ഒ​ടി​യ​നി​ലെ ‘കൊ​ണ്ടോ​രാം’ ക​രി​യ​റി​ലെ ഭാ​ഗ്യം - സു​ദീ​പ് കു​മാ​ർ
Friday, November 30, 2018 2:07 PM IST
നി​ര​വ​ധി ഹൃ​ദ്യ​സു​ന്ദ​ര ഗാ​ന​ങ്ങ​ളി​ലൂ​ടെ ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി പാ​ട്ടു​പ്ര​ണ​യി​ക​ളു​ടെ മ​ന​സി​ൽ കൂ​ടൊ​രു​ക്കി​യ ഗാ​യ​ക​നാ​ണ് സു​ദീ​പ് കു​മാ​ർ; പു​തു​നൂ​റ്റാ​ണ്ടി​ന്‍റെ ഗാ​യ​ക​നി​ര​യി​ലേ​ക്കു ദേ​വ​രാ​ജ​ൻ മാ​സ്റ്റ​ർ ക​ണ്ടെ​ടു​ത്തു സ​മ്മാ​നി​ച്ച സ്വ​ര​വി​സ്മ​യം. ഓ​ഡി​യോ ഇ​ൻ​ഡ്ട്രി​യി​ൽ 20 പാ​ട്ടു​വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന സു​ദീ​പ്കു​മാ​റി​നു 2018 ഭാ​ഗ്യ​വ​ർ​ഷ​മാ​ണ്. മാ​സ് - ഫാ​ന്‍റ​സി ത്രി​ല്ല​ർ ഒ​ടി​യ​നി​ൽ എം. ​ജ​യ​ച​ന്ദ്ര​ന്‍റെ സം​ഗീ​ത​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​നു​വേ​ണ്ടി പാ​ടി​യ ‘കൊ​ണ്ടോ​രാം...​കൊ​ണ്ടോ​രാം...’ ക​രി​യ​റി​ലെ വ​ന്പ​ൻ ഹി​റ്റാ​വു​ക​യാ​ണ്.

പാട്ടുകൾ ഹി​റ്റാ​കു​ന്ന​ത് ത​ന്‍റെ മാ​ത്രം ക​ഴി​വുകൊണ്ടല്ലെന്നും അ​തി​ൽ ത​ന്‍റെ ഗു​രു​ക്കന്മാരു​ടെ​യും സം​ഗീ​ത​സം​വി​ധാ​യ​ക​രു​ടെ​യും സം​വി​ധാ​യ​ക​ൻ, കഥാകൃത്ത് എന്നിവരു​ൾ​പ്പ​ടെ പി​ന്ന​ണി​യി​ലു​ള്ള ഒ​രു​പാ​ട് ആ​ളു​ക​ളു​ടെയും സം​ഭാ​വ​ന​ക​ളു​മുണ്ടെ​ന്ന വി​ശ്വാ​സ​ത്തോ​ടെ പ​റ​ഞ്ഞു​തു​ട​ങ്ങു​ക​യാ​ണ് ഗാ​യ​ക​ൻ സു​ദീ​പ് കു​മാ​ർ; ഒ​ടി​യ​ൻ വി​ശേ​ഷ​ങ്ങ​ളെ​ക്കു​റി​ച്ച്, പാ​ട്ടു​വ​ഴി​യി​ലെ രാ​ഗ​സു​ര​ഭി​ല നി​മി​ഷ​ങ്ങ​ളെ​ക്കു​റി​ച്ച്...“മ​ല​യാ​ള സി​നി​മ ക​ണ്ടി​ട്ടു​ള്ള​തി​ൽ​വ​ച്ച് ഏ​റ്റ​വും മ​നോ​ഹ​ര ദൃ​ശ്യ​ങ്ങ​ളാ​ണ് ഈ ​പാ​ട്ടി​നു​വേ​ണ്ടി ശ്രീ​കു​മാ​റേ​ട്ട​ൻ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ല ഷോ​ട്ടു​ക​ളൊ​ക്കെ ന​മ്മു​ടെ ചി​ന്ത​യ്ക്കും വ​ള​രെ അ​പ്പു​റ​മാ​ണെ​ന്നും വി​ഷ്വ​ൽ ക​ണ്ട ചി​ല സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞി​രു​ന്നു. ഞാ​ൻ ഇ​തു​വ​രെ പാ​ടി​യ ഏ​തു പാ​ട്ടിന്‍റേ​തി​നെ​ക്കാ​ളും മേ​ലെ​യാ​ണ് ഇ​തി​ന്‍റെ വി​ഷ്വ​ൽ എ​ന്നാ​ണ് മ്യൂ​സി​ക് ലോ​ഞ്ചി​ലെ ചീ​ഫ് സൗ​ണ്ട് എ​ൻ​ജി​നി​യ​ർ ര​ഞ്ജി​ത് രാ​ജ​ൻ പ​റ​ഞ്ഞ​ത്.

ചെ​ന്നൈ​യി​ൽ പോ​യി വി​ഷ്വ​ൽ കാ​ണ​ണ​മെ​ന്നു തോ​ന്നി​യെ​ങ്കി​ലും ആ ​ആ​ഗ്ര​ഹം ക​ടി​ച്ച​മ​ർ​ത്തി ഇ​രി​ക്കു​ക​യാ​ണ്. വേ​റൊ​രു ത്രി​ല്ലു​ണ്ട് അ​തി​ൽ. കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്ത് ഇ​റ​ങ്ങി​യ ആ​റാം ത​ന്പു​രാ​ൻ, ഉ​സ്താ​ദ്, ചന്ദ്രലേഖ ഉ​ൾ​പ്പെ​ടെ​യു​ള്ള ലാ​ലേ​ട്ട​ന്‍റെ സി​നി​മ​ക​ളൊ​ക്കെ ആ​ദ്യ​ദി​വ​സം ത​ന്നെ ഫാ​ൻ​സു​കാ​രു​ടെ കൈ​യി​ൽ നി​ന്നു ടി​ക്ക​റ്റ് വാ​ങ്ങി തി​യ​റ്റ​റി​ൽ ഇ​ടി​ച്ചു​ക​യ​റി ക​ണ്ടി​ട്ടു​ള്ള ഒ​രാ​ളാ​ണു ഞാ​ൻ. ഇ​പ്പോ​ഴും ലാ​ലേ​ട്ട​ന്‍റെ സി​നി​മ തി​യ​റ്റ​റി​ൽ ആ​ദ്യ​ത്തെ ദി​വ​സം കാ​ണു​ക എ​ന്ന കാ​ര്യം വ​രു​ന്പോ​ൾ ഞാ​ൻ ലാ​ൽ ഫാ​നാ​യി മാ​റും. എ​നി​ക്കും എ​ന്‍റെ പാ​ട്ട് നേ​ര​ത്തേ കാ​ണു​ന്ന​തി​നെ​ക്കാ​ൾ ത്രി​ല്ല് റി​ലീ​സ് ദിവസം തി​യ​റ്റ​റി​ൽ കാ​ണു​ന്ന​തു ത​ന്നെ​യാ​ണ്.”ഒ​ടി​യ​നി​ലേ​ക്കു​ള്ള വ​ഴി...?

ഈ ​സി​നി​മ​യി​ലേ​ക്കു ഞാ​ൻ വ​രാ​ൻ കാ​ര​ണം എം. ​ജ​യ​ച​ന്ദ്ര​നാ​ണ്. ഇ​ങ്ങ​നെ ഒ​രു സി​നി​മ സം​ഭ​വി​ക്കാൻ പോകു​ന്ന​താ​യും പാ​ട്ടു​ക​ൾ ചെ​യ്യു​ന്ന​ത് ജ​യ​ൻ ചേ​ട്ട​നാ​ണെ​ന്നും വാ​ർ​ത്ത​ക​ളി​ലൂ​ടെ അ​റി​ഞ്ഞി​രു​ന്നു. പ​ക്ഷേ, ഈ സിനിമയെക്കുറിച്ച് ഞങ്ങൾ തമ്മിൽ സംസാരിച്ചിരുന്നില്ല. പെ​ട്ടെ​ന്ന് ഒ​രു ദി​വ​സം എ​ന്നെ വി​ളി​ച്ച് താ​ൻ ഒ​ടി​യ​ൻ എ​ന്ന വ​ലി​യ ഒ​രു സി​നി​മ ചെ​യ്യു​ന്ന​താ​യും എ​ന്‍റെ ജീ​വി​ത​ത്തി​ൽ ത​ന്നെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​താ​യി മാ​റി​യേ​ക്കാ​വു​ന്ന ഒ​രു പാ​ട്ട് അ​തി​ലു​ണ്ടെ​ന്നും ത​നി​ക്കു വേ​ണ്ടി അ​തു പാ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

‘ഈ പാട്ട് എന്‍റെ മനസിൽ സുദീപിന്‍റെ ശബ്ദത്തിലാണ്. എ​ങ്ങ​നെ​യെ​ല്ലാം ഈ ​പാ​ട്ട് മാ​ക്സി​മം ന​ന്നാ​ക്കാ​ൻ പ​റ്റു​മോ അ​തെ​ല്ലാം ചെ​യ്യ​ണം. കു​റ​ച്ചു ദി​വ​സം വീ​ട്ടി​ലി​രു​ന്ന് ന​ന്നാ​യി പ്രാ​ക്ടീ​സ് ചെ​യ്ത​ശേ​ഷ​മാ​വാം റി​ക്കോ​ർ​ഡിം​ഗ്. അ​തി​നു തൊ​ട്ടു മു​ന്പു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പ്രോ​ഗ്രാ​മൊ​ന്നും എ​ടു​ക്കാ​തെ വോ​യ്സ് ഏ​റ്റ​വും ന​ന്നാ​യി റി​ക്കാ​ർ​ഡ് ചെ​യ്യാ​ൻ പ​റ്റു​ന്ന രീ​തി​യി​ൽ ത​യാ​റാ​യി വ​ര​ണം. ഇ​തൊ​രു വ​ലി​യ പ്രോ​ജ​ക്ടാ​യ​തി​നാ​ൽ അ​വ​സാ​ന തീ​രു​മാ​നം ഉ​ണ്ടാ​കും വ​രെ ഇ​തി​ൽ പാ​ടു​ന്ന കാ​ര്യം ഭാ​ര്യ​യോ​ട​ല്ലാ​തെ ആ​രോ​ടും ഷെ​യ​ർ ചെ​യ്യേ​ണ്ട’ - ജ​യ​ൻ ചേ​ട്ട​ൻ പ​റ​ഞ്ഞു. തു​ട​ർ​ന്ന് അ​ദ്ദേ​ഹം പാ​ടി​യ ട്രാ​ക്ക് എ​നി​ക്ക് അ​യ​ച്ചു​ത​ന്നു.ത​നി​ക്കു വേ​ണ്ടി ഒ​രു ട്രാ​ക്ക് പാ​ട​ണം എ​ന്നാ​ണ് പാ​ടാ​ൻ വി​ളി​ച്ച​പ്പോ​ൾ ജ​യ​ൻ​ചേ​ട്ട​ൻ പ​റ​ഞ്ഞ​ത്. സാ​ധാ​ര​ണ അ​ങ്ങ​നെ അ​ദ്ദേ​ഹം പ​റ​യാ​റി​ല്ല. ‘ഈ ​സി​നി​മ​യി​ലെ പാ​ട്ടു​ക​ൾ ആ​രു​ടെ വോ​യ്സി​ൽ സി​നി​മ​യി​ൽ വ​ര​ണം എ​ന്നു​ള്ള​ത് വ​ള​രെ നാ​ളു​ക​ൾ​ക്കു​ശേ​ഷ​മാ​വും തീ​രു​മാ​നി​ക്ക​പ്പെ​ടു​ക. എ​നി​ക്കു​മാ​ത്രം ഇ​ഷ്ട​മാ​യി​ട്ടു കാ​ര്യ​മി​ല്ല. ഈ ​സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​ർ​ക്കും ഇം​പ്ര​സീ​വാ​യ രീ​തി​യി​ൽ പാ​ട്ടു വ​ന്നെ​ങ്കി​ൽ മാ​ത്ര​മേ അ​തു ഫ​ല​പ്രാ​പ്തി​യി​ലെ​ത്തു​ക​യു​ള്ളൂ. അ​തു​കൊ​ണ്ടാ​ണ് ഞാ​ൻ ട്രാ​ക്ക് എ​ന്നു പ​റ​ഞ്ഞ​ത് - ജയൻചേട്ടൻ പ​റ​ഞ്ഞു.

