സമൂഹ മാധ്യമങ്ങളില്‍ താരമായി "വന്നേ' സാന്‍ഗി; മിസോറമിലെ ഏറ്റവും പ്രായംകുറഞ്ഞ എംഎല്‍എ
Wednesday, December 6, 2023 2:39 PM IST
കഴിഞ്ഞദിവസമായിരുന്നല്ലൊ മിസോറം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നത്. ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടിനെ തറപറ്റിച്ച് സോറം പീപ്പിള്‍സ് മൂവ്മെന്റ് അധികാരത്തിലെത്തിയിരുന്നു.
വിജയത്തിന്റെ ശില്പി ലാല്‍ഡുഹോമ എന്ന സെഡ്പിഎം നേതാവായിരുന്നു. നിരവധിപേര്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയുമുണ്ടായി. എന്നാല്‍ മിസോറാമിലെ ഒരു വനിതാ എംഎല്‍എ ആണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്.
ബാരില്‍ വന്നേസാന്ഗി എന്ന 32 കാരിയാണിത്. ബാരില്‍ അവിടുത്തെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ ആണ്. മിസോറാം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐസ്വാള്‍ സൗത്ത്-III മണ്ഡലത്തില്‍ നിന്നാണ് ബാരില്‍ വന്നേസാന്ഗി വിജയിച്ചത്.
മിസോറാം അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് സ്ത്രീകളില്‍ ഒരാളായ ബാരില്‍ വന്നേസാന്ഗി വീഡിയോ ജോക്കി താരം കൂടിയാണ്. മാത്രമല്ല ഇന്‍സ്റ്റഗ്രാമിലും ഏറെ സജീവവുമാണ്. 252 കെ ഫോളോവേഴ്സ് വന്നേയ്ക്കുണ്ട്.
ഷില്ലോങ്ങിലെ നോര്‍ത്ത് ഈസ്റ്റേണ്‍ ഹില്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ആര്‍ട്സില്‍ അവര്‍ മാസ്റ്റേഴ്സ് നേടിയിട്ടുണ്ട്. മുമ്പ് ഐസ്വാള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ അംഗവുമായിരുന്നു.
എന്തായാലും താരത്തെ മന്ത്രിയാക്കുമോ എന്ന ആകാംക്ഷയിലാണ് സൈബര്‍ ലോകം ഇപ്പോൾ.