രാമേശ്വരത്ത് നിന്ന് രാഷ്ട്രപതി ഭവനിലേക്ക്; അബ്ദുൽ കലാമിന്റെ ജീവിതം സിനിമയാക്കാൻ ‘ആദിപുരുഷ്’ സംവിധായകൻ; നായകൻ ധനുഷ്
Thursday, May 22, 2025 1:45 PM IST
ഇന്ത്യയുടെ മിസൈൽ മാൻ എന്നറിയപ്പെടുന്ന ഡോ. എപിജെ അബ്ദുൽ കലാമിന്റെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡ് സിനിമയൊരുങ്ങുന്നു.
‘ആദി പുരുഷ്’ സംവിധാനം ചെയ്ത ഓം റൗട്ട് ആണ് സംവിധാനം. ധനുഷ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. കലാം: ദ് മിസൈൽ മാൻ ഓഫ് ഇന്ത്യ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ അനൗൺസ്മെന്റ് കാൻസ് ഫെസ്റ്റിവലിൽ വച്ചു നടന്നു.
രാമേശ്വരത്ത് നിന്ന് രാഷ്ട്രപതി ഭവനിലേക്ക്. ഒരു ഇതിഹാസത്തിന്റെ യാത്ര ആരംഭിക്കുന്നു, എന്ന ക്യാപ്ഷനോടെയാണ് നിർമാതാക്കൾ പോസ്റ്റർ പങ്കുവെച്ചത്.
അഭിഷേക് അഗർവാൾ ആർട്സ്, എകെ എന്റർടെയ്ന്മെന്റ്സ്, ടി സീരിസിന്റെ ബാനറിൽ അഭിഷേക് അഗർവാൾ, അനിൽ ശുങ്കര, ഭൂഷൺ കുമാർ, കൃഷ്ണൻ കുമാർ എന്നിവരാണ് സിനിമ നിർമിക്കുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുക.
ആദിപുരുഷ്, തൻഹാജി തുടങ്ങിയ ബ്രഹ്മാണ്ഡ സിനിമകളൊരുക്കിയ സംവിധായകനാണ് ഓം റൗട്ട്. പ്രഭാസ് നായകനായെത്തിയ ‘ആദിപുരുഷി’ന് വളരെ മോശം പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. മേക്കിംഗിന്റെ പേരിലും പ്രകടനങ്ങളുടെ പേരിലും വലിയ വിമർശനങ്ങളായിരുന്നു സിനിമ ഏറ്റുവാങ്ങിയത്.