ചെ​ന്നൈ​യി​ൽ സ്റ്റീ​ഫ​ൻ ദേ​വ​സി​യു​ടെ മ്യൂ​സി​ക് ലോ​ഞ്ച് എ​ന്ന സ്റ്റു​ഡി​യോ​യി​ലാ​യി​രു​ന്നു റി​ക്കോ​ർ​ഡിം​ഗ്. ര​ണ്ടു ദി​വ​സ​മാ​യി​ട്ടാ​ണു റി​ക്കോ​ർ​ഡ് ചെ​യ്ത​ത്. ഒ​രു ദി​വ​സം അ​തി​ന്‍റെ അ​നു​പ​ല്ല​വി​യും ച​ര​ണ​വും റി​ക്കോ​ർ​ഡ് ചെ​യ്തു. പി​റ്റേ​ദി​വ​സ​മാ​ണ് അ​തി​ന്‍റെ പ​ല്ല​വി റി​ക്കോ​ർ​ഡ് ചെ​യ്ത​ത്. സാ​ധാ​ര​ണ​ഗ​തി​യി​ൽ പ​ല്ല​വി​യാ​ണ് ആ​ദ്യം റി​ക്കോ​ർ​ഡ് ചെ​യ്യു​ന്ന​ത്. പ​ക്ഷേ, അ​നു​പ​ല്ല​വി​യും ച​ര​ണ​വും ന​ല്ല ബ്യൂ​ട്ടി​ഫു​ൾ ലി​റി​ക്സാ​ണെ​ന്നും അ​ത് ആ​ദ്യം പാ​ടി ആ ​ഒ​രു മൂ​ഡി​ലേ​ക്കു വ​ന്നി​ട്ട് പി​റ്റേ​ദി​വ​സം പല്ലവി എ​ടു​ക്കാ​മെ​ന്നും ജ​യ​ൻ ചേ​ട്ട​ൻ പ​റ​ഞ്ഞു. ഒരു പാട്ടിന്‍റെ പെർഫക്‌ഷനുവേണ്ടി മണിക്കൂറുകളോ ദിവസങ്ങളോ ചെലവഴി ക്കുന്നതിൽ എം. ജയചന്ദ്രന് ഒരു മടിയുമില്ല. അതിന്‍റെ പെർഫക്‌ഷനുവേണ്ടി അദ്ദേഹം ഏതറ്റം വരെയും പോകും.റിക്കാർഡിംഗ് ക​ഴി​ഞ്ഞ​പ്പോ​ൾ​ത്ത​ന്നെ ജ​യ​ൻ​ചേ​ട്ട​ൻ ഏ​റെ ഇം​പ്ര​സ്ഡ് ആ​യി​രു​ന്നു, ന​ന്നാ​യി വ​ന്നു എ​ന്നു​പ​റ​ഞ്ഞു. പി​ന്നീ​ട് അ​തി​നെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ഒ​ന്നും പ​റ​ഞ്ഞി​ല്ല, ഞാ​ൻ കൂ​ടു​ത​ലൊ​ന്നും ചോ​ദി​ച്ച​തു​മി​ല്ല. അ​മി​ത​മാ​യി ആ​ഗ്ര​ഹി​ച്ച് പി​ന്നീ​ടു സ​ങ്ക​ട​മു​ണ്ടാ​ക​രു​ത് എ​ന്നോ​ർ​ത്ത് ഞാ​ന​തു മ​ന​സി​ൽ മാ​ത്രം സൂ​ക്ഷി​ച്ചു.

ര​ണ്ടു മൂ​ന്നു മാ​സ​ത്തി​നു​ശേ​ഷം അ​മൃ​ത​ടീ​വി​യി​ൽ ലാ​ലേ​ട്ട​ൻ അ​വ​ത​രി​പ്പി​ച്ച ‘ലാ​ൽ​സ​ലാം’ എ​ന്ന പ്രോ​ഗ്രാ​മി​ന്‍റെ ഷൂ​ട്ടിം​ഗ് എ​റ​ണാ​കു​ള​ത്തു ന​ട​ക്കു​ന്പോ​ൾ അ​തി​ൽ ശി​ക്കാ​ർ എ​ന്ന സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള എ​പ്പി​സോ​ഡി​ൽ പാ​ടാ​ൻ ഞാ​ൻ പോ​യി​രു​ന്നു. പാ​ടി​ക്ക​ഴി​ഞ്ഞു സ്റ്റേ​ജി​ൽ നി​ൽ​ക്കു​ന്പോ​ൾ ലാ​ലേ​ട്ട​ൻ ആ ​എ​പ്പി​സോ​ഡ് വൈ​ൻ​ഡ് അ​പ് ചെ​യ്ത​ശേ​ഷം അ​വി​ടെ ഡ​യ​റ​ക്ട​ർ പ​പ്പ​ൻ ചേ​ട്ട​നു​ൾ​പ്പെ​ടെ എ​ല്ലാ​വ​രും ഉ​ണ്ടാ​യി​രു​ന്നി​ട്ടും എ​ന്‍റെ​യ​ടു​ത്തേ​ക്കു വ​ള​രെ സ്നേ​ഹ​ത്തി​ൽ വ​ന്ന് എ​ന്നെ കെ​ട്ടി​പ്പി​ടി​ച്ചു. എ​ന്നി​ട്ട് ചെ​വി​യി​ൽ പ​റ​ഞ്ഞു - ‘ ഒ​ടി​യ​നി​ലെ പാ​ട്ട് മ​നോ​ഹ​ര​മാ​യി​രി​ക്കു​ന്നു. അ​ത് അ​സാ​ധ്യ​മാ​യി പാ​ടി​യി​ട്ടു​ണ്ട്. ന​ന്നാ​യി​രി​ക്കു​ന്നു.’ അ​ദ്ദേ​ഹത്തിനു ഞാൻ പാടിയതു വളരെ ഇഷ്ടപ്പെട്ടു എന്ന്
അ​പ്പോ​ഴാ​ണു ഞാ​ൻ മ​ന​സി​ലാ​ക്കു​ന്ന​ത്.

പി​ന്നെ​യും ഒ​രു​പാ​ടു ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ഈ ​പാ​ട്ട് ഷൂ​ട്ട് ചെ​യ്ത​ത്. ശ്രേയ പാടിയ ഭാഗം മുംബൈയിലാണു റിക്കോർഡ് ചെയ്തത്. ഇതിലെ ഫീമെയിൽ സിംഗർ ശ്രേയാ ഘോഷാൽ ആണെന്ന് എന്നോടു നേരത്തേ പറഞ്ഞിരുന്നു.കൊ​ണ്ടോ​രാം... കൊ​ണ്ടോ​രാം എ​ന്ന പാ​ട്ടി​നെ​ക്കു​റി​ച്ച്....?

സാ​ധാ​ര​ണ​ഗ​തി​യി​ലു​ള്ള ഒ​രു കോം​പോ​സി​ഷ​ൻ അ​ല്ല എ​ന്ന​താ​ണ് ഏ​റ്റ​വും പ്ര​ധാ​ന പ്ര​ത്യേ​ക​ത. എ​ല്ലാ​ക്കാ​ല​വും മി​ക​ച്ച ഗാ​ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് അ​ങ്ങ​നെ​യാ​ണ്. ആ​ദ്യ​ത്തെ കേ​ൾ​വി​യി​ൽ​ത്ത​ന്നെ ന​മ്മു​ടെ മ​ന​സി​ലേ​ക്കു ക​യ​റു​ന്ന ഒ​രീ​ണ​മാ​ണ്. കേ​ര​ള​ത്തി​ന്‍റെ ഫോക്ക്, പ്ര​ത്യേ​കി​ച്ചു വ​ട​ക്ക​ൻ നാ​ടോ​ടി സം​ഗീ​ത​ത്തി​ന്‍റെ ഒ​രു ഫ്ളേ​വ​റാ​ണ് ഈ ​പാ​ട്ടി​ലു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ എ​ല്ലാ​വ​ർ​ക്കും പെ​ട്ടെ​ന്ന് മൂ​ളി​പ്പാ​ടാ​ൻ തോ​ന്നു​ന്ന ഒ​രീ​ണ​മാ​ണ് പ​ല്ല​വി​യു​ടെ തു​ട​ക്ക​ത്തി​ലു​ള്ള​ത്. അ​വി​ടെ നി​ന്ന് ഈ ​പാ​ട്ട് പ​ല്ല​വി​യു​ടെ അ​വ​സാ​ന ഭാ​ഗ​ത്തേ​ക്ക് എ​ത്തു​ന്പോ​ൾ​ത്ത​ന്നെ കൂ​ടു​ത​ൽ ഇ​മോ​ഷ​ണ​ലാ​വും.

ഒ​രു നാ​ട​ൻ​പാ​ട്ടി​നെ സ​മീ​പി​ക്കു​ന്ന​തു​പോ​ലെ സ​മീ​പി​ക്കേ​ണ്ട പാ​ട്ട​ല്ല ഇ​ത്; ഒ​രു നാ​ടോ​ടി​ശീ​ലി​നെ ഓ​ർ​മി​പ്പി​ക്കു​ന്ന ഒ​രു രീ​തി​യാ​ണ​ന്നേ​യു​ള്ളൂ, തു​ട​ക്ക​ത്തി​ൽ. അ​നു​പ​ല്ല​വി​യി​ലും ച​ര​ണ​ത്തി​ലും വ​രു​ന്ന​തു വ​ള​രെ റൊ​മാ​ന്‍റി​ക് ആ​യ ഒ​രു പാ​ട്ടി​ന്‍റെ ഭാ​വ​മാ​ണ്. അതുകൊണ്ടു തന്നെയാണ് ഈ ​പാ​ട്ടി​ന് ഒ​രു നാ​ടോ​ടി സ്പ​ർ​ശ​മു​ണ്ടെ​ങ്കി​ൽ​പോ​ലും അ​തു​ നിലനിർത്തിക്കൊണ്ടുതന്നെ ഏ​റ്റ​വും റൊ​മാ​ന്‍റി​ക് ആ​യി പാ​ട​ണ​മെ​ന്ന് ജ​യ​ൻ​ചേ​ട്ട​ൻ എ​ന്നോ​ടു പ​റ​ഞ്ഞ​ത്.ന​മ്മ​ൾ ഇ​തു​വ​രെ​യും ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലാ​ത്ത ഒ​രു​പാ​ടു പ​ദ​ങ്ങ​ൾ ഇ​തി​ന്‍റെ വ​രി​ക​ളി​ൽ റ​ഫീ​ക്കേ​ട്ട​ൻ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്; ഒ​ടി​മ​റ​യ​ണ രാ​ക്കാ​റ്റ്, പ​ന​മേ​ലെ​യൊ​രു​ഞ്ഞാ​ല്... ഇ​തി​ലെ​ല്ലാം. ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി​ക്കു​ശേ​ഷം ഒ​രു​പ​ക്ഷേ, ഇ​ത്ര​യേ​റെ ഇ​മേ​ജറികൾ കൊ​ണ്ടു​വ​ന്നി​ട്ടു​ള്ള ഒ​രു ക​വി വേ​റെ​യി​ല്ല. ഓ​രോ വ​രി കേ​ൾ​ക്കു​ന്പൊ​ഴും ഒ​ടി​യ​ൻ സി​നി​മ​യി​ലു​ള്ള ഓ​രോ ദൃ​ശ്യ​വും ന​മ്മു​ടെ മ​ന​സി​ൽ തെ​ളി​ഞ്ഞു​വ​രും.

അ​ന്ത്യാ​ള​ൻ കാ​വ്, അ​ല​നെ​ല്ലൂ​ർ കാ​വ്...​ പാ​ല​ക്കാ​ടി​ന്‍റെ ഗ്രാ​മ്യ​ഭം​ഗി​യെ​ല്ലാം വരികളിൽ നി​റ​യു​ക​യാ​ണ്. ‘മാ​യ​ന്നൂ​ർ​കാ​വി​ൽ പു​ള്ളി​പ്പു​ലി​ക​ളി’ എ​ന്ന് പി.​ഭാ​സ്ക​ര​ൻ മാ​ഷ് വെ​ങ്ക​ല​ത്തി​ൽ എ​ഴു​തി​യ​തി​നു​ശേ​ഷം പാ​ല​ക്കാ​ടൻ ഗ്രാ​മ​ങ്ങ​ളുടെ സൗ​ന്ദ​ര്യം വെ​റൊ​രു​പാ​ട്ടി​ലും ഇ​ത്ര​യും ഭം​ഗി​യാ​യി വെ​റൊ​രാ​ൾ എ​ഴു​തി​യി​ട്ടു​ണ്ടെ​ന്നു തോ​ന്നു​ന്നി​ല്ല.

