വിവാഹത്തിന് സമ്മതം നൽകുന്നത് വരനെ മണത്തു നോക്കിയതിനു ശേഷം
Tuesday, March 10, 2020 2:28 PM IST
വരനെ മണത്തു നോക്കിയതിനു ശേഷം വിവാഹത്തിന് സമ്മതം നൽകുകയെന്നു വച്ചാൽ എന്താണ് തോന്നുക. ഗുജറാത്തിലെ ഗാന്ധിനഗറിലെ പിയാജ് എന്ന ഗ്രാമത്തിലാണ് ഇത്തരത്തിൽ ഒരു വിചിത്രമായ രീതിയുള്ളത്.
വരൻ മദ്യപിക്കുമോയെന്ന് കണ്ടെത്താനാണ് ഇത്തരത്തിൽ വരനെ മണത്ത് നോക്കുന്നത്. വധുവിന്റെ അച്ഛൻ, സഹോദരൻ, അമ്മാവൻ തുടങ്ങി ഇരുപത്തഞ്ചോളം വരുന്ന കുടുംബാംഗങ്ങൾക്ക് വരൻ മദ്യപിക്കില്ലെന്ന് ഉറപ്പായെങ്കിൽ മാത്രമാണ് വിവാഹനിശ്ചയം നടക്കുന്നത്.
ഗുജറാത്ത് ഗാന്ധിനഗറിലെ ഗ്രാമങ്ങളിൽ ഈ രീതി തുടങ്ങിയിട്ട് അഞ്ച് വർഷം മാത്രമാണ് ആയിട്ടുള്ളത്. 20 വയസിൽ താഴെയുള്ള പതിനഞ്ചോളം യുവാക്കൾ മദ്യത്തിന്റെ അമിത ഉപയോഗം മൂലം ഈ ഗ്രാമത്തിൽ മരണപ്പെട്ടതാണ് ഇത്തരത്തിലൊരു കടുത്ത നിയമം കൊണ്ടുവരാൻ ഈ ഗ്രാമീണരെ പ്രേരിപ്പിച്ചത്. ഈ പ്രദേശത്തെ വിവിധ ഗ്രാമങ്ങളിൽ ചെറുപ്രായം മുതലുള്ള മദ്യപാനം വളരെ കൂടുതലാണ്.
ഇത് അകാലമരണത്തിനും വഴിവെക്കുന്നുണ്ട്. ഇതോടെയാണ് വിവാഹം കഴിക്കണമെങ്കിൽ മദ്യപാനം ഉപേക്ഷിക്കണം എന്ന വ്യവസ്ഥ ഗ്രാമമുഖ്യന്മാർ വയ്ക്കുന്നത്. വിവാഹം ഉറപ്പിച്ച് കഴിഞ്ഞ് വിവാഹ ദിവസവും പരീക്ഷണങ്ങൾ വധുവിന്റെ വീട്ടുകാരുടെ ഭാഗത്തു നിന്ന് വരന് നേരിടേണ്ടി വരും. ഈ ഘട്ടങ്ങളൊക്കെ വിജയിച്ചെങ്കിൽ മാത്രമേ വിവാഹം നടക്കുകയുള്ളൂ.
വധുവിന്റെ വീട്ടുകാരെ കബളിപ്പിച്ച വിവാഹം നടന്നാലും, വിവാഹശേഷം മദ്യപിച്ചതിന് വരൻ പിടിക്കപ്പെട്ടാൽ പെണ്വീട്ടുകാർക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നൽകണം. വിവാഹം നിശ്ചയിച്ച ശേഷം വരനും മാതാപിതാക്കളും മദ്യപിക്കുന്നുണ്ടോ, മദ്യശാലകൾ സന്ദർശിക്കുന്നുണ്ടോ എന്നും വധുവിന്റെ വീട്ടുകാർ ആന്വേഷിക്കും.