അന്വേഷിപ്പിൻ കണ്ടെത്തും ഒടിടിയിലേക്ക്
Saturday, March 2, 2024 4:57 PM IST
ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നു. മാർച്ച് എട്ട് മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.
ഫെബ്രുവരി ഒൻപതിന് തീയറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രേക്ഷക അഭിപ്രായം നേടിയിരുന്നു. ഇരുപകുതികളിലുമായി രണ്ട് ത്രില്ലർ കഥകൾ പറയുന്ന ചിത്രം തീയറ്ററുകളിൽ നിന്നും ഭേദപ്പെട്ട കളക്ഷനും സ്വന്തമാക്കിയിരുന്നു.
തീയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ നിർമിച്ച ചിത്രത്തിന്റെ രചന ജിനു വി. എബ്രഹാമാണ്. ദക്ഷിണേന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത്.
കൽക്കി, എസ്ര എന്നീ ചിത്രങ്ങളിലെ പോലീസ് വേഷങ്ങൾക്ക് ശേഷമാണ് ടൊവിനോ വീണ്ടും കാക്കിയണിഞ്ഞത്. സിദ്ധിഖ്, പ്രമോദ് വെളിയനാട്, ഹരിശ്രീ അശോകൻ, മധുപാൽ, പ്രേം പ്രകാശ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, സാദിഖ്, ബാബുരാജ്, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.