മകനെ ഹെൽമറ്റ് കൊണ്ട് അടിച്ചു, എന്തൊരു ഭയാനകമായ രാത്രി, ഉറങ്ങാൻ പറ്റുന്നില്ല; മകന് മർദനമേറ്റ സംഭവത്തിൽ സന്തോഷ് കീഴാറ്റൂർ
Thursday, May 22, 2025 12:22 PM IST
മകൻ യദു സായന്തിനു മർദനമേറ്റ സംഭവത്തിൽ പ്രതികരിച്ച് നടൻ സന്തോഷ് കീഴാറ്റൂർ. കൂട്ടുകാരന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് വരുന്നവഴി യാതൊരു കാരണവും ഇല്ലാതെ ഒരു സംഘം ക്രിമിനലുകൾ മകനെയും കൂട്ടുകാരെയും മാരകമായി ആക്രമിക്കുകയായിരുന്നുവെന്ന് സന്തോഷ് കീഴാറ്റൂർ പറയുന്നു. മകനെ മർദിച്ച അക്രമികളിലൊരാളുടെ ചിത്രവും സന്തോഷ് പുറത്തുവിട്ടു.
""എന്തൊരു ഭയാനകമായ രാത്രി. ഉറങ്ങാൻ പറ്റുന്നില്ല, ആൺകുട്ടികൾ പോലും സുരക്ഷിതരല്ല. ഹെൽമെറ്റ് കൊണ്ടുള്ള അടിയിൽ എന്തെങ്കിലും സംഭവിച്ചു പോയെങ്കിലോ? ഓർക്കാൻ വയ്യ.
പല സന്ദർഭങ്ങളിലും എന്നെക്കാൾ കരുത്തോടെ പെരുമാറിയ ഉണ്ണി, അച്ഛാ.... എന്നെ ഹെൽമെറ്റ് കൊണ്ട് അടിച്ചു, കൂട്ടുകാരെയും പൊതിരെ തല്ലി, ഞങ്ങളെ വേഗം ഇവിടുന്ന് രക്ഷപ്പെടുത്ത് എന്ന് കരഞ്ഞു പറഞ്ഞപ്പോൾ ഞാനും ഏട്ടനും ആദുവും ഓടുകയായിരുന്നു അല്ല പറക്കുകയായിരുന്നു.
സ്കൂളിന്റെ മുന്നിൽ എത്തിയപ്പോൾ ഒരു വലിയ ജനക്കൂട്ടം. പേടിച്ച് വിറച്ച് കുട്ടികൾ ഒരു വീട്ടിൽ കഴിയുകയായിരുന്നു. അതും രണ്ട് ദിവസം മുമ്പ് ഇതേ സ്കൂളിൽ വച്ചാണ് 50ൽ പരം ആൾക്കാർ പങ്കെടുത്ത കളക്ടർ അടക്കം ഭാഗമായ വലിയൊരു സാംസ്കാരിക പ്രവർത്തനത്തിന്റെ ഭാഗമായി അഭിനയ പരിശീലന ക്യാമ്പ് യദു സാന്ത് കോഓഡിനേറ്റ് ചെയ്തത്. ആ സാംസ്കാരിക പരിപാടിയിൽ തിരിഞ്ഞു നോക്കാത്ത മനുഷ്യത്വം ഇല്ലാത്തവരാണ് ചെറിയ മക്കളെ തല്ലി ചതച്ചത്.
കൂട്ടുകാരന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് വരുന്ന വഴി തളിപ്പറമ്പ് തൃച്ചംബരം ചിന്മയാ മിഷൻ സ്കൂളിന് മുന്നിൽ വച്ച് ഒരു കാരണവും ഇല്ലാതെ എന്റെ മോൻ യദു സാന്തിനെയും കൂട്ടുകാരെയും ഒരു പറ്റം ക്രിമിനലുകൾ മാരകമായി ആക്രമിക്കുകയായിരുന്നു.
17 വയസുള്ള ചെറിയ മക്കളെ തല്ലി ചതച്ച തൃച്ചംബരത്തെ ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക
കുട്ടികളെ തല്ലി ചതച്ച ക്രിമിനലുകളെ നിങ്ങളെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരിക തന്നെ ചെയ്യും. ഈ ഫോട്ടോയിൽ കാണുന്നവനാണ് കുട്ടികളെ ഹെൽമെറ്റ് കൊണ്ട് അടിച്ചത്. ഈ ... ഉടൻ അറസ്റ്റ് ചെയ്യുക. ഇനിയും കുറെ എണ്ണം ഉണ്ട്. പൊക്കും എല്ലാത്തിനെയും.’’–സന്തോഷ് കീഴാറ്റൂർ പറഞ്ഞു.