സിന്ധുവിന്റെ ഭർത്താവ് എന്നതാണ് ഇപ്പോൾ എന്റെ മേൽവിലാസം; ഭാര്യയെയും മക്കളെയും കുറിച്ച് വാചാലനായി കൃഷ്ണകുമാർ
Thursday, May 22, 2025 10:52 AM IST
ഭാര്യ സിന്ധു കൃഷ്ണയെയും നാല് പെൺമക്കളെയും കുറിച്ച് വാചാലനായി നടനും ബിജെപി പ്രവർത്തകനുമായ കെ. കൃഷ്ണകുമാർ. തന്റെ മേൽവിലാസം ഇപ്പോൾ മാറിയെന്നും സിന്ധു കൃഷ്ണയുടെ ഭർത്താവ് എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നതെന്നും അതൊരു സുഖമുള്ള മാറ്റമാണെന്നും കൃഷ്ണ കുമാർ കുറിച്ചു.
രണ്ടാമത്തെ മകൾ ദിയയുടെ വളകാപ്പ് ചടങ്ങിനെടുത്ത ചിത്രങ്ങൾ പങ്കുവച്ചായിരുന്നു കൃഷ്ണകുമാറിന്റെ കുറിപ്പ്.

""സ്ത്രീകളുടെ ലോകത്തിൽ സന്തോഷമായി കഴിയാൻ അനുഗ്രഹം നേടി ഭൂമിയിലേക്ക് വന്ന ഒരു ഭാഗ്യവാനായി എനിക്ക് എന്നെ കുറിച്ച് പലപ്പോഴും തോന്നിയിട്ടുണ്ട്.. സാധാരണ അച്ഛനാണ് പെണ്മക്കളുടെ ധൈര്യം, വഴികാട്ടി... എന്നൊക്കെ കേൾക്കാറുണ്ട്..
എന്നാൽ ഇവിടെ നേരെ തിരിച്ചാണ്.. മക്കളാണ് എന്റെ ധൈര്യം, ധനം, വഴികാട്ടി... എന്തിനു, ഇന്ന് എന്റെ മേൽവിലാസം പോലും മാറി.. അവരുടെ അച്ഛൻ.. സിന്ധുവിന്റെ ഭർത്താവ്... സുഖമുള്ള മാറ്റം... അടുത്ത നൂറ്റാണ്ടു സ്ത്രീകൾക്കുള്ളതാണ്.. നന്മകൾ നേരുന്നു...''.
കൃഷ്ണകുമാറിന്റെ വീട്ടിലെ എല്ലാവരും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഭാര്യ സിന്ധു കൃഷ്ണയാണ് ഇപ്പോൾ എല്ലാവരെയുംക്കാൾ യുട്യൂബിൽ സജീവമായിരിക്കുന്നത്. അഞ്ചുപേരുടെ വരുമാനമാണ് യുട്യൂബിലൂടെ ഈ കുടുംബത്തിലേയ്ക്കെത്തുന്നത്.