'മൂല്യങ്ങളെ തിരിച്ചുപിടിക്കാന്‍ പ്രേരിപ്പിക്കുന്ന മുട്ടത്തുപാടം കവിതകള്‍'
മൂല്യങ്ങളെ തിരിച്ചുപിടിക്കാന്‍ പ്രേരിപ്പിക്കുന്ന മുട്ടത്തുപാടം കവിതകള്‍
'അഗാധമായ ദുഃഖം, വിഷാദസാന്ദ്രമായ നിരാശാബോധം, നിസഹായത്വം തുടങ്ങിയ മനുഷ്യാവസ്ഥകളിലൂടെ കടന്നുകയറുന്ന, സമൂഹമനസാക്ഷിയെ തൊട്ടുണര്‍ത്തുന്ന, ചിന്തോദീപകങ്ങളായ ഒരുകൂട്ടം കവിതകളാണ് അലക്‌സാണ്ടര്‍ മുട്ടത്തുപാടം നൊമ്പരത്തിപ്പൂവ് എന്ന കവിതാസമാഹാരത്തിലൂടെ കാവ്യലോകത്തിനു സമ്മാനിക്കുന്നത്. പുത്തന്‍ വായനാനുഭവം നല്‍കുന്നതിനൊപ്പം പൊതുസമൂഹത്തില്‍ ഏതൊരു പൗരനും കാത്തുസൂക്ഷിക്കേണ്ട മൂല്യബോധങ്ങളെക്കുറിച്ചും ഓര്‍മിപ്പിക്കുന്നതുകൂടിയാവണം കവിതകളെന്നു ചിന്തിക്കുന്ന വ്യക്തിയാണ് ഈ കവി. തന്റെ തൊഴില്‍മേഖല അധ്യാപനം ആയിരുന്നതുകൊണ്ടുകൂടിയാവാം ഈ ചിന്ത അദ്ദേഹത്തില്‍ കടന്നുകൂടിയത്.

തികച്ചും സ്വകാര്യമായ ജീവിതാനുഭവങ്ങളെ പൊതുസമൂഹത്തിനു നേര്‍ക്കു പിടിച്ച ദര്‍പ്പണങ്ങളായി കാണുകയും അവയിലൊക്കെ ഹാസ്യരസം കെണ്ടത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്നതാണ് അലക്‌സാണ്ടര്‍ മുട്ടത്തുപാടത്തിന്റെ കവിതകളുടെ പ്രത്യേകത. കൈയടക്കവും ഭാവനയും ഒത്തിണങ്ങിയ ശൈലി. റിട്ടയര്‍മെന്റിനുശേഷം എഴുതാന്‍ തുടങ്ങിയതിനെ അദ്ദേഹം ന്യായീകരിക്കുന്നത് ആംഗലേയ കവി ബൈറണ്‍ പ്രഭുവിന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ്. 66ാം വയസില്‍ ഭാര്യയൊടൊത്ത് കൊച്ചുമകളെ കാണാന്‍ അമേരിക്കയ്ക്കു പോയതുപോലും ഒരു കവിതയുടെ വിത്തായി മാറുന്നു. പുനര്‍ജനി എന്ന കവിത യാഥാര്‍ഥ്യമായത് അങ്ങനെയാണ്. ലോകത്തോട് വിളിച്ചു പറയാന്‍ ഇനിയും ചിലതൊക്കെയുണ്ട് എന്ന ഉള്‍വിളിയിലാണ് അദ്ദേഹം തന്റെ ഓരോ കവിതകള്‍ക്കുവേണ്ടിയും തൂലിക ചലിപ്പിക്കുന്നത്. അതിന് ചട്ടക്കൂടുകളും പാരമ്പര്യങ്ങളും കണക്കിലെടുത്തില്ല. ഉളളില്‍ തളംകെട്ടി നില്‍ക്കുന്ന വികാരങ്ങള്‍ക്ക് ഓവു ചാലുകള്‍ കീറിയിടുക മാത്രമാണ് താന്‍ ചെയ്യുന്നതെന്ന് കവി തന്നെ സാക്ഷ്യപ്പെടുത്തുന്നു.

