നിവിനാണ് ആ നടനെന്ന് ഞാൻ പറഞ്ഞിട്ടില്ല, സാന്ദ്രയ്ക്ക് കുശുമ്പ്; ലിസ്റ്റിൻ സ്റ്റീഫൻ
Monday, May 5, 2025 9:35 AM IST
വലിയ തെറ്റിന് തിരി കൊളുത്തിയ നടൻ നിവിൻ പോളിയാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. മറ്റുള്ളവർ നിവിന്റെ പേര് പറയുന്നതിൽ തനിക്കൊന്നും ചെയ്യാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നിർമാതാവ് സാന്ദ്ര തോമസ് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാനില്ലെന്നും സാന്ദ്രയ്ക്ക് ഒന്നും ചെയ്യാൻ കഴിയാത്തതിന്റെ അസൂയ കാരണമാണ് ഇത്തരത്തിൽ സംഘടനയിലെ ഓരോരുത്തരെ ആക്രമിക്കുന്നതെന്നും ലിസ്റ്റിൻ പറയുന്നു.
""നടന്റെ പേര് പറയാനാണെങ്കിൽ എനിക്ക് അന്നേരം തന്നെ പറയാമല്ലോ. അത് പറയാൻ ഉദ്ദേശിക്കാത്തത് പല കാരണങ്ങൾ കൊണ്ടാണ്. ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന സിനിമയുടെ പരിപാടി തീർന്നു കഴിഞ്ഞപ്പോഴാണ് എനിക്കൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് ഈ കാര്യം പറഞ്ഞത്. മറ്റുള്ളവർ ഏറ്റെടുത്ത് ചർച്ചയാക്കാൻ വേണ്ടിയല്ല പറഞ്ഞത്.
ഞാൻ വിളിച്ചുവരുത്തിയ ആൾക്കാരോടാണ് പറഞ്ഞത്. പറഞ്ഞ കാര്യം എടുത്തു പറഞ്ഞ്, ലിസ്റ്റിൻ സിനിമയിൽ വലിയ ലോബിയാണ് എന്ന രീതിയിൽ അതിനെ വ്യാഖ്യാനിച്ച് കൊണ്ട് നടക്കേണ്ട കാര്യമില്ല.
ഞാൻ പറഞ്ഞത് ആരെക്കുറിച്ചാണെന്ന് ആ ആൾക്കും ഞങ്ങളുടെ ടീമിലുള്ളവർക്കും വ്യക്തമായി അറിയാം. ആ പ്രശ്നം ചർച്ച ചെയ്തു പരിഹരിക്കേണ്ടത് ആ ആളുടെ കൂടി കടമയാണ്. ഞാൻ ഇൻഡസ്ട്രിയിൽ വന്നിട്ട് 15 വർഷമായി.
ഒരിക്കൽപോലും എന്റെ സിനിമയിൽ അഭിനയിച്ച ഒരു നടനെയോ നടിയെയോ പറ്റി ഇതുപോലെ ഓപ്പൺ ഫോറത്തിൽ ഒരു കാര്യവും പറഞ്ഞിട്ടില്ല. എന്റെ എല്ലാ സിനിമകളും സ്മൂത്ത് ആയി അവസാനിച്ചു എന്നു പറയുന്നില്ല, പലതും ഉണ്ടായിട്ടുണ്ട് അതെല്ലാം ഒത്തുതീർപ്പാക്കി പോയിട്ടുണ്ട്. സിനിമ എന്നത് വളരെ സങ്കീർണമായ പരിപാടി ആണല്ലോ.
ഞാൻ ഒരുപാട് സിനിമകളൊന്നും ചെയ്തിട്ടില്ലല്ലോ, പറഞ്ഞത് ആരെപ്പറ്റി ആണെന്ന് സിനിമയിൽ ഉള്ള പലർക്കും മനസിലായിക്കാണും. കാരണം എന്താണെന്ന് എനിക്കും എന്റെ ഒപ്പമുളളവർക്കും നന്നായി അറിയാം.
അത് പബ്ലിക്കിലേക്ക് എടുത്തുപറയേണ്ട കാര്യമില്ല. നിവിൻ പോളിയാണ് ആ താരം എന്ന് ഞാൻ പറഞ്ഞിട്ടില്ല. മറ്റുള്ളവർ പറയുന്നതിന് എനിക്കൊന്നും ചെയ്യാൻ കഴിയില്ല. ഞാൻ പറഞ്ഞ കാര്യത്തിന് മാത്രമേ എനിക്ക് ഉത്തരവാദിത്തം ഉള്ളൂ. നല്ല ബോധ്യത്തോടെയാണ് പറഞ്ഞത്. നിവിൻ പോളി ആണെന്ന് ധരിക്കുന്നത് എന്തിനാണ്, ഞാൻ വേറെയും സിനിമകൾ ചെയ്യുന്നുണ്ട്. ഒരു പ്രശ്നം ഉള്ളത് ഒന്നുരണ്ടു ദിവസത്തിനുള്ളിൽ ചർച്ച ചെയ്തു പരിഹരിക്കാൻ നോക്കും.
