വീട്ടില്‍ ഇരിക്കാന്‍ വയ്യ, ചെവിപൊട്ടുന്ന രീതിയിൽ ക്ഷേത്രത്തിലെ ലൗഡ്സ്പീക്കര്‍; വിമര്‍ശിച്ച് അഹാന
Tuesday, May 6, 2025 9:26 AM IST
വീടിനടുത്തുള്ള അമ്പലത്തിലെ ലൗഡ്സ്പീക്കറിൽ നിന്നും വരുന്ന ശബ്ദകോലഹലങ്ങൾ കാരണം സഹിക്കെട്ടന്ന് നടി അഹാന കൃഷ്ണ. സമയവും സാഹചര്യവും നോക്കാതെ ആരാധനായലങ്ങളില്‍ ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നതിനെ വിമര്‍ശിച്ചാണ് അഹാന രംഗത്തെത്തിയിരിക്കുന്നത്.
താരത്തിന്റെ വീടിന്റെ സമീപവും ഒരു സ്പീക്കർ വെച്ചിട്ടുണ്ട്. ഇതിന്റെ വീഡിയോ സഹിതം പങ്കുവച്ചാണ് അഹാന രംഗത്തെത്തിയത്.
ഉത്സവകാലത്ത് ക്ഷേത്രത്തിനുള്ളിൽ നടക്കുന്നത് കാണാൻ താല്പര്യമുള്ളവർ അവിടെ വന്നു കാണുമെന്നും എല്ലാവരെയും കോളാമ്പി വച്ച് അറിയിക്കേണ്ട ആവശ്യമില്ല എന്നും അഹാന കൃഷ്ണ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.
അമ്പലത്തിൽ നിന്ന് ഭക്തിഗാനത്തിന് പകരം തമിഴ് ഡപ്പാംകൂത്ത് പാട്ടുകളാണ് വരുന്നതെന്ന് അഹാന പറയുന്നു. ഇതാണോ കാവിലെ പാട്ടുമത്സരം എന്ന് ചോദിച്ച അഹാന ഒരാഴ്ചയിലേറെ ആയിട്ടും ഈ സ്ഥിതിക്ക് ഒരു മാറ്റവുമില്ല എന്നും കുറിച്ചിട്ടുണ്ട്.

"ഉത്സവകാലത്ത് ക്ഷേത്രത്തിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് ചെവിക്ക് തകരാറു സംഭവിക്കുന്ന തരത്തിൽ ഒരു സ്പീക്കറിലൂടെ കേൾക്കാൻ എല്ലാവരും ആഗ്രഹിക്കുന്നുവെന്നാണ് അമ്പലങ്ങളുടെ ഭാരവാഹികൾ കരുതുന്നതെങ്കിൽ തെറ്റി.
നിങ്ങൾ അങ്ങനെ അനുമാനിക്കുന്നത് നിർത്തേണ്ട സമയം അതിക്രമിച്ചു. ഇത്തരത്തിൽ രാവിലെ ഒൻപതു മണിക്ക് ആരംഭിച്ച് രാത്രി 10-11 മണിവരെ ഉച്ചത്തിൽ പാട്ടുവച്ച് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന പ്രവൃത്തി ഒരു ആഴ്ചയിലേറെയായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കേൾക്കാൻ ആഗ്രഹിക്കുന്നവർ ക്ഷേത്ര പരിസരത്ത് പോയി ഇത് കേൾക്കും'. അഹാന കുറിച്ചു.
ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ഇട്ടു കുറച്ചു സമയം കഴിഞ്ഞപ്പോൾ അമ്പലത്തിൽ നിന്നുവന്ന പാട്ടും അഹാന കേൾപ്പിക്കുന്നുണ്ട്. "സരക്ക് വച്ചിരിക്കെ ഇറക്കി വച്ചിരിക്കെ കറുത്ത കോഴി മുളക് പോട്ട് വറുത്ത് വച്ചിരിക്കെ" എന്ന തമിഴ് ഡപ്പാം കൂത്ത് പാട്ടാണ് അമ്പലത്തിൽ നിന്ന് കേട്ടത്. അമ്പലത്തിൽ ഇടാൻ പറ്റിയ സൂപ്പർ പാട്ട്, ഹര ഹരോ ഹര ഹര" എന്നാണ് അഹാന വീണ്ടും സ്റ്റാറ്റസിൽ കുറിച്ചത്.