"തുടരും’ സിനിമയുടെ വ്യാജപതിപ്പ് ടൂറിസ്റ്റ് ബസില്‍; നിയമനടപടി സ്വീകരിക്കുമെന്ന് നിര്‍മാതാവ്
Monday, May 5, 2025 11:17 AM IST
തുടരും സിനിമയുടെ വ്യാജപതിപ്പ് ടൂറിസ്റ്റ് ബസില്‍ പ്രദര്‍ശിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മലപ്പുറത്തുനിന്നുള്ള സംഘത്തിന്റെ വാഗമണ്‍ യാത്രയ്ക്കിടെയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. നിയമനടപടി സ്വീകരിക്കുമെന്ന് നിര്‍മാതാവ് രജപുത്ര രഞ്ജിത് അറിയിച്ചു.
ഇത് തെറ്റായ കാര്യമാണ്. ബസിന്റെ നമ്പര്‍ കണ്ടുപിടിച്ച് പരിശോധിച്ചപ്പോള്‍ മലപ്പുറം ജില്ലയിലുള്ള ബസാണെന്നാണ് മനസിലാക്കാന്‍ സാധിച്ചത്. ഇവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കും. തെറ്റായ കാര്യമാണിത്.
ഈ സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടേയും തീയേറ്ററുകറുകാരുടേയും ഉള്‍പ്പെടെ ഒരുപാട് പേരുടെ ജീവിത പ്രശ്നമാണ്. മറ്റുള്ളവര്‍ ഇത് ആവര്‍ത്തിക്കാതിരിക്കാനായി തീര്‍ച്ചയായും പരാതി കൊടുക്കും. സിനിമയുടെ നിര്‍മാതാവ് എം. രഞ്ജിത്ത് പറഞ്ഞു.
വാഗമണ്ണിലേക്ക് പോവുകയായിരുന്ന കൊല്ലം രജിസ്ട്രേഷനിലുള്ള കെഎല്‍ 02 എഇ 3344 എന്ന രജിസ്ട്രേഷനിലുള്ള ടൂറിസ്റ്റ് ബസിലാണ് മോഹന്‍ലാല്‍ നായകനായ ഏറ്റവും പുതിയ ചിത്രം തുടരും പ്രദര്‍ശിപ്പിച്ചിരുന്നത്.
ഇതിന്റെ ദൃശ്യങ്ങള്‍ സമീപത്ത് കൂടി പോയ മറ്റ് വാഹനത്തില്‍ ഉള്ളവരാണ് പകര്‍ത്തിയത്. ചിത്രം റിലീസ് ആയി ദിവസങ്ങള്‍ക്കുള്ളിലാണ് ഇത്തരത്തില്‍ ടൂറിസ്റ്റ് ബസില്‍ പ്രദര്‍ശിപ്പിച്ചത്. ഇതിനൊപ്പം തന്നെ തൃശൂർ- ഷൊർണൂർ റൂട്ടിൽ ഓടുന്ന ബസിലിരുന്ന് ഒരു യാത്രക്കാരൻ ഫോണിൽ തുടരും സിനിമ കാണുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
അതേസമയം, ബോക്സ്ഓഫിസിൽ റിക്കാർഡുകൾ സൃഷ്ടിക്കുന്ന ചിത്രം ആറാം ദിവസം നൂറു കോടി ക്ലബ്ബിലെത്തിയിരുന്നു.
എമ്പുരാനു തൊട്ടുപിന്നാലെയാണ് മറ്റൊരു മോഹൻലാൽ ചിത്രം കൂടി നൂറുകോടിയിലെത്തുന്നത്. ഒരു മാസങ്ങൾക്കുള്ളിൽ തുടർച്ചയായ രണ്ട് സിനിമകൾ നൂറു കോടി ക്ലബ്ബിലെത്തിക്കുന്ന ആദ്യ തെന്നിന്ത്യൻ താരമെന്ന റിക്കോർഡും മോഹൻലാൽ സ്വന്തമാക്കിയെന്ന് ആരാധകർ അവകാശപ്പെടുന്നു.
പുലിമുരുകൻ, ലൂസിഫർ, എമ്പുരാൻ എന്നീ സിനിമകൾക്കുശേഷം നൂറു കോടി ക്ലബ്ബിലെത്തുന്ന നാലാമത്തെ മോഹൻലാൽ ചിത്രമാണ് തുടരും.
അമിത പ്രതീക്ഷകൾ നൽകാതെ, ആരാധകരോട് ഇതൊരു സാധാരണ പടമെന്ന് പറഞ്ഞ് പ്രമോഷൻ പോലും നൽകാതെ പുറത്തിറക്കിയ ചിത്രം മോഹൻലാലിന്റെ തിരിച്ചുവരവാണെന്നാണ് പ്രേക്ഷകാഭിപ്രായം.
വർഷങ്ങൾക്ക് ശേഷം തങ്ങളുടെ മോഹൻലാലിനെ തിരികെ നൽകിയതിന് നന്ദി എന്നാണ് സംവിധായകൻ തരുൺ മൂർത്തിയോട് ചിത്രം കണ്ടിറങ്ങിയവർ പറയുന്നത്.
സിനിമയുടെ ടൈറ്റിൽ കാർഡ് മുതൽ ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് വരെ എല്ലാം മികച്ച അഭിപ്രായമാണ് പറയുന്നത്. ‘ഇതാണ് ഞങ്ങള്‍ കാത്തിരുന്ന ലാലേട്ടന്, ഇങ്ങനെ വേണം സിനിമ എടുക്കാന്‍, കാത്തിരുന്ന ലാല്‍ ഭാവങ്ങള്‍ ഇതാണ്’ എന്നിങ്ങനെ പോകുന്നു സിനിമ കണ്ടിറങ്ങിയവരുടെ അഭിപ്രായങ്ങള്‍
ഫീൽ ഗുഡ് പോലെ തുടങ്ങുന്ന സിനിമ ഇടവേളയോട് അടുക്കുമ്പോൾ ത്രില്ലർ മൂഡിലേക്കു മാറുന്നു. രണ്ട് മണിക്കൂർ 46 മിനിറ്റാണ് സിനിമയുടെ റൺ ടൈം.