വ​രി​ക​ൾ മ​നോ​ഹ​ര​മാ​കു​ന്പോ​ൾ പാ​ടു​ന്ന​വ​രെ സം​ബ​ന്ധി​ച്ചു കൂ​ടു​ത​ൽ എ​ളു​പ്പ​മു​ണ്ട്. കാ​ര​ണം, പ​ദ​ത്തി​നു ത​ന്നെ ഭം​ഗി​യു​ണ്ട്. അ​തി​നൊ​പ്പം ആ ​പ​ദ​ത്തെ ഏ​റ്റ​വും ഭം​ഗി​യാ​യി എ​ങ്ങ​നെ സം​ഗീ​ത​പ​ര​മാ​യി അ​വ​ത​രി​പ്പി​ക്കാം എ​ന്നു​ള്ള രീ​തി​യി​ലാ​ണ് അ​തി​ന്‍റെ ഈ​ണം. അ​താ​യ​ത്, ആ ​വാ​ക്കു​ക​ളെ ഒ​രി​ട​ത്തു​പോാ​ലും നോ​വി​ക്കു​ന്ന ഒ​ന്നും ജ​യ​ൻ​ചേ​ട്ട​ൻ ചെ​യ്തി​ട്ടി​ല്ല. ഓ​രോ വാ​ക്കി​നെ​യും തേ​ൻ പു​ര​ട്ടു​ക എ​ന്നതു പോ​ലെ​യാ​ണ് അ​ദ്ദേ​ഹം ട്യൂ​ണ്‍ കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. ആ ​കോ​ട്ടിം​ഗ് എ​ന്താ​ണെ​ന്നു മ​ന​സി​ലാ​ക്കി ഫോ​ളോ ചെ​യ്യു​ക എ​ന്ന​തു മാ​ത്ര​മാ​യി​രു​ന്നു പാ​ട്ടു​കാ​ര​നെ​ന്ന​നി​ല​യി​ൽ എ​നി​ക്കു ചെ​യ്യാ​നു​ണ്ടാ​യി​രു​ന്ന​ത്.ഇ​തു കൃ​ത്യ​മാ​യ ഒ​രു ക​ർ​ണാ​ട​ക സം​ഗീ​ത രാ​ഗ​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യി ചെ​യ്ത പാ​ട്ട​ല്ല. ഈ പാട്ടി​ന​ക​ത്ത് പ​ല രാ​ഗ​ങ്ങ​ളു​ടെ രാ​ഗ​ഭാ​വ​ങ്ങ​ൾ അ​വി​ട​വി​ടെ ഒ​രോ​രോ ഫ്രേ​സി​ൽ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഓ​രോ വ​രി​യി​ലും മൂ​ഡി​ന​നു​സ​രി​ച്ചു രാ​ഗ​ഭാ​വ​ങ്ങ​ൾ മാ​റി​മാ​റി​യാ​ണു വ​രു​ന്ന​ത്. ഇ​തു പൂ​ർ​ണ​മാ​യും ഡ്യൂ​യ​റ്റ് ത​ന്നെ​യാ​ണ്. ഇ​തു ഗി​വ് ആ​ൻ​ഡ് ടേ​ക്ക് ആ​ണ്. പ​ല്ല​വി​യി​ലും അ​നു​പ​ല്ല​വി​യി​ലു​മൊ​ക്കെ നാ​യ​ക​ൻ കൊ​ണ്ടോ​വാം എ​ന്നു പ​റ​യു​ന്പോ​ൾ ഓ​രോ​ന്നും ശ്ര​ദ്ധാ​പൂ​ർ​വം കേ​ട്ടി​രി​ക്കു​ന്ന നാ​യി​ക ച​ര​ണ​ത്തി​നൊ​ടു​വി​ൽ പ​റ​യു​ന്ന​തു വ​ന്നോ​ളാം എ​ന്നാ​ണ​ല്ലോ. ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എ​ന്ന പാ​ട്ടി​ൽ വ​യ​ലാ​ർ സാ​ർ ഉ​പ​യോ​ഗി​ച്ച​തു പോ​ലെ​യു​ള്ള ഒ​രു സ​ങ്കേ​ത​മാ​ണ് ഈ ​പാ​ട്ടി​ൽ റ​ഫീ​ക്കേ​ട്ട​ൻ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ദ്യാ​വ​സാ​നം ഏ​റ്റ​വും സ്വീ​റ്റാ​യ ഒ​രു വോ​യ്സ് വേ​ണ​മെ​ന്നും ഓ​രോ വാ​ക്കും ഏ​റ്റ​വും സൗ​ന്ദ​ര്യ​ത്തോ​ടെ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്നും ജയൻ ചേട്ടൻ പ​റ​ഞ്ഞി​രു​ന്നു. അ​തൊ​ടൊ​പ്പം കു​റ​ച്ചു പൗ​രു​ഷ​മു​ള്ള ഒ​രു ആ​ലാ​പ​ന​ശൈ​ലി വേ​ണം​ താ​നും. ലാ​ലേ​ട്ട​നെ​പ്പോ​ലെ​യു​ള്ള സൂ​പ്പ​ർ ഹീ​റോ​യാ​ണു സ്ക്രീ​നി​ൽ വ​രു​ന്ന​ത്. അ​തി​നാ​ൽ ഒ​രു​പാ​ടു റൊ​മാ​ന്‍റി​ക് ആ​യ ഒ​രു കൗ​മാ​ര​ക്കാ​ര​ന്‍റെ എ​ക്സ്പ്ര​ഷ​നു​മ​ല്ല അ​വി​ടെ വേ​ണ്ട​ത്. ഒ​രു പ​വ​ർ​ഫൂ​ൾ ഹീ​റോ​യു​ടെ എ​ക്സ്പ്ര​ഷ​ൻ​സാ​ണു വേ​ണ്ട​ത്. ഏ​റ്റ​വും മ​ധു​ര​ത​ര​മാ​യി പാ​ട​ണം, ഒ​പ്പം പൗ​രു​ഷ​മു​ള്ള ആ​ലാ​പ​ന​മാ​യി​രി​ക്കു​ക​യും വേ​ണം എ​ന്നാ​ണു പ​റ​ഞ്ഞ​ത്. അ​തി​നാ​ണു ശ്ര​മി​ച്ചി​ട്ടു​ള്ള​ത്. വി​ജ​യി​ച്ചോ ഇ​ല്ല​യോ എ​ന്നു​ള്ള​തു കേ​ൾ​ക്കു​ന്ന​വ​രാ​ണു പ​റ​യേ​ണ്ട​ത്.കൊ​ണ്ടോ​രാം... അ​തി​വേ​ഗം സ്വീ​ക​രി​ക്ക​പ്പെ​ട്ട​ല്ലോ....?

എ​ന്‍റെ സി​നി​മാ​ജീ​വി​ത​ത്തി​ൽ 125ന് അ​ടു​ത്തു സി​നി​മ​ക​ളി​ലെ പാ​ട്ടു​ക​ളി​ൽ ഇ​താ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ര​യും കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ യൂ​ട്യൂ​ബി​ൽ എ​ന്‍റെ​യൊ​രു പാ​ട്ട് ആ​ളു​ക​ൾ സ്വീ​ക​രി​ച്ച​ത്. എം.​ജി.​ശ്രീ​കു​മാ​റേ​ട്ട​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ഗ​ല്ഭ​രാ​യ പ​ല​രും ഈ ​പാ​ട്ട് സ്റ്റു​ഡി​യോ​യി​ൽ കേ​ട്ടി​ട്ട് വി​ളി​ച്ച് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ പ​റ​ഞ്ഞു. ഈ ​പാ​ട്ട് യൂ ​ട്യൂ​ബി​ൽ റി​ലീ​സ് ചെ​യ്ത് ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ന്‍റെ ലൈ​ഫി​ലെ ഏ​റ്റ​വും ന​ല്ല പാ​ട്ടാ​ണി​തെ​ന്നു സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് വി​ളി​ച്ചു​പ​റ​ഞ്ഞു. സി​നി​മാ​രം​ഗ​ത്തു​ള്ള പ​ല​രും വി​ളി​ച്ച് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ പ​റ​യു​ന്നു​ണ്ട്.

പ​ല​പ്പോ​ഴും പാ​ട്ടു​ക​ളു​ടെ വി​ഷ്വ​ൽ കൂ​ടി ചേ​ർ​ത്തു കാ​ണാ​നാ​ണ് ആ​ളു​ക​ൾ യൂ​ട്യൂ​ബി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്. ലി​റി​ക്ക​ൽ വീ​ഡി​യോ എ​ന്ന സ​ങ്കേ​തം വ​ന്നി​ട്ടു കു​റ​ച്ചു നാ​ളു​ക​ളേ ആ​യി​ട്ടു​ള്ളൂ. ത​മി​ഴി​ലാ​ണ് അ​തു കൂ​ടു​ത​ലും പ​രീ​ക്ഷി​ച്ചു വി​ജ​യി​ച്ച​ത്. ​മ​ല​യാ​ള​ത്തി​ൽ ലി​റി​ക്ക​ൽ വീ​ഡി​യോ എ​ന്ന സ​ങ്കേ​തം പ​രീ​ക്ഷി​ച്ച് ഇത്രയും വി​ജ​യി​ച്ച വേ​റൊ​രു പാ​ട്ടി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ വേ​റൊ​രു ഗു​ണം​കൂ​ടി​യു​ണ്ട്. ‘ട്യൂ​ണ്‍ കു​റേ​യൊ​ക്കെ ഞ​ങ്ങ​ൾ​ക്ക​റി​യാം, ഇ​തി​ന്‍റെ ലി​റി​ക്സ് ഒ​ന്നും മ​ന​സി​ൽ നി​ൽ​ക്കു​ന്നി​ല്ല’ എ​ന്നു പ​ല​പ്പോ​ഴും പു​തി​യ കാ​ല​ത്തെ പാ​ട്ടു​ക​ളെ സം​ബ​ന്ധി​ച്ച് പല ആ​ളു​ക​ളും പരാതി പറയാറുണ്ട്. പ​ക്ഷേ, ഈ ​പാ​ട്ടി​ന്‍റെ ലി​റി​ക്ക​ൽ വീ​ഡി​യോ കാ​ണു​ന്പോ​ൾ​ത്ത​ന്നെ ഈ ​വ​രി​ക​ൾ കൂ​ടി ആ​ളു​ക​ളു​ടെ മ​ന​സി​ലേ​ക്കു പ​തി​യു​ന്നു​ണ്ട്. സി​നി​മ ഇ​റ​ങ്ങു​ന്ന സ​മ​യ​മാ​കു​ന്പോ​ഴേ​ക്കും ന​ല്ലൊ​രു ശ​ത​മാ​നം ആ​ളു​ക​ൾ​ക്കും ഈ ​പാ​ട്ട് മ​ന​ഃപാ​ഠ​മാ​യി​രി​ക്കു​മെ​ന്നാ​ണു തോ​ന്നു​ന്ന​ത്.

ഈ ​പാ​ട്ടു പാ​ടി കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ഞാ​ൻ സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​റേ​ട്ട​നെ ഫോ​ണി​ൽ വി​ളി​ച്ചു. ഇ​തു വ​ലി​യ ഹി​റ്റാ​വും എ​ന്നൊ​ക്കെ പ​റ​ഞ്ഞ് വ​ള​രെ ആ​വേ​ശ​പൂ​ർ​വം അ​ദ്ദേ​ഹം എ​ന്നോ​ടു സം​സാ​രി​ച്ചു. ഈ ​പാ​ട്ടു ഷൂ​ട്ട് ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് പി​ന്നീ​ട് ശ്രീ​കു​മാ​റേ​ട്ട​നെ ക​ണ്ട​ത്. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഒ​ന്നു ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളും ഉ​ണ്ടാ​യി​രു​ന്നു. ‘ഈ വ​ർ​ഷ​ത്തെ ഏ​റ്റ​വും സൂ​പ്പ​ർ ഹി​റ്റ് പാ​ട്ടു​പാ​ടി​യ ആ​ളാ​ണ് ഈ ​നി​ൽ​ക്കു​ന്ന​ത്’ എ​ന്നാ​ണ് അ​പ്പോ​ൾ അ​ദ്ദേ​ഹം അ​വ​രോ​ടു പ​റ​ഞ്ഞ​ത്. ഈ ​പാ​ട്ടി​നെ സം​ബ​ന്ധി​ച്ച് അ​ത്ര​യും ആത്മവിശ്വാസത്തിലാണ് അ​ദ്ദേ​ഹം. പ്രൊ​ഡ്യൂ​സ​റെ​ന്ന രീ​തി​യി​ൽ ആ​ന്‍റ​ണി ചേ​ട്ട​നും ലാലേട്ടന്‍റെ അടുത്ത സുഹൃത്തും ചാറ്റേർഡ് അക്കൗണ്ടന്‍റുമായ സനലേട്ടനും ഈ സിനിമയുടെ പി​ന്നി​ലു​ള്ള എ​ല്ലാ​വ​രും പ്രോ​ത്സാ​ഹ​നം തന്നി​ട്ടു​ണ്ട്.പാ​ട്ടി​നു മു​ന്നി​ൽ വ​രു​ന്ന ലാ​ലേ​ട്ട​ന്‍റെ ന​റേ​ഷ​ൻ ആ​ക​ർ​ഷ​ക​മാ​ണ​ല്ലോ....?

എ​ന്‍റെ ഒ​രു പാ​ട്ടി​നു മു​ന്നി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണു ലാ​ലേ​ട്ട​ന്‍റെ ന​റേ​ഷ​ൻ വ​രു​ന്ന​ത്. അ​തു​കൂ​ടി കേ​ൾ​ക്കു​ന്പോ​ൾ ന​മു​ക്കു ത​ന്നെ രോ​മാ​ഞ്ച​മാ​ണ്. ആ​റാം ത​ന്പു​രാ​നി​ൽ ഹ​രി​മു​ര​ളീ​ര​വ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലും ചി​ല ഡ​യ​ലോ​ഗു​ക​ൾ ഉ​ണ്ട​ല്ലോ. അ​തെ​ല്ലാം ര​ഞ്ജി​ത്തേ​ട്ട​നാ​ണ​ല്ലോ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ക​ഥാ​സ​ന്ദ​ർ​ഭ​മ​റി​ഞ്ഞ് എ​ഴു​താ​നു​ള്ള ക​ഥാ​കൃ​ത്തി​ന്‍റെ ഒ​രു ക​ഴി​വു​ണ്ട​ല്ലോ. ഇ​തി​ന്‍റെ ന​റേ​ഷ​നെ​ഴു​തി​യ ഒ​ടി​യ​ന്‍റെ ര​ച​യി​താ​വ് ഹ​രി​കൃ​ഷ്ണ​ൻ ചേ​ട്ട​നും അ​ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.എം. ​ജ​യ​ച​ന്ദ്ര​ന്‍റെ പാ​ട്ടു​ക​ൾ ക​രി​യ​റി​ൽ വ​ലി​യ പി​ന്തു​ണ​യ​ല്ലേ...?

