കിംവദന്തികളൊന്നും വേണ്ട; പറഞ്ഞ സമയത്ത് തന്നെ ചിത്രം എത്തും; സ്ഥിരീകരിച്ച് കാന്താര നിർമാതാക്കൾ
Friday, May 23, 2025 11:00 AM IST
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര ചാപ്റ്റർ 1. ഋഷഭ് ഷെട്ടി നായകനായും സംവിധായകനായും നിറഞ്ഞാടിയ കാന്താരയുടെ പ്രിക്വൽ എന്നതാണ് അതിന് കാരണം.
അതേസമയം ചിത്രം ഒക്ടോബറിൽ തിയറ്ററിലെത്തുമെന്നായിരുന്നു വിവരം. എന്നാൽ ഒക്ടോബറിൽ ചിത്രം റിലീസായേക്കില്ലെന്ന് സോഷ്യൽ മീഡിയായിൽ വാർത്തകൾ പരന്നിരുന്നു. ഇതിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് നിർമാതാക്കളിപ്പോൾ.
കാന്താര ചാപ്റ്റർ 1 ഒക്ടോബർ രണ്ടിന് തന്നെ റിലീസ് ചെയ്യുമെന്നും അനാവശ്യമായ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും ഇവർ പറയുന്നു.
"ഞങ്ങൾ ശരിയായ പാതയിലാണ്, എല്ലാം തീരുമാനിച്ചത് പോലെ തന്നെ മുന്നോട്ട് പോകുന്നുണ്ട്. കാന്താര ചാപ്റ്റർ 1 ഒക്ടോബർ രണ്ടിന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ റിലീസ് ചെയ്യും. ഞങ്ങളെ വിശ്വസിക്കൂ. അതിനായി കാത്തിരിക്കൂ' എന്നും അണിയറ പ്രവർത്തകർ അറിയിച്ചു.
കാന്താര ആദ്യ ഭാഗത്തിൽ നിന്നും വിഭിന്നമായി വൻ ക്യാൻവാസിലും മാസ് ആക്ഷൻ രംഗങ്ങളുമെല്ലാം കോർത്തിണക്കിയാകും കാന്താര ചാപ്റ്റർ 1 എത്തുകയെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അക്കാര്യം ഉറപ്പിക്കുന്ന തരത്തിലൊരു അപ്ഡേറ്റാണ് ഇപ്പോൾ പുറത്തുവരുന്നതും. കാന്താര ചാപ്റ്റർ 1ൽ 500 ഫൈറ്റർമാർ അണിനിരക്കുന്ന ഒരു ബ്രഹ്മാണ്ഡ യുദ്ധരംഗം ഷൂട്ട് ചെയ്യാൻ അണിയറ പ്രവർത്തകർ ഒരുങ്ങുന്നുവെന്നാണ് വിവരം.