ന്യൂഡൽഹി: ഉത്തരേന്ത്യയിലെ മിഷൻ പ്രവർത്തനരംഗത്ത് അതിമനോഹരമായ ഒരു സുവർണപുസ്തകം രചിച്ച് ഇറ്റാവാ മിഷൻ സുവർണ ജൂബിലി ആഘോഷം നടത്തപ്പെട്ടു. കുർബാനയോടുകൂടി ആരംഭിച്ച ജൂബിലി ആഘോഷത്തിൽ മുഖ്യകാർമികത്വം ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ നിർവഹിച്ചു.
വചന സന്ദേശം ആഗ്ര അതിരൂപതാ മെത്രാപ്പോലീത്ത മോസ്റ്റ് റവ. ഡോ. റാഫി മഞ്ഞളി നൽകിയപ്പോൾ വിശ്വാസികളുടെ മനസ്സുകളിൽ ആത്മീയ ഉണർവ് നിറഞ്ഞു.
സഹകാർമികരായി ചങ്ങനാശേരി അതിരൂപതാ മുൻ അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം, ആഗ്ര അതിരൂപതയുടെ മുൻ അധ്യക്ഷൻ മോസ്റ്റ് റവ. ഡോ. ആൽബർട്ട് ഡിസൂസ, ഷംഷാബാദ് രൂപതാധ്യക്ഷൻ മാർ പ്രിൻസ് പാണേങ്ങാടൻ, ഷംഷാബാദ് സഹായ മെത്രാൻ മാർ തോമസ് പാടിയത്ത്,
ഗോരക്പൂർ രൂപതാധ്യക്ഷൻ മാർ മാത്യൂ നെല്ലിക്കുന്നേൽ സിഎസ്ടി, ജഗദൽപൂർ രൂപതാധ്യക്ഷൻ മാർ ജോസഫ് കൊല്ലംപറമ്പിൽ, ഉജ്ജയിൻ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വടക്കേൽ എംഎസ്ടി, ഫരീദാബാദ് രൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര,
ജയ്പുർ രൂപതാധ്യക്ഷൻ റൈറ്റ് റവ. ഡോ. ജോസഫ് കല്ലറക്കൽ, മീററ്റ് രൂപതാധ്യക്ഷൻ റൈറ്റ് റവ. ഡോ. ഭാസ്കർ യേസുരാജ്, ലക്നൗ രൂപതാധ്യക്ഷൻ റൈറ്റ് റവ. ഡോ. ജെറാൾഡ് ജോൺ മത്തിയാസ്, ജാൻസി രൂപതാധ്യക്ഷൻ റൈറ്റ് റവ. ഡോ. വിൽഫ്രഡ് മോറസും നൂറിലധികം വൈദികരും കുർബാനയിൽ പങ്കുചേർന്നു.
നൂറ്റമ്പതിൽപരം സന്യസ്തരും ആയിരത്തിൽപരം മിഷനിലെ വിശ്വാസികളും കൃതജ്ഞതയുടെ ബലിയിൽ ഒന്നുചേർന്നു. ജൂബിലിയുടെ ഭാഗമായി മിഷനിലുള്ള 13 കുട്ടികളുടെ ആഘോഷമായ പരിശുദ്ധ കുർബാന സ്വീകരണം നടത്തി.
തുടർന്ന് ദിവംഗതമായ ഫ്രാൻസിസ് മാർപാപ്പയുടെ ആത്മശാന്തിക്കായി അഭിവന്ദ്യ മാർ ജോസഫ് കൊല്ലംപറമ്പിൽ സി.എം.ഐ. മുഖ്യ കാർമ്മികത്വത്തിൽ ഒപ്പീസ് പ്രാർഥനയും നടത്തപ്പെട്ടു.
ഷംഷാബാദ് രൂപതയുടെ സഹായമെത്രാനും ഇറ്റാവാ രാജസ്ഥാൻ റീജിയണിന്റെ പ്രത്യേക ചുമതലയുള്ള മാർ തോമസ് പാടിയത്ത് പിതാവിന്റെ സ്വാഗതഭാഷണത്തോടുകൂടി ജൂബിലി സമാപന സമ്മേളന പരിപാടികൾക്ക് തുടക്കമായി.
