പാലാ-മുട്ടം റൂട്ടിലെ നീലൂര്‍ കണ്ടത്തിമാവ് കവലയ്ക്കൊരു വിശേഷണമുണ്ട് "ചൂല് സിറ്റി'. കവലയിലെ കടകളിൽ വില്‍പ്പനയ്ക്ക് പലതരം ചൂലുകളുണ്ട്. നീളന്‍ ചൂല്, കുറ്റിച്ചൂല്, പുല്ച്ചൂല്, ഈര്ക്കിലിച്ചൂല് എന്നിങ്ങനെ നിറത്തിലും വലിപ്പത്തിലും ചൂലുകളുടെ വൈവിധ്യം.
പുത്തന്‍തലമുറ കൈമോശം വരുത്തിയ പൗരാണിക ഉത്പന്നങ്ങളേറെയും ഇവിടത്തെ കടകളിൽ ലഭിക്കും. കുട്ട, വട്ടി, വല്ലം, മുറം, തവി, കോരി, കപ്പി, കടകോല്, മണ്‍കലം, മീന്‍കൂട, മണ്‍ചട്ടി, ഉറി, തൂമ്പാക്കഴ, എലിപ്പെട്ടി, പഞ്ഞിമെത്ത, തലയണ, ശംഖ്... ഇങ്ങനെ നീളുന്നു സാധനങ്ങള്‍.
കയര്‍, ചൂരല്‍, ഒട്ടല്, ഈറ്റ, റബര്‍ എന്നിവകൊണ്ടു നിര്‍മിച്ച കുട്ടകളും വല്ലങ്ങളും വട്ടികളുമുണ്ട്. കാലം പുറത്തേക്കെറിഞ്ഞ അരകല്ലും ഉരലും ആട്ടുകല്ലും ഉലക്കയുമുണ്ട് നീലൂരിലെ കടകളിൽ.
ന്യൂജെന്‍ കാലത്തിനു വേണ്ടാതായ തഴപ്പായയും മെത്തപ്പായയും ചിക്കുപായയുമെല്ലാം ഇവിടെ ലഭിക്കും. കുടംപുളി, വാളന്‍പുളി, വേപ്പിന്‍പിണ്ണാക്ക്, പുളിമ്പൊടി. മഴു, തൂമ്പ, കത്തി, പിച്ചാത്തി, വാക്കത്തി, പുല്ലരുവ, കറിക്കത്തി, ടാപ്പിംഗ് കത്തി തുടങ്ങി കമ്പികിളിക്കൂടും കുരുവിക്കൂടുമൊക്കെ നീലൂരില്‍ സുലഭം.
പണ്ട് വാഗമണ്‍, മേലുകാവ്, പൂഞ്ഞാര്‍ പ്രദേശങ്ങളില്‍നിന്നുള്ള സാധനങ്ങള്‍ നീലൂരില്‍ സുലഭമായിരുന്നു. ഇത്തരം തൊഴിൽ അന്യംനിന്നതോടെ ദൂരെ ഇടങ്ങളില്‍നിന്നാണ് കുട്ടയും വട്ടിയുമൊക്കെ ചൂല് സിറ്റിയില്‍ എത്തുന്നത്. ഇപ്പോഴാവട്ടെ മുറം മുതല്‍ കുട്ട വരെ പ്ലാസ്റ്റിക് നിര്‍മിതമായിരിക്കുന്നു.
നിറമുള്ള പ്ലാസ്റ്റിക് വട്ടംചുറ്റിയ ഈര്‍ക്കിലി ചൂലുകളുടെ നിര്‍മാണം നീലൂര്‍ ചുറ്റുവട്ടത്തിലെ മുന്‍തലമുറക്കാരിൽ സജീവമായിരുന്നു. ഈറ്റ നെയ്ത്ത് ഇവിടെ അന്യംനിന്നു കഴിഞ്ഞു. നീലൂര്‍ കടകളിലെ ഉത്പന്നവൈവിധ്യം പഴമയെ പ്രണയിക്കുന്നവര്‍ക്കു കൗതുകമാകുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.