നിവിൻ പോളിയും ലിസ്റ്റിനും തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങിയത് ഇങ്ങനെയോ?
Monday, May 5, 2025 12:20 PM IST
മലയാളസിനിമയിലെ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയെന്ന നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ പരാമർശം ചെന്നെത്തിയത് നടൻ നിവിൻ പോളിയിലേയ്ക്കായിരുന്നു.
നിവിനാണ് ആ നടനെന്നും ലിസ്റ്റിൻ നിർമിക്കുന്ന പുതിയ ചിത്രം ബേബി ഗേളിന്റെ ലൊക്കേഷനിൽ നിന്നും നിവിൻ പോയെന്നും അഖിൽ സത്യന്റെ ചിത്രത്തിൽ ജോയിൻ ചെയ്തതുമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പറയുന്നു. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ലെന്നും നിവിന്‍ ബേബിഗേളുമായി ബന്ധപ്പെട്ട എഗ്രിമെന്റ് ലിസ്റ്റിൻ നൽകിയിട്ടില്ലെന്നുമാണ് പറയുന്നത്.
ലിസ്റ്റിൻ നിർമിച്ച് അരുൺ വർമ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബേബി ഗേൾ. ഇതിൽ ആദ്യം നായകനായി പരിഗണിച്ചത് കുഞ്ചാക്കോ ബോബനെയായിരുന്നുവെന്നും എന്നാൽ നടൻ പിൻമാറിയതിനെതുടർന്നാണ് നിവിൻ ചിത്രത്തിലേയ്ക്കെത്തിയതും. എന്നാൽ ഇതിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട എഗ്രിമെന്റ് പേപ്പർ ഇതുവരെയും നിവിന്‍ നൽകിയിട്ടില്ലെന്നാണ് നിവിനുമായി അടുത്തവൃത്തങ്ങൾ പറയുന്നത്.
അതേസമയം നിവിൻ അഭിനയിച്ച ഒരു ചിത്രമാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചതെന്നാണ് സിനിമവൃത്തങ്ങളിൽ നിന്നുള്ള സൂചനകളിൽ നിന്നും വ്യക്തമാകുന്നത്. നിവിനും ആ ചിത്രത്തിലെ നിർമാണപങ്കാളിയായിരുന്നു.
ചിത്രം നഷ്ടത്തിലായതോടെ സിനിമയുടെ മറ്റൊരു നിർമാതാവിന് നിവിൻ സ്വന്തം പേരിൽ നഷ്ടപരിഹാരം പോലെ വലിയൊരുതുക കൊടുത്തെന്നും അത് ലിസ്റ്റിന്റെ പക്കൽ നിന്നുമാണ് കടം വാങ്ങിയതെന്നും സംസാരമുണ്ട്. ഇതിനൊപ്പം ലിസ്റ്റിന്റെ പടത്തിൽ അഭിനയിക്കാമെന്നും നിവിൻ വാക്ക് കൊടുത്തു. അങ്ങനെയാണ് ദുബായി പശ്ചാത്തലമായി വരുന്ന ഒരു ചിത്രത്തിൽ നിവിൻ അഭിനയിച്ചത്. ഈ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ടും നിവിനും ലിസ്റ്റിനും തമ്മിൽ വ്യത്യാസങ്ങളുണ്ടായി.
ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ ലിസ്റ്റിൻ സിനിമയുടെ ഒടിടി അവകാശം ഒരു പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിന് നൽകാൻ ധാരണയുണ്ടാക്കിയിരുന്നുവെന്നും എന്നാൽ നിവിൻ ഇടപെട്ട് അത് മറ്റൊരു പ്ലാറ്റ്ഫോമിന് നൽകാമെന്ന് പറയുകയും ചെയ്തു. എന്നാൽ ചിത്രം തിയറ്ററിൽ വൻ പരാജയം ഏറ്റുവാങ്ങിയതോടെ നേരത്തെ പറഞ്ഞ ഒടിടി പ്ലാറ്റ്ഫോമുകൾ ചിത്രം നിരസിച്ചു. ഇതോടെ ഈ ചിത്രം ഇതുവരെയും ഒരു ഒടിടിയിലും ഇറങ്ങിയതുമില്ല മാത്രമല്ല കനത്ത നഷ്ടം നിർമാതാവായ ലിസ്റ്റിന് ഉണ്ടാവുകയും ചെയ്തു.
