ആനയ്ക്കൊപ്പം സെൽഫിയെടുക്കാൻ മകളെയുംകൊണ്ട് കമ്പിവേലി കടന്ന് യുവാവ്; പിന്നെ സംഭവിച്ചത്...
Thursday, March 25, 2021 2:33 PM IST
സാൻ ഡീഗോ മൃഗശാലയിലെ മൃഗങ്ങളെയൊക്കെ ഒന്നു കാണണം. ആഫ്രിക്കൻ ആനയ്ക്കൊപ്പം ഒരു സെൽഫി എടുക്കണം ഈ ലക്ഷ്യത്തോടെയാണ് ജോസ് നവരെറ്റ് തൊട്ടിലിലുള്ള തന്റെ രണ്ടു വയസുകാരി മകളെയുംകൊണ്ട് എത്തിയത്.
പക്ഷേ, എത്തിയതേ ജോസിന് ഓർമയുള്ളു. പിന്നീടു നടന്നതു ആരെയും വിറപ്പിക്കുന്ന ഒരു വീഡിയോ ദൃശ്യമായി പുറത്തു വന്നിരിക്കുകയാണ്. വെറുമൊരു വീഡിയോയല്ല അത്. ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണതിലുള്ളത്. നവരെറ്റ് മകളെയുംകൊണ്ട് ഫോട്ടോ എടുക്കാൻ ഇത്തിരി സാഹസം കാണിച്ചതാണ് വിനയായത്.
സാഹസത്തിന്റെ വില
കാഴ്ചക്കാർക്കു നിശ്ചയിച്ചിട്ടുള്ള വേലിയും കടന്നു അകത്തുകയറി നവരെറ്റ് ആനയെ പശ്ചാത്തലത്തിലാക്കി മകളെയും ചേർത്തു സെൽഫി എടുക്കാനാണ് ഒരുങ്ങിയത്. എന്നാൽ, തന്റെ അധികാര പരിധിയിലേക്കു കടന്നുകയറിയവരെ അങ്ങനെ വെറുതെ വിടാൻ ആഫ്രിക്കൻ ആന തയാറല്ലായിരുന്നു.
സെൽഫി എടുക്കുന്ന തിരിക്കിനിടയിൽ ആനയുടെ ഭാവം മാറുന്നതും തങ്ങളുടെ അടുത്തേക്കു കുതിക്കുന്നതും അയാൾ ആദ്യം മനസിലാക്കിയില്ല. കാഴ്ചക്കാരായെത്തിവർ ആന പഞ്ഞുവരുന്നതു കണ്ടു ബഹളം വച്ചതോടെയാണ് നവരറ്റ് അപകടം മണത്തത്. അടുത്ത നിമിഷം കുട്ടിയെ വാരിയെടുത്തു കന്പിവേലിക്ക് അരികിലേക്കു കുതിച്ചു. ഒട്ടും വിട്ടുകൊടുക്കാതെ ആന ചീറിക്കൊണ്ടു പിറകെ.
അച്ഛനും മകളും രക്ഷപ്പെടുകയാണെന്നു തോന്നിയ നിമിഷമാണ് ആ അപകടം സംഭവിച്ചത്. കന്പിവേലിക്ക് ഇടയിൽകൂടി പുറത്തേക്കു കടക്കുന്നതിനിടയിൽ നവരെറ്റിന്റെ കൈയിൽനിന്നു മകൾ താഴെ വീണു. ആന അടുത്തേക്കു പാഞ്ഞെത്തിയതും ഒരു വിധത്തിൽ കന്പിവേലിക്ക് ഇടയിൽകൂടി മകളെ പുറത്തേക്കു വലിച്ചെടുത്തു ഇരുവരും ജീവൻ രക്ഷിച്ചു.
ഇവർ പുറത്തെത്തിക്കഴിഞ്ഞ ശേഷവും കലി കയറിയ ആന ചിന്നം വിളിക്കുന്ന ശബ്ദം വിഡിയോയിൽ കേൾക്കാം.
വിലക്കിയിട്ടും
നവരെറ്റ് ആന നിൽക്കുന്ന മതിൽക്കെട്ടിനുള്ളിലേക്ക് എടുത്തു ചാടുന്നതിനു മുന്പ് ഒരു സ്ത്രീ അപകടമാണ് ചാടരുതെന്നു പറയുന്നതായി കേട്ടുവെന്നു ദൃസാക്ഷിയായ ലോറി ഒർട്ടാലെ പറഞ്ഞു. പക്ഷേ, അയാൾ മതിൽക്കെട്ടിനുള്ളിലേക്കു രണ്ടു വയസിനു താഴെ പ്രായമുള്ള കുഞ്ഞിനെയുംകൊണ്ട് ചാടി.
’’ഞങ്ങൾ അദ്ദേഹത്തോടു പുറത്തിറങ്ങാൻ പറഞ്ഞുകൊണ്ടിരുന്നു. ഭാഗ്യംകൊണ്ടാണ് അയാൾക്കും കുഞ്ഞിനും ജീവൻ രക്ഷിക്കാനായത്- മറ്റൊരു സാക്ഷിയായ ജേക്ക് ഒർടേൽ പറഞ്ഞു.
അകത്തേക്കു കയറിയ ഇരുവരെയും ആഫ്രിക്കൻ പെട്ടെന്നുതന്നെ ശ്രദ്ധിച്ചിരുന്നു. അസ്വസ്ഥനായി നിൽക്കുന്ന ആനയ്ക്കു മുന്നിലേക്കാണല്ലോ നവാരെറ്റും കുഞ്ഞും എത്തിപ്പെട്ടതെന്നറിഞ്ഞതോടെ കണ്ടുനിന്നവരെല്ലാം പേടിച്ചു തണുത്തുറഞ്ഞ അവസ്ഥയിലായിരുന്നു.
പിന്നെ കേൾക്കുന്നതു വലിയൊരു അലർച്ച. അതോടൊപ്പം ആന തലയും കൊന്പും വായുവിലുയർത്തി കുലുക്കാനും തുടങ്ങി. എന്തായാലും വേലി ചാടിയ ജോസ് നവരെറ്റിനെ കാത്തിരുന്നതു നിയമക്കുരുക്ക് ആയിരുന്നു.
സംഭവസ്ഥലത്തുനിന്നുതന്നെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കുഞ്ഞിനെ അപകടകരമായ സ്ഥലത്തേക്കു കൊണ്ടു പോയത് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ഒരു ലക്ഷം ഡോളർ പിഴയടച്ചാണ് ഇയാൾ പിന്നീടു ജാമ്യം നേടിയത്. പേടിച്ചു നിലവിളിച്ചിരുന്ന കുഞ്ഞിനെ അമ്മയ്ക്കൊപ്പം വിട്ടയച്ചു.