ അഭിനയിച്ച് ഇനി റിലീസ് ചെയ്യാൻ പോകുന്ന രണ്ടു ചിത്രങ്ങൾ ഞങ്ങളുടെ പ്രൊഡക്ഷന്റേതല്ല. നല്ല സിനിമകളുടെ ഭാഗമാകാനാണ് ശ്രമിക്കുന്നത്.
പുതിയ പ്രൊജക്ടുകൾ
ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന അൽ മല്ലു, നവാഗതനായ കിരണ് ആർ.നായർ സംവിധാനം ചെയ്യുന്ന അമിഗോസ് എന്നീ ചിത്രങ്ങളാണ് ഇപ്പോൾ പൂർത്തിയാക്കിയത്. അൽ മല്ലുവിന്റെ അവസാനഘട്ട ചിത്രീകരണം ഈ വാരം ആരംഭിക്കുകയാണ്. ശുഭരാത്രിയും പട്ടാഭിരാമനും ഈ ചിത്രങ്ങളാണ് അടുത്ത കാലത്ത് ചെയ്തത്. മറ്റ് രണ്ടു രണ്ടു ചിത്രങ്ങൾ കൂടി ഈ വർഷം കരാറായിട്ടുണ്ട്.
ശുഭരാത്രിയുടെ വിജയം
കുടുംബ പ്രേക്ഷകർ ശുഭരാത്രിയെ ഏറ്റെടുക്കും എന്ന പ്രതീക്ഷയുണ്ടായിരുന്നു. നന്മകൾ ഇഷ്ടപ്പെടുന്ന, ഇമോഷണൽ ഇഷ്ടപ്പെടുന്ന ആൾക്കാർ ചിത്രം ഏറ്റെടുക്കുമെന്ന് ഉറപ്പായിരുന്നു. ഒരു എന്റർടെയ്നർ എന്നതിനപ്പുറം നല്ല ചിന്തകൾ സിനിമയിലൂടെ ആഗ്രഹിക്കുന്നവരുമുണ്ട്. അവരെ മാത്രം പ്രതീക്ഷിച്ചാണ് ശുഭരാത്രിയുമായി മുന്നോട്ട് പോയത്. അതു നല്ല രീതിയിൽ പ്രേക്ഷകർ ഏറ്റെടുത്തു.
ലിജിൻ കെ.ഈപ്പൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.