മൊബൈൽ ഫോൺ വാങ്ങിയാൽ പെട്രോളും നാരങ്ങയും സൗജന്യം!
Saturday, April 23, 2022 9:03 PM IST
സാധനങ്ങൾ വിറ്റഴിക്കാൻ വ്യാപാരികൾ പല ഓഫറുകളും നൽകാറുണ്ട്. വിലക്കുറവ്, സൗജന്യം തുടങ്ങിയ പല ഓഫറുകളാണ് നൽകുക. വരാണസിയിലെ മൊബൈൽ ഷോപ്പ് ഉടമയുടെ ഓഫറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.
ഉപഭോക്താക്കളെ ആകർഷിക്കാൻ രസകരമായ ഓഫറാണ് യാഷ് ജെയ്സ്വാൾ എന്ന മൊബൈൽ ഷോപ്പ് ഉടമ മുന്നോട്ടുവെച്ചിരിക്കുന്നത്. 10,000 രൂപയ്ക്ക് മുകളിലുള്ള മൊബൈൽ ഫോൺ വാങ്ങിയാൽ ഒരു ലിറ്റർ പെട്രോൾ സൗജന്യമായി നൽകുമെന്നാണ് ഇദ്ദേഹത്തിന്റെ ഓഫർ.
മാത്രമല്ല, മൊബൈലിനൊപ്പം മറ്റെന്തെങ്കിലും ആക്സസറീസ് കൂടി വാങ്ങിയാൽ നൂറ് രൂപയുടെ ചെറുനാരങ്ങയും ലഭിക്കും. ഓഫർ പ്രഖ്യാപിച്ചതിനു ശേഷം കടയിലേക്ക് എത്തുന്നവരുടെ എണ്ണം വർധിച്ചതായി ജയ്സ്വാൾ പറയുന്നു.
ഉപഭോക്താക്കൾ കൂടുകയാണെങ്കിൽ പെട്രോളിന്റേയും ചെറുനാരങ്ങയുടേയും വില കുറഞ്ഞാലും ഓഫർ തുടരുമെന്നും അദ്ദേഹം പറയുന്നു. മുമ്പ് 50-60 രൂപയ്ക്ക് ഒരു കിലോ ചെറുനാരങ്ങ കിട്ടിയിരുന്നെങ്കിൽ ഇന്ന് 200-300 രൂപയാണ് കിലോയ്ക്ക് വില.