സിനിമ എന്നു പറയുന്ന വ്യവസായത്തിൽ നടന്മാർക്കാണ് ഫാൻസ് ഉള്ളത്. നിർമാതാവിന് ഫാൻ ഇല്ലല്ലോ. ഞാൻ ആരുടെയെങ്കിലും പേര് പറഞ്ഞാൽ ആൾക്കാർ കാര്യം അറിയാതെ ഓരോന്ന് എഴുതി വിടും, ആർടിസ്റ്റിനെ പിന്തുണയ്ക്കാൻ ആളുണ്ടാകും അവിടെ ദുർബലനാകുന്നത് പ്രൊഡ്യൂസർ ആണ്.
150 രൂപ ടിക്കറ്റ് എടുത്തിട്ട് ജയ് വിളിക്കുന്നവർ ആണ് ഫാൻസ്, ഞാനും അങ്ങനെ ചെയ്തിട്ടുണ്ട്. അവർക്ക് കാര്യം അറിയില്ലല്ലോ.അവർ ആക്രമിക്കുന്നത് എന്നെ ആയിരിക്കും. കാര്യം ചർച്ച ചെയ്തു പരിഹരിക്കാൻ ശ്രമിക്കും, അതിനു കഴിഞ്ഞില്ലെങ്കിൽ സംഘടനയിലേക്ക് പോകും. നമുക്ക് പറ്റാത്ത സാഹചര്യത്തിൽ സംഘടനയിലേക്ക് പോയാൽ മതിയല്ലോ അതുകൊണ്ടാണ് ഇതുവരെ പോകാത്തത്.
സാന്ദ്ര പറയുന്ന കാര്യങ്ങൾക്ക് ഞാൻ മറുപടി കൊടുക്കേണ്ട കാര്യമില്ല. സാന്ദ്ര എന്റെ സുഹൃത്ത് ആയിരുന്നു. പക്ഷേ ഇപ്പോൾ സാന്ദ്ര എന്തോ നിരാശയിൽ ഇരുന്ന് ഓരോന്ന് പറയുകയാണ്. കുറെ നാളായി ഇതു തുടങ്ങിയിട്ട്. അസോസിയേഷനിലെ 14 പേർക്കെതിരെ സാന്ദ്ര കേസ് കൊടുത്തു, നാലുപേർക്കെതിരെ ഇപ്പോൾ കേസ് ഉണ്ട്.
എന്നെയും പ്രതി ചേർത്തിരുന്നു ഇപ്പോൾ ആ പട്ടികയിൽ ഞാൻ ഇല്ല. അവർ പറഞ്ഞ കാര്യങ്ങളെ ഞാൻ സപ്പോർട്ട് ചെയ്തില്ല, ഞാനും അവരുടെ ലോബിയിൽ ആണ് എന്നുപറഞ്ഞ് സാന്ദ്ര ആരോപണം ഉന്നയിക്കുകയാണ്.
സിനിമകൾ ചെയ്യുന്നത് എന്റെ കഴിവല്ലേ, അതിൽ കുശുമ്പ് പറഞ്ഞിട്ട് എന്തുകാര്യം, ഇവർക്കും ചെയ്യാമല്ലോ. ഞാൻ ഒരു ധനികനൊന്നും അല്ല പടിപടിയായി ഉയർന്നു വന്ന ആളാണ്. ഞാൻ പല കാര്യങ്ങളും ചെയ്യും,
ഞാൻ തെറ്റ് ചെയ്യുന്നുണ്ടോ ഒരാളെ വിഷമിപ്പിക്കുന്നുണ്ടോ എന്നല്ലേ നോക്കേണ്ടത്. ഞാൻ ഒരു ബിസിനസുകാരൻ ആണ്, എല്ലാവരും പണം ആവശ്യം വരുമ്പോൾ പലരുടെ കൈയിൽ നിന്നും വാങ്ങും കൊടുക്കും എല്ലാവരും അങ്ങനെ അല്ലേ.
വട്ടിപ്പലിശ എന്നു പറയുന്നത് എന്താണെന്ന് എനിക്കറിയില്ല, പണം ചെന്നൈയിൽ നിന്നൊക്കെ വാങ്ങാറുണ്ട് തിരിച്ചു കൊടുക്കാറുണ്ട്. ഇതൊന്നും ഒളിച്ചു വച്ച് ചെയ്യുന്നതല്ലോ. എനിക്ക് ജിഎസ്ടി റെയ്ഡ് ഒക്കെ വന്നതല്ലേ, എല്ലാം ഒഫിഷ്യൽ ആയ കാര്യമല്ലേ, അതിനു ഇങ്ങനെ പറയാൻ എന്താണ്. ഞങ്ങളുടെ അസോസിയേഷനിലെ പലരെയും ഇങ്ങനെ തേജോവധം ചെയ്തുകൊണ്ടിരിക്കുകയാണ് ഇവർ. ഒരു സ്ത്രീ ആണെന്ന പരിഗണന കൊടുത്താണ് ആരും മിണ്ടാതെ ഇരിക്കുന്നത്.
