വിജയ്യുടെ ഗോട്ട്; റിലീസിംഗ് പ്രഖ്യാപിച്ചു
Thursday, April 11, 2024 3:31 PM IST
വിജയ്യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ടൈം എന്ന സിനിമയുടെ റിലീസിംഗ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഈ വർഷം സെപ്റ്റംബർ അഞ്ചിന് തിയറ്ററുകളിലെത്തും.
ചിത്രത്തിൽ രണ്ടു വേഷങ്ങളിലാണ് താരം എത്തുക. ഡി ഏയ്ജിംഗ് ടെക്നോളജിയിലാകും വിജയ്യുടെ ചെറുപ്പം സിനിമയിൽ അവതരിപ്പിക്കുക.
കേരളം, തമിഴ്നാട്, റഷ്യ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. തിരുവനന്തപുരത്ത് രണ്ടാഴ്ച നീണ്ടു നിന്ന ചിത്രീകരണത്തിനു ശേഷം വിജയ്യും സംഘവും റഷ്യയിലേക്ക് തിരിച്ചിരുന്നു.
വിജയ്യുടെ നായികയായി തെലുങ്ക് താരം മീനാക്ഷി ചൗധരി എത്തുന്നു. ജയറാം, പ്രശാന്ത്, മോഹൻ, സ്നേഹ, പ്രഭുദേവ, അജ്മൽ അമീര്‍, ലൈല, വിടിവി ഗണേശ്, യോഗി ബാബു, വൈഭവ്, പ്രേംജി, അരവിന്ദ്, അജയ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
ഹോളിവുഡ് സിനിമകളായ ജെമിനി മാൻ, ഡിബി കൂപ്പർ എന്നിവയിൽനിന്നു പ്രചോദനമുൾക്കൊണ്ടാണ് ഗോട്ട് ഒരുക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.