എന്റെ ഓരോ പുരസ്കാരങ്ങളും ഉമ്മ സൂക്ഷിച്ചത് തുണിയിൽ പൊതിഞ്ഞ്: എ.ആർ. റഹ്മാൻ പറയുന്നു
Thursday, May 23, 2024 12:22 PM IST
തനിക്ക് ലഭിച്ചിരുന്ന ഓരോ പുരസ്കാരങ്ങളും ഉമ്മ തുണിയിൽ പൊതിഞ്ഞാണ് സൂക്ഷിച്ചിരുന്നതെന്നും ഉമ്മയുടെ മരണശേഷം അവയെല്ലാം ഭദ്രമായി മറ്റൊരിടത്തേക്ക് മാറ്റിയെന്നും സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ. അടുത്തിടെ ഫിലിം കംപാനിയനു നൽകിയ അഭിമുഖത്തിലാണ് റഹ്മാൻ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.
"എനിക്കു ലഭിച്ച ഓസ്കർ, ഗോൾഡൻ ഗ്ലോബ്, ഗ്രാമി, ബാഫ്റ്റ തുടങ്ങിയ എല്ലാ പുരസ്കാര ശിൽപങ്ങളും അമ്മ തുണിയിൽ പൊതിഞ്ഞാണ് ഞങ്ങളുടെ ദുബായിയിലെ വീട്ടിലെ മുറിയിൽ സൂക്ഷിച്ചിരുന്നത്.
ആ ശിൽപങ്ങളെല്ലാം സ്വർണത്തിൽ നിര്‍മിച്ചതാണെന്നായിരുന്നു അമ്മയുടെ വിചാരം. അമ്മ മരിച്ചതിനു ശേഷം വീട്ടിൽ നിന്നും എടുത്ത് ദുബായിയിലെ ഫിർദൗസ് സ്റ്റുഡിയോയിൽ കൊണ്ടുവച്ചു. സ്റ്റുഡിയോയിലെ ഷോകേസിൽ അതിമനോഹരമായി അവ ക്രമീകരിച്ചു വച്ചിട്ടുണ്ട് ഇപ്പോൾ'. റഹ്മാൻ പറഞ്ഞു.
അമ്മ കരീമ ബീഗത്തിന്റെ സ്വർണാഭരണങ്ങൾ വിറ്റുകിട്ടിയ പണംകൊണ്ടാണ് താൻ ആദ്യമായി റെക്കോർഡർ വാങ്ങിയതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട ഒരു കാലഘട്ടത്തിലാണ് സ്റ്റുഡിയോ സ്ഥാപിക്കുന്നത്. ഉപകരണങ്ങൾ വാങ്ങാൻ തന്റെ കൈയിൽ പണം ഇല്ലായിരുന്നുവെന്നും അന്ന് ഉമ്മയാണ് സഹായിച്ചതെന്നുമായിരുന്നു റഹ്മാന്റെ വെളിപ്പെടുത്തൽ.