"സ്വാതന്ത്ര്യം അർദ്ധരാത്രി' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ ടിനു പാപ്പച്ചനും ആന്‍റണി വർഗീസും ഒന്നിക്കുന്ന "അജഗജാന്തരം' എന്ന ചിത്രത്തിന്‍റെ പൂജ നടന്നു. ചെറുതുരുത്തിയിലെ വഴലിക്കാവ് ഭഗവതി ക്ഷേത്രത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.

സിൽവർ ബേ സ്റ്റുഡിയോസിന്‍റെ ബാനറിൽ ഇമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നത് കിച്ചു ടെല്ലസും വിനീത് വിശ്വവും ചേർന്നാണ്.

ചെമ്പൻ വിനോദ്, അർജുൻ അശോക്, സാബുമോൻ, സുധി കോപ്പ, ലുക്ക്‌ മാൻ, ജാഫർ ഇടുക്കി, കിച്ചു ടെല്ലസ്, സിനോജ് വർഗീസ്, വിനീത് വിശ്വം, ബിറ്റോ ഡേവിസ്, രാജേഷ് ശർമ, ടിറ്റോ വിൽ‌സൺ, വിജ്‌ലീഷ് തുടങ്ങിയ വൻ താരനിര ചിത്രത്തിനൊപ്പമുണ്ട്.

ജിന്‍റോ ജോർജ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. സംഗീതം ജേക്സ് ബിജോയ്‌. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.