കൊച്ചി: വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് ഹൈക്കോടതിയിൽ തിരിച്ചടി. കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഉത്തരവിന് സ്റ്റേ ഇല്ല. കവരത്തി കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.
അതേസമയം, പത്തുവർഷത്തെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. ജസ്റ്റീസ് നഗരേഷ് അധ്യക്ഷനായ ബെഞ്ചാണ് മുഹമ്മദ് ഫൈസൽ അടക്കം നാലുപേരുടെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തത്.
നേരത്തെ, മുഹമ്മദ് ഫൈസൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സസ്പെൻഡ് ചെയ്ത ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതിക്ക് പിഴവുപറ്റിയെന്നു ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി ആറാഴ്ചയ്ക്കകം കേസ് വീണ്ടും പരിഗണിക്കാൻ നിർദേശിക്കുകയായിരുന്നു.
കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി നിലനില്ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ മുഹമ്മദ് ഫൈസലിന്‍റെ എംപി സ്ഥാനം വീണ്ടും അനിശ്ചിതത്വത്തിലായി. ഫൈസലിന് അയോഗ്യത നേരിടേണ്ടിവരുമെന്നാണ് നിയമവിദഗ്ധർ സൂചിപ്പിക്കുന്നത്.
മുൻ കേന്ദ്രമന്ത്രി പി.എം. സയീദിന്‍റെ മരുമകൻ മുഹമ്മദ് സാലിയയെ വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് മുഹമ്മദ് ഫൈസലും മറ്റു മൂന്നുപേരും കുറ്റക്കാരാണെന്ന് കവരത്തി സെഷൻസ് കോടതി കണ്ടെത്തിയത്. ഇവർക്ക് പത്തുവർഷം തടവുശിക്ഷയും വിധിച്ചിരുന്നു.