ഹൈബ്രിഡ് കഞ്ചാവ് കേസ്: ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന്റെ മൊഴി വിശ്വാസത്തിലെടുക്കാതെ എക്സൈസ്
Tuesday, May 6, 2025 1:30 PM IST
ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അറസ്റ്റിലായ ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന്റെ മൊഴി വിശ്വാസത്തിലെടുക്കാതെ എക്സൈസ് സംഘം. നേരത്തെ അറസ്റ്റിലായ സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും സമീറിന്റെ ഫ്ളാറ്റില്‍ എത്തിയത് പുതിയ ചിത്രത്തിന്റെ ചര്‍ച്ചകള്‍ക്കായാണെന്നാണ് ഇയാള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്. ഇരുവരും ലഹരി ഉപയോഗിക്കുന്ന കാര്യം തനിക്ക് അറിയില്ലെന്നായിരുന്നു സമീറിന്റെ മൊഴി.
എന്നാല്‍ മൊഴി വിശ്വസനീയമല്ലാത്തതുകൊണ്ടാണ് സമീറിനെ കേസില്‍ പ്രതി ചേര്‍ത്തതെന്ന് എക്സൈസ് സംഘം വ്യക്തമാക്കുന്നത്.
സമീര്‍ താഹിറും ഖാലിദ് റഹ്മാനും നിര്‍മിച്ച് അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥാ രചനയ്ക്കായാണ് ഇവര്‍ ഒത്തുകൂടിയത് എന്നാണ് മൊഴി. ഉച്ച വരെ സമീറും ഫ്ളാറ്റില്‍ ഉണ്ടായിരുന്നുവെന്നും ഉച്ചയോടെയാണ് ഇയാള്‍ ഫ്ളാറ്റില്‍നിന്ന് പോയതെന്നുമാണ് എക്സൈസ് സംഘം പറയുന്നത്. ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകര്‍ അറസ്റ്റിലായ ഫ്ളാറ്റ് സമീര്‍ താഹിറിന്റെ പേരിലുള്ളതാണ്.
അതുകൊണ്ടുതന്നെ ഉത്തരവാദിത്വത്തില്‍നിന്ന് ഇയാള്‍ക്ക് ഒഴിഞ്ഞു നില്ക്കാനാവുകയും ഇല്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. സമീര്‍ താഹിറിന്റെ അറിവോടെയാണോ ഫ്ളാറ്റില്‍ ലഹരി ഉപയോഗം നടന്നത് എന്നു തെളിഞ്ഞാല്‍ എന്‍ഡിപിഎസ് ആക്ട് (25) വകുപ്പു പ്രകാരം കേസെടുക്കുമെന്ന് എക്സൈസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വകുപ്പ് അനുസരിച്ചാണ് ഇന്നലെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്നു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇയാളെ ജാമ്യത്തില്‍ വിട്ടു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗോശ്രീ പാലത്തിനു സമീപമുള്ള സമീറിന്റെ ഫ്ളാറ്റില്‍നിന്ന് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരേയും സുഹൃത്തായ ഷാലിഫ് മുഹമ്മദ് നഹാസിനേയും എക്സൈസ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ ജിംഖാന, തല്ലുമാല, ഉണ്ട തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് എറണാകുളം തോപ്പുംപടി സ്വദേശിയായ ഖാലിദ് റഹ്മാന്. തമാശ, ഭീമന്റെ വഴി, സുലൈഖ മന്‍സില്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് മലപ്പുറം പൊന്നാനി സ്വദേശിയായ അഷറഫ് ഹംസ. അറസ്റ്റിലായതിനു പിന്നാലെ ഇരുവരേയും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് സസ്പെന്‍ഡ് ചെയ്തിരുന്നു.
കഞ്ചാവ് നല്കിയ കോഴിക്കോട് സ്വദേശിക്കായി അന്വേഷണം
അതേസമയം, ഇവര്‍ക്ക് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചു നല്കിയ പ്രമുഖ ലഹരി വിതരണക്കാരനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്സൈസ് സംഘം പറഞ്ഞു. ഷാലിഫ് മുഹമ്മദാണ് കഞ്ചാവ് ഫ്ളാറ്റില്‍ എത്തിച്ചത്. ഇയാള്‍ക്ക് കഞ്ചാവ് നല്കിയ ആള് കോഴിക്കോട് സ്വദേശിയാണെന്ന് എക്സൈസ് സംഘം കണ്ടെത്തിയിരുന്നു. ഇയാള്‍ കാക്കനാടാണ് താമസിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഉടന്‍ പിടിയിലാകുമെന്നാണ് ലഭ്യമാകുന്ന വിവരം.