തീർച്ചയായും. അദ്ദേഹത്തിനു വേണ്ടിയാണ് ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ പാടിയിട്ടുള്ളത്. പിന്നെ, ഒൗ​സേ​പ്പ​ച്ച​ൻ സാ​ർ, ബി​ജി​ബാ​ൽ, ബേ​ണി ഇ​ഗ്നേ​ഷ്യ​സ് എ​ന്നി​വ​ർ​ക്കു വേ​ണ്ടി​യാ​ണ് കൂടുതൽ പാ​ടി​യി​ട്ടു​ള്ള​ത്. ജ​യ​ൻ ചേ​ട്ട​നുവേണ്ടി ഇ​രു​പ​ത്ത​ഞ്ചി​ന​ടു​ത്തു ചിത്രങ്ങളായി. സി​നി​മ കൂ​ടാ​തെ ഡി​വോ​ഷ​ണ​ലും സീ​രി​യ​ലും മ​റ്റു പാ​ട്ടു​ക​ളു​മെ​ല്ലാ​മാ​യി 70 ന​ടു​ത്തു പാ​ട്ടു​ക​ൾ ഞാ​ൻ അ​ദ്ദേ​ഹ​ത്തി​നു​വേ​ണ്ടി പാ​ടി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ എ​ന്നെ​ക്കു​റി​ച്ചു വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ള്ള ഒ​രു മ്യൂ​സി​ക് ഡ​യ​റ​ക്ട​റാ​ണു ജ​യ​ൻ​ചേ​ട്ട​ൻ. എ​ന്നെ​ക്കൊ​ണ്ട് എ​ന്തു ചെ​യ്യാ​ൻ പ​റ്റും എ​ന്നു വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ള്ള ഒ​രാ​ളാ​ണ് അ​ദ്ദേ​ഹം. അ​തു​പോ​ലെ തി​രി​ച്ചും.ജ​യ​ൻ ചേ​ട്ട​ൻ എ​ന്താ​ണ് ഒ​രു പാ​ട്ടി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് എ​ന്ന​ത് എ​നി​ക്കു കൃ​ത്യ​മാ​യി അ​റി​യാം. കു​റേ നാ​ള​ത്തെ എ​ക്സ്പീ​രി​യ​ൻ​സു​ണ്ട്. പ​ക്ഷേ, അ​ത് എ​ന്നെ​ക്കൊ​ണ്ടു സാ​ധി​ക്കു​മോ എ​ന്നു​ള്ള​തു ര​ണ്ടാ​മ​ത്തെ കാ​ര്യം. ചി​ല​പ്പോ​ൾ റി​ക്കോ​ർ​ഡിം​ഗി​ൽ അ​ദ്ദേ​ഹം ഉ​ദ്ദേ​ശി​ക്കു​ന്ന ലെ​വ​ലി​ലേ​ക്ക് ഉ​യ​രാ​ൻ പ​റ്റ​ണ​മെ​ന്നി​ല്ല. പ​ക്ഷേ, അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടി സ​പ്പോ​ർ​ട്ട് കി​ട്ടു​ന്പോ​ൾ പ​ല​പ്പോ​ഴും ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നേ​ക്കാ​ൾ ന​ന്നാ​യി ചി​ല പാ​ട്ടു​ക​ൾ പ്ര​സ​ന്‍റ് ചെ​യ്യാ​നാ​യി​ട്ടു​ണ്ട്. ഈ ​പാ​ട്ടും ആ ​ഗ​ണ​ത്തി​ൽ ത​ന്നെ​യാ​ണു ഞാ​ൻ കാ​ണു​ന്ന​ത്. എ​ന്നെ വ​ള​രെ​യ​ധി​കം മോ​ട്ടി​വേ​റ്റ് ചെ​യ്തു പാ​ടി​ച്ച​താ​ണ്.

പാ​ടി​ക്കൊ​ണ്ടി​രു​ന്ന സ​മ​യ​ത്തു​ത​ന്നെ ചി​ല ഭാ​ഗം വ​രു​ന്പോ​ൾ അ​ദ്ദേ​ഹം എ​ന്നോ​ട് ഇങ്ങനെ പ​റ​യും - ഈ ​ഭാ​ഗ​ത്തെ ഈ ​ശ​ബ്ദ​മു​ണ്ട​ല്ലോ അ​താ​ണു സു​ദീ​പി​ന്‍റെ ഏ​റ്റ​വും ബ്യൂ​ട്ടി​ഫു​ൾ ആ​യ വോ​യ്സ്. ന​മു​ക്ക് ഈ ​പാ​ട്ടു മു​ഴു​വ​ൻ ഈ ​ശ​ബ്ദം ഇ​ങ്ങ​നെ കേ​ൾ​ക്ക​ണം. അ​പ്പോ​ൾ ന​മു​ക്കു വ​ലി​യ പ്രോ​ത്സാ​ഹ​നം ഫീ​ൽ ചെ​യ്യും. അ​ങ്ങ​നെ​യാ​ണ് ഈ ​പാ​ട്ട് റി​ക്കോ​ർ​ഡ് ചെ​യ്ത​ത്. ച​ന്ദ​ന​മു​കി​ലേ എ​ന്ന പാ​ട്ടാ​ണ് ഞാ​ൻ ആ​ദ്യ​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഈ​ണ​ത്തി​ൽ പാ​ടി​യ​ത്. ഞാ​ൻ അ​ദ്ദേ​ഹ​ത്തി​നു​വേ​ണ്ടി പാ​ടി​യ ആ​ദ്യ​ത്തെ വലിയ ഹി​റ്റ് മാ​ട​ന്പി​യി​ലെ എ​ന്‍റെ ശാ​രി​ക​യാ​ണ്. അ​തി​നു​മു​ന്പും കു​റേ​യ​ധി​കം സി​നി​മ​ക​ളി​ൽ പാ​ടി​യി​ട്ടു​ണ്ട്.പ​ര​സ്പ​രം അ​റി​യാം എ​ന്ന​ത​ല്ലേ നി​ങ്ങ​ളു​ടെ വി​ജ​യ​ര​ഹ​സ്യം...?

അ​റി​യാം എ​ന്ന​തി​നേ​ക്കാ​ൾ ഉ​പ​രി ഞ​ങ്ങ​ൾ​ക്കു കു​റേ കോ​മ​ണ്‍ ഫാ​ക്ട​റു​ക​ളു​ണ്ട്. ഞ​ങ്ങ​ൾ ഇ​രു​വ​രും ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റു​ടെയും പെ​രു​ന്പാ​വൂ​ർ ജി.​ര​വീ​ന്ദ്ര​നാ​ഥ് സാ​റി​ന്‍റെയും സ്കൂ​ളാ​ണ്. ക​ല​വൂ​ർ ബാ​ല​ൻ സാ​ർ എ​ന്‍റെ ഗു​രു​നാ​ഥ​നാ​യി​രു​ന്നു. ഓ​ർ​ക്ക​സ്ട്രേ​ഷ​നി​ലും മ​റ്റും ജ​യ​ൻ​ചേ​ട്ട​ൻ ബാ​ല​ൻ സാ​റി​ന്‍റെ​യ​ടു​ത്തു നി​ന്നാ​ണ് പ​ല കാ​ര്യ​ങ്ങ​ളും പ​ഠി​ച്ചി​ട്ടു​ള്ള​ത്. ഇ​വ​രു​ടെ​യ​ല്ലാ​വ​രു​ടെ​യും കീ​ഴി​ൽ പ​ഠി​ച്ചു​വ​ന്ന​തു​കൊ​ണ്ടു​ത​ന്നെ ഞ​ങ്ങ​ളു​ടെ സം​ഗീ​ത​സ​ങ്ക​ല്പ​ങ്ങ​ളി​ൽ ഒ​രു​പാ​ടു സാ​മ്യ​ത​ക​ളു​ണ്ട്.

ജ​യ​ൻ​ചേ​ട്ട​ൻ സാ​ഹി​ത്യം വ​ള​രെ​യ​ധി​കം ഇ​ഷ്ട​പ്പെ​ടു​ന്ന​യാ​ളാ​ണ്. പാ​ട്ടി​ന്‍റെ ക​വി​ത​യെ ഏ​റെ മ​ന​സി​ൽ കൊ​ണ്ടു​ന​ട​ക്കു​ന്ന ഒ​രാ​ളാ​ണ്. എ​ന്തെ​ങ്കി​ലും ഒ​രു ലി​റി​ക്സി​ന് അ​ദ്ദേ​ഹ​ത്തെ പ്ര​ചോ​ദി​പ്പി​ക്കാ​നാ​വി​ല്ല. എ​ഴു​തു​ന്ന​യാ​ളു​മാ​യി ന​ല്ല ഒ​രു കെ​മി​സ്ട്രി ഉ​ണ്ടെ​ങ്കി​ലേ അ​ദ്ദേ​ഹ​ത്തി​നു പ​ല​പ്പോ​ഴും ന​ല്ല ഒ​രു പാ​ട്ടു​ണ്ടാ​ക്കാ​നു​ള്ള മ​ന​സ് ഉ​ണ്ടാ​വാ​റു​ള്ളൂ. അ​തു​പോ​ലെ ത​ന്നെ​യാ​ണു ഞാ​നും. ലി​റി​ക്സി​നാ​ണ് ഒ​ന്നാം സ്ഥാ​നം. അ​തു ക​ഴി​ഞ്ഞാ​ണ് അ​തി​ന്‍റെ മ്യൂ​സി​ക്കി​നു സ്ഥാ​നം എ​ന്നു വി​ശ്വ​സി​ക്കു​ന്നു. ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റു​ടെ സ​ങ്ക​ല്പം ത​ന്നെ​യാ​ണ​ത്. മ്യൂ​സി​ക് കൊ​ണ്ട് ന​മ്മ​ൾ ആ ​ലി​റി​ക്സി​നെ ഒ​ന്ന് ഉ​യ​ർ​ത്തി​വി​ടു​ക എ​ന്ന​താ​ണു ചെ​യ്യു​ന്ന​ത്.സം​ഗീ​ത​പ​ര​മാ​യി ആ ​നോ​ട്സെ​ല്ലാം ഏ​റ്റ​വും ഭം​ഗി​യാ​യി സം​ഗീ​താ​സ്വാ​ദ​ക​ർ​ക്ക് ആ​സ്വാ​ദ്യ​മാ​കു​ന്ന​തു​പോ​ലെ ത​ന്നെ സാ​ഹി​ത്യാ​സ്വാ​ദ​ക​ർ​ക്ക് ഈ ​പ​ദ​ങ്ങ​ളും ആ ​ആ​ശ​യ​വും അ​തേ അ​ർ​ഥ​ത്തി​ൽ അ​തി​ന്‍റെ എ​ല്ലാ മി​ഴി​വോ​ടുംകൂ​ടി കി​ട്ടു​ന്ന രീ​തി​യി​ൽ പാ​ട​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രാ​ളാ​ണു ഞാ​ൻ. അ​ങ്ങ​നെ​ത​ന്നെ​യാ​ണ് ജ​യ​ൻ ചേ​ട്ട​ന്‍റെ കോ​ന്പോ​സി​ഷ​ൻ​സ് എ​ല്ലാം വ​ന്നി​ട്ടു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ഞ​ങ്ങ​ൾ പാ​ട്ടി​ന്‍റെ ട്യൂ​ണി​നെ​ക്കു​റി​ച്ചു സം​സാ​രി​ക്കു​ന്ന​തു​പോ​ലെ​ത​ന്നെ അ​തി​ന്‍റെ വ​രി​ക​ളെ​ക്കു​റി​ച്ചും വ​ള​രെ​യ​ധി​കം സം​സാ​രി​ക്കാ​റു​ള്ള​ത്.

പ​ല​പ്പോ​ഴും ചി​ല പാ​ട്ടു​ക​ൾ വ​ലി​യ ഹി​റ്റു​ക​ളാ​കു​മെ​ങ്കി​ലും കു​റ​ച്ചു​നാ​ൾ ക​ഴി​ഞ്ഞ് അ​തി​ന്‍റെ പ്ര​ഭ മ​ങ്ങി​പ്പോ​കു​ന്ന​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം അ​വ​യു​ടെ ലി​റി​ക്സി​ന്‍റെ മേന്മയി​ല്ലാ​യ്മ​യാ​ണ്. ന​മ്മു​ടെ മ​ന​സി​ൽ പെ​ട്ടെ​ന്നു കി​ട്ടു​ന്ന ഒ​രു ട്യൂ​ണ്‍ ആ​ണെ​ങ്കി​ൽ കു​റ​ച്ചു​നാ​ൾ ആ​ളു​ക​ൾ ആ ​ഈ​ണം പാ​ടി​ന​ട​ക്കും. അ​തി​ന്‍റെ സാ​ഹി​ത്യ​ത്തി​നു ക്വാ​ളി​റ്റി​യു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ അ​തു കാ​ല​ങ്ങ​ളോ​ളം നി​ല​നി​ൽ​ക്കു​ക​യു​ള്ളൂ.

ഈ ​പാ​ട്ടി​നെ സം​ബ​ന്ധി​ച്ച് ഇ​ത് ഇ​ൻ​സ്റ്റ​ന്‍റ് ഹി​റ്റാ​ണ്; റി​ലീ​സ് ചെ​യ്ത് ഒരാഴ്ചയ്ക്കുള്ളിൽ യൂ​ട്യൂ​ബി​ൽ പാട്ടു കേട്ടത് മുപ്പതു ലക്ഷത്തോളം പേരാണ്. കൂ​ടാ​തെ, എ​ഫ്എം റേ​ഡി​യോ​യി​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഏ​റ്റ​വു​മ​ധി​കം പ്ലേ ​ചെ​യ്യു​ന്ന പാ​ട്ടാ​ണ്. അ​ങ്ങ​നെ​യൊ​ക്കെ ഇ​ൻ​സ്റ്റ​ന്‍റ് ഹി​റ്റ് എ​ന്നു പ​റ​യാ​മെ​ങ്കി​ലും അ​തി​നു​മ​പ്പു​റം കാ​ലാ​തീ​ത​മാ​യ ഹി​റ്റാ​യി​രി​ക്കു​മെ​ന്നാ​ണ് എ​ന്‍റെ വി​ശ്വാ​സം.സം​ഗീ​ത​ത്തോ​ടൊ​പ്പം ത​ന്നെ സാ​ഹി​ത്യ​ത്തി​ലും എ​ങ്ങ​നെ​യാ​ണ് ഇ​ത്ര താ​ത്പ​ര്യ​മു​ണ്ടാ​യ​ത്...?

