സമൂഹ മാധ്യമങ്ങളുടെ വരവോടെ മിക്ക അനാസ്ഥകളും തെളിവ് സഹിതം പുറത്തെത്തുന്ന സാഹചര്യമാണുള്ളത്. ഒരുതരത്തില്‍ അധികാരികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പേടി സ്വപ്നമാകാന്‍ സോഷ്യല്‍ മീഡിയയ്ക്കായിട്ടുണ്ട്.

എന്നാല്‍ എത്രയേറെ ഇടപെടലുകളുണ്ടായാലും ചിലര്‍ക്ക് മാറ്റം ഉണ്ടാകില്ല എന്നതാണ് വാസ്തവം.

അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ കൗസ്തൂവ് റായ് എന്നയാള്‍ പങ്കുവച്ച വീഡിയോയില്‍ മധ്യപ്രദേശിലെ ഒരു ആശുപത്രിയുടെ ദൃശ്യങ്ങളാണുള്ളത്. വീഡിയോയില്‍ രാജ്ഗഡിലുള്ള ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിന്‍റെ (ഐസിയു) വാര്‍ഡിനുള്ളില്‍ ഒരു പശു സ്വതന്ത്രമായി വിഹരിക്കുകയാണ്.

തുറന്നുകിടക്കുന്ന വാതിലിലൂടെ അകത്ത് കടന്ന പശുവിനെ ആരും തന്നെ തടയുന്നില്ല. വൈറലായി മാറിയ വീഡിയോയ്ക്ക് നിരവധിപേര്‍ വിമര്‍ശനവുമായി എത്തി.

സംഭവം വിവാദമായതോടെ വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തി. ഇത് പഴയ കൊവിഡ് ഐസിയു വാര്‍ഡാണെന്നും നിലവില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും സിവില്‍ സര്‍ജന്‍ ജില്ലാ ആശുപത്രിയിലെ ഡോ രാജേന്ദ്ര കതാരിയ പറഞ്ഞു.

ഏതായാലും വിഷയത്തില്‍ വാര്‍ഡ് ബോയ്ക്കെതിരെയും സെക്യൂരിറ്റി ഗാര്‍ഡിനെതിരെയും നടപടിയെടുത്തിട്ടുണ്ട്.