കാരുണ്യത്തിന്റെ വഴികളിലൂടെ മറിയാമ്മയുടെ ആംബുലന്‍സ്
Sunday, March 8, 2020 1:00 PM IST
ആംബുലൻസിന്റെ സൈറൺ കാതിൽ മുഴങ്ങുന്പോഴേ ഒതുങ്ങിക്കൊടുക്കുന്നവർ അടുത്തതായി നോക്കുന്നത് ആരാണു ചീറിപ്പായുന്ന ആംബുലൻസിന്റെ വളയം പിടിക്കുന്നതെന്നാവും. ആ സീറ്റിൽ ഒരു വനിതയെ ആരും പ്രതീക്ഷിക്കാറില്ല... എന്നാൽ, ആ ചരിത്രം തിരുത്തിയെഴുതി കുതിക്കുകയാണ് മറിയാമ്മ ബാബു എന്ന ആംബുൻസ് ഡ്രൈവർ.
കോഴിക്കോട് തിരുവമ്പാടി ലിസ പാലിയേറ്റീവ് കെയറിലെ ആംബുലന്‍സ് ഓടിക്കുന്ന മറിയാമ്മ ആംബുലൻസിന്റെ ഡ്രൈവിംഗ് സീറ്റിൽ കയറിയിട്ട് എട്ടു വര്‍ഷം. ആൾ നിസാരക്കാരിയല്ല, എംഎസ്ഡബ്ല്യു ബിരുദധാരിയും സാമൂഹിക പ്രവര്‍ത്തകയും പരിശീലകയുമാണ്.
ലിസ പാലിയേറ്റീവ് കെയറിന്റെ വോളണ്ടിയര്‍ സര്‍വീസില്‍ സജീവമായിരുന്ന മറിയാമ്മ ഡ്രൈവർമാരെ കിട്ടാതെ വന്നതോടെയാണ് എട്ടുവര്‍ഷം മുമ്പ് ആംബുലന്‍സിന്റെ വളയം പിടിക്കാന്‍ തീരുമാനിച്ചത്.
പൂര്‍ണമായും സൗജന്യമായാണ് മറിയാമ്മ ഡ്രൈവിംഗ് സേവനമെന്നതാണു ശ്രദ്ധേയം. 24 വര്‍ഷം മുന്‍പു തന്നെ ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കിയ മറിയാമ്മ വലിയ വാഹനങ്ങള്‍ ഓടിക്കാനുള്ള ബാഡ്ജും നേടിയിട്ടുണ്ട്. ഹെവി ലൈസന്‍സ് എടുക്കാനുള്ള ഒരുക്കത്തിലുമാണ്.
ലിസ പാലിയേറ്റീവ് കെയറിന്റെ വൈസ് പ്രസിഡന്റ് കൂടിയായ മറിയാമ്മ സ്കൂളുകളിലും സ്ത്രീകളുടെ ഗ്രൂപ്പുകളിലും പരിശീലന ക്ലാസുകളും കൗണ്‍സിലിംഗും നടത്തിവരുന്നു. ഭര്‍ത്താവ് തിരുവമ്പാടി മതിച്ചുപറമ്പില് ബാബു ജോസഫും മാനേജ്മെന്റ് പരിശീലകനാണ്.
സിജോ പൈനാടത്ത്