റായ്പുർ: ഛത്തീസ്ഗഡിലെ ദുർഗ് ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകൾ ജയിൽ മോചിതരായി. അറസ്റ്റിലായി ഒൻപതാം ദിനമാണ് കണ്ണൂർ തലശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗം സിസ്റ്റർ പ്രീതി മേരി എന്നിവർ മോചിതരായത്.
ചാണ്ടി ഉമ്മൻ എംഎൽഎ, റോജി എം. ജോൺ എംഎൽഎ, അൻവർ സാദത്ത് എംഎൽഎ, ജോൺ ബ്രിട്ടാസ് എംപി, ജോസ് കെ. മാണി എംപി, ഷോൺ ജോർജ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയ നേതാക്കൾ ജയിലിന് പുറത്തെത്തി കന്യാസ്ത്രീമാരെ സ്വീകരിച്ചു.
അറസ്റ്റിലായ കന്യാസ്ത്രീകൾക്കെതിരെ തെളിവില്ലെന്ന എൻഐഎ കോടതിയുടെ കണ്ടെത്തലിനെ തുടർന്നാണ് ജാമ്യം അനുവദിച്ചത്.
മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾക്കു തെളിവു കണ്ടെത്താത്തതിനാൽ ജാമ്യം അനുവദിക്കുന്നുവെന്നാണ് ഛത്തിസ്ഗഡിലെ ബിലാസ്പുരിലുള്ള എൻഐഎ കോടതി ജഡ്ജി സിറാജുദ്ദീൻ ഖുറേഷി വിധിപ്പകർപ്പിൽ വ്യക്തമാക്കി.
പെൺകുട്ടികൾ സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും നിർബന്ധിത മതപരിവർത്തനം ഉണ്ടായിട്ടില്ലെന്നും വിധിപ്പകർപ്പിൽ പറയുന്നു. വിധിപ്പകർപ്പിന്റെ ആദ്യ ഭാഗത്ത് ഇരുകൂട്ടരുടെയും വാദം ചേർത്തിട്ടുണ്ട്.
അന്വേഷണത്തോട് സഹകരിക്കണം, പാസ്പോർട്ട് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട രേഖകൾ ഹാജരാക്കണം, രാജ്യം വിടരുത്, രണ്ടാഴ്ച കൂടുമ്പോൾ ഹാജരാകണം. 50,000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ആൾ ജാമ്യം, മാധ്യമങ്ങളോടു സംസാരിക്കരുത്, കേസുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം അരുത്. അന്വേഷണ ഉദ്യോഗസ്ഥർ എപ്പോൾ വിളിച്ചാലും ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
കുറ്റം ചെയ്തുവെന്നതിലല്ല, കുറ്റം ചെയ്തുവെന്ന സംശയത്തിലാണ് അറസ്റ്റ്. ആരോപണം നേരിടുന്ന യുവതികൾ ക്രിസ്ത്യാനികളാണെന്നും അതുകൊണ്ടുതന്നെ നിർബന്ധിത മതപരിവർത്തനം എന്നത് പറയാനാകില്ലെന്നും കോടതി പറഞ്ഞു.