ഹൃദയപൂർവ്വം ഫസ്റ്റ്ലുക്കിൽ ഒരു രഹസ്യമുണ്ട്! എന്താണെന്നറിയുമോ?
Thursday, May 22, 2025 9:46 AM IST
മോഹൻലാലിന്റെ ജൻമദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിലൊരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. മോഹൻലാലിന്റെ കൈയെഴുത്തിലാണ് ചിത്രത്തിന്റെ ടൈറ്റിൽ ചെയ്തിരിക്കുന്നത്.
മോഹൻലാൽ ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകുമ്പോൾ എഴുതുന്ന ശൈലിയാണ് ടൈറ്റിലിൽ കൊണ്ടു വന്നിരിക്കുന്നത്.
‘ഹൃദയപൂർവം മോഹൻലാൽ’ എന്നെഴുതിയ താരത്തിന്റെ ഓട്ടോഗ്രാഫ് കഴിഞ്ഞ ദിവസം സംവിധായകനും സത്യൻ അന്തിക്കാടിന്റെ മകനുമായ അനൂപ് സത്യൻ പങ്കുവച്ചിരുന്നു. സമാനമായ കൈയക്ഷരത്തിലാണ് ചിത്രത്തിന്റെ ടൈറ്റിൽ ഡിസൈനും.

മാളവിക മോഹനും സംഗീത് പ്രതാപിനും ഒപ്പം നടന്നുവരുന്ന മോഹൻലാലാണ് പോസ്റ്ററിലുള്ളത്. ‘നേരെ ഹൃദയത്തിൽ നിന്ന്, എന്റെ പ്രിയപ്പെട്ടവർക്കൊപ്പം’ എന്ന അടിക്കുറിപ്പോടെ മോഹൻലാൽ പോസ്റ്റർ പങ്കുവച്ചു.
മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ‘ഹൃദയപൂർവം’. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.