എ​ന്‍റെ അ​ച്ഛ​ൻ കൈ​ന​ക​രി സു​രേ​ന്ദ്ര​ൻ ഒ​രു സാ​ഹി​ത്യ​കാ​ര​നാ​ണ്. ലേ​ഖ​ന​ങ്ങ​ളും ഹി​സ്റ്റോ​റി​ക്ക​ൽ ബു​ക്സും പാ​ട്ടു​ക​ളുമൊക്കെ എഴുതിയിട്ടുണ്ട്. ​കുട്ടിക്കാലം മുതൽ തന്നെ ധാരാ​ളം വാ​യി​ക്ക​ണ​മെ​ന്ന് അ​ച്ഛ​ൻ പറഞ്ഞിരുന്നു. വെ​ക്കേ​ഷ​ൻ സ​മ​യ​ങ്ങ​ളി​ലൊ​ക്കെ വാ​യി​ക്കാ​ൻ ഒ​രു​പാ​ടു പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങി​ത്ത​രു​മാ​യി​രു​ന്നു. എ​നി​ക്ക് ഓ​ർ​മ​യു​ള്ള കാ​ലം മു​ത​ൽ വീ​ട്ടി​ൽ ന​ല്ല ഒ​രു ലൈ​ബ്ര​റി​യു​ണ്ട്. ഇ​ട​ക്കാ​ല​ത്ത് എ​ന്‍റെ വാ​യ​ന കു​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഇപ്പോൾ കിട്ടുന്ന സ​മ​യ​ങ്ങ​ളി​ലും യാ​ത്ര​ക​ളി​ലു​മൊ​ക്കെ വാ​യി​ക്കാ​റുണ്ട്. അ​ച്ഛ​ന്‍റേതാ​യി നാ​ലു പു​സ്ത​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ര​ണ്ടെ​ണ്ണം സാ​ഹി​ത്യ​പ്ര​വ​ർ​ത്ത​ക സ​ഹ​ക​ര​ണ​സം​ഘ​മാ​ണു പു​റ​ത്തി​റ​ക്കി​യ​ത്.

മോ​ഹ​ൻ​ലാ​ലി​നു​വേ​ണ്ടി പാ​ടി​യ പാ​ട്ടു​ക​ൾ.....?

എ​ന്‍റെ ആ​ദ്യ​ത്തെ മോ​ഹ​ൻ​ലാ​ൽ ചി​ത്രം ബി. ഉണ്ണികൃഷ്ണൻ ചേട്ടന്‍റെ മാ​ട​ന്പി​യാ​ണ്. അ​തി​ലെ എ​ന്‍റെ ശാ​രി​കേ...​എ​ന്ന പാ​ട്ട്. അ​തു​ക​ഴി​ഞ്ഞ് ശി​ക്കാ​റി​ലെ എ​ന്തെ​ടീ..​എ​ന്തെ​ടീ. മൂ​ന്നാ​മ​ത്തെ പാ​ട്ട് എം.​ജി.​ശ്രീ​കു​മാ​റേ​ട്ട​ന്‍റെ മ്യൂ​സി​ക്കി​ൽ പാ​ടി​യ​താ​ണ്. മ​ന​സു മ​യ​ക്കി ആ​ളെ കു​ടു​ക്ക​ണ.. എ​ന്ന പാ​ട്ട്. ചി​ത്രം അ​റ​ബീം ഒ​ട്ട​കോം പി.​മാ​ധ​വ​ൻ​നാ​യ​രും. നാ​ലാ​മ​ത്തെ പാ​ട്ട് ഗോ​പി​സു​ന്ദ​റി​ന്‍റെ മ്യൂ​സി​ക്കി​ൽ മി​സ്റ്റ​ർ ഫ്രോ​ഡി​ൽ സ​ദാ പാ​ല​യ; ജി​എ​ൻ​ബി​യു​ടെ ഒ​രു കൃ​തി​യാ​ണ​ത്. ഗോ​പി​സു​ന്ദ​റാ​ണ് അ​തു സി​നി​മ​യ്ക്കു​വേ​ണ്ടി എ​ടു​ത്തു മി​ക്സ് ചെ​യ്ത​ത്.

അ​ഞ്ചാ​മ​ത്തെ പാ​ട്ടാ​ണ് ഒ​ടി​യ​നി​ലേ​ത്. ഇ​തി​നി​ടെ ലാ​ലേ​ട്ട​ന്‍റെ ക​ന​ൽ എ​ന്ന സി​നി​മ​യ്ക്കു​വേ​ണ്ടി​യും ഞാ​ൻ പാ​ടി​യി​ട്ടു​ണ്ട്. ഞാ​നും ചി​ത്ര​ചേ​ച്ചി​യും കൂ​ടി പാ​ടി​യ ‘ഒ​രു വേ​ന​ൽ​ക്കാ​റ്റാ​യ് ‘ എ​ന്ന പാ​ട്ടി​ന്‍റെ സോം​ഗ് സീ​ക്വ​ൻ​സി​ൽ അ​നൂ​പ് മേ​നോ​നാ​ണ് അ​ഭി​ന​യി​ച്ച​ത്(വിനു തോമസ് ആയിരുന്നു സംഗീതം). അ​ങ്ങ​നെ ആ​റു മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ങ്ങ​ളി​ൽ പാ​ടി​യി​ട്ടു​ണ്ട്. അ​ഞ്ചു പാ​ട്ടാ​ണ് മോ​ഹ​ൻ​ലാ​ലി​നു​വേ​ണ്ടി പാ​ടി​യത്. അ​തി​ൽ അ​ഞ്ചാ​മ​ത്തേ​താ​ണ് ഒ​ടി​യ​നി​ലെ പാ​ട്ട്.സം​ഗീ​ത​ജീ​വി​ത​ത്തി​ൽ കി​ട്ടി​യ ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​രം....‍‍?

ഇ​തി​നി​ട​യി​ൽ കി​ട്ടി​യ ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​രം 2011 ലെ ​സ്റ്റേ​റ്റ് അ​വാ​ർ​ഡാ​ണ്. എ​ന്‍റെ ക​രി​യ​ർ തു​ട​ങ്ങു​ന്ന സ​മ​യ​ത്ത് എ​നി​ക്കൊ​രു ക​ണ്‍​ഫ്യൂ​ഷ​നു​ണ്ടാ​യി​രു​ന്നു. ഞാ​ൻ പ​ഠി​ച്ച​തു നി​യ​മ​മാ​ണ്. വക്കീൽപ്പണിയോ നി​യ​മ​വു​മാ​യി ബ​ന്ധ​മു​ള്ള മറ്റേതെങ്കിലും ജോ​ലിയോ ചെ​യ്തു​കൊ​ണ്ട് സ​ബ് ആ​യി സം​ഗീ​തം കൊ​ണ്ടു​പോ​ക​ണോ എ​ന്ന് ആ​ലോ​ചി​ച്ച ഒ​രു സ​മ​യ​മു​ണ്ട്. എ​ന്‍റെ വീ​ട്ടി​ലു​ള്ള​വ​ർ​ക്കൊ​ക്കെ അ​ക്കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു.

അ​ങ്ങ​നെ​യി​രി​ക്കു​ന്പോ​ൾ ‘അ​തൊ​ന്നും വേ​ണ്ട, നി​ന്‍റെ വ​ഴി സം​ഗീ​തം ത​ന്നെ​യാ​ണ്. നീ ​അ​തി​ൽ​ത്ത​ന്നെ പോ​യാ​ൽ മ​തി’ എ​ന്ന് എ​ന്നോ​ടു തീ​ർ​ത്തു​പ​റ​ഞ്ഞ​തു ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റാ​ണ്. അ​തി​ലേ​ക്കു മാ​ത്രം ശ്ര​ദ്ധി​ച്ചു മു​ന്നോ​ട്ടു​പോ​യ എ​നി​ക്കു 2011 ൽ ​ജ​യ​ൻ ചേ​ട്ട​ന്‍റെ ഈ​ണ​ത്തി​ൽ പാ​ടി​യ ര​തി​നി​ർ​വേ​ദ​ത്തി​ലെ ‘ചെ​ന്പ​ക​പ്പൂം​കാ​ട്ടി​ലെ...’ എ​ന്ന പാ​ട്ടി​നു സ്റ്റേ​റ്റ് അ​വാ​ർ​ഡ് കി​ട്ടി​യ​പ്പോ​ൾ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ
കൊ​ണ്ടുകൂടിയാണ് ഞാ​ൻ സ​ന്തോ​ഷി​ച്ച​ത്.സി​നി​മ​യി​ൽ പ​ല​പ്പോ​ഴും ഹിറ്റുകൾ കു​റ​ഞ്ഞ​താ​യി തോ​ന്നി​യി​ട്ടു​ണ്ടോ....?

റെ​ഗു​ല​റാ​യി പാ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ൽ പോ​ലും എ​ല്ലാ വ​ർ​ഷ​വും സൂ​പ്പ​ർ ഹി​റ്റാ​യ പാ​ട്ടു​ക​ൾ കി​ട്ടി​യി​ട്ടി​ല്ല. ഇ​ക്കാ​ല​ത്ത് ഒ​രു വ​ർ​ഷം ത​ന്നെ 175 ന​ടു​ത്തു സി​നി​മ​ക​ളു​ണ്ടാ​കു​ന്നു. അ​തി​ൽ പാ​ടാ​ൻ 100ൽ ​അ​ധി​കം പാ​ട്ടു​കാ​രും ന​മ്മു​ടെ നാ​ട്ടി​ലു​ണ്ട്. അ​ത്ര​യ​ധി​കം പാ​ട്ടു​കാ​രി​ൽ നി​ന്ന് ഒ​രു സി​നി​മ​യി​ലെ ര​ണ്ടോ മൂ​ന്നോ പാ​ട്ടു​പാ​ടാ​ൻ ന​റു​ക്കു​വീ​ഴു​ന്നവരു​ടെ എ​ണ്ണം വ​ള​രെ കു​റ​വാ​ണ്. അ​തി​ൽ​ത്ത​ന്നെ ഹിറ്റുകൾ ഉ​ള്ള ആ​ളു​ക​ൾ​ക്കാ​യി​രി​ക്കും കൂ​ടു​ത​ൽ ചാ​ൻ​സ്.

കൂ​ടാ​തെ ന​മ്മു​ടെ സീ​നി​യ​റാ​യ പി​ന്ന​ണി​ഗാ​യ​ക​രെ​ല്ലാ​വ​രും അ​വ​രു​ടെ പ്ര​തി​ഭ​യ്ക്ക് ഒ​ട്ടും മ​ങ്ങ​ലേ​ൽ​ക്കാ​തെ ത​ന്നെ അ​തേ പ്രൗ​ഢി​യോ​ടെ ഇ​പ്പോ​ഴും നി​ല​വി​ലു​ള്ള​പ്പോ​ൾ ന​മു​ക്കു മി​ക​ച്ച പാ​ട്ടു​ക​ൾ കി​ട്ടാ​നു​ള്ള അ​വ​സ​രം എ​ന്നു പ​റ​യു​ന്ന​തു തീ​ർ​ത്തും ഭാ​ഗ്യം ത​ന്നെ​യാ​ണ്. ആ ​ഒ​രു ഭാ​ഗ്യ​മാ​ണ് ഇ​പ്പോ​ൾ എ​നി​ക്ക് ഒടിയനിൽ കി​ട്ടി​യി​രി​ക്കു​ന്ന​ത്.

ശ്രേ​യാ​ഘോ​ഷാ​ലി​നൊ​പ്പ​മു​ള്ള പാ​ട്ടു​ക​ൾ....?

