വിമാനത്തില്‍ ചോര്‍ച്ച; വട്ടം കറങ്ങി യാത്രക്കാരും ജീവനക്കാരും
Tuesday, June 14, 2022 3:11 PM IST
വീടിന് എന്തിനേറെ ബസിന് വരെ ചോര്‍ച്ച ഉണ്ടായ സംഭവങ്ങള്‍ നമ്മള്‍ കാണാറുണ്ടല്ലൊ. എന്നാല്‍ കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലുണ്ടായ ഒരു സംഭവം ഇതിനെയൊക്കെ കടത്തിവെട്ടിയ ഒന്നായിരുന്നു. കാരണം ഇവിടെ ചോര്‍ച്ച സംഭവിച്ചത് വിമാനത്തിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. രാത്രി ലണ്ടനിലെ ഹീത്രൂവില്‍ നിന്ന് അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് പ്രശ്നമുണ്ടായത്. വിമാനത്തിനുള്ളിലെ വെള്ളം വരുന്ന പൈപ്പുകളില്‍ ഒന്നിന് ഉണ്ടായ പ്രശ്നമാണ് ഇത്തരത്തില്‍ ചോര്‍ച്ചയുണ്ടാകാന്‍ കാരണമായത്.
തങ്ങളുടെ ദേഹത്തും സീറ്റിലും മറ്റും വെള്ളം വീണതിനാല്‍ യാത്രക്കാര്‍ ക്ഷുഭിതരായി. വിമാനത്തിന്‍റെ ജീവനക്കാര്‍ തുണികളും മറ്റും കൊണ്ട് വെള്ളം വരുന്നത് തടയാന്‍ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. ഒടുവില്‍ യാത്രക്കാര്‍ നനയാത്ത ഇടങ്ങളിലേക്ക് മാറി.
3,000 അടി ഉയരത്തിലുള്ളപ്പോള്‍ സംഭവിച്ച ഈ പ്രശ്നം മറ്റ് അപകടങ്ങള്‍ക്ക് വഴി വെയ്ക്കുമൊ എന്ന് ജീവനക്കാര്‍ ഭയന്നെങ്കിലും പൈലറ്റ് സുരക്ഷിതമായി വിമാനം വാഷിംഗ്ടണില്‍ എത്തിച്ചു. സംഭവത്തില്‍ അധികൃതര്‍ യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ചു.
ഏതായാലും അറ്റ്ലാന്‍റിക് സമുദ്രം സുരക്ഷിതമായി കടന്ന് അമേരിക്കയില്‍ എത്തിയല്ലൊ എന്ന ആശ്വാസത്തിലാണ് യാത്രക്കാര്‍.