വൈറലാകാൻ പാന്പിനെ കൂട്ടുപിടിച്ചു; യൂട്യൂബർക്ക് കിട്ടിയത് എട്ടിന്റെ പണി
Tuesday, March 23, 2021 7:14 PM IST
യൂട്യൂബിൽ വളരെ വേഗം കാഴ്ചക്കാരെ കൂട്ടാനുള്ള മാർഗമാണ് മൃഗങ്ങളുമായിട്ടുള്ള വീഡിയോ ചെയ്യുക എന്നത്. അതിൽ കാഴ്ചക്കാർ ഏറെയുള്ളത് പാന്പുകളുമായിട്ടുള്ള വീഡിയോയ്ക്കാണ്. നമ്മുടെ നാട്ടിലും വാവ സുരേഷ് പാന്പു പിടിക്കുന്ന വീഡിയോയ്ക്ക് കാഴ്ചക്കാർ എത്രയാണ്? ഭയത്തോടെ കാണുന്ന പാന്പുകളെ വീഡിയോയിലൂടെ അടുത്തറിയാനാണ് ആളുകളുടെ ശ്രമം.
ഫ്ലോറിഡ സ്വദേശിയായ നിക്ക് ബിഷപ് എന്ന് മുപ്പത്തിരണ്ടുകാരനും ഒരു യൂട്യൂബറാണ്. പാന്പിനെക്കുറിച്ചുള്ള ഒരു വീഡിയോ ചിത്രീകരിക്കുന്നതിനിടെ നിക്കിന് പറ്റിയ അപകടമാണ് ആ വീഡിയോയെ വൈറലാക്കിയത്. ഫ്ലോറിഡയിലെ എവർഗ്ലേഡ് നാഷണൽ പാർക്കിലാണ് സംഭവം നടന്നത്. കൈയിൽ പിടിച്ച് പാമ്പിനെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് കണ്ണിലേക്ക് ആഞ്ഞു കൊത്തിയത്. അതിനു മുൻപും പലതവണ പെരുമ്പാമ്പ് നിക്കിന്റെ കൈകളില്‍ കടിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം.
കാമറയിൽ നോക്കി നിക്ക് സംസാരിക്കുമ്പോഴാണ് പാമ്പ് കണ്ണ് ലക്ഷ്യമാക്കി ആക്രമിച്ചത്. കണ്ണിനുമുകളിൽ പാമ്പ് കടിച്ച ഭാഗത്തു നിന്നും ചോരയൊലിച്ച് മുഖത്തേക്കിറങ്ങുന്നതും വീഡിയോയിൽ കാണാം.
പാന്പ് ആക്രമിക്കുമെന്ന് തനിക്ക് അറിയാമായിരുന്നു. എന്നാൽ തന്റെ കണ്ണാണ് അത് ലക്ഷ്യമാക്കിയിരുന്നതെന്ന് അറിയില്ലായിരുന്നു. - നിക്ക് പറയുന്നു. ബർമീസ് പൈതൺ വിഭാഗത്തിൽ പെട്ട പാമ്പാണ് നിക്കിനെ ആക്രമിച്ചത്. കണ്ണിന്റെ കൃഷ്ണമണിക്ക് കടിയേറ്റില്ലാത്തതിനാൽ ആരോഗ്യത്തിന് കുഴപ്പമൊന്നും സംഭവിച്ചില്ല. ബർമീസ് പൈതൺ വിഭാഗത്തിൽ പെട്ട പാന്പുകൾക്ക് വിഷമില്ല.