സമൂഹ മാധ്യമങ്ങളില്‍ വൈറലാകാന്‍ ആളുകള്‍ പല സാഹസങ്ങളും കാട്ടാറുണ്ട്. ചിലപ്പോള്‍ ജീവന് തന്നെ ഭീഷണിയാകുന്ന വേലത്തരങ്ങള്‍ ചിലര്‍ യാതൊരു കൂസലുമില്ലാതെയാണ് കാട്ടുക.

അപകടങ്ങളുടെ എത്ര ഉദാഹരണങ്ങള്‍ മുന്നില്‍ കണ്ടാലും കുറേയാളുകള്‍ ഇത്തരം ചെയ്തികള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. അത്തരത്തിലൊരു സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറലായിരിക്കുന്നത്.

ഇര്‍ഷാദ് ഖാന്‍ എന്നയാള്‍ തന്‍റെ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ ഒരാള്‍ വൈദ്യുതി കമ്പികളില്‍ തൂങ്ങിയാടുന്ന ദൃശ്യങ്ങളാണുള്ളത്. ഉത്തര്‍പ്രദേശിലെ പിലിഭിത് ജില്ലയിലെ അമരിയ ടൗണിലെ പ്രധാന ചന്തയിലാണ് സംഭവം.

ഒരു യുവാവ് ഉയര്‍ന്ന വോള്‍ട്ടേജ് ഉള്ള വയറുകളില്‍ ചാഞ്ചാടുന്നതും ബാലന്‍സ് ചെയ്യുന്നതും കാണാം. ചന്തയില്‍ വണ്ടിയില്‍ വളകള്‍ വില്‍ക്കുന്ന നൗഷാദ് എന്നയാളാണ് ഈ കടുംകൈ ചെയ്തത്.

ആളുകള്‍ നോക്കി നില്‍ക്കെയാണ് ഇയാളുടെ ഈ സാഹസം. ഏതായാലും നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി യുവാവിനെ താഴെയിറക്കി.

തോരാതെ പെയ്യുന്ന മഴയെ തുടര്‍ന്ന് വൈദ്യുതി വിതരണം നിലച്ചതിനാലാണ് വന്‍ അപകടം ഒഴിവായത്. വീഡിയോ നെറ്റീസണ്‍ ലോകത്ത് ചര്‍ച്ചയായതോടെ നിരവധി പേര്‍ വിമര്‍ശനവുമായി മുന്നോട്ടുവന്നു.

വൈദ്യുതി ലൈനുകള്‍ 11 കെവി ഹൈ ടെന്‍ഷന്‍ യൂണിറ്റാണെന്നാണ് ചിലര്‍ കമന്‍റുകളില്‍ സൂചിപ്പിക്കുന്നത്.