ശ്രേ​യാ​ഘോ​ഷാ​ൽ മ​ല​യാ​ള​ത്തി​ൽ പാ​ടാ​ൻ തു​ട​ങ്ങി​യ​തു ബി​ഗ് ബി​യി​ലാ​ണ്. ശ്രേ​യ​യു​ടെ ര​ണ്ടാ​മ​ത്തെ സി​നി​മ​യാ​ണു ബ​നാ​റ​സ്. ബി​ഗ് ബി​യി​ൽ അ​വ​രു​ടേ​തു സോ​ളോ ആ​യി​രു​ന്നു. ബ​നാ​റ​സി​ലാ​ണ് ശ്രേ​യ മ​ല​യാ​ളം ഡ്യൂ​യ​റ്റ് ആ​ദ്യ​മാ​യി പാ​ടി​യ​ത്. എം.​ജ​യ​ച​ന്ദ്ര​ന്‍റെ സം​ഗീ​ത​ത്തി​ൽ ഞാനുമായി ചേർന്ന് "മ​ധു​രം ഗാ​യ​തി’ എ​ന്ന പാ​ട്ട്. മ​ല​യാ​ള സി​നി​മാ​ഗാ​ന​ച​രി​ത്ര​ത്തിൽ ശ്രേ​യാ​ഘോ​ഷാ​ലി​ന്‍റെ ആ​ദ്യ​ത്തെ ഡ്യൂ​യ​റ്റ്, ശ്രേ​യാ ഘോ​ഷാ​ലി​നൊ​പ്പം ആ​ദ്യ​മാ​യി പാ​ടി​യ മ​ല​യാ​ളി പി​ന്ന​ണി ഗാ​യ​ക​ൻ - ഇ​വ പ​രാ​മ​ർ​ശി​ക്ക​പ്പെ​ടു​ന്പോ​ൾ എ​ന്‍റെ പേ​രു കൂ​ടി എ​ഴു​ത​പ്പെ​ടു​ന്ന​തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ട്.ശ്രേ​യ​യു​ടെ ഒ​പ്പം ഞാ​ൻ പാ​ടി​യ എ​ല്ലാ പാ​ട്ടു​ക​ളും ഹി​റ്റാ​ണ്. പി​ന്നീ​ടു ശ്രേ​യ​യ്ക്കൊ​പ്പം ഞാ​ൻ പാ​ടി​യ​തു ച​ട്ട​ക്കാ​രി​യി​ൽ, നി​ലാ​വേ നി​ലാ​വേ എ​ന്ന പാ​ട്ട്. ആ​ദ്യ​ത്തെ പാ​ട്ട് മ​ധു​രം ഗാ​യ​തി... സെ​മി​ക്ലാ​സി​ക്ക​ൽ ആ​യി​രു​ന്നു. ര​ണ്ടാ​മ​ത്തെ പാ​ട്ട് പ്ര​ണ​യ​ഗാ​ന​മാ​ണ്. ഏ​റ്റ​വും സോ​ഫ്റ്റാ​യി​ട്ടു​ള്ള​താ​വ​ണം, ഒ​രു തൂ​വ​ൽ​സ്പ​ർ​ശം പോ​ലെ ന​മു​ക്കു തോ​ന്ന​ണം എ​ന്നു പ​റ​ഞ്ഞാ​ണ് ജ​യ​ൻ​ചേ​ട്ട​ൻ ആ ​പാ​ട്ടു പാ​ടി​ച്ച​ത്. അ​തു​പോ​ലെ​യാ​ണ് ആ ​പാ​ട്ടി​ന്‍റെ അ​വ​സ്ഥ. അ​തി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ നാ​യ​ക​നാ​ണ്. ഹേ​മ​ന്താ​ണ് അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഹേ​മ​ന്തി​ന്‍റെ പ്രാ​യ​ത്തി​ൽ നി​ന്നു​കൊ​ണ്ടാ​ണ് ആ ​സി​നി​മ​യ്ക്കു പാ​ടി​യി​രി​ക്കു​ന്ന​ത്.

ബ​നാ​റ​സി​ൽ വി​നീ​തേ​ട്ട​നാ​ണു ഹീ​റോ. ക​ളി​മ​ണ്ണി​ൽ ബി​ജു​മേ​നോ​ൻ ചേ​ട്ട​ൻ. ഇ​പ്പോ​ൾ ലാ​ലേ​ട്ട​ൻ. ഹീ​റോ മാ​റു​ന്ന​തി​ന​നു​സ​രി​ച്ചു​പോ​ലും പാ​ടു​ന്ന​തി​ൽ മാ​റ്റ​ങ്ങ​ളു​ണ്ടാ​വും എ​ന്നാ​ണ് എ​ന്‍റെ വി​ശ്വാ​സം. ആ​ലാ​പ​ന​ത്തി​ൽ ന​മ്മ​ൾ അ​റി​യാ​തെ അ​തു​വ​രും. മ​മ്മൂ​ക്ക, ലാ​ലേ​ട്ട​ൻ, സു​രേ​ഷ്ഗോ​പി ചേ​ട്ട​ൻ, ജ​യ​റാ​മേ​ട്ട​ൻ, ദി​ലീ​പേ​ട്ട​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ടന്മാരി​ൽ തു​ട​ങ്ങി ഇ​പ്പോ​ൾ ഏ​റ്റ​വും പു​തി​യ ത​ല​മു​റ​യി​ലെ ഫ​ഹ​ദ് ഫാ​സി​ലി​നും ടോ​വി​നോ​യ്ക്കും വ​രെ പാ​ടാ​നു​ള്ള ഭാ​ഗ്യം കി​ട്ടി​യി​ട്ടു​ള്ള ഞ​ങ്ങ​ളു​ടെ ജ​ന​റേ​ഷ​നി​ലെ അ​പൂ​ർ​വം പാ​ട്ടു​കാ​രി​ൽ ഒ​രാ​ളാ​ണു ഞാ​ൻ.

ക​ളി​മ​ണ്ണി​ൽ ശ്രേ​യാ​ഘോ​ഷാ​ൽ പാ​ടി​യ ശ​ല​ഭ​മാ​യ് എ​ന്ന പാ​ട്ടി​ന്‍റെ തു​ട​ക്ക​ത്തി​ലെ നാ​ലു വ​രി സി​നി​മ​യി​ൽ എ​ന്‍റെ ശ​ബ്ദ​ത്തി​ലാ​ണു വ​ന്ന​ത്. അ​തി​ന്‍റെ ഓ​ഡി​യോ​യി​ൽ ശ്രേ​യ സോ​ളോ ആ​യി പാ​ടി​യി​രി​ക്കു​ന്ന പാ​ട്ടാ​ണ​ത്. ഓ​ഡി​യോ ഇ​റ​ങ്ങി​യ ശേ​ഷ​മാ​ണ് സി​നി​മ​യ്ക്കു​വേ​ണ്ടി പ​ല്ല​വി​യു​ടെ തു​ട​ക്കം ഞാ​ൻ പാ​ടി​യ​ത്. ക​ളി​മ​ണ്ണി​ൽ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള എ​ല്ലാ മെ​യി​ൽ വോ​യ്സും എന്‍റേതാ​ണ്.ഓ​ഡി​യോ ഇ​ൻ​ഡ​സ്ട്രി​യി​ൽ ഇ​രു​പ​താ​മ​തു വ​ർ​ഷം. സി​നി​മ​യി​ൽ പ​തി​നേ​ഴാ​മ​തു വ​ർ​ഷം. ക​രി​യ​റി​ൽ ഒ​തു​ക്ക​ലു​ക​ൾ​ക്കു വി​ധേ​യ​നാ​യി​ട്ടു​ണ്ടോ...?

ഒ​രി​ക്ക​ലും ഇല്ല. ഒ​രാ​ൾ​ക്ക് അ​വ​സ​ര​ങ്ങ​ൾ ഇ​ല്ലാ​താ​കു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് ആ ​സ​മ​യ​ത്തു സി​നി​മ​യി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ മൂ​ല​മാ​യി​രി​ക്കും. അ​ത​ല്ലാ​തെ ക​ഴി​വു​ള്ള ഒ​രാ​ൾ​ക്ക്, പ്ര​ത്യേ​കി​ച്ചും ഇ​പ്പോ​ഴ​ത്തെ കാ​ല​ത്തു സി​നി​മ മാ​ത്ര​മ​ല്ല വ​ഴി. അ​ല്ലാ​തെ​ത​ന്നെ പ്ര​തി​ഭ തെ​ളി​യി​ക്കാ​ൻ സ്വയമേ ത​ന്നെ ഏറെ മു​ന്നോ​ട്ടു പോ​കാം. സി​നി​മ എ​ന്ന​തു പ്ര​ധാ​നം ത​ന്നെ​യാ​ണ്. അ​തി​നെ കു​റ​ച്ചു​കൊ​ണ്ട​ല്ല പ​റ​ഞ്ഞ​ത്. സി​നി​മ​യു​ടെ സ​പ്പോ​ർ​ട്ടു​ള്ള​തു​കൊ​ണ്ടാ​ണ് ഈ ​പാ​ട്ട് ഇ​ത്ര​യും ഹി​റ്റാ​കു​ന്ന​ത്. ഇ​തേ പാ​ട്ടു ത​ന്നെ വേ​റൊ​രു സി​നി​മ​യി​ൽ വേ​റൊ​ര​വ​സ​ര​ത്തി​ൽ ചെ​യ്തു​ക​ഴി​ഞ്ഞാ​ൽ ഇ​ത്ര​യും ശ്ര​ദ്ധി​ക്ക​പ്പെ​ട​ണ​മെ​ന്നി​ല്ല. അ​തു സ​ത്യം ത​ന്നെ​യാ​ണ്. എ​ങ്കി​ലും സി​നി​മ എ​ന്ന​തു 100 ശ​ത​മാ​ന​വും ന​മ്മു​ടെ ഭാ​ഗ്യ​മാ​ണ്.

സി​നി​മ​യെ​ക്കു​റി​ച്ച് ഒ​ന്നും ചി​ന്തി​ക്കാ​തെ ശു​ദ്ധ സം​ഗീ​തം മാ​ത്രം ഉ​പാ​സി​ച്ച് അ​തി​ൽ നി​ന്നു തി​രി​ച്ചൊ​ന്നും ആ​ഗ്ര​ഹി​ക്കാ​തെ പ്രാ​ർ​ഥ​ന പോ​ലെ കൊ​ണ്ടു​ന​ട​ക്കു​ന്ന വ​ലി​യ മ്യു​സി​ഷ​ൻ​സി​നെ ന​മ്മ​ൾ കാ​ണു​ന്നു​ണ്ട്. അതിപ്ര​ശ​സ്ത​രാ​യവ​രെ​യ​ല്ല ഞാ​ൻ ഉ​ദ്ദേ​ശി​ച്ച​ത്, ഉദാഹരണം എന്‍റെ ആദ്യ ഗുരുക്കന്മാരിൽ ഒരാളായ ആലപ്പുഴ വിധു സാർ. അ​വ​ർ അ​തി​നു​വേ​ണ്ടി ഏ​റെ ക​ഷ്ട​പ്പെ​ടു​ന്നു​ണ്ട്. അ​തി​ന്‍റെ റി​സ​ൾ​ട്ട് അ​വ​ർ​ക്കു സാ​ന്പ​ത്തി​ക​പ​ര​മാ​യോ പ്ര​ശ​സ്തി​പ​ര​മാ​യോ കി​ട്ടു​ന്നു​ണ്ടാ​വി​ല്ല. അ​വ​രു​മാ​യി താ​ര​ത​മ്യം ചെ​യ്താ​ൽ സി​നി​മാ​രം​ഗ​ത്തേ​ക്കു വ​രു​ന്ന മ്യു​സി​ഷ​ൻ​സ് ഭാ​ഗ്യ​മു​ള്ള​വ​രാ​ണ്. അ​വ​ർ​ക്ക് ഒ​രു സി​നി​മ കൊ​ണ്ട് അ​ല്ലെ​ങ്കി​ൽ ഒ​രു പാ​ട്ടു കൊ​ണ്ട് വ​ലി​യ പ്ര​ശ​സ്തി കി​ട്ടും.ഞാ​നും ആ​ലോ​ചി​ക്കു​ന്ന​ത് ആ ​ഒ​രു രീ​തി​യി​ലാ​ണ്. സി​നി​മ​യു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത കു​ടും​ബ​ത്തി​ൽ നി​ന്നു വ​ന്ന ഒ​രാ​ൾ, കു​റ​ച്ചു ഗാ​ന​മേ​ള​ക​ൾ​ക്കൊ​ക്കെ പാ​ട്ടു പാ​ടി​യി​ട്ടു വ​ന്ന ഒ​രാ​ൾ, കു​റ​ച്ചൊ​ക്കെ സം​ഗീ​തം പ​ഠി​ച്ചി​ട്ടു തു​ട​ങ്ങി​യ ഒ​രാ​ൾ...​എ​ന്നീ രീ​തി​യി​ലൊ​ക്കെ എ​നി​ക്കു കി​ട്ടി​യ​തെ​ല്ലാം വ​ലി​യ അ​വ​സ​ര​ങ്ങ​ൾ ത​ന്നെ​യാ​ണ്. ഇ​ത് എ​ന്‍റെ വ​ഴി​യാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​ശേ​ഷം കൂ​ടു​ത​ലാ​യി പ​രി​ശ്ര​മി​ച്ചു​തു​ട​ങ്ങി. ഏ​റ്റ​വും അ​ഗ്ര​ഗ​ണ്യരാ​യ ഗു​രു​ക്കന്മാരു​ടെ കീ​ഴി​ൽ എ​നി​ക്കു പ​ഠി​ക്കാ​ൻ സാ​ധി​ച്ചു. പി​ന്നീ​ട് എ​ന്‍റെ ആ​ലാ​പ​ന ശൈ​ലി​യി​ലു​ണ്ടാ​യ വ്യ​ത്യാ​സ​വും ഞാ​ൻ എ​ന്തെ​ങ്കി​ലും പാ​ടു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​ലെ നന്മയു​മെ​ല്ലാം ഇ​തു​പോ​ലെ​യു​ള്ള മ​ഹാന്മാരാ​യ സം​ഗീ​തജ്ഞ​ൻ​മാ​ർ​ക്കൊ​പ്പം വ​ർ​ക്ക് ചെ​യ്ത​തു കൊ​ണ്ട് എ​നി​ക്കു കി​ട്ടി​യ ഗു​ണ​ങ്ങ​ളാ​ണ്. അ​തി​ന​നു​സ​രി​ച്ച് ന​മു​ക്ക് അ​വ​സ​ര​ങ്ങ​ൾ കി​ട്ട​ണ​മെ​ന്നൊ​ന്നു​മി​ല്ല. ന​മു​ക്ക് അ​തി​നു​വേ​ണ്ടി പ്രാ​ർ​ഥി​ക്കാ​നേ പ​റ്റു​ക​യു​ള്ളൂ.