സമ്മേളനത്തിന്റെ അധ്യക്ഷപദം അലങ്കരിച്ച ഷംഷാബാദ് രൂപതാധ്യക്ഷൻ മാർ പ്രിൻസ് പാണേങ്ങാടൻ സദസിനെ അഭി സംബോധന ചെയ്ത് സംസാരിച്ചു.
ചങ്ങനാശേരി അതിരൂപതയുടെ മുൻ അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം സമ്മേളനത്തിൽ ഉദ്ഘാടന പ്രസംഗം നടത്തി. മാർ തോമസ് തറയിൽ, മാർ ജോസഫ് പെരുന്തോട്ടം, മോസ്റ്റ് റവ. ഡോ. റാഫി മഞ്ഞളി, മോസ്റ്റ് റവ. ഡോ. ആൽബർട്ട് ഡിസൂസ, മാർ സെബാസ്റ്റ്യൻ വടക്കേൽ,
മാർ പ്രിൻസ് പാണേങ്ങാടൻ, മാർ തോമസ് പാടിയത്ത്, ബ്രഹ്മാനന്ദ് കട്ടേരിയ പിസിഎസ് (എസ്ഡിഎം), സി. പവിത്ര സിഎംസി, സി. റെജിസ് സിഎംസി, ലൗലി, റോമൻ എന്നിവരും ചേർന്ന് തിരി തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു.
സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് വീഡിയോ കോൺഫറൻസിലൂടെ സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും തുടർന്ന് ആഗ്ര അതിരൂപതയുടെ മുൻ അധ്യക്ഷൻ മോസ്റ്റ് റവ. ഡോ. ആൽബർട്ട് ഡിസൂസ, മാർ സെബാസ്റ്റ്യൻ വടക്കേൽ എംഎസ്ടി, ബ്രഹ്മാനന്ദ് കട്ടേരിയ പിസിഎസ് (എസ്ഡിഎം), സി. പവിത്ര സിഎംസി എന്നിവർ ആശംസാ പ്രസംഗം നടത്തി.
പൗരോഹിത്യത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന മിഷണറിമാരായ ഫാ. ജിജു കുളത്തിങ്കൽ, ഫാ. ജിയോ ചേക്കാത്തടത്തിൽ, ഫാ. ബിനോയി പാറയ്ക്കൽ എന്നിവരെയും സന്യാസസമർപ്പണ ജീവിതത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന സി. ജെസി വർഗീസ് എസ്ജെഎസ്എം, സി. നവ്യ തോപ്പിലാൻ എസ്ജെഎസ്എം, സി. ആൻസിൻ എസ്എച്ച്, സി. ലിസ് എസ്എച്ച്, സി. ജിൻസി സിഎംസിയെയും വിവാഹജീവിതത്തിന്റെ 25 വർഷം പൂർത്തിയാക്കിയ ദമ്പതികളെയും മെമെന്റോ നൽകി ആദരിച്ചു.
ഫത്തേഗഡ് ഇടവകാംഗങ്ങളുടെ മിഷൻ ചരിത്രത്തിന്റെ ദൃശ്യാവിഷ്കരണവും ഇറ്റാവാ ഇടവകാംഗങ്ങളുടെ നൃത്തച്ചുവടുകളും ഫ്രാൻസീസ് മീനത്തേരിയച്ചന്റെ നേതൃത്വത്തിൽ നടന്ന സംഗീത വിരുന്നും ആഘോഷങ്ങൾക്ക് ഹൃദ്യത പകർന്നു.
പരിപാടിയുടെ അവസാനം മിഷൻ സുപ്പീരിയർ ഫാ. തോമസ് എഴിക്കാട് എല്ലാവർക്കും നന്ദിയും അഭിനന്ദനങ്ങളും അർപ്പിച്ചു. 1975-ൽ ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ മിഷൻ, ഇന്ന് ഷംഷാബാദ് രൂപതയുടെ ഭാഗമായി ക്രിസ്തുവിന്റെ സുവിശേഷത്തിന് ശക്തമായ സാക്ഷ്യം നൽകികൊണ്ട് മുന്നേറുകയാണ്.