കാനിലെ കാത്തിരുന്ന എൻട്രിയെത്തി; സിന്ദൂരമണിഞ്ഞ് വജ്രത്തിളക്കത്തോടെ ഐശ്വര്യ റായ്
Thursday, May 22, 2025 12:59 PM IST
കാൻ റെഡ്കാർപ്പറ്റിൽ ഇന്ത്യയുടെ അഴക് എത്തി. ആരൊക്കെ വന്നാലും ഐശ്വര്യ റായുടെ വരവിനായാണ് ആരാധകർ കാത്തിരുന്നത്. ഏത് ലുക്കിലാകും താരം എത്തുകയെന്നതായിരുന്നു ആകാംഷ. എന്നാൽ അടിമുടി ഇന്ത്യൻ ലുക്കിൽ അതീവ സുന്ദരിയായാണ് താരം എത്തിയത്.
ദ് ഹിസ്റ്ററി ഓഫ് സൗണ്ട് എന്ന സിനിമയുടെ പ്രദർശനത്തിനു മുന്നോടിയായി ഐവറി ടിഷ്യൂ സാരിയുടുത്ത് പരമ്പരാഗത ലുക്കിലാണ് ഐശ്വര്യ റെഡ് കാർപ്പറ്റിൽ എത്തിയത്. ഇടതുവശത്ത് റെഡ്കാർപ്പറ്റില്‍ ഒഴുകിക്കിടക്കുന്ന വിധം സാരിയുടെ മുന്താണിയും വലതു വശത്ത് ഗോൾഡൻ വർക്കുള്ള ഐവറി ഷാളും സ്റ്റൈൽ ചെയ്തിരിക്കുന്നു.

ഇന്ത്യയുടെ സാസ്കാരിക തനിമ വ്യക്തമാക്കുന്ന രീതിയിൽ സാരിയുടുത്ത് സിന്ദൂരമണിഞ്ഞ് ഐശ്വര്യ കാനിലെ റെഡ് കാർപ്പറ്റിലെത്തിയത് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.
ഐശ്വര്യ അണിഞ്ഞ സിന്ദൂരത്തിന് രണ്ട് വ്യത്യസ്ഥ അർഥങ്ങളുണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തൽ. അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹമോചിതരാകാൻ പോകുന്നു എന്നരീതിയിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

ഇതിനുള്ള മറുപടിയായാണ് ഐശ്വര്യ സിന്ദൂരം അണിഞ്ഞ് റെഡ്കാർപ്പെറ്റിലെത്തിതെന്നാണ് സമൂഹമാധ്യമത്തിൽ ഒരുപക്ഷം. അതേസമയം പാക്കിസ്ഥാനെതിരായ ഇന്ത്യൻ സൈനിക നടപടി ‘ഓപ്പറേഷൻ സിന്ദൂറി’ന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ സ്ത്രീകളുടെ കരുത്ത് ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാനിലെ റെഡ് കാർപ്പറ്റില്‍ സാംസ്കാരികത്തനിമയുള്ള ലുക്ക് ഐശ്വര്യ തിരഞ്ഞെടുത്തതെന്നാണ് മറുപക്ഷം പറയുന്നത്.