ഇതിന് പിന്നാലെ ഏതെങ്കിലുമൊരു ചിത്രത്തിൽ പ്രതിഫലമില്ലാതെ അഭിനയിക്കാമെന്ന് നിവിൻ പറഞ്ഞെന്നും അങ്ങനെ സംഭവിച്ച ചിത്രമാണ് ലിസ്റ്റിൻ നിർമിച്ച മറ്റൊരു ചിത്രമെന്നും സൂചനയുണ്ട്. എന്നാൽ ഈ ചിത്രവും വൻ പരാജയമാണ് ഏറ്റുവാങ്ങിയത്. അതിനാൽ ലിസ്റ്റിന്റെ നഷ്ടം വീണ്ടും കൂടുകയല്ലാതെ മറ്റൊന്നും സംഭവിച്ചില്ലെന്നും നിവിനുമായുള്ള സൗഹൃദത്തിൽ കല്ലുകടി തുടങ്ങിയെന്നും പറയപ്പെടുന്നു.
ശേഷം ലിസ്റ്റിൻ നിർമിക്കുന്ന പുതിയ ചിത്രമായ ബേബി ഗേളിൽ നിന്നും കുഞ്ചാക്കോ ബോബൻ പിൻമാറിയപ്പോഴാണ് നിർമാതാവ് നിവിനെ സമീപിച്ചത്. നിവിൻ ചിത്രത്തിന്റെ പൂജയ്ക്കായി വിഷുദിവസം എത്തിയിരുന്നു. എന്നാൽ ചിത്രത്തിൽ നിവിന്‍ എഗ്രിമെന്റ് എഴുതി നൽകാൻ ലിസ്റ്റിൻ തയ്യാറായില്ലെന്നും പിന്നീട് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ സംഭവിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.
‘‘മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. വലിയൊരു മാലപ്പടക്കത്തിന് തിരി കൊളുത്തിയിട്ടുണ്ട്. അത് വേണ്ടായിരുന്നു. ഞാന്‍ പറയുമ്പോള്‍ ആ നടന് ഇത് കാണും. പക്ഷേ ആ നടന് ചെയ്തത് വലിയ തെറ്റാണ് എന്ന് ഓര്‍മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവര്‍ത്തിക്കരുത്. അങ്ങനെ തുടര്‍ന്നു കഴിഞ്ഞാല്‍ അത് വലിയ പ്രശ്നങ്ങള്‍ക്കും കാരണമാകും.’’ ലിസ്റ്റിൻ പറഞ്ഞതിങ്ങനെ.
നിവിന്‍ പിന്തുണയുമായി ഫേസ്ബുക്കിൽ പങ്കുവച്ചൊരു കുറിപ്പ് ഇങ്ങനെ
""ലിസ്റ്റിൻ പ്രൊഡ്യൂസ് ചെയ്യുന്ന "ബേബി ഗേൾ" സിനിമയിൽ നിന്നും അതിൽ അഭിനയിക്കാൻ ഇരുന്ന നടൻ പിൻവാങ്ങുന്നൂ, ഈ സിനിമ നിന്ന് പോകും എന്ന അവസ്ഥ വരുന്നൂ. ആ സമയം ഈ സിനിമയിലേക്ക് ലിസ്റ്റിൻ നിവിനെ വിളിക്കുന്നൂ , നിവിൻ ലിസ്റ്റിന്റെ അവസ്ഥ കണ്ട് തനിക്ക് ആ സമയം ചെയ്യേണ്ടുന്ന മറ്റ് സിനിമയുടെ ഡേറ്റ്സ് അഡ്ജസ്റ്റ് ചെയ്ത് ഓടിച്ചെന്ന് ലിസ്റ്റിനൊപ്പം ഒരു സുഹൃത്തായി നിന്ന് ഈ സിനിമയിൽ വെടിപ്പായി അഭിനയിക്കുന്നു. അങ്ങനെ ആ ഷെഡ്യൂൾ ഷൂട്ട് തീർത്ത് നിവിൻ പോളി ഏപ്രിൽ 27 ന് മുൻ നിശ്ചയിച്ച പ്രകാരം ഷൂട്ട് പൂർത്തിയാക്കി മടങ്ങുന്നൂ..
