കൊക്കിന്റെ കഴുത്തിൽ തൂങ്ങിക്കിടക്കുന്ന "പാമ്പ്'; ഫോട്ടോ സൂം ചെയ്തു നോക്കിയ ഫോട്ടോഗ്രാഫർ ഞെട്ടി!
Monday, November 9, 2020 6:52 PM IST
കടുവയെ പിടിച്ച കിടുവ എന്ന ചൊല്ല് കേട്ടില്ലേ? എതാണ്ട് ആ അവസ്ഥയിലായ ഒരു കൊക്കിന്റെ ചിത്രമാണ് ഇപ്പോൾ ഇന്റർനെറ്റിലെ ചർച്ച. സാം ഡേവിസ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രം പകർത്തിയത്.
കുറുക്കന്മാരുടെയും കഴുകന്മാരുടെയും ചിത്രമെടുക്കുക എന്ന ഉദേശത്തോടെയാണ് സാം അടുത്തുള്ള പാർക്കിൽ പോയത്. പക്ഷെ അവിടെ വച്ച് സാം ഒരു അപൂർവ ദൃശ്യം കണ്ടു. ഒരു കൊക്കിന്റെ കഴുത്തിൽ പാന്പ് ചുറ്റിയിരിക്കുന്നു! അതിനെയുമായി ആ കൊക്ക് പറന്നുപോയി. സാം അതിന്റെയെല്ലാം ചിത്രം പകർത്തി.

വീട്ടിലെത്തി കാമറയിൽ നിന്ന് ചിത്രം എഡിറ്റ് ചെയ്യാനായി കന്പ്യൂട്ടറിലേക്ക് കോപ്പി ചെയ്തപ്പോഴാണ് സാം ആ ഞെട്ടിക്കുന്ന സംഭവം കണ്ടത്. താൻ പകർത്തി ചിത്രത്തിലുള്ളത് പാന്പ് കൊക്കിന്റെ കഴുത്തിൽ ചുറ്റിയതല്ല. കൊക്ക് ഭക്ഷണമാക്കിയ ആരൽ വിഭാഗത്തിൽപ്പെട്ട കടൽമത്സ്യം കൊക്കിന്റെ വയറുകീറി പുറത്തേക്ക് വന്നിരിക്കുന്നതാണ്!
കടൽമത്സ്യമായ ആരൽ കണ്ടാൽ പാന്പിനെപ്പോലെ തോന്നിക്കും. അതിന്റെ രൂപവും നീളവുമാണ് അതിന് കാരണം. ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ ആരൽ അതിന്റെ വാലാണ് ഉപയോഗിക്കുന്നത്.

ശരീരത്തിന്റെ പകുതിയോളം വലാണ്. അഗ്രംകൂർത്ത വാൽ ഉപയോഗിച്ചാണ് ആരൽ കൊക്കിന്റെ വയർ തുളച്ചിരിക്കുന്നത്. ഇത്തരം സംഭവങ്ങൾ അപൂർവമാണെന്നാണ് ഗവേഷകർ പറയുന്നത്. മണ്ണ് തുരക്കാനും മറ്റും ആരൽ മത്സ്യങ്ങൾ അവയുടെ വാൽ ഉപയോഗിക്കാറുണ്ട്.
താൻ പകർത്തിയ ഒരു മോശം ഫോട്ടോയാണിതെന്നാണ് സാം പറയുന്നത്. ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്ത ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്.