രൺവീറിന്റെ നായികയായി കിയാര; ഷാരുഖും പ്രിയങ്ക ചോപ്രയും ഡോൺ3യിൽ ഇല്ല
Tuesday, February 20, 2024 3:42 PM IST
രൺവീർ സിംഗിനെ നായകനാക്കി ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ഡോൺ 3യിൽ പ്രിയങ്ക ചോപ്ര ഇല്ല. പകരം കിയാര അഡ്വാനിയാണ് ചിത്രത്തിലെ നായിക. ഷാരുഖ് ഖാനും ചിത്രത്തിൽ ഇല്ല. ഇതോടെ ഷാരുഖില്ലാതെ ഡോൺ 3 എങ്ങനെ കാണുമെന്നാണ് ആരാധകർ ചോദിക്കുന്നത്.
സിനിമയുടെ കാസ്റ്റിംഗ് മാറിയതിനെക്കുറിച്ച് ഫർഹാൻ അക്തർ സമൂഹമാധ്യമത്തിൽ കുറിച്ചതിങ്ങനെ,
ഡോൺ എന്ന കഥാപാത്രമായി ഷാറുഖിനെയല്ലാതെ മറ്റൊരാളെ സങ്കൽപിക്കാൻ പോലുമാകില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. 1978-ൽ, സലിം-ജാവേദ് സൃഷ്ടിച്ച് അമിതാഭ് ബച്ചൻ അവതരിപ്പിച്ച് ഗംഭീരമാക്കിയ അനശ്വര കഥാപാത്രം. രാജ്യത്തുടനീളമുള്ള തിയറ്റർ ആസ്വാദകരുടെ ഭാവനയെ അത് കീഴടക്കി. അതായിരുന്നു ഡോൺ.
2006-ൽ, ഷാറുഖ് ഖാൻ തന്റേതായ രീതിയിൽ ഡോണിനെ പുനർനിർമിക്കുകയും ജീവസുറ്റതാക്കുകയും ചെയ്തു. ഡോണിന്റെ കൂർമബുദ്ധി മുതൽ ശാന്തവും എന്നാൽ ഭയാനകവുമായ ക്രോധം വരെ ഷാരൂഖ് തന്റെ വ്യക്തിത്വത്തിൽ ഉൾക്കൊള്ളിച്ച് അഭിനയിച്ചു.
എഴുത്തുകാരനും സംവിധായകനും എന്ന നിലയിൽ, ഷാരൂഖിനൊപ്പം രണ്ട് ‘ഡോൺ’ സിനിമകൾ ചെയ്യാൻ കഴിഞ്ഞതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ആ അനുഭവങ്ങൾ എന്റെ ഹൃദയത്തോട് വളരെ അടുത്തു നിൽക്കുന്നു.
ഡോണിന്റെ ലെഗസി മുന്നോട്ട് കൊണ്ടുപോകേണ്ട സമയമായിരിക്കുന്നു, ഈ പുതിയ വ്യാഖ്യാനത്തിൽ ഞങ്ങളോടൊപ്പം ചേരുന്നത് ഞാൻ വളരെക്കാലമായി അഭിനന്ദിക്കുന്ന, കഴിവും വൈവിധ്യവും ഉള്ള ഒരു നടനായിരിക്കും.
മിസ്റ്റർ ബച്ചനോടും ഷാരുഖ് ഖാനോടും നിങ്ങൾ കാണിച്ച ഉദാരമായ സ്നേഹം അദ്ദേഹത്തോടും കാണിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. 2025-ൽ ഡോണിന്റെ ഒരു പുതിയ യുഗം ആരംഭിക്കുന്നു.