എന്നാൽ ലിസ്റ്റിൻ സിനിമ തുടങ്ങുമ്പോൾ മുതൽ നിവിൻ പോളിയുടെ ഓഫീസ് ആവശ്യപ്പെടുന്ന സിനിമയിൽ അഭിനയിക്കാനുള്ള അഗ്രിമന്റ് അയക്കാം എന്ന് പറഞ്ഞ ആ എഗ്രിമെന്റ് ലിസ്റ്റിൻ നിവിൻ പോളിയുടെ ഓഫീസ് സ്റ്റാഫുകൾക്ക് എത്ര ചോദിച്ചിട്ടും അയക്കുന്നില്ല..
ഒരു നായക നടന് ഒരു സിനിമയിൽ അഭിനയിക്കാനുള്ള എഗ്രിമന്റ് കിട്ടുക എന്നത് ധാർമ്മികമായ ആവശ്യം അല്ലേ?? എന്നാൽ എഗ്രിമെന്റ് ഇല്ലാതെ അഭിനയിക്കണം എന്ന് ലിസ്റ്റിൻ മാടമ്പിയുടെ ഓർഡർ / വാശി!! (നീ എന്നോട് എഗ്രിമെന്റ് ചോദിക്കാൻ മാത്രം വളർന്നോ എന്ന ലൈൻ.. ഏത്?? ;))
നിവിൻ പോളിയുടെ ഓഫീസ് ഭാഗത്ത് നിന്നും കഴിഞ്ഞ ഒരു മാസമായി ഈ എഗ്രിമെന്റിനെ കുറിച്ച് ചോദിക്കുമ്പോൾ ഒന്നും ലിസ്റ്റിൻ ഒരു മറുപടിയും നൽകിയില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. അവസാനം ലിസ്റ്റിൻ പറയുന്നത് പോലെ അനുസരിക്കണം.. ഇല്ലെങ്കിൽ അനുസരിപ്പിക്കും എന്ന് വെല്ല് വിളിച്ചൂ അത്രേ..
ഈ കോണ്ട്രാക്റ്റുകൾ നൽകാതെ ആർട്ടിസ്റ്റുകളെ പീഢിപ്പിച്ച് പണിയെടുപ്പിക്കുന്നതിൽ അത്രമേൽ ആനന്ദം കണ്ടെത്തുന്ന ഒരു സാഡിസ്റ്റ് മാടമ്പി ലിസ്റ്റിനകത്ത് ഉണ്ടെന്നത് ഇന്റസ്ട്രിയിൽ പരസ്യമായ രഹസ്യമാണ്. (ഇതേ പോലെ ഉള്ള മറ്റ് പരസ്യമായ രഹസ്യ കേസുകൾ വേറെ ഉണ്ടെന്ന് കേൾക്കുന്നൂ) ഇതാണ് ആക്ച്വൽ വിഷയം എന്ന് കേൾക്കുന്നൂ. ഇനി അങ്ങനെ ഒരു എഗ്രിമെന്റ് ലിസ്റ്റിൻ നൽകിയിട്ടുണ്ടെങ്കിൽ ലിസ്റ്റിൻ ആ എഗ്രിമെന്റ് പുറത്ത് വിടട്ടേ..
പ്രേക്ഷകർ എന്നും നിവിൻ പോളിക്കൊപ്പം നിന്നിട്ടുണ്ട് ഇക്കാര്യത്തിലും നിൽക്കും കാരണം സത്യം - നീതി നിവിൻ പോളിക്ക് ഒപ്പമാണ്.
നിവിൻ പോളിയേ ഇന്നും സ്റ്റാർ ആക്കി നിർത്തുന്നത് ഒറ്റക്ക് വഴി വെട്ടിവന്നനോടുള്ള പ്രേക്ഷകരുടെ കളങ്കമില്ലാത്ത സ്നേഹമാണ് ഒരു ലിസ്റ്റിൻ മുതാലാളി വിചാരിച്ചാൽ അതിന്റെ രോമത്തിൽ തൊടാൻ ആവില്ല.
നിവിൻ പോളിയോട് അദ്ദേഹത്തേ ഇഷ്ടപ്പെടുന്ന ഒരു സാധാരണ പ്രേക്ഷകൻ എന്ന നിലക്ക് ഒന്നേ പറയനുള്ളൂ.. നിങ്ങൾ സധൈര്യം മുന്നോട്ട് പോവുക.. ഞങ്ങൾ കൂടെ ഉണ്ട്.ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാടാ''.