ഷാജി പാപ്പൻ ഇപ്പോൾ കോടഞ്ചേരിയിൽ ഹീറോയാണ് ഹീറോ. ഇന്നലെ ഉച്ചയ്ക്കായിരുന്നു ഷാജിയെ ഹീറോയാക്കിയ സംഭവങ്ങളുടെ തുടക്കം. നിറയെ വൈക്കോൽ കയറ്റി വന്ന ലോറി നിന്നുകത്തുന്നതു കണ്ടപ്പോൾ നാട്ടുകാർ ഞെട്ടി.

അടുത്ത നിമിഷം അതിനേക്കാൾ ഞെട്ടൽ, വ്യാപാര സ്ഥാപനങ്ങളുടെ അടുത്തു വൈക്കോലുമായി കത്തുന്ന ലോറി ഉപേക്ഷിച്ചു ഡ്രൈവറും ക്ലീനറും ചാടി രക്ഷപ്പെട്ടു. ഇനി എന്തു ചെയ്യണമെന്നറിയാതെ നാട്ടുകാരും ആശങ്കയോടെ വ്യാപാരികളും നിൽക്കുന്പോഴാണ് വൈക്കോൽ ആളിക്കത്തുന്ന ലോറിയിലേക്കു സിനിമയിലെ നായകനെപ്പോലെ ഒരാൾ ചാടിക്കയറിയത്. നാട്ടുകാരുടെ പ്രിയപ്പെട്ട ഷാജി പാപ്പൻ എന്ന ഷാജി വർഗീസ്.

അടുത്ത നിമിഷം ലോറി മുന്നോട്ടെടുത്ത ഷാജി പാപ്പൻ നേരേ സമീപത്തെ ഗ്രൗണ്ടിലേക്ക് തീലോറി ഓടിച്ചുകയറ്റി. അതിനു ശേഷമായിരുന്നു ഷാജി പാപ്പന്‍റെ ശരിക്കുള്ള ഹീറോയിസം. അവിടെ ലോറി ഇട്ടിട്ടു ജീവനും കൊണ്ടു രക്ഷപ്പെടുമെന്നു നാട്ടുകാർ ചിന്തിച്ചിരിക്കെ ഷാജി പാപ്പൻ ലോറി മുന്നോട്ടെടുത്തു.

ഗ്രൗണ്ടിലൂടെ വട്ടം കറക്കി. ഇടയ്ക്കു സഡൻ ബ്രേക്ക് കൊടുത്തു. ഇതിനകം തീ കത്തി കെട്ടു പൊട്ടിയിരുന്ന വൈക്കോൽ കെട്ടുകൾ ഒന്നൊന്നായി ഗ്രൗണ്ടിലേക്കു തെറിച്ചു വീണു. വൈക്കോൽ കെട്ടുകളെല്ലാം താഴെവീണു ലോറി സുരക്ഷിതമാണെന്നു കണ്ട ശേഷമാണ് ഷാജി പാപ്പൻ ലോറിയിൽനിന്നിറങ്ങിയത്.


വൈ​ക്കോ​ൽ ക​യ​റ്റി വ​ന്ന ലോ​റി​ക്കു കോ​ട​ഞ്ചേ​രി അ​ങ്ങാ​ടി​ക്കു സ​മീ​പമാണ് തീപിടിച്ചത്. ക​ർ​ണാ​ട​ക​യി​ൽ​നി​ന്നും വ​ന്ന കെ​എ​ൽ-51-​കെ-3098 ന​മ്പ​ർ ലോ​റി​ക്കാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു തീ ​പി​ടി​ച്ച​ത്. കോ​ട​ഞ്ചേ​രി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു സ​മീ​പം താ​ഴ്ന്നു കി​ട​ക്കു​ന്ന വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി​യാ​യി​രു​ന്നു തീ​പി​ടി​ച്ച​ത്.

തീ​പി​ടി​ച്ച് ഗ്രൗ​ണ്ടി​ൽ വീ​ണ വൈ​ക്കോ​ൽ കെ​ട്ടു​ക​ൾ നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നു തീ​യ​ണ​ച്ചു. ചെ​റു​പ്പു​ള​ശേ​രി സ്വ​ദേ​ശി​ക​ളു​ടെ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. മു​ക്ക​ത്തുനി​ന്നു ഫ​യ​ർ​ഫോ​ഴ്സ് കൂ​ടി എ​ത്തി​യ​തോ​ടെ കാ​ര്യ​ങ്ങ​ൾ വ​രു​തി​യി​ലാ​യി.

കോ​ട​ഞ്ചേ​രി ടൗ​ണി​ലെ വ്യാ​പാ​രി​യും ഡ്രൈ​വ​റു​മാ​ണ് നാ​ട്ടു​കാ​ർ ഷാ​ജി പാ​പ്പ​ൻ എ​ന്ന് വി​ളി​ക്കു​ന്ന ഷാ​ജി വ​ർ​ഗീ​സ്. മു​പ്പ​ത് വ​ർ​ഷ​മാ​യി ഷാ​ജി വർ​ഗീ​സ് ഡ്രൈ​വ​ർ ജോ​ലി ചെ​യ്യാ​ൻ തു​ട​ങ്ങി​യി​ട്ട്.