കൊച്ചി: പാലിയേക്കരയിൽ തിങ്കളാഴ്ച മുതല്‍ വ്യവസ്ഥകളോടെ ടോൾ പിരിവ് പുനരാരംഭിക്കാമെന്ന് നിർദേശം നൽകി ഹൈക്കോടതി. തിങ്കളാഴ്ച കോടതി ഉത്തരവ് പുറത്തിറക്കും. ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി. മേനോൻ എന്നിവരുടെ ബെഞ്ചിന്റെയാണ് തീരുമാനം.
പാലിയേക്കരയിൽ ടോൾ നിരക്ക് പരിഷ്കരിച്ചതു സംബന്ധിച്ച രേഖകൾ ഹാജരാക്കാനും കോടതി നിർദേശിച്ചു. അതേസമയം, പുതുക്കിയ ടോൾ ആയിരിക്കുമോ ഇനി മുതൽ ഈടാക്കുക എന്നത് ഹൈക്കോടതിയുടെ ഉത്തരവിനു ശേഷമേ വ്യക്തമാകൂ.
ടോള്‍ നിലവിലിരുന്ന സമയത്ത് അഭിമുഖീകരിച്ചിരുന്ന ഗതാഗതക്കുരുക്കുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള വ്യവസ്ഥകളായിരിക്കും കോടതി മുന്നോട്ടുവയ്ക്കുന്നത് എന്നാണ് വിവരം.
റോഡുകളുടെ അറ്റകുറ്റപ്പണികളും അടിപ്പാതകളുടെ നിര്‍മാണവും ത്വരിതഗതിയില്‍ നടപ്പിലാക്കാനുള്ള വ്യവസ്ഥകള്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടായേക്കും. മോണിറ്ററിംഗ് കമ്മിറ്റിയെ നിയമിക്കാനുള്ള തീരുമാനവും ഉണ്ടായേക്കും.
മുന്നൂറ് തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാണെന്നും ടോൾ പിരിക്കാനുള്ള ഉത്തവരവ് അടിയന്തരമായി നല്‍കണമെന്നും വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ മൂലം ഗതാഗത കുരുക്കുണ്ടാകുന്നതിനാൽ ഓഗസ്റ്റ് ആറു മുതൽ പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു.