പ്രസവശേഷം എന്റെ പ്ലാസന്റ സംസ്കരിച്ചത് ഭർത്താവ്; എല്ലാവരും എങ്ങനെ ഉൾക്കൊള്ളുമെന്നറിയില്ല; അമല പോൾ
Tuesday, May 20, 2025 10:39 AM IST
ഗർഭകാലത്തെക്കുറിച്ചും കുഞ്ഞുണ്ടായതിന് ശേഷം ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി അമല പോൾ. ജീവിതത്തിൽ എന്തു ചെയ്യണമെന്ന് അറിയാത്ത സമയത്താണ് കുഞ്ഞ് വരുന്നതെന്നും കുഞ്ഞ് തന്നെ കൂടുതൽ മെച്ചപ്പെട്ട വ്യക്തിയാക്കി മാറ്റിയെന്നും അമല പറഞ്ഞു. ജെഎഫ്ഡബ്ല്യു ബിംഗിനു നൽകിയ അഭിമുഖത്തിലാണ് അമല ഇക്കാര്യങ്ങൾ പറഞ്ഞത്.
ഗർഭകാലമാണ് എന്നെ ഒരുപാട് മാറ്റിയത്. 'ഞാൻ' എന്ന എന്റെ മുൻഗണന മാറി. ആ 'ഞാൻ' എവിടെ എന്ന് പോലും അറിയാൻ കഴിയാതെയായി. ശ്രദ്ധ മുഴുവൻ എന്റെ ഉള്ളിലുള്ള ആ കുഞ്ഞു ജീവനിലായി. വേറൊന്നിനെക്കുറിച്ചും ആലോചിക്കാനില്ല.

പത്തും പന്ത്രണ്ടും മണിക്കൂറും ഉറങ്ങിയിട്ടും മതിയാവാതിരുന്ന എനിക്ക് നാലോ അഞ്ചോ മണിക്കൂർ മാത്രമേ ഉറങ്ങാൻ കഴിഞ്ഞിരുന്നുള്ളൂ. എങ്കിലും അതൊക്കെയും ആസ്വദിക്കാനായി. എല്ലാം ആ കുഞ്ഞു ജീവന് വേണ്ടി എന്ന നിലയിലായി കാര്യങ്ങൾ.
ഞാനും ജഗത്തും കണ്ടുമുട്ടി ഒന്നോ രണ്ടോ മാസത്തിന് ശേഷമാണ് ഞാൻ ഗർഭിണിയാകുന്നത്. പിന്നീടാണ് വിവാഹം നടക്കുന്നത്. എന്നെ സംബന്ധിച്ച്, ജീവിതത്തിൽ മുന്നോട്ട് എന്തു ചെയ്യണം എന്ന ആശയക്കുഴപ്പത്തിൽ നിൽക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

ഗർഭധാരണം എനിക്ക് കൃത്യമായ ദിശാബോധം തന്നു. ഇനി എന്തു ചെയ്യണം, എങ്ങനെ മുന്നോട്ടു പോകണം എന്ന് വ്യക്തമായ ഐഡിയ തന്നു. കുഞ്ഞ് ഞങ്ങളുടെ സ്നേഹത്തെ പൂർണതയിലേക്ക് എത്തിച്ചു. ഇലായ് (കുഞ്ഞ്) വന്നതിന് ശേഷമാണ് ഞാൻ ക്ഷമ എന്താണെന്ന് പഠിച്ചത്.’’
പങ്കാളി ജഗത്തിനെക്കുറിച്ചും അമല പോൾ വാചാലയായി. ജഗത്താണ് തനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്ന് അമല പറഞ്ഞു. ‘‘ഞങ്ങളുടെ കഥ സിനിമയാക്കുമെങ്കിൽ അതിന് പേരിടുക ‘എന്റെ മറുപിള്ളയെ നീ അടക്കം ചെയ്യുമോ’ എന്നായിരിക്കും,’’ എന്ന് പുഞ്ചിരിയോടെ അമല പറയുന്നു. അതിനുള്ള കാരണം അമല വിവരിക്കുന്നതിങ്ങനെ:
‘‘കുഞ്ഞ് പിറന്നതിന് ശേഷം മറുപിള്ളയെ (പ്ലാസന്റ) പൂജകളോടെ സംസ്കരിക്കുന്നത് പണ്ടു കാലത്തെ ഒരു ചടങ്ങാണ്. വളരെ ആഘോഷപൂർവമായാണ് ഇത് നടത്തുന്നത്. കുഞ്ഞിനോടൊപ്പമാണ് പ്ലാസൻറയും വളരുന്നത്. അതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.

