കുന്പളങ്ങിയിൽ ഫഹദിന് ഇഷ്ടമില്ലാതെ ചെയ്യേണ്ടി വന്ന ആ കാര്യം
Sunday, September 20, 2020 5:51 PM IST
ഫഹദ് എന്ന നടനിലെ വ്യത്യസ്തമായ ഒരു ഭാവപ്രകടനം കുന്പളങ്ങി നൈറ്റ്സിലെ ഷമ്മി എന്ന കഥാപാത്രത്തിലൂടെയാണ് ആരാധകർ കണ്ടത്. ഈ കഥാപാത്രത്തിന് വേണ്ടി തനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത ഒരു കാര്യം ചെയ്യേണ്ടി വന്നുവെന്ന് ഫഹദ് ഫാസിൽ.
ഞങ്ങളുടേത് ഒരു കൂട്ടുകുടുംബമായിരുന്നു. എന്റെ ഉപ്പയും ഉപ്പൂപ്പയുമെല്ലാം അടങ്ങുന്ന കുടുംബം. കൂട്ടുകുടുംബമായതിനാൽ തന്നെ അത്യാവശ്യം വലിയ അടുക്കളയായിരുന്നു അന്ന് വീട്ടിൽ. അടുക്കളയിൽ പുരുഷന്മാരും സ്ത്രീകളുമെല്ലാം ജോലിക്കാരായി ഉണ്ടായിരുന്നു.
ഞാൻ ബോർഡിങ് സ്കൂളിൽ പഠിക്കുന്നതിനാൽ ഒഴിവുകാലത്ത് മാത്രമേ വീട്ടിലേക്ക് വരൂ. വീട്ടിലെത്തിയാൽ അടുക്കളയിൽ പുരുഷന്മാർ ഷർട്ടിടാതെ നിൽക്കുന്നത് കാണുന്പോൾ എനിക്കെന്തോ അറപ്പ് തോന്നും. അത് കാണുന്പോൾ ഞാൻ വളരെ അണ്കംഫർട്ടബിളാകും. എന്തിനാണ് അവർ ഷർട്ടിടാതെ നിൽക്കുന്നതെന്ന് എനിക്കൊരിക്കലും മനസിലായിട്ടില്ല.
കുന്പളങ്ങി ഷൂട്ട് ചെയ്യുന്ന സമയത്ത് അതിൽ ഷർട്ടിടാതെ നിൽക്കുന്ന ഒരു സീൻ ഉണ്ടെന്നൊന്നും എനിക്ക് മുൻകൂട്ടി ധാരണയുണ്ടായിരുന്നില്ല. ശ്യാം ഒരുദിവസം എന്നോട് പറഞ്ഞു രണ്ട് സഹോദരിമാർ അവരുടെ സ്വകാര്യസംഭാഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലേക്ക് അതിലൊരാളുടെ ഭർത്താവ് കയറിവരികയാണ്. നിങ്ങള് എന്നെപ്പറ്റിയല്ലേ സംസാരിക്കുന്നതെന്നാണ് അയാൾ ചോദിക്കുന്നത്.’ ആ സീൻ ഒരു രസമുള്ള സംഭവമായി എനിക്ക് തോന്നി.
അങ്ങനെ ഷൂട്ട് ചെയ്യാൻ റെഡിയായി നിൽക്കുന്പോഴാണ് ഫഹദിന് ഷർട്ടൂരാൻ പറ്റുമോ എന്ന് ശ്യാം ചോദിക്കുന്നത്. ആദ്യം എനിക്ക് മനസിലായില്ല. എന്നാലും ഞാൻ ഷർട്ടൂരി അഭിനയിച്ച് നോക്കി. ആദ്യ ടേക്ക് സ്ക്രീനിൽ കണ്ടപ്പോൾ തന്നെ പണ്ട് വീട്ടിലെ അടുക്കളയിൽ എനിക്കുണ്ടായ അസ്വസ്ഥത സ്ക്രീനിലും കാണാൻ പറ്റി. അതുകൊണ്ട് അടുത്ത ടേക്കിൽ എനിക്ക് നന്നായി തന്നെ ആ രംഗം അഭിനയിക്കാനായി- ഫഹദ് പറഞ്ഞു.