പ​ക്ഷേ, ഞാ​ൻ എ​പ്പോ​ഴും മ​ന​സി​ൽ മ​ന്ത്രം​പോ​ലെ കൊ​ണ്ടു​ന​ട​ക്കു​ന്ന ഒ​രു വാ​ച​കം ദേ​വ​രാ​ജ​ൻ മാ​സ്റ്റ​ർ പ​റ​ഞ്ഞ​താ​ണ്. ‘ നീ​എ​ത്ര ക​ണ്ട് ആ​ഗ്ര​ഹി​ച്ചാ​ലും ​എ​ത്ര​ക​ണ്ടു പ്രാ​ക്ടീ​സ് ചെ​യ്താ​ലും ​എ​ത്ര​ക​ണ്ട് അ​ല​ഞ്ഞു​തി​രി​ഞ്ഞു പ​രി​ശ്ര​മി​ച്ചാ​ലും നി​ന​ക്കു ന​ല്ല അ​വ​സ​ര​ങ്ങ​ൾ കി​ട്ട​ണ​മെ​ന്നി​ല്ല. അ​തി​നു ഭാ​ഗ്യ​മു​ണ്ടാ​യാ​ലേ പ​റ്റു​ക​യു​ള്ളൂ. പ​ക്ഷേ, ഒ​ര​വ​സ​രം കി​ട്ടു​ന്ന സ​മ​യ​ത്ത് അ​ത് ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​കു​ന്ന രീ​തി​യി​ൽ നീ ​നി​ന്‍റെ ശ​ബ്ദ​വും സം​ഗീ​ത​വും ത​യാ​റാ​ക്കി വ​യ്ക്ക​ണം’ എ​ന്നാ​ണ് മാ​സ്റ്റ​ർ എ​ന്നോ​ടു പ​റ​ഞ്ഞി​ട്ടു​ള്ള​ത്.സി​നി​മാ​പ്പാ​ട്ടു​കാ​ര​നാ​യ ക​ഥ...?

പ​ത്തു വ​യ​സു മു​ത​ൽ മ്യൂ​സി​ക് പ​ഠി​ക്കു​ന്നു​ണ്ട്. സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ​ത്തി​ൽ ജി​ല്ലാ​ത​ല​ത്തി​ൽ ക​ലാ​പ്ര​തി​ഭ​യാ​യി​രു​ന്നു. ആ​ല​പ്പു​ഴ എ​സ്ഡി​യി​ൽ മ​ല​യാ​ളം ബി​എ​യ്ക്കു പ​ഠി​ക്കുന്പോൾ ത​ന്നെ ഗാ​ന​മേ​ളട്രൂ​പ്പു​ക​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. പിന്നീടു തി​രു​വ​ന​ന്ത​പു​ര​ത്തു ഗ​വ. ലോ ​കോ​ള​ജി​ലെ പഠനകാലത്തും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും ശ​നി​യും ഞാ​യ​റു​മൊ​ക്കെ ഗാ​ന​മേ​ള​യ്ക്കു പോ​യി​രു​ന്നു. അ​ക്കാ​ല​ത്തു പെ​രു​ന്പാ​വൂ​ർ ജി. ര​വീ​ന്ദ്ര​നാ​ഥ് സാ​റി​ന്‍റെ​യ​ടു​ത്താ​ണ് സം​ഗീ​തം പ​ഠി​ച്ചി​രു​ന്ന​ത്. എ​ൽ​എ​ൽ​ബി സെ​ക്ക​ൻ​ഡ് ഇ​യ​റി​നു പ​ഠി​ക്കു​ന്പോ​ഴാണ് വ​ള​രെ യാ​ദൃ​ച്ഛി​ക​മാ​യി ഒ​രു സ്റ്റു​ഡി​യോ​യി​ൽ വ​ച്ചു പ​രി​ച​യ​പ്പെ​ട്ട ജോ​ണി​സാ​ഗ​രി​ഗ എ​ന്‍റെ ശ​ബ്ദം ഇ​ഷ്ട​മാ​യി ‘താ​ലോ​ല​’ത്തി​ൽ പാ​ടാ​ൻ വി​ളി​ച്ച​ത്.

‘താ​ലോ​ല’​ത്തി​ന്‍റെ കാ​സ​റ്റി​ൽ സ​മ​യം തി​ക​യ്ക്കാ​ൻ വേ​ണ്ടി ഒ​രു പാ​ട്ടു റി​ക്കോ​ർ​ഡ് ചെ​യ്ത​താ​ണു ജോ​ണി സാ​ഗ​രി​ഗ. അ​ക്കാ​ല​ത്ത് കേ​ര​ള​ത്തി​ലെ ന​ന്പ​ർ വൺ ഓ​ഡി​യോ ക​ന്പ​നി ജോ​ണി സാ​ഗ​രി​ഗ​യാ​ണ്. ഒ​രു​പാ​ടു സി​നി​മ​ക​ൾ ആ ​സ​മ​യ​ത്ത് അ​വ​രു​ടെ ബാ​ന​റി​ൽ ഇ​റ​ങ്ങി​യി​രു​ന്നു. 1993 ൽ ​വെ​ങ്ക​ല​ത്തി​ന്‍റെ ഓ​ഡി​യോ​യി​ൽ ബി​ജു നാ​രാ​യ​ണ​നെ അ​വ​ത​രി​പ്പി​ച്ച​തു​പോ​ലെ അ​ഞ്ചു വ​ർ​ഷ​ത്തി​നു​ശേ​ഷം മ​റ്റൊ​രു പാ​ട്ടു​കാ​ര​നെ അ​വ​ത​രി​പ്പി​ക്കു​ന്നു എ​ന്ന രീ​തി​യി​ൽ ഒ​ര​വ​സ​രം ത​ന്ന​താ​ണ്. തു​ട​ർ​ന്നു മൂ​ന്നാ​ലു സി​നി​മ​ക​ളി​ൽ സി​നി​മ​യി​ലി​ല്ലാ​ത്ത പാ​ട്ടു പാ​ടാ​ൻ അ​ദ്ദേ​ഹം എ​നി​ക്ക് അ​വ​സ​രം ത​ന്നു.

അക്കാല​ത്ത് ഏ​റെ ഭ​ക്തി​ഗാ​ന​ങ്ങ​ളും ആ​ൽ​ബം പാ​ട്ടു​ക​ളും പാ​ടു​ന്നു​ണ്ടാ​യി​രു​ന്നു. എ​ന്‍റെ ഗു​രു​വാ​യി​രു​ന്ന ക​ല​വൂ​ർ ബാ​ല​ൻ സാ​ർ പ്ര​ഫ​ഷ​ണ​ൽ നാ​ട​ക​ങ്ങ​ളി​ൽ പാ​ടാ​ൻ അ​വ​സ​രം ത​ന്നു. സാറാണ് 1993ൽ എന്നെ ആദ്യമായി സ്റ്റുഡിയോയിൽ പാടിച്ചതും ജീവിതത്തിൽ ആദ്യമായി പ്രതിഫലം തന്നതും. കുമരകം രാജപ്പൻ, ആലപ്പി വിവേകാനന്ദൻ, ആലപ്പി ഋഷികേശ്, എൻ.പി. പ്രഭാകരൻ - ഇവരുടെയൊക്കെ സംഗീതത്തിൽ നാടകങ്ങളിലും കാസറ്റുകളിലും പാടി. അ​തി​ന​പ്പു​റ​ത്തേ​ക്കൊ​രു ലോ​കം ചി​ന്തി​ച്ചി​രു​ന്നി​ല്ല. ആ ​സ​മ​യ​ത്ത് സി​നി​മ​യു​ടെ വ​ഴി​ക​ൾ എ​നി​ക്ക​റി​യി​ല്ല. സി​നി​മ​യി​ൽ എ​ങ്ങ​നെ അ​വ​സ​രം കി​ട്ടു​മെ​ന്നും അ​റി​യി​ല്ല.1999 ലാ​ണ് ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റെ പ​രി​ച​യ​പ്പെ​ട്ടതും അ​ദ്ദേ​ഹ​ത്തി​ന്‍റെ കീ​ഴി​ൽ സം​ഗീ​ത​പ​ഠ​നം തു​ട​ങ്ങി​യ​തും. 1998 ൽ ​ഓ​ഡി​യോ​രം​ഗ​ത്തു വ​ന്നെ​ങ്കി​ലും അ​തും​കൂ​ടി ഉ​ണ്ടെ​ങ്കി​ലേ സി​നി​മ​യി​ൽ വ​രു​ന്ന​തി​ന് ഒ​രു പൂ​ർ​ണ​ത​യു​ള്ളൂ എ​ന്ന് ദൈ​വ​ഹി​തം ഉ​ണ്ടാ​യി​രു​ന്ന​തു​പോ​ലെ. പു​തി​യ നൂ​റ്റാ​ണ്ടി​ൽ സം​ഗീ​ത​രം​ഗ​ത്തു വാ​ഗ്ദാ​ന​ങ്ങ​ളാ​യേ​ക്കാ​വു​ന്ന അ​ഞ്ചു ഗാ​യ​ക​രെ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് ദേ​വ​രാ​ജ​ൻ മാ​സ്റ്റ​ർ 2000 ൽ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ‘പു​തി​യ നൂ​റ്റാ​ണ്ടി​ലേ​ക്ക്’ എ​ന്ന പ്രോ​ഗ്രാം ന​ട​ത്തി. ആ ​അ​ഞ്ചു​പേ​രി​ൽ ഒ​രാ​ൾ ഞാ​നാ​യി​രു​ന്നു. വി​ധു​പ്ര​താ​പ്, വി​ജേ​ഷ് ഗോ​പാ​ൽ എ​ന്നി​വ​രും അ​തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രാ​ണ്. ഞ​ങ്ങ​ൾ മൂ​ന്നു​പേ​രും മാ​സ്റ്റ​റു​ടെ അ​ടു​ത്ത് ഒ​ന്നി​ച്ചു​പ​ഠി​ച്ച​വ​രാ​ണ്.​ ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റു​ടെ ശി​ഷ്യ​ൻ എ​ന്ന ലേ​ബ​ലോ​ടു കൂ​ടി​യാ​ണ് ഞാ​ൻ സി​നി​മ​യി​ലേ​ക്കു വ​രു​ന്ന​ത്. തു​ട​ക്കം​മു​ത​ൽ ത​ന്നെ എ​ല്ലാ​വ​രി​ൽ നി​ന്നും സ്നേ​ഹ​വും പ​രി​ഗ​ണ​ന​യും കി​ട്ടു​ന്ന​തി​ന് അ​ത് ഒ​രു കാ​ര​ണ​മാ​യി.

ഉൗ​മ​പ്പെ​ണ്ണി​ന് ഉ​രി​യാ​ടാ​പ്പ​യ്യ​ൻ എ​ന്ന​ പ​ട​ത്തി​ലേ​ക്ക് എ​ത്താ​ൻ പി​ന്നെ​യും മൂ​ന്നു വ​ർ​ഷ​മെ​ടു​ത്തു. അ​താ​ണ് എ​ന്‍റെ ആ​ദ്യ​ത്തെ പ്ലേ​ബാ​ക്. അ​തി​ലൂ​ടെ​യാ​ണു വാ​സ്ത​വ​ത്തി​ൽ ഞാ​ൻ പി​ന്ന​ണി​ഗാ​യ​ക​നാ​യ​ത്, 2001 ൽ. മോഹൻ സിത്താര യായിരുന്നു സംഗീത സംവിധായകൻ. ​അ​തി​നു​മു​ന്പു സി​നി​മ​ക​ളു​ടെ ഓ​ഡി​യോ​യി​ൽ മാ​ത്ര​മേ എ​ന്‍റെ പാ​ട്ടു​ക​ൾ വ​ന്നി​ട്ടു​ള്ളൂ. സി​നി​മാ​രം​ഗ​ത്തേ​ക്കു വ​ന്നോ എ​ന്നു ചോ​ദി​ച്ചാ​ൽ വ​ന്നു. ടീ​മി​ലു​ണ്ടോ എ​ന്നു ചോ​ദി​ച്ചാ​ൽ ഉ​ണ്ട്. ക​ളി​ക്കു​ന്നു​ണ്ടോ എ​ന്നു ചോ​ദി​ച്ചാ​ൽ ഇ​ല്ല. അ​താ​യി​രു​ന്നു ആ ​മു​ന്നു വ​ർ​ഷം എ​ന്‍റെ അ​വ​സ്ഥ. റി​സ​ർ​വ് ബ​ഞ്ചി​ലാ​യി​രു​ന്നു മൂ​ന്നു വ​ർ​ഷം.