വര്‍ത്തമാനകാലത്തിന്റെ ആശങ്കകളെ ഹാസ്യരസത്തില്‍ പൊതിഞ്ഞ് മനോഹരമായി വരച്ചിടാന്‍ അലക്‌സാണ്ടര്‍ മുട്ടത്തുപാടത്തിന് കഴിഞ്ഞിട്ടുണ്ട്. ഉള്ള കാര്യം നേരിട്ടു പറയുന്നതില്‍ തെല്ലും വിമുഖത കാണിക്കാത്ത കവി പക്ഷേ, ആ ആശങ്കകളെക്കുറിച്ച് പ്രവചനസ്വഭാവത്തോടെ പ്രതികരിക്കുന്നുമില്ല. നേരത്തെ പറഞ്ഞതുപോലെ അധ്യാപകന്‍ കൂടിയായതിനാലാവാം കവി തന്റെ രചനകളിലെല്ലാം ഒരു സന്ദേശം നല്കാന്‍ ശ്രമിക്കുന്നു്. 'മായ' എന്ന കവിത മനുഷ്യജീവിതത്തിന്റെ അര്‍ഥവും അര്‍ഥശൂന്യതയും ഉയര്‍ച്ചതാഴ്ചകളും കൃത്യമായി വരച്ചിടുന്നതാണ്. ഈ കവിത വായിച്ചു തീരുമ്പോള്‍ മഹാകവി പാലാ നാരായണന്‍ നായരുടെ
'കീറിനാറിയ മാറാപ്പുകൊെന്റെ/
താറുമാറായ ജീവിതം മറച്ചു ഞാന്‍'
എന്ന വരികള്‍ വായനക്കാരുടെ മനസില്‍ ഓടിയെത്താം. മനുഷ്യന്റെ അടിസ്ഥാന സ്വഭാവങ്ങളില്‍ ഒന്നാണ് 'പകല്‍മാന്യത' എന്ന് പറയാതെ പറയുന്ന കവിതയാണ് 'മായ'.

നമ്മുടെ നാട് നേരിട്ട സമാനതകളില്ലാത്ത ദുരന്തത്തിന്റെ നേര്‍ചിത്രമാണ് 'പ്രളയം' എന്നുതന്നെ പേരിലുള്ള കവിത. നമുക്ക് ചില സമയങ്ങളിലെങ്കിലും കൈമോശം വന്ന മാനവികതയും മനുഷ്യത്വവും തിരിച്ചുപിടിച്ചതിന്റെ സന്തോഷവും അഹങ്കാരം ഇല്ലാതായിപ്പോയതിന്റെ സമാധാനവും കവി ഇവിടെ പങ്കുവയ്ക്കുന്നു.

'ഒറ്റയ്ക്ക്' എന്ന കവിതയിലേക്കെത്തുമ്പോള്‍ കവി പങ്കുവയ്ക്കുന്നത് മരണമെന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ചാണ്. ഒരുപക്ഷേ, ഇത് റോബര്‍ട്ട്‌സ് ഫ്രോസ്റ്റിന്റെ 'സ്‌റ്റോപ്പിംഗ് ബൈ വുഡ്‌സി' നെയും ഡി. വിനയചന്ദ്രന്റെ 'ഭിക്ഷക്കാരന്‍' എന്ന കവിതയെയും ഓര്‍മിപ്പിക്കുന്നു. ഇരുവരും മരണത്തെ ദാര്‍ശനികമായിക്കൂടി സമീപിക്കുമ്പോള്‍ അലക്‌സ് യാഥാര്‍ഥ്യബോധത്തോടെയാണ് മരണത്തെക്കുറിച്ച് എഴുതുന്നത് എന്നുമാത്രം.