അമ്മയായ സ്ത്രീയുടെ അതുവരെയുള്ള മുഴുവൻ ട്രോമകളും നെഗറ്റിവിറ്റിയും അതോടെ അടക്കം ചെയ്യപ്പെട്ടു എന്നാണ് സങ്കൽപം. അമ്മയ്ക്കും കുഞ്ഞിനും പുതുജന്മം എന്ന അർഥത്തിലാണ് ഈ ചടങ്ങ് ചെയ്യുന്നത്.
എന്റെ പ്ലാസന്റ അടക്കം ചെയ്തത് ജഗത് ആണ്. എന്നെ അറിയിച്ചിരുന്നില്ല. ചടങ്ങ് കഴിഞ്ഞു വന്ന് എന്നോട് ജഗത് പറഞ്ഞത്, ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ നിന്നെ ആദ്യം കണ്ടപ്പോള് പിക്കപ് ലൈൻ പോലെ ‘ക്യാൻ ഐ ബറി യുവർ പ്ലാസന്റ’ എന്നു ചോദിക്കുമായിരുന്നു എന്നാണ്.’’
ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാലഘട്ടത്തെക്കുറിച്ചും അമല പോൾ മനസ്സു തുറന്നു. ‘‘2020-21 കാലഘട്ടം എനിക്കു വളരെ പ്രയാസമേറിയതായിരുന്നു. ഏറെ പ്രിയപ്പെട്ട അച്ഛന്റെ മരണം, കോവിഡ് എല്ലാമായി മാനസികമായി ആകെ തളർന്ന ഘട്ടമായിരുന്നു അത്.
ഉത്കണ്ഠ വരുമ്പോൾ, ഒന്നു സംസാരിക്കാനായി എന്റെ അടുത്ത സുഹൃത്തിന്റെ 11–ാം നിലയിലെ ഫ്ലാറ്റിലേക്ക് ഞാൻ ഓടിക്കയറിയിട്ടുണ്ട്. ആ സമയത്ത് ഞാൻ അഭിനയിച്ചിരുന്ന ഹിന്ദി സീരീസിലെ കഥാപാത്രം സ്ക്രീസോഫീനിയ ഉള്ള ആളാണ്.
യഥാർഥ ജീവിതത്തിൽ ഞാൻ അപ്പോൾ കടന്നു പോകുന്ന അവസ്ഥയ്ക്കും ഈ കഥാപാത്രത്തിനും ഒരുപാട് സമാനതകളുണ്ടായിരുന്നു. മുന്നിൽ നിന്ന് സംസാരിക്കുന്ന, വളരെ പരിചയമുള്ള ആളുകൾ പോലും ആരാണെന്നുള്ളത് ഞാൻ കുറച്ച് നിമിഷത്തേക്ക് മറന്നുപോകും.

നേരിടേണ്ടി വന്ന മാനസിക സംഘർഷം തലച്ചോറിനെ അത്തരത്തിലാണ് ബാധിച്ചത്. കഥാപാത്രവും ഞാനും തമ്മിൽ കാര്യമായ വ്യത്യാസങ്ങളില്ലാത്ത സ്ഥിതി. തെറാപ്പി എടുക്കുന്ന സമയത്ത് ഡോക്ടറാണ് പറഞ്ഞത്, ലക്ഷണങ്ങൾ പലതും ബോർഡർ ലൈൻ സ്ക്രീസോഫീനിയയ്ക്ക് സമാനമാണല്ലോ എന്ന്.’’
മാനസിക പിരിമുറുക്കം മറികടക്കാൻ സഹായിച്ചത് തനിച്ചുള്ള യാത്രകളായിരുന്നു എന്ന് അമല പോൾ വ്യക്തമാക്കി.
ബാലി, തായ്ലൻഡ്, ശ്രീലങ്ക, ലണ്ടൻ തുടങ്ങി നിരവധിയിടങ്ങളിൽ ഒറ്റയ്ക്ക് സഞ്ചരിച്ചു. നമുക്ക് നമ്മളോട് തന്നെ ഒരു കണക്ഷൻ വേണം. മറ്റുള്ളവരുടെ നല്ല വാക്കുകൾക്കു വേണ്ടിയല്ല ജീവിക്കേണ്ടതെന്ന തിരിച്ചറിവ് ഈ ഘട്ടത്തിലുണ്ടായി.
നമ്മളെ കരകയറ്റാനും ആരുമുണ്ടാവില്ല എന്ന തിരിച്ചറിവുണ്ടായി. അച്ഛനോ അമ്മയോ അടുത്ത സുഹൃത്തുക്കളോ ഭൂമിയിൽ നമ്മൾ ഏറ്റവും വ്യക്തിയോ അല്ല എന്നെ സഹായിക്കുക, അത് ഞാൻ തന്നെയാണ്. എന്നെ ഞാൻ തന്നെ കണ്ടെത്തി എനിക്ക് വേണ്ടത് എന്താണെന്ന് ഞാൻ മനസിലാക്കണം. വീഴ്ചയിൽ നിന്നും വിഷമ ഘട്ടങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് അത് ഭാവിയിലേക്ക് കരുതിവയ്ക്കണം’’ അമല പോൾ പറഞ്ഞു.