അ​തു ക​ഴി​ഞ്ഞ് വി​ന​യ​ൻ സാ​റാ​ണ് എ​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ടീ​മി​ലേ​ക്ക് എ​ടു​ത്ത​ത്. വി​ന​യ​ൻ സാ​റി​നെ​പ്പോ​ലെ പു​തി​യ ആ​ളു​ക​ളെ സി​നി​മ​യി​ലേ​ക്കു കൊ​ണ്ടു​വ​ന്നി​ട്ടു​ള്ള മ​റ്റൊ​രു ഡ​യ​റ​ക്ട​റി​ല്ല. എ​നി​ക്കും സി​താ​ര​യ്ക്കു​മൊ​ക്കെ ആ​ദ്യ​ത്തെ അ​വ​സ​രം കൊ​ടു​ത്ത​ത് അ​ദ്ദേ​ഹ​മാ​ണ്. മോ​ഹ​ൻ സി​ത്താ​ര, എം.​ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ​യൊ​ക്കെ ആ​ദ്യ​കാ​ല​ത്തെ എ​ല്ലാ ഹി​റ്റ് പാ​ട്ടു​ക​ളും വി​ന​യ​ൻ സാ​റി​ന്‍റെ സി​നി​മ​ക​ളി​ലെ​യാ​യി​രു​ന്നു. ഉൗ​മ​പ്പെ​ണ്ണി​ന് ഉ​രി​യാ​ടാ​പ്പ​യ്യ​ൻ, കാ​ട്ടു​ചെ​ന്പ​കം, വെ​ള്ളി​ന​ക്ഷ​ത്രം, അ​ദ്ഭു​ത​ദ്വീ​പ്, മീ​ര​യു​ടെ ദു​ഖ​വും മു​ത്തു​വി​ന്‍റെ സ്വ​പ്ന​വും...​എ​ന്‍റെ ആ​ദ്യ​ത്തെ നാ​ല​ഞ്ചു സി​നി​മ​ക​ൾ വി​ന​യ​ൻ​സാ​റി​ന്‍റെ സി​നി​മ​ക​ളാ​ണ്.വി​ന​യ​ൻ സാ​റി​ന്‍റെ സി​നി​മ​യ്ക്കു​ശേ​ഷ​വും എ​നി​ക്കു സി​നി​മ​യി​ൽ വ​ലി​യ ഗ്യാ​പ്പാ​യി​രു​ന്നു. 2003 നു​ശേ​ഷം 2008 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ എ​നി​ക്കു സി​നി​മ​ക​ൾ തീ​രെ​യു​ണ്ടാ​യി​രു​ന്നി​ല്ല. സ്റ്റേ​ജ് ഷോ​യും ഏ​ഷ്യാ​നെ​റ്റി​ൽ സം​ഗീ​ത​പ​രി​പാ​ടി​യു​ടെ ആങ്ക​റിം​ഗു​മാ​യി മു​ന്നോ​ട്ടു​പോ​യി. അ​പ്പോ​ഴാ​ണ് ജ​യ​ൻ ചേ​ട്ട​ൻ എ​ന്നെ കൈ​പി​ടി​ച്ച് ഒ​രു പ​ടി​യി​ൽ നി​ന്നു മു​ക​ളി​ല​ത്തെ പ​ടി​യി​ലേ​ക്കു ക​യ​റ്റു​ന്ന​ത്. അ​ങ്ങ​നെ​യാ​ണ് ക​രി​യ​ർ ബ്രേ​ക്കിം​ഗ് ഹി​റ്റ് എ​ന്നു പ​റ​യാ​വു​ന്ന മാ​ട​ന്പി​യി​ലെ ‘എ​ന്‍റെ ശാ​രി​കേ’ വ​രു​ന്ന​ത്. അ​തി​നു​ശേ​ഷം ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷം എ​ന്നെ സം​ബ​ന്ധി​ച്ചു തി​രി​ഞ്ഞു​നോ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല. 2012നു​ശേ​ഷ​മാ​ണ് എ​നി​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ സി​നി​മ​ക​ൾ കി​ട്ടി​യ​ത്. എ​ല്ലാ സം​ഗീ​ത സം​വി​ധാ​യ​ക​രു​ടെ​യും ധാ​രാ​ളം പാ​ട്ടു​ക​ൾ പാ​ടാ​നു​ള്ള അ​വ​സ​രം കി​ട്ടി​യി​ട്ടു​ണ്ട്.ശ്രീ​കു​മാ​ര​ൻ ത​ന്പി​സാ​റി​ന്‍റെ രചനയിലുള്ള പാ​ട്ട് പാ​ടാ​നാ​യി എ​ന്ന​താ​ണ് 2018 എ​നി​ക്കു ത​ന്ന മ​റ്റൊ​രു സ​ന്തോ​ഷം. മധുപാലേട്ടന്‍റെ ഒ​രു കു​പ്ര​സി​ദ്ധ പ​യ്യ​നി​ൽ ‘ഒ​രു ക​ണ്ണു​നീ​ർ​ക്ക​ണം, ഒ​രു മ​ന്ദ​ഹാ​സം...’എ​ന്ന പാ​ട്ട്. ഓ​സേ​പ്പ​ച്ച​ൻ സാ​റി​ന്‍റെ സം​ഗീ​തം. അ​ങ്ങ​നെ പ​ല​തു​കൊ​ണ്ടും എ​ന്നെ സം​ബ​ന്ധി​ച്ചു 2018 ക​രി​യ​റി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഒ​രു വ​ർ​ഷ​മാ​യി​ത്തീ​ർ​ന്നി​രി​ക്കു​ന്നു.ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റു​ടെ അ​ന്ന​ത്തെ കാ​ഴ്ച​പ്പാ​ട് എ​ത്ര വലു​താ​യി​രു​ന്നു​വെ​ന്ന് ഞാ​ൻ ഇ​പ്പോ​ഴാ​ണു മ​ന​സി​ലാ​ക്കു​ന്ന​ത്. എ​നി​ക്കും വി​ധു​പ്ര​താ​പി​നും സ്റ്റേ​റ്റ് അ​വാ​ർ​ഡ് കി​ട്ടി. കരിയറിൽ ഒ​രു​പാ​ടു ഹി​റ്റു​ക​ൾ കി​ട്ടി. അ​ന്നു ഞ​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന വി​ജേ​ഷ് ഗോ​പാ​ലാ​ണ് ഇ​പ്പോ​ൾ ലാ​ൽ​ജോ​സി​ന്‍റെ ‘തട്ടും പുറത്ത് അച്യുതൻ’ എന്ന സി​നി​മ​യി​ൽ ‘മു​ത്തു​മ​ണി രാ​ധേ..’ എ​ന്ന പാ​ട്ടു​പാ​ടി​യ​ത്. വി​ജേ​ഷി​നും ഒ​രു ഹി​റ്റ് ഇ​പ്പോ​ൾ കി​ട്ടി​യി​രി​ക്കു​ക​യാ​ണ്. ഇ​തേ ചി​ത്ര​ത്തി​ൽ ഞാ​നും ഒ​രു പാ​ട്ടു പാ​ടി​യി​ട്ടു​ണ്ട്. ദേ​വ​രാ​ജ​ൻ മാ​സ്റ്റ​ർ ന​മ്മെ വി​ട്ടു​പോ​യി​ട്ടു 12 കൊ​ല്ലം ക​ഴി​ഞ്ഞു​വെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ അനുഗ്രഹമാണ് ഇപ്പോൾ ഞങ്ങൾക്കു കി​ട്ടു​ന്ന​ അവസരങ്ങൾ.

ദേവരാജൻ മാസ്റ്റർ, ദക്ഷിണാമൂർത്തി സ്വാമി ഉൾപ്പെടെയുള്ള സംഗീതസംവിധായകരുടെ സംഗീതത്തിൽ പാടിയിട്ടുണ്ടല്ലോ; അതൊരു ഭാഗ്യമല്ലേ...?

അതേ, തീർച്ചയായും അതൊരു വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. ദേവരാജൻ മാസ്റ്റർ, ദക്ഷിണാമൂർത്തി സ്വാമി, എം.കെ.അർജുനൻ മാസ്റ്റർ എന്നിവർക്കുവേണ്ടി പാടാനുള്ള ഭാഗ്യം എനിക്കു കിട്ടിയിട്ടുണ്ട്. അതോടൊപ്പം രവീന്ദ്രൻ മാസ്റ്റർ, ജോൺസൺ മാസ്റ്റർ, ജെറി അമൽദേവ് സാർ.. ഇവർക്കെല്ലാം വേണ്ടിയും സിനിമകളിലും മറ്റ് ആൽബങ്ങളിലുമൊക്കെ പാടാനുള്ള അവസരം കിട്ടിയിട്ടുണ്ട്. കൂടാതെ, സീനിയറായിട്ടുള്ള വിദ്യാധരൻ മാസ്റ്റർ, സോമശേഖരൻ സാർ, ടി.എസ്. രാധാകൃഷ്ണൻ തുടങ്ങിയവർക്കു വേണ്ടിയും സിനിമകളിലും ആൽബങ്ങളിലും പാടാനുള്ള അവസരം കിട്ടിയിട്ടുണ്ട്.ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റു​ടെ സ്കൂ​ളി​ൽ നി​ന്നു വ​ന്ന​തി​നാ​ൽ പു​തി​യ കാ​ല​ത്തി​ന്‍റെ ആ​ലാ​പ​ന​രീ​തി​ക​ളോ​ട് പ​ഴ​യ പാ​ട്ടു​ക​ൾ പാ​ടി​പ്പ​ഠി​ച്ചു വ​ന്നയാൾ എ​ന്ന നി​ല​യി​ൽ എ​ങ്ങ​നെ പൊ​രു​ത്ത​പ്പെ​ടു​ന്നു....?

ഇ​പ്പോ​ഴ​ത്തെ​ സം​ഗീ​തം, സം​ഗീ​ത​രീ​തി​ക​ൾ എന്നിവയുമായി എ​ങ്ങ​നെ പൊ​രു​ത്ത​പ്പെ​ടു​ന്നു​വെ​ന്ന് പ​ല​രും ചോ​ദി​ക്കാ​റു​ണ്ട്. യേ​ശു​ദാ​സ് സാ​റി​നെ​ത്ത​ന്നെ നോ​ക്കൂ. ക​ഴി​ഞ്ഞ അ​റു​പ​തു​വ​ർ​ഷ​മാ​യി അദ്ദേഹം ഒ​രോ പ​ത്തു വ​ർ​ഷം ക​ഴി​യു​ന്പോ​ഴും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ലാ​പ​ന​ശൈ​ലി​യി​ൽ വ്യ​ത്യാ​സ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്. എ​നി​ക്ക് യേ​ശു​ദാ​സ് സാ​ർ ഗു​രു​നാ​ഥ​നാ​ണ്. ഈ ​ഓ​രോ കാ​ല​ഘ​ട്ട​ത്തി​ലെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ട്ടു​ക​ളിലെ വ്യ​ത്യാ​സം എ​ന്തെ​ന്നു മ​ന​സി​ലാ​ക്കി പ​ഠി​ക്കാ​ൻ ഞാൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ഴും ഞാ​ൻ ഏ​റ്റ​വും കൂ​ടു​ത​ൽ ഫോ​ളോ ചെ​യ്യു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശൈ​ലി​യാ​ണ്.

ഒപ്പം, പഴയ കാലത്തെയും പുതിയ കാലത്തെയും എല്ലാ പ്രഗല്ഭരായ പാട്ടുകാരുടെയും ആലാപന ശൈലികൾ മനസിലാക്കുവാൻ ഞാൻ ശ്രമിക്കാറുണ്ട്. പ​ക്ഷേ, ഓ​രോ പാ​ട്ടു പാ​ടു​ന്പൊ​ഴും ഇ​തു ഞാ​നാ​ണു പാ​ടി​യ​തെ​ന്ന് ആ​ളു​ക​ൾ തി​രി​ച്ച​റി​യ​ണ​മെ​ന്നു​ള്ള ആ​ഗ്ര​ഹം​കൊ​ണ്ട് ഞാ​ൻ ഒ​രി​ക്ക​ലും എ​ന്‍റേതാ​യ പാ​ട്ടു​ക​ളി​ൽ അ​നു​ക​ര​ണ​ത്തി​നു ശ്ര​മി​ച്ചി​ട്ടു​മി​ല്ല. വേ​ദി​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ട്ടു​ക​ൾ പാ​ടു​ന്പോ​ൾ അ​തു​പോ​ലെ പാ​ടാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ഗാ​ന​മേ​ള​രം​ഗ​ത്തു​നി​ന്നു വ​രു​ന്ന പ​ല പാ​ട്ടു​കാ​രും നേ​രി​ടു​ന്ന ഒ​രു വി​മ​ർ​ശ​നം ഞാ​നും ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ നേ​രി​ട്ടി​ട്ടു​ണ്ട്. ഇ​പ്പോ​ൾ എ​ന്‍റേതാ​യ പാ​ട്ടെ​ന്നു​ള്ള രീ​തി​യി​ൽ ആ​ളു​ക​ൾ എ​ന്‍റെ ശബ്ദം തി​രി​ച്ച​റി​യു​ന്ന​തി​ൽ എ​നി​ക്കു സ​ന്തോ​ഷ​വു​മു​ണ്ട്.വീ​ട്ടു​വി​ശേ​ഷ​ങ്ങ​ൾ...?

എ​റ​ണാ​കു​ളം ഇടപ്പള്ളിയിലാണു താ​മ​സം. ഭാ​ര്യ ക​ലാ​മ​ണ്ഡ​ലം സോ​ഫി​യ ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ​റാ​ണ്. സോഫിയുടേതും കലാകുടുംബമാണ്. കെ.​പി. കു​മാ​ര​ന്‍റെ ‘തോ​റ്റം’ എ​ന്ന സി​നി​മ​യി​ൽ ഹീ​റോ​യി​നാ​യി​രു​ന്നു. ശ്രീ​കു​മാ​ര​ൻ ത​ന്പി സാ​റി​ന്‍റെ ‘ബ​ന്ധു​വാ​ര് ശ​ത്രു​വാ​ര്’ എ​ന്ന സീ​രി​യ​ലി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു. എ​റ​ണാ​കു​ളം പാ​ടി​വ​ട്ട​ത്ത് നൃത്തവിദ്യാലയം നടത്തുന്നു. വേദികളിലും സജീവമാണ്. ഭരതനാട്യവും ക​ലാ​മ​ണ്ഡ​ല​ത്തി​ന്‍റെ നൃ​ത്ത​പ​ദ്ധ​തി ‘ശ​ത​മോ​ഹ​ന​’ത്തി​ന്‍റെ ഭാ​ഗ​മാ​യി മോഹിനിയാട്ടവും അവതരിപ്പിച്ചുവരുന്നു. മ​ക്ക​ൾ - മി​ൻ​സാ​ര, നീ​ഹാ​ര.

ടി.​ജി.​ബൈ​ജു​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.