രാഗാദ്രവും, സ്‌നേഹസുരഭിലവും വികാരതന്തുലിതവുമായ ഒരു കുലീന മനസിന്റെ ആകുലതകളും പ്രതീക്ഷകളും നൊമ്പരങ്ങളും ആകാംഷകളും കരുതലുകളും തരിച്ചറിവുകളും ഈ അക്ഷരക്കൂട്ടായ്മയില്‍ തെന്നിച്ചിന്നിവിളങ്ങി നിക്കുന്നതു കാണാമെന്ന് അവതാരികയില്‍ ഡോ. അലക്‌സ് പൈകട നടത്തുന്ന നിരീക്ഷണം പൂര്‍ണ്ണമായും ശരിയാണെന്നു കവിതകള്‍ വായിച്ചു തീരുമ്പോള്‍ വായനക്കാരനു തോന്നുന്നുവെങ്കില്‍ കവിയുടെ പ്രയത്‌നം വിജയിച്ചുവെന്നു കരുതാം.

'ഫെമിനിസ്റ്റുകളുടെ ലോകസമ്മേളനം' എന്ന കവിതയിലേക്കെത്തുമ്പോള്‍ ഹാസ്യരസം അതിന്റെ പരകോടിയിലെത്തുന്നു. സാമൂഹ്യവിമര്‍ശനം ഇങ്ങനെയും നടത്താമെന്നു വായനക്കാരനു തോന്നുന്നുവെങ്കില്‍ കവി വിജയിച്ചു എന്നു പറയാം. ദയാബായിയും വൃന്ദകാരാട്ടും മേധാ പട്കറും ആ കവിതയില്‍ കടന്നുവരുന്നതിലൂടെ കവിത കാലിക പ്രസക്തമാകുകയും ചെയ്യുന്നു. കവിത ഒന്നിനെയും നിര്‍വചിക്കുന്നില്ലെന്നും അത് ആസ്വാദകന്റെ വഴിത്താരകളില്‍ നവ്യാനുഭൂതികളുടെ ഒരു നിഗൂഢാത്മക കാവ്യാനുഭവം വളരെ വാചാലയമായി പകര്‍ന്നു തരുകയാണ് ചെയ്യുന്നതെന്നുമുള്ള നിരീക്ഷണത്തിനു അടിയവരയിടുന്നതാണ് അലക്‌സിന്റെ ഓരോ കവിതകളും. 'എവിടെ പോകുവാ' എന്ന ഭാര്യയുടെ ചോദ്യം ഒരു കവിതയായി പുനര്‍ജനിക്കുമ്പോള്‍ അത് വായനക്കാരന്റെ ഭാവനയ്ക്ക് ആവോളം മേഞ്ഞു നടക്കാവുന്ന മേച്ചില്‍പ്പുറങ്ങളായി മാറുന്നു. വീണ്ടും പൂക്കുന്ന ദേവദാരുക്കള്‍ എന്ന കവിതയില്‍ പ്രകൃതി ഒരു കുളിര്‍മഴയായി വീണ്ടും ചാരെ വരുമെന്നും വാടിത്തുടങ്ങിയ ഒരു ഇളംതിന് അത് സാന്ത്വനമേകുമെന്നും കവി പ്രതീക്ഷിക്കുന്നു.

കാണാചുഴികളും മലരികളുംനിറഞ്ഞ ഹിംസ്രജന്തുക്കളും വിഷസര്‍പ്പങ്ങളും നിറഞ്ഞ കവികൂട്ടായ്മയുടെ പരിസരങ്ങളില്‍ നിറഞ്ഞുനിന്നിട്ടുള്ള ആളല്ല അലക്‌സ് മുട്ടത്തുപാടമെന്ന കവിയെന്ന് അവതാരികയില്‍ ഡോ. അലക്‌സ് പൈകട പറഞ്ഞുവയ്ക്കുന്നുണ്ട്. നൊമ്പരത്തിപ്പൂവ് എന്ന ഈ കവിതാസമാഹാരം മൂല്യാധിഷ്ഠിതമായ ജീവിതത്തെക്കുറിച്ച് യുവതലമുറയെ പഠിപ്പിക്കും. മുതിര്‍ന്നവരെ തങ്ങളുടെ ജീവിതത്തിലേക്കു തിരിഞ്ഞുനോക്കാനും മറന്നുപോയ ചില മൂല്യങ്ങളെ തിരിച്ചുപിടിക്കാനും അതു പ്രേരിപ്പിക്കും എന്ന കാര്യത്തില്‍ തെല്ലും സംശയം വേണ്ട.'