ജോലിക്കിടെ ഒന്നുറങ്ങി, കാർഗോ ജോലിക്കാരൻ എത്തിയത് അബുദാബിയിൽ!
Tuesday, December 14, 2021 11:22 PM IST
ജോലിക്കിടയിൽ വിമാനത്തിലെ കാർഗോ കംപാർട്മെന്റിൽ ഉറങ്ങിപ്പോയജീവനക്കാരൻ ചെന്നിറങ്ങിയത് അബുദാബിയിൽ. ഇൻഡിഗോ എയർലൈൻസിന്റെ കാർഗോ വിഭാഗത്തിലെ ചുമട്ടു തൊഴിലാളിയാണ് ഉറങ്ങിപ്പോയത് മൂലം അബുദാബിയിൽ എത്തിപ്പെട്ടത്. മുംബൈ-അബുദാബി ഫ്ലൈറ്റിലെ ജീവനക്കാരനായിരുന്നു ഇദേഹം.
ഞായറാഴ്ച്ച അബുദാബിയിലേക്ക് തിരിച്ച ഫ്ളൈറ്റിലാണ് സംഭവം. ബാഗേജ് ലോഡ് ചെയ്തശേഷം ഇയാൾ അതിന് സമീപം ഇരുന്ന് ഉറങ്ങിപ്പോവുകയായിരുന്നു. കാർഗോയുടെ വാതിൽ അടഞ്ഞുപോയെന്നും വിമാനം ടേക്ക് ഓഫ് ചെയ്തതിന് ശേഷമാണ് ഇയാൾ എഴുന്നേറ്റതെന്നും ഏവിയേഷൻ റെഗുലേറ്റർ ഡി ജി സി എയിലെ ഉദ്യോഗസ്ഥർ അറിയിച്ചു.
അബുദാബിയിൽ ലാൻഡ് ചെയ്തതിന് ശേഷം അധികൃതർ ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും പരിശോധനയ്ക്കുശേഷം അതേ വിമാനത്തിൽ തന്നെ ഇയാളെ യാത്രക്കാരനായി മുംബൈയിലേക്ക് തിരികെ അയക്കുകയും ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഡി ജി സി എ ഉദ്യോഗസ്ഥരും ഇൻഡിഗോ എയർലൈൻസ് അധികൃതരും അറിയിച്ചു.