ആരാധകരെ നിങ്ങളെ ആവേശം കൊള്ളിച്ച ചാട്ടം ഇതാ; തുടരും സക്സസ് ട്രെയിലർ
Saturday, May 3, 2025 3:39 PM IST
ആരാധകരെ ആവേശത്തിരയിലാഴ്ത്തി എത്തിയ മോഹൻലാൽ–തരുൺ മൂർത്തി ചിത്രം ‘തുടരും’ സക്സസ് ട്രെയിലർ എത്തി. സിനിമയിലെ കോരിത്തരിപ്പിക്കുന്ന രംഗങ്ങൾ കോർത്തിണിക്കിയ ട്രെയിലർ തരംഗമായി മാറുകയാണ്. ചിത്രം ആറാം ദിവസം നൂറു കോടി ക്ലബ്ബിലെത്തിയിരുന്നു.
എമ്പുരാനു തൊട്ടുപിന്നാലെയാണ് മറ്റൊരു മോഹൻലാൽ ചിത്രം കൂടി നൂറുകോടിയിലെത്തുന്നത്. ഒരു മാസങ്ങൾക്കുള്ളിൽ തുടർച്ചയായ രണ്ട് സിനിമകൾ നൂറു കോടി ക്ലബ്ബിലെത്തിക്കുന്ന ആദ്യ തെന്നിന്ത്യൻ താരമെന്ന റിക്കോർഡും മോഹൻലാൽ സ്വന്തമാക്കിയെന്ന് ആരാധകർ അവകാശപ്പെടുന്നു.
പുലിമുരുകൻ, ലൂസിഫർ, എമ്പുരാൻ എന്നീ സിനിമകൾക്കുശേഷം നൂറു കോടി ക്ലബ്ബിലെത്തുന്ന നാലാമത്തെ മോഹൻലാൽ ചിത്രമാണ് തുടരും.
അമിത പ്രതീക്ഷകൾ നൽകാതെ, ആരാധകരോട് ഇതൊരു സാധാരണ പടമെന്ന് പറഞ്ഞ് പ്രമോഷൻ പോലും നൽകാതെ പുറത്തിറക്കിയ ചിത്രം മോഹൻലാലിന്റെ തിരിച്ചുവരവാണെന്നാണ് പ്രേക്ഷകാഭിപ്രായം.
വർഷങ്ങൾക്ക് ശേഷം തങ്ങളുടെ മോഹൻലാലിനെ തിരികെ നൽകിയതിന് നന്ദി എന്നാണ് സംവിധായകൻ തരുൺ മൂർത്തിയോട് ചിത്രം കണ്ടിറങ്ങിയവർ പറയുന്നത്.
സിനിമയുടെ ടൈറ്റിൽ കാർഡ് മുതൽ ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് വരെ എല്ലാം മികച്ച അഭിപ്രായമാണ് പറയുന്നത്. ‘ഇതാണ് ഞങ്ങള്‍ കാത്തിരുന്ന ലാലേട്ടന്, ഇങ്ങനെ വേണം സിനിമ എടുക്കാന്‍, കാത്തിരുന്ന ലാല്‍ ഭാവങ്ങള്‍ ഇതാണ്’ എന്നിങ്ങനെ പോകുന്നു സിനിമ കണ്ടിറങ്ങിയവരുടെ അഭിപ്രായങ്ങള്‍
ഫീൽ ഗുഡ് പോലെ തുടങ്ങുന്ന സിനിമ ഇടവേളയോട് അടുക്കുമ്പോൾ ത്രില്ലർ മൂഡിലേക്കു മാറുന്നു. രണ്ട് മണിക്കൂർ 46 മിനിറ്റാണ് സിനിമയുടെ റൺ ടൈം.