ആന്റോ ജോസഫ്, ബി. രാഗേഷ്, ഇവർക്കൊക്കെ കുടുംബം ഉള്ളതാണ്. ബി. ഉണ്ണികൃഷ്ണൻ, സിയാദ് കോക്കർ തുടങ്ങിയവർ എല്ലാ കാര്യത്തിലും പ്രതികരിക്കുന്നതാണ്, ഇവരുടെ കാര്യത്തിൽ പ്രതികരിച്ചിട്ടില്ല, ഒരു സ്ത്രീ ആണെന്ന പരിഗണന കൊടുത്ത് എല്ലാവരും മിണ്ടാതെ ഇരിക്കുകയാണ്.
അവർ അവർക്കിഷ്ടമുള്ള കാര്യം ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതിനൊക്കെ ഒരു ലിമിറ്റ് ഉണ്ട്. ഞാൻ കഷ്ടപ്പെട്ട് പ്രോജക്റ്റ് ഉണ്ടാക്കും ചിലപ്പോ പൈസ കടം വാങ്ങും, അതിന് എന്താണ് കുഴപ്പം. അതിൽ കണ്ണുകടി ഉണ്ടായിട്ട് കാര്യമില്ല. ഇവർക്കും അതൊക്കെ ചെയ്യാമല്ലോ. ചുമ്മാ ചൊറിഞ്ഞുകൊണ്ട് ഇരുന്നിട്ട് കാര്യമില്ല, മാർക്കറ്റിൽ ഇറങ്ങി പണം ഇറക്കി ചെയ്യണം. സാന്ദ്ര സ്വന്തം പൈസക്കാണോ എല്ലാം ചെയ്തിരിക്കുന്നത്? എന്തെല്ലാം കേസുകൾ അസോസിയേഷനിൽ കിടപ്പുണ്ട്.
സാന്ദ്രയെ പിന്തുണച്ച് ഇൻഡസ്ട്രിയിൽ ഉള്ള കുറേപ്പേർ വന്നിട്ടുണ്ട് അവർക്കൊന്നും ഒരു പ്രശ്നവും ഇല്ലാത്തവരാണോ. ബിസിനസ് ചെയ്യുമ്പോൾ എല്ലാവർക്കും ഓരോ പ്രശ്നം വരും. സാന്ദ്ര തോമസ് ലൈസൻസ് കിട്ടിയതുപോലെ ഏതു കാര്യത്തിലും പ്രതികരിക്കുകയാണ്. സാന്ദ്രാ തോമസ് ഇവിടുത്തെ ആരാണ്? ഞാനും ഇവിടുത്തെ ആരും അല്ല. അവർ അവരെ തന്നെ തെളിയിക്കട്ടെ. ഒരു വിഷയം വരുമ്പോൾ സാന്ദ്രാ തോമസ് ഇങ്ങനെ പറഞ്ഞു എന്ന് ടൈറ്റിൽ ഇട്ടു പ്രചരിപ്പിക്കുകയാണ്.
ലിസ്റ്റിന്റെ ഭാഷയിൽ ധാർഷ്ട്യം ഉണ്ട് എന്ന് സാന്ദ്ര പറയുന്നു. എനിക്ക് എന്ത് ധാർഷ്ട്യം ആണുള്ളത് ? എന്റെ വാട്സാപ്പ് ഡിപ്പിയിൽ യേശു ക്രിസ്തുവിന്റെ ഫോട്ടോ ആണ് ഉള്ളത്. ധാർഷ്ട്യത്തിന്റെ അടയാളമാണോ അത്? ഞാൻ ഒരു കാര്യം പറയാനുണ്ടെന്ന് അതിനു മുന്നേ പറഞ്ഞിട്ടുണ്ട്, ആ ഒരു കാര്യമാണ് ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്നത്.
അതെങ്ങനെയാണ് ധാർഷ്ട്യം ആകുന്നത്. ആളുകൾക്ക് എന്തും പറയാം എന്ന ധാരണ തെറ്റാണ്. ഞങ്ങളൊക്കെ കഷ്ടപ്പെട്ട് ടെൻഷൻ അടിച്ച് ജീവിക്കുന്നവരാണ്. ഒരു പടം ഇറങ്ങുമ്പോൾ അറിയാം, എന്തെല്ലാം ടെൻഷനാണ്. നമ്മൾ വീടും സ്ഥാപനങ്ങളും ഒകെ എഴുതി കൊടുത്തിട്ടാണ് പടം ചെയ്യുന്നത്.’’ലിസ്റ്റിൻ പറഞ്ഞു.