പ്രധാനമന്ത്രിയുടെ പരിപാടിയിൽ അതിഥിയായി മോഹൻലാൽ; ഒപ്പം രജനിയും അക്ഷയ് കുമാറും
Thursday, May 1, 2025 1:40 PM IST
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന വേവ്സ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ അതിഥിയായി മോഹൻലാൽ. മുംബൈയിലെ ജിയോ വേൾഡ് കണ്വെൻഷൻ സെന്ററിൽ നടക്കുന്ന ഇന്ത്യയിലെ ആദ്യ വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ (WAVES) രജനികാന്ത്, ഷാറുഖ് ഖാൻ, അക്ഷയ് കുമാർ, ചിരഞ്ജീവി അടക്കമുള്ള താരങ്ങൾ പങ്കെടുക്കുന്നുണ്ട്.
അമിതാഭ് ബച്ചൻ, രജനികാന്ത്, ചിരഞ്ജീവി, ഹേമമാലിനി, അക്ഷയ് കുമാര്‍, മിഥുന് ചക്രവര്‍ത്തി എന്നിവര്‍ക്കൊപ്പം നില്ക്കുന്ന ചിത്രം മോഹന്‍ലാല്‍ പങ്കുവച്ചിട്ടുണ്ട്. വേവ് സമ്മിറ്റില്‍ പങ്കെടുക്കവെയാണ് ഈ ചിത്രം എടുത്തത്.
ഉച്ചകോടിയിൽ 42 പ്ലീനറി സെഷനുകൾ, 39 ബ്രേക്ക്ഔട്ട് സെഷനുകൾ, പ്രക്ഷേപണം, ഇൻഫോടെയ്ൻമെന്റ്, AVGC-XR, സിനിമ, ഡിജിറ്റൽ മീഡിയ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലായി 32 മാസ്റ്റർക്ലാസുകൾ സംഘടിപ്പിക്കുന്നു.
അക്ഷയ് കുമാര്‍ മോഡറേറ്ററായി എത്തുന്ന ലെജെൻഡ്സ് ആൻഡ് ലെഗസീസ്: ദ് സ്റ്റോറീസ് ദാറ്റ് ഷെയ്പ്പ് ഇന്ത്യാസ് സോൾ എന്ന സെഷൻ പരിപാടിയുടെ ആകർഷണമാകും. അമിതാഭ് ബച്ചൻ, ഹേമാമാലിനി, മിഥുൻ ചക്രവർത്തി, രജനികാന്ത്, ചിരഞ്ജീവി എന്നിവർക്കൊപ്പം മോഹൻലാലും സ്പീക്കര്മാരിൽ ഒരാളായി സെഷനിൽ പങ്കെടുക്കുന്നു.
പ്രതിവർഷം ഏറ്റവും കൂടുതൽ സിനിമകൾ നിർമിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ എന്നുള്ളതുകൊണ്ടുതന്നെ ഇന്ത്യയുടെ മീഡിയ ആൻഡ് എന്റർടൈൻമെന്റ് മേഖലയെ ലോക വേദിയിലേക്ക് ഉയർത്തുന്നതിനായി രൂപകൽപ്പന ചെയ്ത മികവുറ്റ പരിപാടിയായി വേവ്സ് എന്നതിൽ സംശയമില്ല. മാധ്യമ വിനോദ വ്യവസായത്തിൽ ചർച്ചകളും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാന വേദിയായിരിക്കും വേവ്സ്.