പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി
Friday, May 23, 2025 11:18 AM IST
റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി. പാലക്കാട് നഗരസഭയിലെ ബിജെപി കൗൺസിലർ മിനി കൃഷ്ണകുമാറാണ് പരാതിയുമായി എൻഐഎയെ സമീപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് കൗൺസിലർ എൻഐഎയ്ക്ക് പരാതി നൽകിയത്. മോദിയെ കപട ദേശീയ വാദിയെന്ന് അവഹേളിച്ച വേടനെ കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അഞ്ചുവര്‍ഷം മുന്‍പ് നടന്ന വേടന്റെ പരിപാടിയെക്കുറിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. പഴയ പാട്ടാണെങ്കിലും അത് ഇപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വേറൊരു രാജ്യത്തായിരുന്നു വേടന് ഈ പാട്ടുപാടിയതെങ്കില്‍ അയാള്‍ ഇന്ന് ജയിലിലാകുമായിരുന്നുവെന്നും മിനി പറഞ്ഞു.
വേടൻ നല്ലൊരു കലാകാരനായിരുന്നുവെങ്കില്‍ ഇത് ചെയ്യില്ലായിരുന്നു. അതുകൊണ്ടാണ് വേടനെതിരെ എന്‍ഐഎക്ക് പരാതി നല്‍കിയിരിക്കുന്നതെന്നും മിനി കൃഷ്ണകുമാര്‍ പറഞ്ഞു.