അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ സൈക്കിളില്‍ നിന്നു വീഴുന്നൊരു വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. അമേരിക്കയിലെ ദെലാവറിലുള്ള രെഹോബൊത്ത് ബീച്ചിന് സമീപത്ത് വച്ചായിരുന്നു സംഭവം.

കുറച്ചാളുകള്‍ക്കൊപ്പം സൈക്കിള്‍ ചവിട്ടി എത്തിയ ബൈഡന്‍ യാത്ര നിറുത്തിയതിന് ശേഷമാണ് വീഴുന്നത്. അദ്ദേഹത്തിന്‍റെ വലതു പാദത്തിലെ ഷൂ സൈക്കിളിന്‍റെ പെഡലില്‍ കുടുങ്ങി ബാലന്‍സ് നഷ്ടപ്പെടുകയായിരുന്നു.

ഈ സംഭവ വികാസങ്ങളൊക്കെ ഒരാള്‍ കാമറയില്‍ പകര്‍ത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഈ വീഴ്ച ഇന്‍റര്‍നെറ്റ് ലോകം ഏറ്റെടുത്തുകഴിഞ്ഞു. 79 വയസുള്ള അദ്ദേഹത്തിന്‍റെ വീഴ്ചയെ കളിയാക്കുന്നത് ശരിയല്ലെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. ഏതായാലും അപകടത്തില്‍ അദ്ദേഹത്തിന് വലിയ പരിക്കുകള്‍ ഉണ്ടായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.