ചെവിവേദന ആയിരുന്നു, പരിശോധിച്ചപ്പോൾ നാവിന്റെ അടിയിൽ കാൻസറായിരുന്നു; രോഗവിവരം പറഞ്ഞ് മണിയൻപിള്ള രാജു
Saturday, May 3, 2025 11:23 AM IST
കഴിഞ്ഞ കുറച്ചുമാസങ്ങളായി കാൻസറുമായി പൊരുതുകയായിരുന്നുവെന്ന് വെളിപ്പെടുത്തി നടൻ മണിയൻപിള്ള രാജു. തൊണ്ടയിലായിരുന്നു താരത്തിന് കാൻസർ വന്നത്.
‘തുടരും’ എന്ന സിനിമയിൽ അഭിനയിച്ചു കഴിഞ്ഞ് അടുത്ത സിനിമയുടെ ഷൂട്ടിംഗിനിടെ ആണ് ചെവിയിൽ വേദന തോന്നിയതിനെ തുടർന്ന് പരിശോധിക്കുന്നത്. ചികിത്സയിൽ നാവിനു അടിയിൽ കാന്‍സര്‍ ആണെന്ന് കണ്ടെത്തുകയും റേഡിയേഷനും കീമോയുമടക്കമുള്ള ചികിത്സ എല്ലാം പൂർത്തിയാവുകയും ചെയ്തു. ഇപ്പോൾ മറ്റു മരുന്നൊന്നും ഇല്ല. പക്ഷേ 16 കിലോ ശരീര ഭാരം കുറഞ്ഞുവെന്നും മണിയൻ പിള്ള രാജു പറയുന്നു. കൊച്ചിയിൽ നടന്ന എൺപതുകളിലെ താരങ്ങളുടെ കൂട്ടായ്മയിലാണ് നടന്റെ തുറന്നു പറച്ചിൽ.
‘‘കഴിഞ്ഞവര്‍ഷം എനിക്ക് കാന്‍സര്‍ ആയിരുന്നു. ‘തുടരും’ എന്ന സിനിമ കഴിഞ്ഞ് ഭഭബ്ബ എന്ന സിനിമയ്ക്ക് പോയിട്ട് തിരിച്ചു പോകുന്ന വഴി എനിക്ക് ചെവിവേദന വന്നു. എംആര്‍ഐ എടുത്തുനോക്കിയപ്പോള്‍ ചെറിയ ഒരു അസുഖം, തൊണ്ടയുടെ അങ്ങേ അറ്റത്ത് നാവിന്റെ അടിയില്‍. 30 റേഡിയേഷനും അഞ്ച് കീമോയൊക്കെ ചെയ്തു.
സെപ്റ്റംബറോടുകൂടി ട്രീറ്റ്മെന്റ് എല്ലാം കഴിഞ്ഞു. ഇപ്പോൾ മരുന്നൊന്നുമില്ല, പക്ഷേ 16 കിലോ ശരീരഭാരം കുറഞ്ഞു. വേറെ കുഴപ്പമൊന്നുമില്ല. സിനിമയിലൊക്കെ കുറ്റവും കുറവും പറഞ്ഞ് ഉണ്ടാക്കിയ തടി ആണ് പോയത്. സിനിമയിൽ വന്നിട്ട് ഇതെന്റെ അൻപതാമത്തെ വർഷമാണ്. ഏപ്രിൽ 20ാം തിയതി എനിക്ക് 70 വയസ്സും തികഞ്ഞു. ആഘോഷം ഒന്നും ഇല്ല.’’– മണിയന്‍പിള്ള രാജുവിന്റെ വാക്കുകൾ.
അടുത്തിടെ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ മണിയൻപിള്ള രാജുവിന്റെ രൂപമാറ്റം ആരാധകരെ ആശങ്കപ്പെടുത്തിയിരുന്നു. നടൻ കാൻസർ ബാധിതനായി ഗുരുതരാവസ്ഥയിൽ ആണെന്നും താരത്തിന്റെ ശബ്ദം നഷ്ടപ്പെട്ടെന്നുമായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങൾ.
എന്നാൽ തന്റെ അച്ഛന് കാൻസർ ആയിരുന്നെങ്കിലും ഇപ്പോൾ സുഖമായിരിക്കുന്നെന്നും അസത്യപ്രചാരണങ്ങൾ നടത്തരുതെന്നും അഭ്യർഥിച്ചുകൊണ്ട് മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് എത്തിയിരുന്നു.